International (Page 167)

വാഷിങ്ടണ്‍: ഒമിക്രോണ്‍ വകഭേദം കാരണം രാജ്യത്തെ ജനങ്ങള്‍ക്ക് അതിതീവ്ര രോഗവ്യാപന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്തെ മരണനിരക്കുകള്‍ ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം തടയാന്‍ ബൂസ്റ്റര്‍ ഡോസുകളെടുക്കണമെന്നും ഇനിയും വാക്സിനെടുക്കാത്തവര്‍ മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.

കൊവിഡ്-19 ന്റെ വകഭേദമായ ഒമിക്രോണ്‍ ശക്തിപ്രാപിച്ചതോടെ പല യൂറോപ്യന്‍ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ പ്രതിദിനം 1150 എന്ന ശരാശരിയിലാണ് മരണ നിരക്കുകള്‍. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്.

പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതോടെയാണ് ജനങ്ങള്‍ക്ക് ബൈഡന്റെ മുന്നറിയിപ്പ്. ആഗോളതലത്തില്‍ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഒമിക്രോണ്‍ വകഭേദത്തെ എല്ലാവരും ഒരുമിച്ച് നേരിടണമെന്ന് ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ആരോഗ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.

വാഷിംഗ്ടൺ: ശാസ്ത്രമേഖലയിൽ നിർണായക നേട്ടം കരസ്ഥമാക്കി നാസ. ചരിത്രത്തിൽ ആദ്യമായി ഒരു മനുഷ്യനിർമിത പേടകം സൂര്യന്റെ അന്തരീക്ഷം തൊട്ടിരിക്കുകയാണ്. മനുഷ്യന് അസാധ്യമെന്ന് തോന്നിയിരുന്ന ദൗത്യമാണ് നാസ വിജയകരമായി പൂർത്തീകരിച്ചത്.

നാസയുടെ പാർക്കർ സോളാർ പ്രോബ് എന്ന ദൗത്യമാണ് സൂര്യന്റെ അന്തരീക്ഷത്തിൽ തൊട്ടത്. സൂര്യന്റെ രഹസ്യങ്ങൾ ഏറ്റവും അടുത്ത് നിന്നും പഠിക്കാൻ വേണ്ടിയാണ് പാർക്കർ സോളാർ പ്രോബ് പദ്ധതി ആവിഷ്‌ക്കരിച്ചത്.

2018 ലാണ് പേടകം നാസ വിക്ഷേപിച്ചത്. ഒൻപത് തവണ ഈ പേടകം സൂര്യനെ ചുറ്റിയിട്ടുണ്ട്. ജനുവരിയിൽ സൂര്യനോട് കൂടുതൽ അടുക്കുന്നതിന്റെ ഭാഗമാണ് പുതിയ അന്തരീക്ഷ പ്രവേശനം എന്നാണ് നാസ അറിയിക്കുന്നത്. കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെ സൂര്യന്റെ മുകളിലുള്ള പാളിയിൽ ഈ പേടകം പ്രവേശിച്ചുവെന്നും നാസ വ്യക്തമാക്കി.

എട്ടാമത്തെ തവണ സൂര്യനെ ചുറ്റിയ സമയത്ത് പേടകത്തിന്റെ കാന്തിക കണിക അവസ്ഥയിൽ മാറ്റം സംഭവിച്ചത് മനസിലാക്കിയാണ് സൂര്യന്റെ അന്തരീക്ഷത്തിൽ പാർക്കർ പ്രവേശിച്ചുവെന്ന നിഗമനത്തിലേക്ക് നാസ എത്തിയത്.

