International (Page 157)

കീവ്: യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സൈന്യം വിന്യസിച്ചിരിക്കുന്നതിന്റെ തെളിവുകളുമായി അമേരിക്ക. യുഎസ് ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്‌സര്‍ പുറത്തുവിട്ട ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിലാണ് പടിഞ്ഞാറന്‍ ബെലാറസ്, യുക്രൈന്‍ അതിര്‍ത്തിക്കു സമീപമുള്ള തെക്കന്‍ റഷ്യ എന്നിവിടങ്ങളിലെ സൈനിക വിന്യാസം വ്യക്തമാകുന്നത്.

യുക്രെയ്ന്‍ അതിര്‍ത്തിയുടെ 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള റഷ്യന്‍ നഗരം ബെല്‍ഗോറോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു സൈനിക ആശുപത്രി ഇതിനകം സജ്ജമാക്കിയതായി ഉപഗ്രഹ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. തെക്കന്‍ ബെലാറസിലെ എയര്‍ഫീല്‍ഡില്‍ നിരവധി ടെന്റുകളും നൂറുകണക്കിന് സൈനിക വാഹനങ്ങളും വിന്യസിച്ചിരിക്കുന്നതും വ്യക്തമാണ്. അറ്റാക്ക് എയര്‍ക്രാഫ്റ്റുകള്‍, ഫൈറ്റര്‍ ജെറ്റുകള്‍, ഹെലികോപ്റ്ററുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയവ മേഖലയെ ലക്ഷ്യമാക്കി നീങ്ങുന്നതും മാക്‌സര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു.

യുക്രൈനിലെ കിഴക്കന്‍ വിമത മേഖലകളെ സ്വതന്ത്രരാജ്യങ്ങളായി അംഗീകരിച്ചതിനു പിന്നാലെ അവിടേക്ക് റഷ്യ സൈന്യത്തെ അയച്ചു തുടങ്ങിയിരുന്നു. ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നീ രണ്ടു ‘പുതിയ രാജ്യങ്ങളില്‍’ സൈനിക വിന്യാസത്തിന് പുടിന്‍ അനുമതിയും നല്‍കിയിരുന്നു. യുഎസ്, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധനടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയുമായി നയതന്ത്രബന്ധം നിര്‍ത്തുമെന്ന് യുക്രൈന്‍ വ്യക്തമാക്കി.

ലണ്ടൻ: റഷ്യക്കെതിരെ കടുത്ത നടപടികളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അഞ്ച് റഷ്യൻ ബാങ്കുകൾക്ക് ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. മൂന്ന് സമ്പന്നരുടെ ആസ്തി ബ്രിട്ടൺ മരവിപ്പിക്കുകയും ചെയ്തു. റോസിയാസ് ബാങ്ക്, ഐഎസ് ബാങ്ക്, ജനറൽ ബാങ്ക്, പ്രോംസ്വ്യാസ്ബാങ്ക്, ബ്ലാക് സീ ബാങ്ക് തുടങ്ങിയവയ്ക്കാണ് ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തിയത്. ജെന്നഡി ടിംചെങ്കോ, ബോറിസ് റോട്ടൻബെർഗ്, ഇഗോർ റോട്ടൻബെർഗ് എന്നിവരുടെ ആസ്തിയാണ് ബ്രിട്ടൺ മരവിപ്പിച്ചത്.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ യുക്രൈന്റെ കിഴക്കൻ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി. ബ്രിട്ടനൊപ്പം സഖ്യരാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. യുക്രൈന്റെ കിഴക്കൻ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പുടിൻ പ്രഖ്യാപിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം യുക്രൈൻ അതിർത്തിയിലെ റഷ്യൻ പ്രകോപനത്തിന് പിന്നാലെ വിപണിയിൽ റഷ്യൻ കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിയുകയാണ്. റഷ്യൻ സമ്പദ് രംഗത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ബ്രിട്ടൺ ഉൾപ്പെടെ ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ റഷ്യയുടെ നില കൂടുതൽ പരുങ്ങലിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കുന്നതു വരെ കാത്തു നില്‍ക്കാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് തിരികെയെത്താന്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ കാര്യക്ഷമമാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി എംബസി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സുരക്ഷ കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം യുക്രൈന്‍ വിടണമെന്ന് എംബസി അറിയിച്ചു.

