International (Page 191)

ഇംഗ്ലണ്ടിനെതിരായ കനത്ത തോല്‍വിയെ തുടര്‍ന്ന് ടെസ്റ്റില്‍ പുതിയ പേസറെ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. ഓവലില്‍ തുടങ്ങുന്ന ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ അപ്രതീക്ഷിത താരം പേസര്‍ പ്രസിദ്ധ് കൃഷ്ണയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തില്‍ സ്റ്റാന്‍ഡ് ബൈ താരമായി ടീം ഇന്ത്യക്കൊപ്പമുണ്ടായാളാണ് പ്രസിദ്ധ് കൃഷ്ണ. ടെസ്റ്റില്‍ ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത പ്രസിദ്ധ് മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടുണ്ട്.

പ്രസിദ്ധ് കൃഷ്ണയും എത്തുന്നതോടെ പര്യടനത്തില്‍ ഇന്ത്യന്‍ പേസ് നിരയിലെ താരങ്ങളുടെ എണ്ണം ഏഴാകും. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് നിലവില്‍ സ്‌ക്വാഡിലുള്ള പേസര്‍മാര്‍.

കാബൂൾ: അഫ്ഗാനിലേക്കുള്ള താലിബാന്റെ കടന്നുകയറ്റം പാകിസ്താന്റെ പൂർണ്ണ പിന്തുണയോടെയായിരുന്നുവെന്നത് അഫ്ഗാൻ പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ജൂലൈ മാസത്തിൽ ഇക്കാര്യം ഇരു രാജ്യങ്ങളുടെ നേതാക്കളും തമ്മിൽ ചർച്ച ചെയ്തിരുന്നതായാണ് വിവരം. വാർത്താ ഏജൻസി റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

താലിബാൻ കടന്നുകയറ്റത്തിന്റെ ഭാഗമായി പാകിസ്താൻ തീവ്രവാദികളുടെ വൻ തോതിലുള്ള സാന്നിധ്യം അഫ്ഗാനിസ്താനിൽ ഉള്ളതായി നേരത്തെ തന്നെ ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു. 10,000 മുതൽ 15,000 വരെ പാകിസ്താൻ തീവ്രവാദികൾ അഫ്ഗാനിൽ എത്തിയിട്ടുള്ളതായി കഴിഞ്ഞ ജൂലായ് 23-നാണ് അഷ്‌റഫ് ഗനി ജോ ബൈഡനെ അറിയിച്ചത്. ഈ സംഭാഷണം കഴിഞ്ഞ് ആഴ്ച്ചകൾക്കുള്ളിലാണ് താലിബാൻ കാബൂൾ പിടിച്ചെടുത്തത്.

പാകിസ്താന്റെ ആസൂത്രണത്തിലും ആയുധ ബലത്തിലുമാണ് താലിബാന് അഫ്ഗാൻ പിടിച്ചടക്കാൻ ശ്രമിക്കുന്നതെന്ന് അഷ്‌റഫ് ഗനി ബൈഡനോട് വെളിപ്പെടുത്തി. 14 മിനിറ്റ് നേരത്തോളം ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. താലിബാനെ ചെറുക്കുന്നതിന് അഫ്ഗാനിസ്താൻ ശ്രമംനടത്തുന്നുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും അതിലൂടെ ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റാനും ശ്രമിക്കണമെന്ന് ബൈഡൻ ഗനിയോട് ആവശ്യപ്പെട്ടുവെന്നും അത്തരമൊരു പദ്ധതി അഫ്ഗാനിസ്താനുണ്ടെങ്കിൽ അമേരിക്കയുടെ വ്യോമസഹായം നൽകാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും റിപ്പോർട്ടുകളുണ്ട്.

കാബൂള്‍: ഓസ്ട്രേലിയക്കെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി നല്‍കി. അഫ്ഗാന്‍ ഭരണം താലിബാന്റെ പിടിയിലായതിന് ശേഷം ആദ്യമായി നടക്കാന്‍ പോകുന്ന ടെസ്റ്റ് മത്സരമാണിത്.

നവംബര്‍ 27-ന് ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം നടക്കുക. മത്സരം മുന്‍നിശ്ചയിച്ച പോലെ നന്നായി നടക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയും പ്രതികരിച്ചു.

ക്രിക്കറ്റില്‍ തങ്ങളുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സമീപകാലത്ത് അഫ്ഗാന്‍ ക്രിക്കറ്റ് ടീം മികച്ച നേട്ടമാണ് ഉണ്ടാക്കിയതെന്നും താലിബാന്‍ പ്രതികരിച്ചിരുന്നു.

