ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന് അനുമതി നല്‍കി താലിബാന്‍

കാബൂള്‍: ഓസ്ട്രേലിയക്കെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി നല്‍കി. അഫ്ഗാന്‍ ഭരണം താലിബാന്റെ പിടിയിലായതിന് ശേഷം ആദ്യമായി നടക്കാന്‍ പോകുന്ന ടെസ്റ്റ് മത്സരമാണിത്.

നവംബര്‍ 27-ന് ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം നടക്കുക. മത്സരം മുന്‍നിശ്ചയിച്ച പോലെ നന്നായി നടക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയും പ്രതികരിച്ചു.

ക്രിക്കറ്റില്‍ തങ്ങളുടെ ഇടപെടല്‍ ഉണ്ടാകില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സമീപകാലത്ത് അഫ്ഗാന്‍ ക്രിക്കറ്റ് ടീം മികച്ച നേട്ടമാണ് ഉണ്ടാക്കിയതെന്നും താലിബാന്‍ പ്രതികരിച്ചിരുന്നു.

അതേസമയം വനിതാ ക്രിക്കറ്റ് ടീമിന്റെ കാര്യത്തില്‍ താലിബാന്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടുമില്ല.