ഫെബ്രുവരി 15നാണ് ഇന്ത്യന്‍ എംബസി ആദ്യ മുന്നറിയിപ്പ് നല്‍കിയത്. സ്ഥിതിഗതികള്‍ രൂക്ഷമാവുന്നതിനാല്‍ യുക്രൈനില്‍ താമസിക്കുന്നത് അനിവാര്യമല്ലെന്ന് കരുതുന്ന ഇന്ത്യക്കാരും വിദ്യാര്‍ത്ഥികളും താല്‍ക്കാലികമായി യുക്രൈന്‍ വിടണമെന്ന് ഫെബ്രുവരി 20നും എംബസി നിര്‍ദേശം നല്‍കിയിരുന്നു. ഇത് മൂന്നാം തവണയാണ് കീവിലെ ഇന്ത്യന്‍ എംബസി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

യുക്രൈനിലെ ഡോന്റ്റസ്‌ക്, ലുഗാന്‍സ്‌ക് എന്നീ കിഴക്കന്‍ മേഖലകളെ സ്വതന്ത്ര പ്രവിശ്യകളായി പ്രഖ്യാപിച്ച റഷ്യന്‍ നടപടിക്കെതിരെ അമേരിക്ക. വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അടിയന്തരയോഗം ചേരുകയാണ്.

2014 മുതല്‍ റഷ്യയുടെ പിന്തുണയില്‍ യുക്രൈനെതിരെ നില്‍ക്കുന്ന പ്രദേശങ്ങളാണ് ഡോന്റ്‌റസ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കും. രണ്ട് മേഖലകളുടെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുന്നതില്‍ തീരുമാനമെടുത്തിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ സമാധാന ചര്‍ച്ചകളെ ബാധിക്കുന്ന നടപടിയാണ് പുടിന്റേത്.

അതേസമയം, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് പുടിന്‍ നടത്തിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. റഷ്യയുടെ ഇപ്പോഴത്തെ നീക്കം തങ്ങള്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ ഉപരോധം ഏര്‍പ്പെടുത്തിയുള്ള നടപടി.

റഷ്യ-യുക്രൈന്‍ സംഘര്‍ഷാവസ്ഥ വഷളാവുന്ന പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈന്‍ അധിനിവേശവുമായി റഷ്യ മുന്നോട്ടു പോവുകയാണെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് എത്തില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

അതേസമയം, 1945ന് ശേഷം യൂറോപ്പ് നേരിടാനിരിക്കുന്ന ഏറ്റവും വലിയ യുദ്ധത്തിനായാണ് റഷ്യ കരുക്കള്‍ നീക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈന്‍ അധിനിവേശത്തിനുള്ള ശ്രമങ്ങള്‍ റഷ്യ ആരംഭിച്ചു കഴിഞ്ഞതായാണ് മനസിലാക്കുന്നതെന്നും യുദ്ധം വന്നാല്‍ ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. യുക്രൈനെ റഷ്യ ആക്രമിച്ചാല്‍ റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബ്രിട്ടണ്‍ ആവര്‍ത്തിച്ചു.

എന്നാല്‍, മിസൈല്‍ പരീക്ഷണങ്ങളെല്ലാം വിജയകരമാണെന്നും ടിയു95 യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും ഉള്‍പ്പെടെയുള്ള സൈനികാഭ്യാസങ്ങള്‍ നടക്കുന്നുണ്ടെന്നും റഷ്യ അറിയിച്ചു. ഹൈപ്പര്‍സോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാസിസ്റ്റിക് മിസൈലുകളാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. ശത്രുവിനെതിരെയുള്ള കൃത്യമായ ആക്രമണം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്ന് റഷ്യന്‍ ജനറല്‍ സ്റ്റാഫ് മേധാവി വലേറി ജെറാസിമോവ് വ്യക്തമാക്കി.

മോസ്‌കോ: റഷ്യ-യുക്രൈന്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. യുദ്ധസാധ്യത വര്‍ധിച്ചതോടെ ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങള്‍ പൗരന്മാരോട് യുക്രൈനില്‍ നിന്നും മടങ്ങാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. റഷ്യയുടെ ഭാഗത്ത് നിന്ന് ആക്രമണം ഏത് നിമിഷവും പ്രതീക്ഷിക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ദേശീയ സുരക്ഷാസംഘം അറിയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, യുദ്ധഭീതി അടിസ്ഥാനരഹിതമാണെന്നും സൈനിക അഭ്യാസം പൂര്‍ത്തിയായാല്‍ ഉടന്‍ അതിര്‍ത്തിയില്‍ നിന്നു സേനയെ പിന്‍വലിക്കുമെന്നാണ് റഷ്യയുടെ നിലപാട്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ റഷ്യ തയാറാകണമെന്നു യുറോപ്യന്‍ യൂണിയനും അഭ്യര്‍ത്ഥിച്ചു.