അതേസമയം വനിതാ ക്രിക്കറ്റ് ടീമിന്റെ കാര്യത്തില്‍ താലിബാന്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുമില്ല.

കാബൂൾ: അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണ്ണമായി പിന്മാറി. അവസാനത്തെ അമേരിക്കൻ സൈനികനും അഫ്ഗാനിൽ നിന്നും മടങ്ങി. 20 വർഷങ്ങൾക്ക് ശേഷമാണ് അഫ്ഗാനിൽ നിന്നും യുഎസ് സൈന്യം മടങ്ങി പോകുന്നത്. 73 ഓളം യുദ്ധ വിമാനങ്ങളും 78 സായുധ വാഹനങ്ങളും കാബൂൾ വിമാനത്താവളത്തിൽ ഉപേക്ഷിച്ചാണ് അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്നും മടങ്ങി പോയത്.

എന്നാൽ അമേരിക്കൻ സൈന്യം ഉപേക്ഷിച്ച യുദ്ധ വിമാനങ്ങളോ സായുധ വാഹനങ്ങളോ ഒന്നും തന്നെ താലിബാന് ഉപയോഗിക്കാൻ കഴിയില്ല. താലിബാൻ ഭീകരർക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധം ഈ ഉപകരണങ്ങളെല്ലാം നിർവ്വീര്യമാക്കിയ ശേഷമാണ് അമേരിക്കൻ സൈന്യം മടങ്ങി പോയതെന്നാണ് വിവരം. ഈ യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും താലിബാൻ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയുള്ള നീക്കങ്ങളാണ് അമേരിക്കൻ സൈന്യം നടത്തിയത്. മറ്റൊരാൾക്ക് ഉപയോഗിക്കാൻ സാധിക്കാത്ത വിധം ഈ വിമാനങ്ങൾ യുഎസ് സേനാംഗങ്ങൾ ഉപയോഗ്യശൂന്യമാക്കുകയായിരുന്നു.

കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 73 വിമാനങ്ങൾ നിർവ്വീര്യമാക്കിയതായും ഈ വിമാനങ്ങൾ ഇനി ആർക്കും പറപ്പിക്കാനോ പ്രവർത്തിപ്പിക്കാനോ സാധിക്കില്ലെന്നും യുഎസിന്റെ സെൻട്രൽ കമാന്റ് മേധാവി ജനറൽ കെന്നത്ത് മക്ൻസി വ്യക്തമാക്കിയതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസിലെ പേരുകേട്ട കവചിത മിലിറ്ററി ട്രക്കുകളായ ഹംവികളും നിർവീര്യമാക്കി. ഇനിയാർക്കും ഈ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. കാബൂൾ വിമാനത്താവളത്തെ റോക്കറ്റ് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി ഉയർത്തിയ സി-റാം സംവിധാനങ്ങളും നിർവീര്യമാക്കിയിട്ടുണ്ട്. തിരിച്ചടിക്കാനുള്ള റോക്കറ്റ്, ആർട്ടിലറി, മോർട്ടാറുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ സംവിധാനം.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൗത്യങ്ങളിൽ ഒന്നായിരുന്നു അഫ്ഗാനിലേത്. 18 ദിവസം ഒഴിപ്പിക്കൽ ദൗത്യം നീണ്ടു നിന്നു. 123,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചതായി പെന്റഗൺ അറിയിച്ചു.

ന്യൂഡല്‍ഹി: ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലുമായി ചൊവ്വാഴ്ച ദോഹയില്‍ വെച്ച് ചര്‍ച്ച നടത്തിയ താലിബാന്‍ പ്രതിനിധി 1970 -കളുടെ അവസാനത്തിലും 1980 -കളുടെ തുടക്കത്തിലും ഇന്ത്യന്‍ സൈന്യത്തിന് കീഴില്‍ പരിശീലനം ലഭിച്ചയാള്‍.

അഫ്ഗാനിസ്ഥാനില്‍ അധികാരം ഏറ്റെടുത്ത തീവ്രവാദ ഗ്രൂപ്പിലെ ഏഴ് പേരെ വിളിച്ചവരില്‍ ഒരാളായ ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് വിമത ഗ്രൂപ്പിന്റെ പ്രധാന നയതന്ത്രജ്ഞനാണ്.

താലിബാനുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതായി ഇന്ത്യ സമ്മതിക്കുന്നത് ഇതാദ്യമാണ്. അംബാസഡര്‍ മിത്തല്‍ ഖത്തറിലെ താലിബാന്റെ പൊളിറ്റിക്കല്‍ ഓഫീസ് മേധാവി സ്റ്റാനിക് സായിയെ കണ്ടതായി വിദേശകാര്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. അവര്‍ ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ കൂടിക്കാഴ്ച നടത്തി.

