ഫിലിപ്പീൻസിൽ ചുഴലിക്കാറ്റ്; 375 പേർ മരണപ്പെട്ടു, അഞ്ഞൂറിലേറെ പേർക്ക് പരിക്ക്

മനില: ഫിലിപ്പീൻസിൽ ചുഴലിക്കാറ്റ്. 375 പേരാണ് ഫിലിപ്പീൻസിൽ അനുഭവപ്പെട്ട കനത്ത ചുഴലിക്കാറ്റിൽ മരണപ്പെട്ടത്. അഞ്ഞൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 56 പേരെ കാണാതാകുകയും ചെയ്തു. വലിയ നാശനഷ്ടങ്ങളാണ് ഫിലിപ്പീൻസിൽ ഉണ്ടായിരിക്കുന്നത്.

ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി വീടുകൾ തകർന്നടിഞ്ഞു. പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. നിരവധി മേഖലകളിൽ വൈദ്യുതിബന്ധം തടസപ്പെട്ടു. പതിനായിരക്കണക്കിന് പേർക്കാണ് കിടപ്പാടം നഷ്ടമായത്. ഈ വർഷം ഫിലിപ്പീൻസിൽ 15 ചുഴലിക്കാറ്റുകളാണ് അനുഭവപ്പെട്ടത്. ഇതിൽ ഏറ്റവും ശക്തമായ കാറ്റാണ് ഇപ്പോൾ രാജ്യത്ത് വീശിയടിച്ചത്. ചുഴലിക്കാറ്റ് നാശം വിതച്ച ഇടങ്ങളിൽ സഹായം എത്തിക്കുന്നതിനായി സൈനിക ഹെലികോപ്റ്ററുകളെ നിയോഗിച്ചിട്ടുണ്ട്.

വൈദ്യുതി ബന്ധവും വാർത്താവിതരണ ബന്ധവും തടസപ്പെട്ട സാഹചര്യമായതിനാൽ ചുഴലിക്കാറ്റ് ബാധിച്ച പല സ്ഥലങ്ങളിലേക്കും രക്ഷാപ്രവർത്തനത്തിനായി ഇതുവരെ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.