International (Page 158)

അങ്കാറ: കോവിഡ് ബാധിച്ച് 14 മാസമായിട്ടും രോഗമുക്തി നേടാതെ 58 കാരൻ. തുർക്കി സ്വദേശിയായ മുസാഫർ കായസനാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടാതെ കഴിയുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 78 തവണയാണ് ഇദ്ദേഹം കോവിഡ് പരിശോധന നടത്തിയത്. എന്നാൽ ഇതുവരെ കോവിഡ് നെഗറ്റീവായിട്ടില്ല. 2020 ലാണ് ഇദ്ദേഹം രോഗബാധിതനാകുന്നത്. ഗുരുതര നിലയിലായ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു ആദ്യം ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ ചികിത്സയെ തുടർന്ന് അന്ന് രോഗം കൊണ്ടുണ്ടായ ബുദ്ധിമുട്ടുകളെ അദ്ദേഹം അതിജീവിക്കുകയായിരുന്നു.

നിലവിൽ അദ്ദേഹത്തിന് മറ്റ് ആരോഗ്യ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെടുന്നില്ല. ഇതുവരെ കോവിഡ് നെഗറ്റീവ് ആയില്ലെന്നതാണ് ആകെയുള്ള പ്രശ്‌നം. കോവിഡ് ബാധിച്ച ശേഷം ഒമ്പത് മാസത്തോളം ആശുപത്രിയിലും അഞ്ച് മാസം ഇസ്താംബൂളിലെ വീട്ടിലുമാണ് ഇദ്ദേഹം കഴിഞ്ഞത്. എല്ലാ മാസവും ഇദ്ദേഹം ആശുപത്രിയിലെത്തി പരിശോധന നടത്തുമെങ്കിലും നെഗറ്റീവാകുന്നില്ല. ഇതുവരെ കോവിഡ് നെഗറ്റീവാകുന്നില്ലെന്നതിനാൽ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോകാൻ കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.

അസ്വസ്ഥതകൾ വിട്ടുമാറിയെങ്കിലും വൈറസിന് ശരീരത്തിൽ നിന്ന് വിട്ടു പോകാനാകില്ലെന്നാണ് മുസാഫർ പറയുന്നത്. തുർക്കിയിൽ മാത്രമല്ല, ലോകത്തിൽ തന്നെ ഇത്തരം മറ്റൊരു കേസ് ഉണ്ടാകില്ലെന്നും ഏറ്റവും കൂടുതൽ കാലം വൈറസ് ബാധിച്ച വ്യക്തിയ മുസാഫറായിരിക്കുമെന്നാണ് ഡോക്ടർമാരുടെ അവകാശവാദം.

കോവിഡ് ബാധിച്ച് രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷമെ വാക്‌സിൻ സ്വീകരിക്കാവൂ എന്നതിനാൽ അദ്ദേഹത്തിന് ഇപ്പോഴും വാക്‌സിൻ സ്വീകരിക്കാനും കഴിഞ്ഞിട്ടില്ല.

കീവ്: യുക്രൈന്‍ അതിര്‍ത്തിയില്‍ പുതുതായി 7000 സൈനിക ട്രൂപ്പുകളെക്കൂടി റഷ്യ വിന്യസിച്ചിരിക്കുകയാണെന്നും യുക്രൈനിനെ ഏത് നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്നും വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍. ഇതോടെ സൈന്യത്തെ പിന്‍വലിച്ചുവെന്ന മോസ്‌കോയുടെ പ്രഖ്യാപനം വൈറ്റ് ഹൗസ് തള്ളിയിരിക്കുകയാണ്. റഷ്യന്‍ സേന പിന്തിരിയുന്നുവെന്ന സൂചനകളൊന്നുമില്ലെന്ന് അമേരിക്കയും നാറ്റോയും വ്യക്തമാക്കി.

യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യന്‍ സൈനിക വിന്യാസത്തെ ശീതയുദ്ധത്തിന് ശേഷമുള്ള യൂറോപ്പിന്റെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണ് വിശേഷിപ്പിക്കുന്നത്. രാജ്യാതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങിയതായി കരുതുന്നില്ലെന്നും തങ്ങള്‍ ആരെയും പേടിക്കുന്നില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. അതേസമയം, യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയാല്‍ ഇന്ത്യയുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക.

എന്നാല്‍, റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാഹചര്യമുണ്ടായാല്‍ എന്തു നടപടികളും സ്വീകരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയെ അറിയിച്ചു. യുക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 27 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഡല്‍ഹിയെ ഉള്‍പ്പെടുത്തിയെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

വാഷിംഗ്ടൺ: അമേരിക്ക നേരിടുന്നത് 1200 വർഷത്തിനിടയിലെ ഏറ്റവും ഭയാനകമായ വരൾച്ച. യുഎസിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലും മെക്‌സിക്കോയുടെ വടക്കൻ മേഖലകളിലും വലിയ വരൾച്ച പിടി മുറുക്കുകയാണെന്നാണ് റിപ്പോർട്ട്. രണ്ട് പതിറ്റാണ്ടിലേറെയായി മേഖലയിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഭീതിദമായ കാലാവസ്ഥാ മാറ്റമാണിതെന്നുള്ളതാണ് കാലാവസ്ഥാ വിദഗ്ധരെ ആശങ്കയിലാക്കിയിട്ടുള്ളത്. മനുഷ്യരുടെ ഇടപെടലാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം. മെഗാ ഡ്രോട്ട് എന്നാണ് ഈ കാലാവസ്ഥാ മാറ്റത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ തന്നെ കാലിഫോർണിയയും മറ്റ് പടിഞ്ഞാറൻ സർവകലാശാലകളും വലിയ തോതിലുള്ള ജലക്ഷാമം നേരിടുന്നുണ്ട്. പല ജനവാസകേന്ദ്രങ്ങളിലും ഇപ്പോൾ കുടിവെള്ളം ബോട്ടിലുകളിലാക്കി പുറത്തു നിന്ന് ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നത്. ഇടയ്ക്ക് വല്ലപ്പോഴും മാത്രമാണ് ഈ മേഖലയിൽ മഴ അനുഭവപ്പെടുന്നത്. പടിഞ്ഞാറൻ യുഎസിന്റെ 11 ശതമാനത്തോളം പ്രദേശം കൊടും വരൾച്ചയുടെ പിടിയിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വേനൽക്കാലത്ത് വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ജലസംഭരണികളായ മീഡ്, പവൽ എന്നീ തടാകങ്ങൾ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിലെത്തിയിരുന്നു. അതായത് ഇവയുടെ ആഴം അളക്കാൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ ജലനിരപ്പിലേക്കാണ് ഈ തടാകങ്ങൾ എത്തിയത്. വരും വർഷങ്ങളിലും വലിയ വരൾച്ച അമേരിക്കയിൽ ഉണ്ടാകുമെന്നും വിദഗ്ധർ പ്രവചിക്കുന്നു. ഈ നൂറ്റാണ്ടിൻറെ അവസാനം വരെയെങ്കിലും കൊടും വരൾച്ച നീണ്ടു നിൽക്കുമെന്നാണെന്നാണ് വിദഗ്ധർ പറയുന്നത്. എണ്ണൂറാം ആണ്ട് മുതൽ 1600 വരെയുള്ള കാലയളവിൽ നിരന്തരമായി ഇത്തരം വരൾച്ചകൾ മെക്‌സിക്കൻ മേഖലയിൽ ഉണ്ടായതായും പഠനങ്ങളിൽ പറയുന്നുണ്ട്.

മോസ്‌കോ: ഉക്രെയിൻ അതിർത്തിയിൽ നിന്ന് സൈനിക വിന്യാസം ഭാഗികമായി പിൻവലിക്കാൻ തീരുമാനിച്ച് റഷ്യ. ഉക്രെയിനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അറയിച്ചു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. ഉക്രൈനുമായി ഒന്നിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും ചർച്ചകൾക്ക് സന്നദ്ധമാണെന്നും അദ്ദേഹം വിശദമാക്കി.

റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ റഷ്യയുടെ അവിഭാജ്യ ഘടകമായ സുരക്ഷയിൽ വാഷിങ്ടണും നാറ്റോയും എങ്ങനെ സ്വതന്ത്രമായി ഇടപെടുന്നു എന്നതിൽ കണ്ണടക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഒരു രാജ്യവും മറ്റുള്ളവരുടെ ചെലവിൽ അതിന്റെ സുരക്ഷ ശക്തിപ്പെടുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യയുടെ ആവശ്യങ്ങൾ നാറ്റോ അംഗീകരിക്കാൻ മടിക്കുകയാണെന്നും പുടിൻ ആരോപിച്ചു. അതേസമയം പാശ്ചാത്യരാജ്യങ്ങളുടെ യുദ്ധ പ്രചാരണം പൊളിഞ്ഞ ദിവസമായി ഫെബ്രുവരി 15 ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് റഷ്യൻ വിദേശകാര്യവക്താവ് മരിയ സഖറോവ പ്രതികരിച്ചു. ഒരു വെടി പോലും വയ്ക്കാതെ പാശ്ചാത്യ ശക്തികളെ നാണംകെടുത്തുകയും തകർക്കുകയും ചെയ്തുവെന്നും സഖറോവ പറഞ്ഞു.

തെക്ക്-പടിഞ്ഞാറൻ സൈനിക ജില്ലകളിലെ യൂണിറ്റുകൾ ദൗത്യം പൂർത്തിയാക്കിയെന്നും അവർ സൈനിക പാളയത്തിലേക്ക് മടങ്ങുക ആണെന്നും റഷ്യൻ സൈന്യത്തിന്റെ മുഖ്യ വക്താവ് ഇഹോർ കോണാഷെൻകോവ് നേരത്തെ അറിയിച്ചിരുന്നു. ഉക്രെയ്ൻ അതിർത്തിയിൽ ഒരുലക്ഷത്തിലേറെ സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. റഷ്യൻ അധിനിവേശം ഭയന്ന് നിരന്തരം നയതന്ത്ര ഇടപെടലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. റഷ്യ ഉക്രെയ്‌നെ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണങ്ങളെ റഷ്യ നിഷേധിക്കുകയാണ്.

ദുബായ്: ഡ്രൈവറില്ലാ ‘ക്രൂസ്’ ടാക്‌സികളുടെ പരീക്ഷണയോട്ടത്തിനൊരുങ്ങി ദുബായ് നഗരം. ശേഷമാണ് സര്‍വീസ് തുടങ്ങുക. യാത്രക്കാര്‍ക്ക് 5 മിനിറ്റില്‍ കാര്‍ ലഭ്യമാക്കാന്‍ ആണ് ഉദ്ദേശം. ആര്‍ടിഎ ആപ്പ് വഴി പണമടച്ച് ടാക്‌സികള്‍ ബുക്ക് ചെയ്യണം. യുഎസ് കമ്പനിയായ ക്രൂസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുവഴി രാജ്യത്തെ പൊതുഗതാഗതം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍.

ഇതോടെ യുഎസിന് പുറത്ത് ക്രൂസ് ടാക്‌സികളോടുന്ന ആദ്യ നഗരമാവും ദുബായ്. ക്രൂസ് വൈസ് പ്രസിഡന്റ് ഇതുമായി ബന്ധപ്പെട്ട് ആര്‍ടിഎ ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ രാജ്യം ഒരുങ്ങുന്നത്.