1979 നും 1982 നും ഇടയില്‍ സ്റ്റാനിക്‌സായ് ഇന്ത്യന്‍ സൈന്യത്തില്‍ പരിശീലനം നേടി – നൗഗാവിലെ ആര്‍മി കേഡറ്റ് കോളേജില്‍ മൂന്ന് വര്‍ഷം ജവാനായും തുടര്‍ന്ന് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് പരിജ്ഞാനമുള്ള അപൂര്‍വം താലിബാന്‍ നേതാക്കളില്‍ ഒരാളായ സ്റ്റെന്‍ക്സായി വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മുന്‍ താലിബാന്‍ ഭരണത്തില്‍ അഫ്ഗാന്‍ ഉപവിദേശകാര്യമന്ത്രിയായിരുന്നു സ്റ്റെന്‍ക്സായി.

കാബൂള്‍: താലിബാനില്‍ നിന്നും രക്ഷിക്കണമെന്ന് അമേരിക്കയോട് അഭ്യര്‍ത്ഥിച്ച് അഫ്ഗാന്‍ സ്വദേശി മുഹമ്മദ്. ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും കുടുബത്തെയും രക്ഷിക്കണം. ഇവിടെ മറന്നു കളയരുത് എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ രക്ഷിക്കാന്‍ 13 വര്‍ഷം മുന്‍പ് 30 മണിക്കൂര്‍ മഞ്ഞില്‍ നിന്ന അഫ്ഗാന്‍ സ്വദേശി മുഹമ്മദ് അഭ്യര്‍ത്ഥിച്ചത്. വാള്‍സ്ട്രീറ്റ് ജേണലിനോടായിരുന്നു ബൈഡനെ അഭിസംബോധന ചെയ്തുള്ള മുഹമ്മദിന്റെ പ്രതികരണം.

2008 ല്‍ ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ഉള്‍പ്രദേശത്ത് അടിയന്തരമായി ഇറക്കിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുഹമ്മദും ഉണ്ടായിരുന്നു. മുന്‍ സെനറ്റര്‍മാരായിരുന്ന ചക്ക് ഹേഗല്‍, ജോണ്‍ കെറി തുടങ്ങിയവരും അന്നു ബൈഡന്റെ സംഘത്തിലുണ്ടായിരുന്നു.

യുഎസ് സൈന്യത്തിനു വേണ്ടി ദ്വിഭാഷിയായി പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ്, സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി മുഴുവന്‍ പേര് വെളിപ്പെടുത്താന്‍ തയാറായില്ല. നാലു മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഒളിവിലാണ് ഇദ്ദേഹം.

അതേസമയം, മുഹമ്മദിനെയും കുടുംബത്തെയും അഫ്ഗാനില്‍നിന്ന് പുറത്തുകൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി അറിയിച്ചിട്ടുണ്ട്.

കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം കയ്യടക്കിയതിന് പിന്നാലെ കാടൻ നിയമങ്ങൾ നടപ്പിലാക്കി താലിബാൻ. അമേരിക്കൻ സൈന്യത്തിന് കഴിഞ്ഞ ഇരുപത് വർഷമായി വിവിധ സഹായങ്ങൾ ചെയ്തു എന്ന് സംശയിക്കുന്നവർക്കായി താലിബാൻ ഭീകരർ അന്വേഷണം ആരംഭിച്ചു. സംശയമുള്ളവരുടെ വീടിന് മുന്നിൽ സ്റ്റിക്കർ പതിക്കുകയാണ് താലിബാന്റെ ആദ്യ നടപടി.

നേരത്തെ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്താൻ വിട്ടപ്പോഴും ഈ രീതിയിലൂടെയാണ് എതിരാളികളെന്ന് കരുതുന്നവരോട് താലിബാൻ പ്രതികാരം ചെയ്തത്. ‘കീഴടങ്ങുകയോ മരിക്കുകയോ’ ചെയ്യണമെന്ന് വീടുകളിൽ പതിക്കുന്ന നോട്ടീസിൽ താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത്. താലിബാൻ വിളിച്ചു ചേർക്കുന്ന കോടതികളിൽ കത്തുമായി ഹാജരാകാനും ഇത്തരക്കാർക്ക് നിർദ്ദേശമുണ്ട്.

