International (Page 166)

യാങ്കൂൺ: മ്യാൻമറിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സൈന്യത്തിന്റെ ക്രൂരത. മ്യാൻമറിലെ കയായിൽ സ്ത്രീകളും കുട്ടികളുമടക്കം മുപ്പത് പേരെ സൈന്യം വെടിവച്ചുകൊന്നുവെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ കത്തിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രൂസോ നഗരത്തിന് സമീപമുള്ള മോ സോ ഗ്രാമത്തിലാണ് സംഭവം. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി കരേന്നി മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. പട്ടാളത്തിന്റെ ആക്രമണത്തിൽ കൊലപ്പെട്ടവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതായും സംഘടന അറിയിച്ചു.

ഗ്രാമത്തിലെ പ്രതിപക്ഷ സായുധ സേനയിൽ നിന്നുമെത്തിയ ആയുധമേന്തിയ തീവ്രവാദികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മ്യാൻമർ സൈന്യത്തിന്റെ പ്രതികരണം. പട്ടാളം ആവശ്യപ്പെട്ടപ്പോൾ ഇവർ വാഹനം നിർത്തിയില്ലെന്നും ഇവർ പറയുന്നു. എന്നാൽ കൊല്ലപ്പെട്ടവർ തങ്ങളുടെ അംഗങ്ങൾ അല്ലെന്നും സംഘർഷത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച സാധാരണ പൗരൻമാരായിരുന്നുവെന്നും പട്ടാളഭരണത്തെ എതിർക്കുന്ന പൗരസേനകളിൽ ഒന്നായ കരേന്നി നാഷണൽ ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കി.

അഹമ്മദാബാദ്: സിഖ് ഗുരുക്കന്മാർ മുന്നറിയിപ്പ് നൽകിയ അപകടങ്ങൾ അതേ രൂപത്തിൽ ഇന്നും രാജ്യത്ത് തുടരുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാഗ്രതയോടെ ഈ പ്രശ്‌നങ്ങളെ നേരിട്ട് രാജ്യത്തെ സംരക്ഷിക്കണമെന്ന് അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ കച്ചിൽ ഗുരുദ്വാര ലഖ്പത് സാഹിബിൽ ഗുരുപുറബ് ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔറംഗസേബിനോട് പോരാടിയ ഗുരു തേഗ് ബഹദൂർ എങ്ങനെ തീവ്രവാദത്തെ നേരിടണമെന്ന് രാജ്യത്തെ പഠിപ്പിച്ചുവെന്നും അദ്ദേഹം വിശദമാക്കി.

പഞ്ചാബിലെ ലുധിയാനയിലെ കോടതിയിൽ സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ലുധിയാന സ്‌ഫോടനത്തിൽ ഖാലിസ്താൻ ബന്ധമുണ്ടെന്നാണ് അദ്ദേഹം അറിയിക്കുന്നത്. കൊല്ലപ്പെട്ട ഗഗൻദീപിന് ഖാലിസ്താൻ ഭീകരരുമായി ബന്ധമുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. ലഹരിക്കേസിൽ തനിക്കെതിരായ രേഖകൾ നശിപ്പിക്കാനാണ് ഇയാൾ സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

സ്ഫോടനത്തിൽ ഗഗൻ ദീപ് സിംഗിന്റെ ശരീരം തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകർന്ന ഫോണും സിം കാർഡുമാണ് ഗഗൻ സിംഗിന്റെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. ഗഗൻ സിംഗിന് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. 2019 ൽ ഗഗൻ സിംഗിനെ പോലീസ് സർവീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ രണ്ടു വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു.

ധാക്ക: ബംഗ്ലാദേശിലെ തെക്കൻ മേഖലയിൽ ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മുപ്പത്തിരണ്ട് പേർ മരിച്ചു. മൂന്ന് നിലകളുള്ള ‘ഒബിജാൻ’ എന്ന ബോട്ടിനാണ് തീപിടിച്ചത്. തലസ്ഥാനമായ ധാക്കയിൽ നിന്ന് 250 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ജലോകതിയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഏകദേശം അഞ്ഞൂറോളം ആളുകളാണ് ബോട്ടിലുണ്ടായത്.

