കാബൂൾ: അഫ്ഗാനിലേക്കുള്ള താലിബാന്റെ കടന്നുകയറ്റം പാകിസ്താന്റെ പൂർണ്ണ പിന്തുണയോടെയായിരുന്നുവെന്നത് അഫ്ഗാൻ പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ജൂലൈ മാസത്തിൽ ഇക്കാര്യം ഇരു രാജ്യങ്ങളുടെ നേതാക്കളും തമ്മിൽ ചർച്ച ചെയ്തിരുന്നതായാണ് വിവരം. വാർത്താ ഏജൻസി റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
താലിബാൻ കടന്നുകയറ്റത്തിന്റെ ഭാഗമായി പാകിസ്താൻ തീവ്രവാദികളുടെ വൻ തോതിലുള്ള സാന്നിധ്യം അഫ്ഗാനിസ്താനിൽ ഉള്ളതായി നേരത്തെ തന്നെ ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു. 10,000 മുതൽ 15,000 വരെ പാകിസ്താൻ തീവ്രവാദികൾ അഫ്ഗാനിൽ എത്തിയിട്ടുള്ളതായി കഴിഞ്ഞ ജൂലായ് 23-നാണ് അഷ്‌റഫ് ഗനി ജോ ബൈഡനെ അറിയിച്ചത്. ഈ സംഭാഷണം കഴിഞ്ഞ് ആഴ്ച്ചകൾക്കുള്ളിലാണ് താലിബാൻ കാബൂൾ പിടിച്ചെടുത്തത്.
പാകിസ്താന്റെ ആസൂത്രണത്തിലും ആയുധ ബലത്തിലുമാണ് താലിബാന് അഫ്ഗാൻ പിടിച്ചടക്കാൻ ശ്രമിക്കുന്നതെന്ന് അഷ്‌റഫ് ഗനി ബൈഡനോട് വെളിപ്പെടുത്തി. 14 മിനിറ്റ് നേരത്തോളം ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. താലിബാനെ ചെറുക്കുന്നതിന് അഫ്ഗാനിസ്താൻ ശ്രമംനടത്തുന്നുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും അതിലൂടെ ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റാനും ശ്രമിക്കണമെന്ന് ബൈഡൻ ഗനിയോട് ആവശ്യപ്പെട്ടുവെന്നും അത്തരമൊരു പദ്ധതി അഫ്ഗാനിസ്താനുണ്ടെങ്കിൽ അമേരിക്കയുടെ വ്യോമസഹായം നൽകാമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും റിപ്പോർട്ടുകളുണ്ട്.