ഡ്രൈവറില്ലാ ടാക്‌സികള്‍ക്ക് പ്രത്യേക ട്രാക്കുകള്‍ നിര്‍മ്മിക്കും. ഇതിന് ആവശ്യമായ സ്ഥലങ്ങളില്‍ അധികൃതര്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ഡിജിറ്റല്‍ മാപ്പ് തയ്യാറാക്കിയായിരിക്കും ഇത് നടപ്പിലാക്കുക. ഡ്രൈവറില്ലാ ടാക്‌സികള്‍ എത്തിയാല്‍ പരമ്പാരഗതമായ ടാക്‌സികള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. മെട്രോ-ബസ് സ്റ്റേഷനുകളിലേക്കും അവിടെ നിന്നും ആണ് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗതാഗത മേഖലയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പിക്കാന്‍ ആണ് പുതിയ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

മോസ്‌കോ: 48 മണിക്കൂറിനുള്ളില്‍ റഷ്യ ഉക്രൈനെ ആക്രമിച്ചേക്കുമെന്ന് യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് റഷ്യ ഇന്നലെയും ഉക്രൈന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുകയും പൗരന്മാര്‍ക്ക് എകെ 47 തോക്കുകള്‍ ഉപയോഗിച്ച് ആയുധ പരിശീലനം നല്‍കുന്നുമുണ്ട്. പ്രായമേറിയവര്‍ക്കും സൈനികര്‍ പരിശീലനം നല്‍കുന്നതിന്റെ ചിത്രങ്ങള്‍ ഉക്രൈന്‍ പുറത്തു വിട്ടു. ഇതിനിടെ ഉക്രൈനെ വളയുന്ന രീതിയില്‍, ക്രിമിയ, പടിഞ്ഞാറന്‍ റഷ്യ, ബലാറസ് എന്നിവിടങ്ങളില്‍ റഷ്യ കൂടുതല്‍ സൈനികരെ എത്തിച്ചിട്ടുണ്ട്.

നിരവധി രാജ്യങ്ങളുടെ എംബസികള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഉക്രൈനില്‍ അടച്ചുപൂട്ടുകയും, ജീവനക്കാരോട് നാട്ടിലെത്താനും നിര്‍ദേശം നല്‍കി. പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിരവധി രാജ്യങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ 48 മണിക്കൂറിനുള്ളില്‍ യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി റഷ്യയുമായി മറ്റൊരു ചര്‍ച്ചക്ക് കൂടി ഉക്രൈന്‍ മുന്‍കൈയെടുക്കുന്നതായി വാര്‍ത്തകളുണ്ട്.

അതേസമയം, ഉക്രൈന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. റഷ്യന്‍ അധിനിവേശമുണ്ടായാല്‍ ഇടപെടുമെന്ന് പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് ബൈഡന്‍ ഉറപ്പ് നല്‍കി. സൈനിക സഹായം നല്‍കുമെന്ന് ബ്രിട്ടണും അറിയിച്ചു. റഷ്യയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ് മോസ്‌കോയിലെത്തി. അധിനിവേശം നടത്തരുതെന്നും ശ്രമമുണ്ടായാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും റഷ്യയെ അറിയിക്കും.

മോസ്‌കോ: വ്‌ളാഡിമിര്‍ പുട്ടിന്റെ റഷ്യന്‍ സൈന്യം ഉക്രെയിന്‍ അതിര്‍ത്തികടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതോടെ ബോറിസ് ജോണ്‍സണ്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് റഷ്യയെ യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ്. ബുധനാഴ്ച്ച മിസൈലുകളും ബോംബുകളും വര്‍ഷിച്ചുകൊണ്ടായിരിക്കും റഷ്യ യുദ്ധം ആരംഭിക്കുക എന്നാണ് ഇന്നലെ അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ പെന്റഗണില്‍ വിശദീകരിച്ചതെന്ന് ചില വിശസനീയ കേന്ദ്രങ്ങള്‍ പറയുന്നു. അതിനുശേഷമായിരിക്കും കരയുദ്ധം ആരംഭിക്കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഏതടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍ ഉണ്ടാകുന്നത് എന്ന് ഉക്രെയിന്‍ പ്രസിഡണ്ട് വൊളോഡിമിര്‍ സെലെന്‍സ്‌കി ചോദിച്ചു. റഷ്യന്‍ ആക്രമണത്തെ കുറിച്ച് വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകള്‍ ആരുടെയെങ്കിലും കൈയി ഉണ്ടെങ്കില്‍ അത് ഉക്രെയിനുമായി പങ്കുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെലെന്‍സ്‌കി ബൈഡനുമായി ഇന്നലെ ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചു. റഷ്യന്‍ ആക്രമണം ഉണ്ടായാല്‍ സത്വര പ്രതികരണം ഉറപ്പു നകിയ ബൈഡനോട് ആക്രമണത്തെ ചെറുക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട അയുധങ്ങളും ധനസഹായവും സെലെന്‍സ്‌കി ആവശ്യപ്പെട്ടു. അതേസമയം, ഉക്രെയിന് കൂടുതല്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ബ്രിട്ടന്‍. പക്ഷെ, അതേസമയം, റഷ്യ ബുധനാഴ്ച്ച ഉക്രെയിന്‍ ആക്രമിക്കും എന്നകാര്യം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്ന കാര്യം സ്ഥിരീകരിക്കാന്‍ പെന്റഗണ്‍ വക്താവ്ജോണ്‍ കിര്‍ബി തയ്യാറായിട്ടില്ല.

