അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണ്ണമായി പിന്മാറി; സൈനികർ മടങ്ങിയത് താലിബാന് മുട്ടൻ പണി നൽകിയ ശേഷം

കാബൂൾ: അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യം പൂർണ്ണമായി പിന്മാറി. അവസാനത്തെ അമേരിക്കൻ സൈനികനും അഫ്ഗാനിൽ നിന്നും മടങ്ങി. 20 വർഷങ്ങൾക്ക് ശേഷമാണ് അഫ്ഗാനിൽ നിന്നും യുഎസ് സൈന്യം മടങ്ങി പോകുന്നത്. 73 ഓളം യുദ്ധ വിമാനങ്ങളും 78 സായുധ വാഹനങ്ങളും കാബൂൾ വിമാനത്താവളത്തിൽ ഉപേക്ഷിച്ചാണ് അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്നും മടങ്ങി പോയത്.

എന്നാൽ അമേരിക്കൻ സൈന്യം ഉപേക്ഷിച്ച യുദ്ധ വിമാനങ്ങളോ സായുധ വാഹനങ്ങളോ ഒന്നും തന്നെ താലിബാന് ഉപയോഗിക്കാൻ കഴിയില്ല. താലിബാൻ ഭീകരർക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധം ഈ ഉപകരണങ്ങളെല്ലാം നിർവ്വീര്യമാക്കിയ ശേഷമാണ് അമേരിക്കൻ സൈന്യം മടങ്ങി പോയതെന്നാണ് വിവരം. ഈ യുദ്ധവിമാനങ്ങളും സായുധ വാഹനങ്ങളും താലിബാൻ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയുള്ള നീക്കങ്ങളാണ് അമേരിക്കൻ സൈന്യം നടത്തിയത്. മറ്റൊരാൾക്ക് ഉപയോഗിക്കാൻ സാധിക്കാത്ത വിധം ഈ വിമാനങ്ങൾ യുഎസ് സേനാംഗങ്ങൾ ഉപയോഗ്യശൂന്യമാക്കുകയായിരുന്നു.

കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ ഉണ്ടായിരുന്ന 73 വിമാനങ്ങൾ നിർവ്വീര്യമാക്കിയതായും ഈ വിമാനങ്ങൾ ഇനി ആർക്കും പറപ്പിക്കാനോ പ്രവർത്തിപ്പിക്കാനോ സാധിക്കില്ലെന്നും യുഎസിന്റെ സെൻട്രൽ കമാന്റ് മേധാവി ജനറൽ കെന്നത്ത് മക്ൻസി വ്യക്തമാക്കിയതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസിലെ പേരുകേട്ട കവചിത മിലിറ്ററി ട്രക്കുകളായ ഹംവികളും നിർവീര്യമാക്കി. ഇനിയാർക്കും ഈ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. കാബൂൾ വിമാനത്താവളത്തെ റോക്കറ്റ് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി ഉയർത്തിയ സി-റാം സംവിധാനങ്ങളും നിർവീര്യമാക്കിയിട്ടുണ്ട്. തിരിച്ചടിക്കാനുള്ള റോക്കറ്റ്, ആർട്ടിലറി, മോർട്ടാറുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ സംവിധാനം.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൗത്യങ്ങളിൽ ഒന്നായിരുന്നു അഫ്ഗാനിലേത്. 18 ദിവസം ഒഴിപ്പിക്കൽ ദൗത്യം നീണ്ടു നിന്നു. 123,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്നും തിരിച്ചെത്തിച്ചതായി പെന്റഗൺ അറിയിച്ചു.