ന്യൂയോർക്ക്: കോവിഡ് വൈറസ് ചികിത്സയിൽ നിർണായക നേട്ടം കരസ്ഥമാക്കി അമേരിക്ക. കോവിഡിനെതിരായ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഗുളികയ്ക്ക് കൂടി യുഎസ് അംഗീകാരം നൽകി. മെർക്ക് എന്ന കമ്പനിയുടെ മരുന്നിനാണ് അംഗീകാരം ലഭിച്ചത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് (എഫ്ഡിഎ) മരുന്നിന് അംഗീകാരം നൽകിയത്.
മോൽനുപിറാവിൽ എന്ന മെർക്കിന്റെ കോവിഡ് ഗുളിക റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സ് ആണ് വികസിപ്പിച്ചത്. ഉയർന്ന അപകടസാധ്യതയുള്ള രോഗികളിൽ ആശുപത്രിവാസവും മരണവും 30 ശതമാനത്തോളം കുറയ്ക്കാൻ മരുന്നിന് കഴിഞ്ഞിട്ടുണ്ടെന്ന് പരീക്ഷണത്തിൽ തെളിഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി. മരുന്നിന്റെ ക്ലിനിക്കൽ ട്രയലിലാണ് ഇക്കാര്യം വ്യക്തമായത്.
ഗുരുതരമായ രോഗത്തിന് സാധ്യതയുള്ള മുതിർന്ന ആളുകൾക്ക് ചികിത്സക്കായി ഈ മരുന്ന് ഉപയോഗിക്കാം. 18 വയസ്സിന് താഴെയുള്ളവർ മരുന്ന് ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. അതേസമയം മോൽനുപിറാവിൽ എല്ലുകളേയും തരുണാസ്ഥിയുടെ വളർച്ചയേയും ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും എഫ്ഡിഎ നൽകിയിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം ഫൈസറിന്റെ മരുന്നിനും യുഎസ് അംഗീകാരം നൽകിയിരുന്നു.

