ധാക്ക: ബംഗ്ലാദേശിലെ തെക്കൻ മേഖലയിൽ ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന മുപ്പത്തിരണ്ട് പേർ മരിച്ചു. മൂന്ന് നിലകളുള്ള ‘ഒബിജാൻ’ എന്ന ബോട്ടിനാണ് തീപിടിച്ചത്. തലസ്ഥാനമായ ധാക്കയിൽ നിന്ന് 250 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ജലോകതിയിൽ ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഏകദേശം അഞ്ഞൂറോളം ആളുകളാണ് ബോട്ടിലുണ്ടായത്.
എഞ്ചിൻ റൂമീലുണ്ടായ തീപിടിത്തം ബോട്ടിലേയ്ക്ക് വ്യാപിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. നൂറോളം പേർക്ക് തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ബരിസൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബോട്ടിന് തീപിടിച്ചപ്പോൾ രക്ഷപ്പെടാനായി ചിലർ വെള്ളത്തിലേക്ക് ചാടി. ഇവരിൽ പലരും വെള്ളത്തിൽ മുങ്ങി മരിക്കുകയും ചെയ്തു.
നേരത്തെയും ബംഗ്ലാദേശിൽസമാനരീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്താത്തതും കപ്പൽശാലകളിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് അപകടത്തിന് കാരണമാകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