പാശ്ചാത്യ ശക്തികള്‍ എത്രമാത്രം സമ്മര്‍ദ്ദം റഷ്യയ്ക്ക് മേല്‍ ചുമത്തുന്നുവോ റഷ്യ അത്രയും കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും എന്നാണ് സ്വീഡനിലെ റഷ്യന്‍ അംബാസിഡര്‍ വിക്ടര്‍ ടാരിന്‍സെവ് പറഞ്ഞത്. ഇന്ന് ഒട്ടുമിക്ക കാര്യങ്ങളിലും സ്വയം പര്യാപ്തത നേടിയ രാജ്യമാണ് റഷ്യ എന്നും, തങ്ങളുടെ ഉപയോഗം കഴിഞ്ഞ് സാധനങ്ങള്‍ കയറ്റു മതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടയില്‍ ഡച്ച് വിമാന കമ്പനിയായ കെ എല്‍ എം കീവിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്നലെ റദ്ദാക്കി. മറ്റു വിമാന കമ്പനികളും സമാനമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുടെ നാവിക പരിശീലനം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ശനിയാഴ്ച്ച വരെ വിമാനങ്ങള്‍ കരിങ്കടലിനും മുകളിലൂടെ പറക്കുന്നത് ഒഴിവാക്കണമെന്ന് ഉക്രെയിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

നെയ്റോബി: ഇന്ത്യന്‍ ചികിത്സാ രീതിയിലൂടെ തന്റെ മകളുടെ കാഴ്ച്ച ശക്തി തിരികെ ലഭിച്ച സന്തോഷത്തില്‍ കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗയും കുടുംബവും. കണ്ണിലെ ഞരമ്പുകളില്‍ ഉണ്ടായ രോഗബാധയെത്തുടര്‍ന്ന് 2017 ലാണ് ഒഡിംഗയുടെ മകള്‍ റോസ് മേരിയ്ക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. കാഴ്ച നഷ്ടമായതിനെ തുടര്‍ന്ന് ഇസ്രയേലിലും ചൈനയിലും ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് കൊച്ചിയിലുള്ള ശ്രീധരീയം ആയുര്‍വേദശാലയില്‍ ഒഡിംഗയും കുടുംബവും ചികിത്സക്കെത്തിയത്.