കാബൂൾ: അഫ്ഗാന് സഹായ ഹസ്തവുമായി ഇന്ത്യ. അഫ്ഗാനിസ്താനിലെ കുട്ടികൾക്ക് ആവശ്യമുളള 1.6 ടൺ ജീവൻ രക്ഷാമരുന്നുകളാണ് ഇന്ത്യ എത്തിച്ചു നൽകിയത്. പോഷകാഹാരക്കുറവ് മൂലം കാബൂളിലെ ആശുപത്രികളിൽ കുട്ടികൾ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി. ജീവൻ രക്ഷാ മരുന്നുകളുമായി വെളളിയാഴ്ച കാബൂളിൽ പ്രത്യേക വിമാനം എത്തി. ഇന്ത്യയുടെ സഹായത്തിന് താലിബാൻ നന്ദി അറിയിച്ചു.

അഫ്ഗാന് ആവശ്യമായ പ്രധാന മരുന്നുകൾ ഇന്ത്യയിൽ നിന്നും എത്തിക്കുമെന്ന് താലിബാൻ ഡെപ്യൂട്ടി വക്താവ് അഹ്മദുളള അറിയിച്ചു. ഇന്ത്യ പ്രദേശത്തെ മുൻനിര രാജ്യമാണ്. അതിനാൽ ഇന്ത്യയുമായി നല്ല ബന്ധം അഫ്ഗാന് പരമപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കാബൂളിലെത്തിച്ച മരുന്നുകൾ ലോകാരോഗ്യ സംഘടനയുടെ കാബൂളിലെ പ്രതിനിധികൾക്ക് കൈമാറും. കാബൂളിലെ ഇന്ദിരാ ഗാന്ധി ആശുപത്രി വഴിയായിരിക്കും മരുന്നുകൾ വിതരണം ചെയ്യുന്നത്.

അതേസമയം അഫ്ഗാനിലേക്ക് വരികയായിരുന്ന 85 പേരെ ഈ വിമാനത്തിൽ ഇന്ത്യ തിരികെയെത്തിക്കുകയും അഫ്ഗാനിലെ ഹിന്ദു, സിഖ് വിഭാഗത്തിൽ പെട്ട 104 പേരെ വിമാനം തിരികെ ഇന്ത്യയിലേക്ക് വരുമ്പോൾ കൊണ്ടുവരികയും ചെയ്തു. എന്നാൽ അഫ്ഗാനിസ്താനിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ഇന്ത്യ നൽകിയ 50,000 ടൺ ഗോതമ്പ് പാകിസ്താൻ തടഞ്ഞു. വാഗ അതിർത്തി കടന്ന് കരയിലൂടെ പാകിസ്താൻ വഴി കൊണ്ടുപോകേണ്ട ഗോതമ്പാണ് പാകിസ്താൻ തടഞ്ഞത്. എത്രയും വേഗം ഗോതമ്പ് കടത്തി വിടാൻ അനവാദം നൽകണമെന്ന് താലിബാൻ പാകിസ്താനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ലണ്ടൻ: കോവിഡ് വൈറസിന്റെ ജനിതക വകഭേദമായ ഒമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്തു. യുകെയിലാണ് ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം അറിയിച്ചത്. സങ്കടകരമായ വാർത്തയാണിതെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതനായിരുന്ന വ്യക്തിയ്ക്ക് മറ്റ് ചില ആരോഗ്യ പ്രശനങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഒമിക്രോൺ കരുതുന്നത് പോലെ നിസ്സാരമല്ലെന്നാണ് ബോറിസ് ജോൺസൺ നൽകുന്ന മുന്നറിയിപ്പ്. ഒമിക്രോൺ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും എത്രയും വേഗം കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നാണ് അദ്ദേഹം ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഡിസംബർ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനാണ് ബ്രിട്ടൺ പദ്ധതിയിടുന്നത്.. ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം വിശദമാക്കി.