അതേസമയം, ലഭ്യമായ ഫ്ളൈറ്റില്‍ അടിയന്തര ആവശ്യമില്ലാത്ത വിദ്യാര്‍ത്ഥികളടക്കമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും യുക്രൈന്‍ വിടണമെന്ന് എംബസി നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്റ്റുഡന്റ് കോണ്‍ട്രാക്ടര്‍മാരെ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ നടത്തണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് എംബസിയുടെ സമൂഹമാധ്യമങ്ങള്‍ പിന്തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍, ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോലും ആവശ്യത്തിനുള്ള ടിക്കറ്റുകള്‍ ലഭ്യമല്ലെന്ന് ആരോപണമുണ്ട്. ഈ മാസം 22, 24, 26 തീയതികളില്‍ എയര്‍ ഇന്ത്യ യുക്രെയിനിലേക്ക് ഫ്ളൈറ്റ് സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യുക്രെയിനിലെ ബൊറിസ്പില്‍ വിമാനത്താവളത്തിലേക്കായിരിക്കും എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തുക.

റഷ്യയിലേക്ക് കുടിയേറിയ അഭയാര്‍ഥികള്‍ക്ക് എല്ലാസൗകര്യവും ഒരുക്കാന്‍ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി അലക്സാണ്ടര്‍ ചുപ്രിയനോട് ഉടന്‍ റസ്തോവിലേക്കെത്താന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡോണട്സ്‌കില്‍ നിന്നുള്ള ആദ്യ ബസ് റഷ്യന്‍ അതിര്‍ത്തിയിലെത്തി. അഭയാര്‍ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും മരുന്നും ലഭ്യമാക്കും. നിലവില്‍ എത്രപേരെ ഒഴിപ്പിച്ചുവെന്നതു സംബന്ധിച്ച് കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

2022ലെ സിംഗപ്പൂര്‍ എയര്‍ഷോയില്‍ കിടിലന്‍ പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ തദ്ദേശീയ് യുദ്ധ വിമാനമായ തേജസ്. ഫെബ്രുവരി 15ന് എയര്‍ഷോയില്‍, ഇന്ത്യന്‍ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) ആയ തേജസ് ‘അസാധാരണമായ പറക്കാനുള്ള കഴിവുകള്‍’ പ്രകടമാക്കി എന്നാണ് യൂറോ ഏഷ്യന്‍ ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ വ്യോമസേന ട്വീറ്റ് ചെയ്യുകയും അതിനെ ‘എ ഡയമണ്ട് ഇന്‍ ദി സ്‌കൈ’ എന്ന് വിളിക്കുകയും ചെയ്തു. സിംഗപ്പൂരിലെ എയര്‍ ഷോയില്‍ ആദ്യമായി പങ്കെടുത്ത എല്‍സിഎ തേജസ്, ഫെബ്രുവരി 15-ന് ആരംഭിച്ച അതിന്റെ മികച്ച ഫ്‌ലൈയിംഗ് മിടുക്കും കഴിവും പ്രകടമാക്കി. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് വിപണിയില്‍ നേട്ടമുണ്ടാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. മലേഷ്യന്‍ വ്യോമസേനയുടെ 18 യുദ്ധവിമാനങ്ങള്‍ക്കായുള്ള ടെന്‍ഡറിനുള്ള ശക്തമായ മത്സരാര്‍ത്ഥിയാണ് തേജസ്.

എച്ച്എഎല്ലും ഇന്ത്യന്‍ വ്യോമസേനയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് തേജസ് വിമാനങ്ങളുടെ വിലയില്‍ 17,000 കോടി രൂപയുടെ കുറവാണുണ്ടായത്. നേരത്തെ വ്യോമസേനയും എച്ച്എഎല്ലും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം 83 തേജസ് വിമാനങ്ങള്‍ക്ക് 56,500 കോടി രൂപയായിരുന്നു നിരക്ക്. ഒറ്റ എഞ്ചിന്‍ ഉള്ള, അത്യധികം ചടുലമായ, ഭാരം കുറഞ്ഞ, മള്‍ട്ടി-റോള്‍ സൂപ്പര്‍സോണിക് യുദ്ധ വിമാനമാണ് എല്‍സിഎ തേജസ്. മികച്ച നിരീക്ഷണം ഉള്‍പ്പെടെയുള്ള വ്യോമ പോരാട്ടത്തിനും ആക്രമണാത്മക വ്യോമ പിന്തുണയ്ക്കുമായി ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. GE F404-GE-IN20 എഞ്ചിന്‍ നല്‍കുന്ന LCA തേജസിന് 3.5 ടണ്‍ പേലോഡ് വഹിക്കാനാകും. 2016ല്‍ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ ഷോയിലും 2019ല്‍ മലേഷ്യയില്‍ നടന്ന ലങ്കാവി ഇന്റര്‍നാഷണല്‍ മാരിടൈം ആന്‍ഡ് എയ്റോസ്പേസ് എക്സിബിഷനിലും 2021ല്‍ ദുബായ് എയര്‍ ഷോയിലും എല്‍സിഎ തേജസ് പങ്കെടുത്തിരുന്നു. 2019-ല്‍ LIMA-യ്ക്ക് ശേഷം, മലേഷ്യന്‍ എയര്‍ഫോഴ്‌സ് LCA തേജസില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

ഒട്ടാവ: കാനഡയിലെ മൂന്ന് കോളേജുകൾ അടച്ചുപൂട്ടി. പാപ്പരായി പ്രഖ്യാപിച്ചാണ് കാനഡയിൽ കോളുകൾ അടച്ചു പൂട്ടിയത്. മോൺട്രിയൽ സിറ്റിയിലുള്ള സിസിഎസ്‌ക്യു, സിഡിഇ, എം കോളേജ് എന്നീ മൂന്ന് കോളേജുകളാണ് അടച്ചത്. 2000 ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവിയാണ് ഇതോടെ പ്രതിസന്ധിയിലായത്. തങ്ങൾക്ക് നീതി ലഭിക്കാൻ കനേഡിയൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാർത്ഥികൾ ഉന്നയിച്ചിട്ടുള്ള ആവശ്യം. ലക്ഷക്കണക്കിന് രൂപയാണ് കോളേജുകൾ അടച്ചു പൂട്ടുന്നതിന് മുൻപ് വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഇനത്തിൽ ഈടാക്കിയത്.

സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ടൊറന്റോയിലെ ബ്രാംപ്റ്റണിൽ വിദ്യാർത്ഥികൾ റാലി നടത്തിയിരുന്നു. മറ്റ് കോളേജുകളിൽ ചേർന്ന് തങ്ങളുടെ കോഴ്‌സുകൾ പൂർത്തിയാക്കാൻ കനേഡിയൻ സർക്കാരിന്റെ ഇടപെടൽ വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. കോഴ്‌സുകളുടെ കാലാവധി അവസാന ഘട്ടത്തിലെത്തിയ വിദ്യാർത്ഥികൾക്ക് അത് പൂർത്തിയാക്കാനുള്ള അവസരം നൽകണമെന്നും അന്തർദേശീയ വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്നത് പോലെ ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ തങ്ങൾ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുന്നുവെന്ന് വിദ്യാർത്ഥികളിൽ പലരും പറഞ്ഞുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പഞ്ചാബിൽ നിന്നുള്ളവരാണ് വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും. എം കോളേജിൽ 14000 ഡോളർ വാർഷിക ഫീസ് അടച്ചിട്ടുണ്ടെന്നും കോളേജിനെ പാപ്പരായി പ്രഖ്യാപിച്ച ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കാനിരിക്കുകയായിരുന്നുവെന്നും പഞ്ചാബിലെ ലോംഗോവലിൽ നിന്നുള്ള വിദ്യാർത്ഥിനിയായ മൻപ്രീതി കൗർ അറിയിച്ചു.

യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ യുക്രൈന് സൈനികമായ സഹായം നല്‍കണമെന്ന യുഎസ് പ്രസിഡന്റ് ജോബൈഡന്റെ നിലപാടിന് സെനറ്റ് അംഗീകാരം. ‘അമേരിക്കയുടെ സമീപനം കൃത്യമാണ്. യുക്രൈനായി അടിയന്തിര സൈനിക സഹായം നല്‍കാന്‍ അമേരിക്ക ബാദ്ധ്യസ്ഥരാണ്. സുഹൃദ് രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കാനാണ് ജനാധിപത്യ രാജ്യമെന്ന നിലയില്‍ അമേരിക്ക ശ്രമിക്കുന്നത്. യുക്രൈന് സൈനികവും അല്ലാത്തതുമായ എല്ലാ സൗകര്യങ്ങളും നല്‍കുക എന്ന നയവുമായി മുന്നോട്ട് പോകുമെന്നും സെനറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

എന്നാല്‍, സൈന്യത്തെ പിന്‍വലിച്ചെന്നു റഷ്യ രണ്ടു തവണ നടത്തിയ പ്രസ്താവനകളും കളവാണെന്ന തെളിവുകള്‍ പെന്റഗണ്‍ വൃത്തങ്ങള്‍ സെനറ്റിന് മുന്നില്‍ നിരത്തി. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് റഷ്യ അറിയിച്ചെങ്കിലും അതു വിശ്വാസത്തിലെടുക്കാന്‍ ജോ ബൈഡന്‍ നേരത്തേയും തയ്യാറായിരുന്നില്ല. യുക്രൈന് മേലുള്ള റഷ്യന്‍ കടന്നു കയറ്റത്തിനുള്ള സാധ്യത വളരെ അധികമാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അതു സംഭവിക്കാമെന്നും ജോ ബൈഡന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, വ്‌ലാദിമിര്‍ പുടിനെ വിളിച്ചു സംസാരിക്കാന്‍ ആലോചനയില്ലെന്നും, എങ്കിലും പ്രശ്നപരിഹാരത്തിന് നയതന്ത്ര സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: സമുദ്രത്തില്‍ വര്‍ധിച്ചു വരുന്ന മാലിന്യങ്ങളെ നീക്കാനുള്ള ഇന്ത്യയുടെ സംയുക്ത പരിശ്രമത്തിന് സഹായം നല്‍കാനൊരുങ്ങി ഓസ്ട്രേലിയയും സിംഗപ്പൂരും. കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ കൂടുതല്‍ രാജ്യങ്ങളെ സഹകരിപ്പിച്ചു കൊണ്ട് സമുദ്രതീരത്തും സമുദ്രത്തിലും നിറയുന്ന പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായി നീക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ത്രിരാഷ്ട്ര സമ്മേളനത്തിലാണ് സമുദ്രതീര സംരക്ഷണം ഉറപ്പു വരുത്താന്‍ തീരുമാനമായത്.

മൂന്ന് രാജ്യങ്ങളും മാലിന്യം സമുദ്രത്തിലേക്ക് കലരാതിരിക്കാന്‍ എന്തു ചെയ്യണമെന്നതില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. ഇന്തോപസഫിക് മേഖലയിലെ സമുദ്ര തീരമേഖല നിരന്തര നിരീക്ഷണ സംവിധാനമാണ് രൂപപ്പെടുത്തുക. നിരീക്ഷണത്തിന് സാങ്കേതിക സംവിധാനങ്ങളും ഉപഗ്രഹ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും എല്ലാവരും അംഗീകരിച്ചു. വിവിധ മേഖലകളാക്കി തിരിച്ച് പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ തയ്യാറാക്കാനും തീരുമാനമായി.വെര്‍ച്വലായി നടന്ന സമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍, പോളിത്തീന്‍ നിര്‍മ്മാര്‍ജ്ജന രംഗത്തെ വിദഗ്ധര്‍, നയതീരുമാനം എടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

സമുദ്ര മലിനീകരണം ഇല്ലാതാക്കുന്നത്‌ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ശില്പശാല 2022 ഫെബ്രുവരി 14,15 തീയതികളില്‍ ഭാരത സര്‍ക്കാര്‍ സംഘടിപ്പിരുന്നു. പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളുടെ മികച്ച പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ആശയവിനിമയ സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവ ഉണ്ടായി. സമുദ്ര മാലിന്യങ്ങള്‍ സംബന്ധിയായി തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ചോദ്യങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ പരസ്പരം ചര്‍ച്ച ചെയ്യുന്നതിനും അതിനുപകരിക്കുന്ന അതി നൂതന സംവിധാനങ്ങള്‍ തിരിച്ചറിയുന്നതിനും പൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ക്ക് ശില്പശാല വഴികാട്ടിയായി.