എഞ്ചിൻ റൂമീലുണ്ടായ തീപിടിത്തം ബോട്ടിലേയ്ക്ക് വ്യാപിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. നൂറോളം പേർക്ക് തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ബരിസൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബോട്ടിന് തീപിടിച്ചപ്പോൾ രക്ഷപ്പെടാനായി ചിലർ വെള്ളത്തിലേക്ക് ചാടി. ഇവരിൽ പലരും വെള്ളത്തിൽ മുങ്ങി മരിക്കുകയും ചെയ്തു.

നേരത്തെയും ബംഗ്ലാദേശിൽസമാനരീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്താത്തതും കപ്പൽശാലകളിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് അപകടത്തിന് കാരണമാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

ന്യൂയോർക്ക്: കോവിഡ് വൈറസ് ചികിത്സയിൽ നിർണായക നേട്ടം കരസ്ഥമാക്കി അമേരിക്ക. കോവിഡിനെതിരായ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഗുളികയ്ക്ക് കൂടി യുഎസ് അംഗീകാരം നൽകി. മെർക്ക് എന്ന കമ്പനിയുടെ മരുന്നിനാണ് അംഗീകാരം ലഭിച്ചത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (എഫ്ഡിഎ) മരുന്നിന് അംഗീകാരം നൽകിയത്.

മോൽനുപിറാവിൽ എന്ന മെർക്കിന്റെ കോവിഡ് ഗുളിക റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സ് ആണ് വികസിപ്പിച്ചത്. ഉയർന്ന അപകടസാധ്യതയുള്ള രോഗികളിൽ ആശുപത്രിവാസവും മരണവും 30 ശതമാനത്തോളം കുറയ്ക്കാൻ മരുന്നിന് കഴിഞ്ഞിട്ടുണ്ടെന്ന് പരീക്ഷണത്തിൽ തെളിഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി. മരുന്നിന്റെ ക്ലിനിക്കൽ ട്രയലിലാണ് ഇക്കാര്യം വ്യക്തമായത്.

ഗുരുതരമായ രോഗത്തിന് സാധ്യതയുള്ള മുതിർന്ന ആളുകൾക്ക് ചികിത്സക്കായി ഈ മരുന്ന് ഉപയോഗിക്കാം. 18 വയസ്സിന് താഴെയുള്ളവർ മരുന്ന് ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. അതേസമയം മോൽനുപിറാവിൽ എല്ലുകളേയും തരുണാസ്ഥിയുടെ വളർച്ചയേയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും എഫ്ഡിഎ നൽകിയിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം ഫൈസറിന്റെ മരുന്നിനും യുഎസ് അംഗീകാരം നൽകിയിരുന്നു.

ലൗസാനെ: ലോക ഹോക്കി റാങ്കിംഗില്‍ ഇന്ത്യന്‍ പുരുഷ ടീം മൂന്നാം സ്ഥാനത്ത്. ഇന്ത്യന്‍ പുരുഷ ടീമിന്റെ എക്കാലത്തെയും മികച്ച റാങ്കിംഗാണിത്. 41 വര്‍ഷത്തിനു ശേഷമാണ് ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയതാണ് റാങ്കിംഗ് നേട്ടത്തിന് കാരണം.

ഓസ്‌ട്രേലിയ ഒന്നാം സ്ഥാനവും ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാക്കളായ ബെല്‍ജിയം രണ്ടാം സ്ഥാനവും നേടി. ഇന്ത്യക്ക് പിന്നില്‍ നെതര്‍ലന്‍ഡ്‌സ് നാലാമതും ജര്‍മനി അഞ്ചാമതും നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട്(6), അര്‍ജന്റീന(7), ന്യൂസിലന്‍ഡ്(8), സ്‌പെയിന്‍(9), മലേഷ്യ(10) എന്നീ ടീമുകളാണ് ആദ്യ പത്തിലുള്ളത്.