ജനീവ: കോവിഡ് വ്യാപനത്തിന്റെ ജനിതക വകഭേദമായ ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഒമിക്രോൺ എത്രത്തോളം അപകടകാരിയാണെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഒമിക്രോണിന് ഡെൽറ്റയേക്കാൾ വ്യാപനശേഷിയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോൺ വാക്സിന്റെ കാര്യക്ഷമതയെ കുറയ്ക്കുമെന്നും എന്നാൽ, ഡെൽറ്റയേക്കാൾ കുറഞ്ഞ തീവ്രതയുള്ള രോഗ ലക്ഷണങ്ങളേയുള്ളുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

മുൻപ് ലഭിച്ചിരുന്ന തെളിവുകൾ പ്രകാരമാണ് രോഗബാധയ്ക്കും വ്യാപനത്തിനും എതിരെ വാക്സിന്റെ കാര്യക്ഷമത ഒമിക്രോൺ കുറയ്ക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സമൂഹ വ്യാപനം ഉണ്ടാകുന്ന ഇടങ്ങളിൽ ഡെൽറ്റയെ അപേക്ഷിച്ച് ഓമിക്രോണിന് കൂടുതൽ വ്യാപനന സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിൻ നിർമ്മാതാക്കളായ ഫൈസറും, ബയോഎൻടെക്കും ഒമിക്രോണിന് എതിരെ അവരുടെ മൂന്ന് ഡോസുകൾ ഫലപ്രദമാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.

അതേസമയം ഇന്ത്യയിലും ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 38 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. കേരളത്തിലും ഒമിക്രോൺ രോഗബാധ റിപ്പോർട്ട് ചെയ്തു. യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തുപരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ദില്ലിയിലും സാംപിൾ പരിശോധന നടത്തിയാണ് കേരളത്തിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിൽ നിന്നും അബുദാബിയിൽ എത്തിയ യാത്രക്കാരൻ ആറാം തീയതിയാണ്.

ന്യൂയോർക്ക്: അമേരിക്കയിൽ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്. അമേരിക്കയിലെ ആറ് സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. നൂറിലധികം മരണങ്ങളാണ് ചുഴലിക്കാറ്റിനെ തുടർന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കെന്റക്കിൽ മാത്രം എഴുപതോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അർകൻസസ്, ഇല്ലിനോയിസ്, കെന്റക്കി, ടെന്നസി, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി മുപ്പതിലേറെ തവണ അമേരിക്കയിൽ ചുഴലിക്കാറ്റ് വീശിയടിച്ചു. നിരവധി വീടുകൾ തകരുകയും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ഇല്ലിനോയിസിലെ ഒരു ആമസോൺ വെയർഹൗസ് പൂർണമായി തകർന്ന് ആറു പേരാണ് മരണപ്പെട്ടത്. മെയ്ഫീൽഡിലെ മെഴുകുതിരി ഫാക്ടറി ചുഴലിക്കാറ്റിനെ തുടർന്ന് തകർന്നു. നിരവധി പേരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം കെന്റക്കിയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ബ്രിട്ടനിലെ കൊവിഡ് രോഗികളില്‍ 30 ശതമാനം പേരെയും ബാധിച്ചിരിക്കുന്നത് ഒമൈക്രോണ്‍ ആണെന്ന് റിപ്പോര്‍ട്ട്. ഇന്നലെ നടന്ന വെര്‍ച്വല്‍ യോഗത്തില്‍ വ്യക്തമാക്കിയ കണക്കുകള്‍ പ്രകാരം വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒമൈക്രോണ്‍ രാജ്യത്തെ പ്രധാന വൈറസ് വകഭേദമായി മാറുമെന്നാണ്. അങ്ങനെ വന്നാല്‍, വീണ്ടും രാജ്യം അടച്ചിടാതെമറ്റൊരു വഴിയും ബോറിസ് ജോണ്‍സന്റെ മുന്‍പിലുണ്ടാകില്ല. നിലവിലെ സാഹചര്യം അതീവ ഗൗരവമുള്ളതാണെന്നാണ്. ലണ്ടനും സ്‌കോട്ട്‌ലന്‍ഡും ഹോട്ട്‌സ്‌പോട്ടുകളായി മാറുകയാണെന്നാണ് കമ്മ്യൂണിറ്റി സെക്രട്ടറി പറയുന്നത്. തലസ്ഥാന നഗരത്തിന്റെ കാര്യം ഏറെ പ്രതിസന്ധിയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒമൈക്രോണ്‍ വകഭേദം നഗരത്തിലെ 32 ബോറോ കൗണ്‍സിലുകളിലും എത്തിയിരിക്കുന്നു.

