മോസ്‌കോ: 12 ദിവസത്തെ ബഹിരാകാശവാസം കഴിഞ്ഞ് സുരക്ഷിതരായി ഭൂമിയിലേക്ക് തിരിച്ചെത്തി സഞ്ചാരികൾ. ജപ്പാനീസ് ശതകോടീശ്വരനായ ഫാഷൻ മാഗ്‌നറ്റ് യുസാക്കു മെയ്‌സാവയും റഷ്യൻ ബഹിരാകാശ സഞ്ചാരിയായ അലക്‌സാണ്ടർ മിസർക്കിനും യോസോ ഹീരാനോയുമാണ് ബഹിരാകാശ പര്യടനം പൂർത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തിയത്.
റഷ്യൻ പ്രാദേശിക സമയം 9.15 ഓടെ കസഖിസ്താനിൽ ഇവർ തിരിച്ചിറങ്ങി. നഗരത്തിന് 150 കിലോമീറ്റർ തെക്കു കിഴക്കു മാറിയാണ് റഷ്യൻ സോയൂസ് ക്യാപ്‌സൂളിറങ്ങിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലായിരുന്നു സഞ്ചാരികളുടെ താമസം സജ്ജീകരിച്ചിരുന്നത്.
കരസേനയെ അയച്ചാണ് ബഹിരാകാശയാത്രികരുടെ പേടകം ഇറങ്ങിയ സ്ഥലം കണ്ടെത്തിയത്. സഞ്ചാരികളെ അന്വേഷിക്കാനായി അയച്ച രക്ഷാ ഹെലികോപ്റ്ററുകളുടെ പ്രവർത്തനങ്ങൾക്ക് താഴ്ന്നു നിന്നിരുന്ന മേഘങ്ങൾ തടസമായതോടെയാണ് തെരച്ചിലിനായി കരസേനയെ അയച്ചത്.