പാക്കിസ്ഥാന്‍ പതിനെട്ടാം സ്ഥാനത്തു നില്‍ക്കുന്ന റാങ്കിംഗില്‍ ഏഷ്യയില്‍ നിന്നുള്ള ദക്ഷിണ കൊറിയ പതിനാറാമതും ജപ്പാന്‍ പതിനേഴാമതുമാണ്. കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജപ്പാനെ തോല്‍പ്പിച്ച് ദക്ഷിണ കൊറിയ കിരീടം നേടിയിരുന്നു. പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ മൂന്നാം സ്ഥാനം നേടി. ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനെ 6-0ന് തോല്‍പിച്ച ഇന്ത്യ സെമിയില്‍ ജപ്പാനോട് 3-5ന് തോറ്റിരുന്നു.

വാഷിംഗ്ടൺ: എയ്ഡ്‌സ് മഹാമാരിക്കെതിരെ നിർണായക കണ്ടെത്തലുമായി അമേരിക്ക. എയിഡ്സിനെ തടയാൻ സഹായിക്കുന്ന കുത്തിവെപ്പിന് യുഎസ് അംഗീകാരം നൽകി. അപ്രിറ്റിയൂഡ് എന്ന മരുന്നിനാണ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ) അനുമതി നൽകിയത്. എച്ച്.ഐ.വി ബാധ നൂറു ശതമാനം വരെ തടയാൻ സഹായിക്കുന്ന മരുന്നാണിത്. ഒരു ഡോസ് കുത്തിവെപ്പിന് 2.64 ലക്ഷം രൂപ വരെയാണ് ചെലവ് വരിക.

ശരീരഭാരം 35 കിലോഗ്രാമിൽ കൂടുതലുള്ള മുതിർന്ന വ്യക്തികൾക്ക് കുത്തിവെപ്പ് എടുക്കാം. തുടക്കമെന്ന നിലയിൽ ഒരു മാസം ഇടവേളയിൽ രണ്ടു കുത്തിവെപ്പ് എടുക്കണമെന്നും പിന്നീട് ഓരോ രണ്ടു മാസത്തിലും കുത്തിവെപ്പെടുത്ത് മുന്നോട്ട് പോകണമെന്നാണ് നിർദ്ദേശം. അപ്രിറ്റിയൂഡിന് എഫ്.ഡി.എ അനുമതി ലഭിച്ചത് ലോകത്തെ എച്ച്.ഐ.വി മഹാമാരിയെ തടയാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട, ലൈംഗികരോഗങ്ങൾക്ക് സാധ്യതയുള്ള വിഭാഗങ്ങൾക്ക് ഇത് ഗുണകരമാകുമെന്നാണ് എഫ്.ഡി.എയിലെ ആന്റിവൈറൽ ഡിവിഷൻ ഡയറക്ടറായ ഡോ. ഡെബ്ര ബിർക്രാന്ത് അറിയിച്ചു.

മനുഷ്യരിൽ എച്ച്.ഐ.വി ബാധ കണ്ടെത്തിയതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു കുത്തിവെപ്പ് നടത്തുന്നത്. ശരീരത്തിൽ എച്ച്.ഐ.വി രോഗാണുവിന്റെ സാന്നിധ്യമില്ലാത്ത, പുരുഷൻമാരുമായി സെക്‌സിൽ ഏർപ്പെടുന്ന 4600 പുരുഷൻമാരിലും ട്രാൻസ് ജെൻഡറുകളിലുമാണ് ആദ്യഘട്ടത്തിൽ മരുന്ന് പരീക്ഷിച്ചത്. ഇത്തരം ലൈംഗിക സ്വഭാവമുള്ളവർക്ക് എച്ച്.ഐ.വി ബാധക്കുള്ള സാധ്യത കൂടുതലാണ്. രണ്ടാംഘട്ടത്തിൽ സ്ത്രീകളുമായും പുരുഷൻമാരുമായും സെക്‌സിൽ ഏർപ്പെടുന്ന 3200 സ്ത്രീകളിൽ പരീക്ഷണം നടത്തി. നിലവിൽ എച്ച്‌ഐവി തടയാൻ ഉപയോഗിക്കുന്ന മരുന്നായ ട്രൂവാഡ ഗുളിക കഴിക്കുന്നവരേക്കാൾ എച്ച്.ഐ.വി ബാധ 69 ശതമാനം കുറക്കാൻ അപ്രിറ്റിയൂഡിന് കഴിയുമെന്ന് ആദ്യ പരീക്ഷണത്തിലും എച്ച്.ഐ.വി ബാധ 90 ശതമാനം കുറക്കാൻ സഹായിക്കുമെന്ന് രണ്ടാം പരീക്ഷണത്തിലും കണ്ടെത്താൻ കഴിഞ്ഞു.