അഫ്ഗാനിസ്താനിലെ വിവിധ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വീടുകളിൽ താലിബാൻ ഇത്തരത്തിൽ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. സ്റ്റിക്കറുകൾ കണ്ടതോടെ ആളുകൾ ആശങ്കയിലാണ്. ബ്രിട്ടീഷ് സൈന്യത്തിന് ക്യാമ്പുകൾ നിർമ്മിക്കാൻ സഹായിച്ചയാൾക്ക് കഴിഞ്ഞ ദിവസം ഇത്തരത്തിൽ നോട്ടീസ് ലഭിച്ചിരുന്നു. താലിബാൻ ഭീഷണി മുൻകൂട്ടി കണ്ട് ബ്രിട്ടനിലേക്ക് അഭയാർത്ഥിയായി കൊണ്ടുപോകാൻ ഇയാൾ അപേക്ഷ നൽകിയെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരായാൽ ഇത്തരക്കാർക്ക് കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക.

റ്റവും വേഗതയേറിയ ഛിന്നഗ്രഹം കണ്ടെത്തി. സൂര്യനോട് ചേര്‍ന്നു നില്‍ക്കുന്നതാണെങ്കിലും ഭൂമിയേക്കാള്‍ വളരെ അടുത്താണീ ഛിന്നഗ്രഹമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സൂര്യനില്‍ നിന്നും ഏകദേശം 20 ദശലക്ഷം കിലോമീറ്റര്‍ അകലെയാണിതെന്നാണ് അനുമാനം.

2021 പിഎച്ച്27 എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹം ഓരോ 113 ദിവസത്തിലും സൂര്യനുചുറ്റും ഒരു ഭ്രമണപഥം പൂര്‍ത്തിയാക്കുന്നു. ഈ ബഹിരാകാശ ശിലയ്ക്ക് ഒരു ഛിന്നഗ്രഹത്തിനുള്ള ഏറ്റവും ചുരുങ്ങിയ പരിക്രമണ കാലഘട്ടം എന്ന വലിയ പ്രത്യേകതയുണ്ട്. ബുധനുശേഷം സൂര്യനു ചുറ്റുമുള്ള രണ്ടാമത്തെ ഏറ്റവും ചെറിയ ഭ്രമണപഥമാണിത് എന്ന പ്രത്യേകതയുമുണ്ട്.

സൂര്യനുചുറ്റും സഞ്ചരിക്കുമ്പോള്‍ ബുധന്റെയും ശുക്രന്റെയും ഭ്രമണപഥത്തെ മറികടക്കുന്ന അസ്ഥിരമായ ഒരു ഭ്രമണപഥം ഇതിനുമുണ്ട്. ഏതാനും ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍, ഛിന്നഗ്രഹത്തിന്റെ ഈ ഭ്രമണപഥം അതിന്റെ നാശത്തിന് തന്നെ കാരണമായേക്കാം. ഈ പാറക്കല്ലുകള്‍ ബുധനോ ശുക്രനോ സൂര്യനോടോ കൂട്ടിയിടിക്കുകയോ സൗരയൂഥത്തിലെ നിലവിലെ സ്ഥാനത്ത് നിന്ന് തെറിച്ചുവീഴുകയോ ചെയ്യാം. ഛിന്നഗ്രഹം സൂര്യന്റെ ഭീമമായ ഗുരുത്വാകര്‍ഷണ മണ്ഡലത്തിന് സമീപത്തായതിനാല്‍ അതിന്റെ ഭ്രമണപഥത്തിലെ എല്ലാ ഫലങ്ങളും അനുഭവിക്കുന്നു. ഈ ഛിന്നഗ്രഹം ഏകദേശം 20 ഛിന്നഗ്രഹങ്ങളില്‍ ഒന്ന് മാത്രമാണ്, അവ ഭൂമിയുടെ സൂര്യന്റെ ഭ്രമണപഥത്തില്‍ പൂര്‍ണ്ണമായും ഉള്‍ഭാഗത്തുള്ള ഛിന്നഗ്രഹങ്ങളാണ്.

കാര്‍നെഗി ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സയന്‍സിലെ ജ്യോതിശാസ്ത്രജ്ഞനായ സ്‌കോട്ട് ഷെപ്പാര്‍ഡ്, ബ്രൗണ്‍ യൂണിവേഴ്സിറ്റി ജ്യോതിശാസ്ത്രജ്ഞരായ ഇയാന്‍ ഡെല്‍ അന്റോണിയോയും ഷെന്‍മിംഗ് ഫൂവും ആഗസ്റ്റ് 13 ന് നടത്തിയ നിരീക്ഷണങ്ങളിലാണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ചിലിയിലെ സെറോ ടൊലോലോ ഇന്റര്‍അമേരിക്കന്‍ ഒബ്സര്‍വേറ്ററിയിലെ വെക്ടര്‍ എം. ബ്ലാങ്കോ 4 മീറ്റര്‍ ടെലിസ്‌കോപ്പില്‍ സ്ഥാപിച്ചിട്ടുള്ള ഡാര്‍ക്ക് എനര്‍ജി ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ എടുത്തത്.