‘ആദ്യം ആയുര്‍വേദ ചികിത്സ നടത്താന്‍ മടിച്ചിരുന്നു. ഡോക്ടറേറ്റും പിഎച്ച്ഡിയും ചെയ്ത വിദഗ്ധര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തിടത്ത് ആയുര്‍വേദം കൊണ്ട് എന്ത് ചെയ്യാനാണ് എന്നതായിരുന്നു സംശയം. എങ്കിലും 2019ല്‍ ഇവിടെയെത്തി ചികിത്സ തേടി. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മകള്‍ റോസ് മേരിയ്ക്ക് കാര്യമായ പുരോഗതിയാണ് ഉണ്ടായത്. ഇപ്പോള്‍ എല്ലാം കാണാം. ഇന്ത്യയിലെ പരമ്പരാഗത ചികിത്സാ രീതിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ഈ രീതി ഉപയോഗിച്ചതിനാലാണ് തന്റെ മകള്‍ക്ക് കാഴ്ച്ച തിരികെ ലഭിച്ചത്. രാജ്യത്തെ ആയുര്‍വേദ ചികിത്സാ രീതി ആഫ്രിക്കയിലേക്ക് കൊണ്ടുവരാനും കെനിയയിലെ സസ്യങ്ങളെ ചികിത്സക്കായി ഉപയോഗപ്പെടുത്താനും വേണ്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തി’-ഒഡിംഗ പറഞ്ഞു.

ഒരുമാസം കേരളത്തില്‍ താമസിച്ച് ചികിത്സ നടത്തി. മരുന്നുകള്‍ കെനിയയിലേക്കും കൊടുത്തയച്ചിട്ടുമുണ്ടായിരുന്നു. രണ്ട് വര്‍ഷക്കാലം ആയുര്‍വേദ മരുന്ന് കഴിച്ച് റോസ് മേരിക്ക് കാഴ്ചശക്തി പൂര്‍ണ്ണമായും തിരികെ ലഭിച്ചുവെന്നും ഒഡിംഗ സന്തോഷം പങ്കിട്ടു. മകള്‍ പൂര്‍ണ്ണ ആരോഗ്യവതിയായതിന് പിന്നാലെ നന്ദി അറിയിക്കാനും ഒഡിംഗയും കുടുംബവും ഇവിടെ എത്തിയിരുന്നു.

വാഷിംഗ്ടൺ: പൈലറ്റില്ലാ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറത്തി അമേരിക്ക. ഉക്രൈന് മേൽ റഷ്യ യുദ്ധ ഭീതിയുമായി നിൽക്കുന്നതിനിടെയാണ് അമേരിക്ക പൈലറ്റില്ലാ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറത്തിയത്. യുദ്ധം പോലുള്ള അതിദുർഘട സമയങ്ങളിൽ മനുഷ്യന്റെ നിയന്ത്രണമില്ലാതെ പറക്കാൻ കഴിയുന്ന യുദ്ധോപയോഗ ഹെലികോപ്റ്ററാണ് ബ്ലാക്ക് ഹോക്ക്. ആദ്യമായാണ് പൂർണമായും സ്വയം നിയന്ത്രണാധികാരമുള്ള ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ മനുഷ്യ പൈലറ്റില്ലാതെ പറത്തുന്നത്. ലോക്ക്ഹീഡ് മാർട്ടിൻ സിക്കോർസ്‌കിയുടെയും ഡിഫൻസ് ആംഡ് റിസർച്ച് പ്രോജക്ട് ഏജൻസിയുടെയും (DARPA) പങ്കാളിത്തത്തോടെയാണ് കെന്റക്കിയിലെ ഫോർട്ട് കാംപ്‌ബെല്ലിൽ നിന്നും ഫെബ്രുവരി 5 നാണ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറത്തിയത്.

ഒരു ഓൺബോർഡ് കമ്പ്യൂട്ടർ തലച്ചോറിനെയാണ് മനുഷ്യനിയന്ത്രിതമല്ലാതെ പറന്നുയരുന്ന ബ്ലാക്ക് ഹോക്കിനെ നിയന്ത്രിക്കാൻ സജ്ജമാക്കിയിരുന്നത്. ഹെലിക്കോപ്റ്റർ ഉയരുമ്പോഴും താഴുമ്പോഴുമുണ്ടാകുന്ന പ്രതിബന്ധങ്ങളെ ഒഴിവാക്കാനായി അത്തരം സമയങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള നിരവധി പ്രതിസന്ധികളുടെ പ്രോഗ്രാമുകൾ ഹെലികോപ്റ്റിലെ കൃതിമ ബുദ്ധിയിൽ ഫീഡ് ചെയ്യുന്നുണ്ട്. ഇങ്ങനെയാണ് പ്രശ്‌നങ്ങളെയെല്ലാം മറികടന്ന് പറക്കാൻ ഈ ഹെലികോപ്ടറിന് കഴിയുന്നത്. അപകടകരമായ യുദ്ധമേഖലകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനോ അപകടത്തിൽപ്പെട്ട സൈനികരെ വീണ്ടെടുക്കുന്നതിനോ ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കാം.