അതേസമയം പാർശ്വഫലങ്ങൾ ഇല്ലെങ്കിൽ മാത്രമേ കുത്തിവെപ്പ് എടുക്കാവൂവെന്നാണ് നിർദ്ദേശം. എച്ച്.ഐ.വി പോസിറ്റീവ് ആയവർ ഈ മരുന്ന് കഴിക്കരുതെന്നും നിർദ്ദേശമുണ്ട്. അടുത്തവർഷത്തോടെ ലോകത്തെല്ലായിടത്തും ഈ മരുന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

covid

വാഷിംഗ്ടണ്‍: ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് കാഠിന്യം കുറവാണെന്ന് ബ്രിട്ടീഷ് പഠനം. ഒമിക്രോണ്‍ മൂലമുള്ള ആശുപത്രി ചികിത്സാ കേസുകള്‍ ഇരുപത് മുതല്‍ ഇരുപത്തിയഞ്ച് ശതമാനം വരെ കുറവാണെന്നും ഒരു ദിവസത്തിനപ്പുറം രോഗി ആശുപത്രിയില്‍ കഴിയുന്നത് നാല്‍പത് മുതല്‍ നാല്‍പ്പത്തിയഞ്ച് ശതമാനം വരെ കുറവാണെന്നും ഇംഗ്ലീഷ് പഠനത്തില്‍ പറയുന്നു.

എന്നാല്‍, ഒമിക്രോണിന്റെ ഉയര്‍ന്ന വ്യാപനശേഷിയില്‍ സ്‌കോട്ടിഷ് വിദഗ്ദര്‍ ആശങ്ക രേഖപ്പെടുത്തി. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഡെല്‍റ്റ കേസുകളും ഒമിക്രോണ്‍ കേസുകളും വിലയിരുത്തിയാണ് പഠനം നടത്തിയത്. കൂടാതെ, ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിലൂടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും സ്‌കോട്ടിഷ് പഠനം വിലയിരുത്തുന്നു. ഇത് നല്ല പ്രതീക്ഷയാണെന്നും സ്ഥിതിവിവര കണക്കുകള്‍ പ്രകാരം ഈ പഠനത്തിന് പ്രധാന്യം ഏറെയുണ്ടെന്നും സ്‌കോട്ടിഷ് വിദഗ്ദന്‍ ജിം മെക് മെനാമിന്‍ പറഞ്ഞു.

എന്നാല്‍, ഒമിക്രോണ്‍ കേസുകള്‍ ഗുരുതരമാകാതിരിക്കുന്നതിന് കാരണം വകഭേദത്തിന്റെ പ്രത്യേകതയാണോ അതോ കൊവിഡ് വാക്‌സിന്റെ പ്രതിരോധശേഷി മൂലമാണോ എന്നത് രണ്ട് പഠനങ്ങളിലും വ്യക്തമല്ല.

