ബെയ്ജിങ്: കുട്ടികൾ ഓൺലൈൻ ഗെയിം കളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചൈന. 18 വയസ്സിനു താഴെയുള്ള കുട്ടികൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും മാത്രമേ ഓൺലൈൻ ഗെയിം കളിക്കാൻ പാടുള്ളൂവെന്നാണ് ചൈന നൽകിയിരിക്കുന്ന പുതിയ നിർദ്ദേശം. ഇതിന് സമയ പരിധിയും ചൈന നിശ്ചയിച്ചിട്ടുണ്ട്. ഒരു മണിക്കൂർ നേരം മാത്രമെ കുട്ടികൾ ഓൺലൈൻ ഗെയിം കളിക്കാവൂവെന്നാണ് പുതിയ നിബന്ധന. ചൈനയിലെ നാഷനൽ പ്രസ് ആൻഡ് പബ്ലിക്കേഷൻ അഡ്മിനിസ്‌ട്രേഷനാണു പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്.
രാത്രി എട്ടു മണി മുതൽ ഒൻപതു വരെയാണ് കുട്ടികൾക്ക് ഓൺലൈൻ ഗെയിം കളിക്കാൻ അനുവദിച്ചിരിക്കുന്ന സമയം. ഈ നിശ്ചിത സമയത്തല്ലാതെ കുട്ടികൾ ഗെയിം കളിക്കുന്നതു തടയാൻ ഗെയിം കമ്പനികൾക്കും ചൈന നിർദേശം നൽകി. ഇതു പാലിക്കപ്പെടുന്നുണ്ടോ എന്നറിയാൻ പരിശോധനകൾ ശക്തമാക്കാനാണ് അധികൃതർക്ക് നൽകിയിരിക്കുന്ന നിർദേശം.
കുട്ടികൾ വീഡിയോ ഗെയിമുകൾക്ക് അടിമകളാകുന്നത് ചൈനയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതോടെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. നേരത്തേ കുട്ടികൾക്ക് ഗെയിം കളിക്കാനുള്ള സമയം ചൈന ദിവസം 90 മിനിറ്റായി കുറച്ചിരുന്നു. നേരത്തെ ഇത് മൂന്ന് മണിക്കൂറായിരുന്നു.