ഹ്യൂമൻ മോഡിലേക്ക് മാറ്റിയാൽ ഈ ഹെലികോപ്റ്ററിനെ മനുഷ്യനും നിയന്ത്രിക്കാം. ഒരു മനുഷ്യ പൈലറ്റിന്റെ ആവശ്യമില്ലാതെ, ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെയുള്ള മുഴുവൻ ദൗത്യത്തെയും ഏറ്റെടുത്ത് നടത്താൻ ഇത്തരം പൈലറ്റില്ലാ ഹെലികോപ്റ്ററുകൾക്ക് കഴിയുമെന്നതിലൂടെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇവയ്ക്ക് സാധിക്കും.

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിഞ്ഞിട്ടും ഒരു നേതാവുമായി ഡൊണാൾഡ് ട്രംപ് വളരെ അടുത്ത ബന്ധം പുലർത്തുന്നുണ്ട്. യുഎസിന്റെ മുഖ്യശത്രുവായ ഉത്തര കൊറിയൻ സർവാധിപതി കിം ജോം ഉന്നുമായാണ് അദ്ദേഹം അടുത്ത ബന്ധം പുലർത്തുന്നത്. അധികാരത്തിൽ നിന്നൊഴിഞ്ഞ ശേഷം ട്രംപ് ബന്ധം പുലർത്തുന്ന ഒരൊറ്റ നേതാവും കിം ജോം ഉൻ ആണ്. കിം ജോം ഉന്നുമായുള്ള ബന്ധം അദ്ദേഹം പലതവണ തന്റെ വിശ്വസ്തരോട് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ട്രംപിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തക മാഗി ഹെബർമാൻ എഴുതുന്ന ‘ദ് കോൺഫിഡൻസ് മാൻ’ എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ച് വിശദമാക്കുന്നുണ്ട്. ട്രംപ് ഇക്കാര്യം പല വട്ടം ഉറപ്പിച്ചു പറഞ്ഞതായി പുസ്തകം മാഗി ഹെബർമാൻ സി എൻ എന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ട്രംപോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല. യു എസ് വിദേശകാര്യ മന്ത്രാലയമോ വൈറ്റ് ഹൗസോ പ്രസിഡന്റിന്റെ ഓഫീസോ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 1799-ലെ അമേരിക്കൻ നിയമ പ്രകാരം സ്വകാര്യ വ്യക്തികൾ അനുമതിയില്ലാതെ മറ്റ് രാജ്യങ്ങളുടെ ഭരണാധികാരികളുമായി ചർച്ച നടത്തുന്നത് കുറ്റകരമാണ്. ഈ സാഹചര്യത്തിൽ മാഗിയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.

താനും കിമ്മും തമ്മിൽ പ്രണയത്തിലാണ് എന്നായിരുന്നു 2018-ൽ ട്രംപ് പറഞ്ഞിരുന്നത്. ഇരുവരും തമ്മിൽ കത്തിടപാടുകൾ ഉണ്ടെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം ട്രംപിന്റെ കാലത്ത് ഉത്തരകൊറിയൻ വിഷയത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നതാണ് സത്യാവസ്ഥ. മൂന്ന് തവണ കിമ്മുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും ആണവായുധ നിർമാണം, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ എന്നിവയെക്കുറിച്ച് കിമ്മിന്റെ കൈയിൽനിന്നും ഒരുറപ്പും വാങ്ങാൻ ട്രംപിനു കഴിഞ്ഞിരുന്നില്ല.