പ്യോംഗ്യാംഗ്: ദക്ഷിണകൊറിയന്‍ വീഡിയോകള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് ഏഴുപേരെ വധ ശിക്ഷക്ക് വിധേയമാക്കി ഉത്തരകൊറിയ. മനുഷ്യാവകാശ സംഘടനയാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംങ് ഉന്നിന്റെ നേതൃത്വത്തിലാണ് പരസ്യ വധശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്രത്തലത്തില്‍ ഉത്തരകൊറിയക്ക് മേലുള്ള നിരീക്ഷണം വര്‍ദ്ധിച്ചതിനാല്‍ കിം ജോങ് ഉന്‍ ഭരണകൂടം മനുഷ്യാവകാശ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എന്നാല്‍, അവിടെ മനുഷ്യാവകാശ സ്ഥിതി മെച്ചപ്പെടുന്നു എന്നല്ല ഇതിനര്‍ഥം, മറിച്ച് മുന്‍പത്തെ പോലെ പരസ്യമായി വധശിക്ഷ ഉള്‍പ്പെടെ നടക്കുന്നില്ല എന്ന് മാത്രം. അതേസമയം, ഉത്തരകൊറിയയില്‍ കഴിഞ്ഞ വര്‍ഷം 27 പേരെ വധശിക്ഷക്ക് വിധേയമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയന്‍ സിനിമകളും സംഗീതവും സീഡിയിലാക്കി വിറ്റ ഒരാളെ ഉത്തരകൊറിയന്‍ സര്‍ക്കാര്‍ വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വധ ശിക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മോസ്‌കോ: 12 ദിവസത്തെ ബഹിരാകാശവാസം കഴിഞ്ഞ് സുരക്ഷിതരായി ഭൂമിയിലേക്ക് തിരിച്ചെത്തി സഞ്ചാരികൾ. ജപ്പാനീസ് ശതകോടീശ്വരനായ ഫാഷൻ മാഗ്‌നറ്റ് യുസാക്കു മെയ്‌സാവയും റഷ്യൻ ബഹിരാകാശ സഞ്ചാരിയായ അലക്‌സാണ്ടർ മിസർക്കിനും യോസോ ഹീരാനോയുമാണ് ബഹിരാകാശ പര്യടനം പൂർത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തിയത്.

റഷ്യൻ പ്രാദേശിക സമയം 9.15 ഓടെ കസഖിസ്താനിൽ ഇവർ തിരിച്ചിറങ്ങി. നഗരത്തിന് 150 കിലോമീറ്റർ തെക്കു കിഴക്കു മാറിയാണ് റഷ്യൻ സോയൂസ് ക്യാപ്‌സൂളിറങ്ങിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലായിരുന്നു സഞ്ചാരികളുടെ താമസം സജ്ജീകരിച്ചിരുന്നത്.

കരസേനയെ അയച്ചാണ് ബഹിരാകാശയാത്രികരുടെ പേടകം ഇറങ്ങിയ സ്ഥലം കണ്ടെത്തിയത്. സഞ്ചാരികളെ അന്വേഷിക്കാനായി അയച്ച രക്ഷാ ഹെലികോപ്റ്ററുകളുടെ പ്രവർത്തനങ്ങൾക്ക് താഴ്ന്നു നിന്നിരുന്ന മേഘങ്ങൾ തടസമായതോടെയാണ് തെരച്ചിലിനായി കരസേനയെ അയച്ചത്.

മനില: ഫിലിപ്പീൻസിൽ ചുഴലിക്കാറ്റ്. 375 പേരാണ് ഫിലിപ്പീൻസിൽ അനുഭവപ്പെട്ട കനത്ത ചുഴലിക്കാറ്റിൽ മരണപ്പെട്ടത്. അഞ്ഞൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 56 പേരെ കാണാതാകുകയും ചെയ്തു. വലിയ നാശനഷ്ടങ്ങളാണ് ഫിലിപ്പീൻസിൽ ഉണ്ടായിരിക്കുന്നത്.

ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി വീടുകൾ തകർന്നടിഞ്ഞു. പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. നിരവധി മേഖലകളിൽ വൈദ്യുതിബന്ധം തടസപ്പെട്ടു. പതിനായിരക്കണക്കിന് പേർക്കാണ് കിടപ്പാടം നഷ്ടമായത്. ഈ വർഷം ഫിലിപ്പീൻസിൽ 15 ചുഴലിക്കാറ്റുകളാണ് അനുഭവപ്പെട്ടത്. ഇതിൽ ഏറ്റവും ശക്തമായ കാറ്റാണ് ഇപ്പോൾ രാജ്യത്ത് വീശിയടിച്ചത്. ചുഴലിക്കാറ്റ് നാശം വിതച്ച ഇടങ്ങളിൽ സഹായം എത്തിക്കുന്നതിനായി സൈനിക ഹെലികോപ്റ്ററുകളെ നിയോഗിച്ചിട്ടുണ്ട്.

വൈദ്യുതി ബന്ധവും വാർത്താവിതരണ ബന്ധവും തടസപ്പെട്ട സാഹചര്യമായതിനാൽ ചുഴലിക്കാറ്റ് ബാധിച്ച പല സ്ഥലങ്ങളിലേക്കും രക്ഷാപ്രവർത്തനത്തിനായി ഇതുവരെ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.