എന്നാല്‍, രോഗവ്യാപന തോത് ഉയരുന്നതിനനുസരിച്ച് മരണനിരക്കും ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണ്ത്തില്‍ വര്‍ധനവില്ലെന്നത് ആശ്വാസകരമാണ്. രോഗം ബാധിച്ച് ആശുപത്രികളിലെത്തുവാനും മരണം സംഭവിക്കുവാനും ദിവസങ്ങള്‍ എടുക്കുമെന്നതിനാല്‍, വരും ദിവസങ്ങളില്‍ ഇവയും ഉയരുമെന്നാണ് ഈ വിഷയത്തിലെ വിദഗ്ദര്‍ പറയുന്നത്. കുടുബത്തില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍, ആ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും പുതിയ നിയമപ്രകാരം സെല്‍ഫ് ഐസൊലേഷനില്‍ പോകേണ്ടതായി വരും.

രണ്ടാഴ്ച്ച മുന്‍പാണ് ബ്രിട്ടനില്‍ ഒമൈക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതിനിടെ മൊത്തം കൊവിഡ് രോഗികളില്‍ 30 ശതമാനവും ഒമൈക്രോണ്‍ ബാധിതരാകുന്ന തരത്തില്‍ ഇത് പടര്‍ന്നു കഴിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ 448 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 1200 ആയി. എന്നാല്‍, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത് യഥാര്‍ത്ഥ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം ഇതിന്റെ 20 മടങ്ങോളം വരുമെന്നാണ്. ലണ്ടനൊപ്പം ഒമൈക്രോണിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയ സ്‌കോട്ട്‌ലന്‍ഡില്‍ നിലവിലുള്ള കോവിഡ് രോഗികളില്‍ 13.3 ശതമാനം പേരും ഓമിക്രോണ്‍ ബാധിതരാണ്. ഇതോടെ സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണിവിടെ.

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റഷ്യക്കാരനായ ഇയാന്‍ നിപോംനിഷിയെ കീഴടക്കി തുടര്‍ച്ചയായി അഞ്ചാംതവണയും രാജാവായി നോര്‍വെക്കാരന്‍ മാഗ്‌നസ് കാള്‍സന്‍. ദുബായ് എക്‌സിബിഷന്‍ സെന്ററില്‍ പതിനൊന്നില്‍ നാല് കളി ജയിച്ച് ഏഴര പോയിന്റോടെയാണ് കാള്‍സന്റെ ഈ അപൂര്‍വനേട്ടം. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ച് 2013ലാണ് കാള്‍സന്‍ ആദ്യം കിരീടം നേടുന്നത്. പിന്നീട് മൂന്നുതവണകൂടി ജേതാവായി.

ഇന്നലെ പതിനൊന്നാം ഗെയിം 49 നീക്കത്തിലാണ് കാള്‍സന്‍ ജയിച്ചത്. മൂന്ന് മണിക്കൂറും 21 മിനിറ്റുമെടുത്താണ് വിജയം. ആകെയുള്ള 14 ഗെയിമില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാളാണ് ചാമ്പ്യനാവുക. നിപോംനിഷിക്ക് മൂന്നര പോയിന്റാണുള്ളത്. കാള്‍സന്‍ ലക്ഷ്യം നേടിയതോടെ മൂന്ന് മത്സരങ്ങള്‍ ബാക്കിയായി. നിപോംനിഷിക്ക് ഒറ്റ കളിയും ജയിക്കാനായില്ല. ആദ്യത്തെ അഞ്ച് കളിയും സമനിലയായിരുന്നു.

