സിഖ് ഗുരുക്കന്മാർ മുന്നറിയിപ്പ് നൽകിയ അപകടങ്ങൾ അതേ രൂപത്തിൽ ഇന്നും രാജ്യത്ത് തുടരുന്നുണ്ട്; മുന്നറിയിപ്പ് നൽകി നരേന്ദ്രമോദി

അഹമ്മദാബാദ്: സിഖ് ഗുരുക്കന്മാർ മുന്നറിയിപ്പ് നൽകിയ അപകടങ്ങൾ അതേ രൂപത്തിൽ ഇന്നും രാജ്യത്ത് തുടരുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാഗ്രതയോടെ ഈ പ്രശ്‌നങ്ങളെ നേരിട്ട് രാജ്യത്തെ സംരക്ഷിക്കണമെന്ന് അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ കച്ചിൽ ഗുരുദ്വാര ലഖ്പത് സാഹിബിൽ ഗുരുപുറബ് ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔറംഗസേബിനോട് പോരാടിയ ഗുരു തേഗ് ബഹദൂർ എങ്ങനെ തീവ്രവാദത്തെ നേരിടണമെന്ന് രാജ്യത്തെ പഠിപ്പിച്ചുവെന്നും അദ്ദേഹം വിശദമാക്കി.

പഞ്ചാബിലെ ലുധിയാനയിലെ കോടതിയിൽ സ്‌ഫോടനമുണ്ടായതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ലുധിയാന സ്‌ഫോടനത്തിൽ ഖാലിസ്താൻ ബന്ധമുണ്ടെന്നാണ് അദ്ദേഹം അറിയിക്കുന്നത്. കൊല്ലപ്പെട്ട ഗഗൻദീപിന് ഖാലിസ്താൻ ഭീകരരുമായി ബന്ധമുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. ലഹരിക്കേസിൽ തനിക്കെതിരായ രേഖകൾ നശിപ്പിക്കാനാണ് ഇയാൾ സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

സ്ഫോടനത്തിൽ ഗഗൻ ദീപ് സിംഗിന്റെ ശരീരം തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകർന്ന ഫോണും സിം കാർഡുമാണ് ഗഗൻ സിംഗിന്റെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. ഗഗൻ സിംഗിന് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. 2019 ൽ ഗഗൻ സിംഗിനെ പോലീസ് സർവീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ രണ്ടു വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു.