യാങ്കൂൺ: മ്യാൻമറിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സൈന്യത്തിന്റെ ക്രൂരത. മ്യാൻമറിലെ കയായിൽ സ്ത്രീകളും കുട്ടികളുമടക്കം മുപ്പത് പേരെ സൈന്യം വെടിവച്ചുകൊന്നുവെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ കത്തിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രൂസോ നഗരത്തിന് സമീപമുള്ള മോ സോ ഗ്രാമത്തിലാണ് സംഭവം. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി കരേന്നി മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. പട്ടാളത്തിന്റെ ആക്രമണത്തിൽ കൊലപ്പെട്ടവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയതായും സംഘടന അറിയിച്ചു.
ഗ്രാമത്തിലെ പ്രതിപക്ഷ സായുധ സേനയിൽ നിന്നുമെത്തിയ ആയുധമേന്തിയ തീവ്രവാദികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മ്യാൻമർ സൈന്യത്തിന്റെ പ്രതികരണം. പട്ടാളം ആവശ്യപ്പെട്ടപ്പോൾ ഇവർ വാഹനം നിർത്തിയില്ലെന്നും ഇവർ പറയുന്നു. എന്നാൽ കൊല്ലപ്പെട്ടവർ തങ്ങളുടെ അംഗങ്ങൾ അല്ലെന്നും സംഘർഷത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച സാധാരണ പൗരൻമാരായിരുന്നുവെന്നും പട്ടാളഭരണത്തെ എതിർക്കുന്ന പൗരസേനകളിൽ ഒന്നായ കരേന്നി നാഷണൽ ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കി.