ആറാം ഗെയിമില്‍ കാള്‍സന്‍ ജയിച്ചതാണ് വഴിത്തിരിവായത്. തുടര്‍ന്ന് എട്ടാമത്തേയും ഒമ്പതാമത്തേയും പതിനൊന്നാമത്തേയും കളിയില്‍ കാള്‍സണ്‍ തന്നെ വിജയിച്ചു. പതിനൊന്നാം ഗെയിം ഏറെ സവിശേഷമായിരുന്നു. ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ഓപ്പണിങ്ങായ ജ്വോക്കോ പ്യാനോ അഥവാ ഇറ്റാലിയന്‍ ഗെയിം ആദ്യമായി പ്രാരംഭമുറയായി പരീക്ഷിക്കപ്പെട്ടു. സമനിലയിലേക്ക് നീങ്ങിയ കളിയ്ക്ക് ജീവന്‍ നല്‍കിയത് നിപോയുടെ ആത്മഹത്യാപരമായ 23–ാം നീക്കമാണ്. നാല് പോയിന്റ് വ്യത്യാസത്തില്‍ ലോക ചാമ്പ്യന്‍ പിറക്കുന്നത് നൂറ്റാണ്ടിനുശേഷം ആദ്യമാണ്.

റിയാദ്: തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. സൗദി ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളിൽ പ്രഭാഷണം നടത്താനുള്ള നിർദേശവും മന്ത്രാലയം നൽകി.

തബ്ലീഗ് ഗ്രൂപ്പിന്റെ പ്രവർത്തനം വഴിതെറ്റിയാണെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. സംഘടയുടെ പ്രവർത്തനം അപകടമാണെന്നും തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നും മന്ത്രാലയം പറഞ്ഞു. ഇത്തരം ഗ്രൂപ്പുകൾ സമൂഹത്തിന് ആപത്താണെന്നും മന്ത്രാലയം നിരീക്ഷിച്ചു.

തബ്ലീഗും ദഅ് വ ഗ്രൂപ്പും ഉൾപ്പെടെയുള്ള പക്ഷപാതപരമായ ഗ്രൂപ്പുകളുമായുള്ള ബന്ധം സൗദി അറേബ്യയിൽ നിരോധിച്ചിരിക്കുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒരു സുന്നി ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത്.

സിങ്കപ്പുര്‍: കൊവിഡ് 19 വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവരിലും ഒമൈക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം. സിങ്കപ്പുരിലാണ് ബൂസ്റ്റര്‍ ഡോസ് എടുത്തവരില്‍ രണ്ട് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് ജീവനക്കാരിയായ 24കാരിക്കും ജര്‍മനിയില്‍ നിന്ന് ഡിസംബര്‍ 6ന് എത്തിയ വ്യക്തിക്കുമാണ് സ്ഥിരീകരിച്ചത്. ഇവര്‍ രണ്ട് പേരും കൊവിഡ് വാക്‌സിനേഷന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിച്ചവരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ലോകത്ത് കൂടുതല്‍ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ജാഗ്രതയോടെ കാണണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും സിങ്കപ്പുര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വാക്‌സിനേഷന്റെ കാര്യത്തിലും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട് സിങ്കപ്പുര്‍. ആകെ ജനസംഖ്യയിലെ 87 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് കഴിഞ്ഞു. 29 ശതമാനം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി.

ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളില്‍ ഏറ്റവും അപകടകാരിയാണ് ആഫ്രിക്കന്‍ വകഭേദമായ ഒമൈക്രോണ്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിനാല്‍ മാത്രം ഒമൈക്രോണിനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നും ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമായേക്കാമെന്നും ഫൈസര്‍, ഭാരത് ബയോടെക് പോലുള്ള കമ്പനികള്‍ പറഞ്ഞിരുന്നു. അതേസമയം, ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കും വൈറസ് ബാധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.