എന്നാല്‍ ഡാര്‍ക്ക് എനര്‍ജി ക്യാമറ 2021 പിഎച്ച്27 പോലെയുള്ള വസ്തുക്കളെ തിരയാനുള്ള ശക്തമായ ഉപകരണമാണ്. പ്രത്യേകിച്ച് സൂര്യാസ്തമയസമയത്തും സൂര്യോദയത്തിന് തൊട്ടുമുമ്പും. ആഗസ്റ്റ് 14, 15 തീയതികളില്‍ ചിലിയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള ഒന്നിലധികം ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിക്കുകയായിരുന്നു.

ബെയ്ജിങ്: കുട്ടികൾ ഓൺലൈൻ ഗെയിം കളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന. 18 വയസ്സിനു താഴെയുള്ള കുട്ടികൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും മാത്രമേ ഓൺലൈൻ ഗെയിം കളിക്കാൻ പാടുള്ളൂവെന്നാണ് ചൈന നൽകിയിരിക്കുന്ന പുതിയ നിർദ്ദേശം. ഇതിന് സമയ പരിധിയും ചൈന നിശ്ചയിച്ചിട്ടുണ്ട്. ഒരു മണിക്കൂർ നേരം മാത്രമെ കുട്ടികൾ ഓൺലൈൻ ഗെയിം കളിക്കാവൂവെന്നാണ് പുതിയ നിബന്ധന. ചൈനയിലെ നാഷനൽ പ്രസ് ആൻഡ് പബ്ലിക്കേഷൻ അഡ്മിനിസ്‌ട്രേഷനാണു പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്.

രാത്രി എട്ടു മണി മുതൽ ഒൻപതു വരെയാണ് കുട്ടികൾക്ക് ഓൺലൈൻ ഗെയിം കളിക്കാൻ അനുവദിച്ചിരിക്കുന്ന സമയം. ഈ നിശ്ചിത സമയത്തല്ലാതെ കുട്ടികൾ ഗെയിം കളിക്കുന്നതു തടയാൻ ഗെയിം കമ്പനികൾക്കും ചൈന നിർദേശം നൽകി. ഇതു പാലിക്കപ്പെടുന്നുണ്ടോ എന്നറിയാൻ പരിശോധനകൾ ശക്തമാക്കാനാണ് അധികൃതർക്ക് നൽകിയിരിക്കുന്ന നിർദേശം.

കുട്ടികൾ വീഡിയോ ഗെയിമുകൾക്ക് അടിമകളാകുന്നത് ചൈനയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതോടെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. നേരത്തേ കുട്ടികൾക്ക് ഗെയിം കളിക്കാനുള്ള സമയം ചൈന ദിവസം 90 മിനിറ്റായി കുറച്ചിരുന്നു. നേരത്തെ ഇത് മൂന്ന് മണിക്കൂറായിരുന്നു.

ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ ഹൈജമ്പ് താരങ്ങളുടെ വെള്ളിയും വെങ്കലവും. ഇന്ത്യന്‍ പ്രതീക്ഷയും റിയോയിലെ സ്വര്‍ണമെഡല്‍ ജേതാവുമായിരുന്ന മാരിയപ്പന്‍ തങ്കവേലു ഹൈജമ്പില്‍ വെള്ളി നേടി. ഇന്ത്യയുടെ തന്നെ ശരദ് കുമാര്‍ വെങ്കലവും നേടി.

സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മാരിയപ്പന്‍ തങ്കവേലു 1.86 മീറ്റര്‍ ചാടി വെള്ളി സ്വന്തമാക്കിയത്. ഹൈജമ്പ് ടി42 വിഭാഗത്തില്‍ റിയോയില്‍ മാരിയപ്പന് പിന്നില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അമേരിക്കയുടെ സാം ഗ്ര്യൂ ആണ് 1.88 മീറ്റര്‍ ഉയരം താണ്ടി ഇത്തവണ സ്വര്‍ണം നേടിയത്. വെങ്കലം നേടിയ ഇന്ത്യയുടെ ശരദ് കുമാര്‍ 1.83 മീറ്റര്‍ ഉയരം പിന്നിട്ടു.

പാരാലിമ്പിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണ് ടോക്കിയോയില്‍ ഇത്തവണ. മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.