International (Page 159)

ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് താരദമ്പതികളായ നസ്രിയയും ഫഹദ് ഫാസിലും. ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നും ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ താരദമ്പതികളാണ് ഇവർ. ഇസിഎച്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ഇരുവരും ഗോൾഡൻ വിസ സ്വീകരിച്ചത്. അറബ് പ്രമുഖൻ അബ്ദുല്ല ഫലാസി, ദുബായ് ടിവി ഡയറക്ടർ അഹമ്മദ്, പി.എം. അബ്ദുറഹ്മാൻ, ഫാരിസ് ഫൈസൽ തുടങ്ങിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും ഗോൾഡൻ വിസാ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത് ഇസിഎച്ച് ആണ്. കലാ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയമായ വ്യക്തിത്വങ്ങൾക്കാണ് യുഎഇ ഗോൾഡൻ വിസ നൽകി ആദരിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നിരവധി ഇന്ത്യൻ താരങ്ങൾക്ക് ഇതിനോടകം ഗോൾഡൻ വിസ ലഭിച്ചു കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി, ഇടവേള ബാബു, നൈലാ ഉഷ, മിഥുൻ രമേശ് എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, സംവിധായകരായ സലീം അഹമ്മദിനും സന്തോഷ് ശിവനും ഗോൾഡൻ വിസ ലഭിച്ചിരുന്നു.

2022 പകുതിയോടെ ഇന്ത്യയില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഭാരതി എയര്‍ടെല്ലിന്റെ നേതൃത്വത്തിലുള്ള വണ്‍വെബ് 34 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിച്ചു. വണ്‍വെബിന്റെ ഈ വര്‍ഷത്ത്െ ആദ്യത്തെ വിക്ഷേപണമാണിത്. ഫ്രഞ്ച് ഗയാനയിലെ കുറോവിലുള്ള ഗയാന സ്‌പേസ് സെന്ററില്‍ നിന്ന് ഉച്ചക്ക് 1.09ന് 3 മണിക്കൂറും 33 മിനിറ്റും സമയമെടുത്ത് സോയൂസ് റോക്കറ്റിലാണ് 34 ഉപഗ്രഹങ്ങളും വിക്ഷേപിച്ചത്. പ്രധാന ആഗോള വിപണികളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് വഴിയൊരുക്കുന്നാണ് ഈ ദൗത്യം.

ഇതോടെ വണ്‍വെബ് വിക്ഷേപിച്ച ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 428 ആയി. യുകെ, അലാസ്‌ക, വടക്കന്‍ യൂറോപ്പ്, ഗ്രീന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, യുഎസ്, ആര്‍ട്ടിക് സമുദ്രം, കാനഡ തുടങ്ങി സ്ഥലങ്ങളിലെല്ലാം പൂര്‍ണമായും കണക്ടിവിറ്റി നല്‍കാന്‍ ഇതിന് സാധിക്കുമെന്നാണ് വണ്‍വെബ് അവകാശപ്പെടുന്നത്.

നേരത്തെ വണ്‍വെബ് അറിയപ്പെട്ടിരുന്നത് വേള്‍ഡ്വു എന്നായിരുന്നു. കമ്പനിയുടെ 104 സാറ്റലൈറ്റുകളും ഇപ്പോള്‍ ഭ്രമണപഥത്തിലുണ്ട്. ലണ്ടനാണ് ഇപ്പോള്‍ കമ്പനിയുടെ ആസ്ഥാനം.

വാഷിംഗ്ടൺ: യുക്രൈനിൽ നിന്നും തിരിച്ചെത്താൻ പൗരന്മാർക്ക് നിർദ്ദേശം നൽകി അമേരിക്ക. ഉടൻ തന്നെ യുക്രൈൻ വിടണമെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കൻ പൗരന്മാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. യുക്രൈൻ – റഷ്യ പ്രതിസന്ധി തുടരുന്നതിനിടെയാണ് ജോ ബൈഡന്റെ നടപടിയെന്നതാണ് ശ്രദ്ധേയം.

ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നുമായാണ് നമ്മൾ ഇടപെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഷ്യൻ അധിനിവേശമുണ്ടായാലും അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കാൻ യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ വ്യത്യസ്ഥമായ സാഹചര്യമാണ്. കാര്യങ്ങൾ പെട്ടെന്ന് തന്നെ വഷളായേക്കാൻ സാധ്യതയുണ്ട്. അതിനാൽ അമേരിക്കൻ പൗരന്മാർ എത്രയും വേഗം യുക്രൈൻ വിടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ഏത് നിമിഷയും റഷ്യ യുക്രൈനെ ആക്രമിച്ചേക്കാമെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യ യുക്രൈൻ ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തിയെന്നും യുദ്ധം വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബെൽജിയത്തിലെ നാറ്റോ സഖ്യസേന തലവനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വാഷിംഗ്ടൺ: റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈനിലേക്ക് റഷ്യ സൈനിക നീക്കം നടത്തിയാൽ റഷ്യയിൽ നിന്ന് ജർമനിയിലേക്കുള്ള വാതക പൈപ്പ് ലൈൻ പദ്ധതി മുന്നോട്ട് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റഷ്യ പ്രകൃതി വാതക ഉൽപാദനത്തിൽ ഏറെ മുന്നിലുള്ള രാജ്യവും ജർമനി പ്രധാന വാതക ഉപഭോഗ രാജ്യവുമാണ്. യുക്രൈനിലേക്ക് റഷ്യ സൈനിക നീക്കം നടത്തിയാൽ റഷ്യയിൽ നിന്ന് ജർമനിയിലേക്കുള്ള പ്രകൃതി വാതക നീക്കം വർധിപ്പിക്കുന്ന പുതിയ ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതി മുടക്കുമെന്നാണ് ജോ ബൈഡന്റെ മുന്നറിയിപ്പ്. റഷ്യയുടെ ഭാഗത്ത് നിന്നും യുക്രൈനിലേക്ക് ഏത് നിമിഷവും സൈനിക നീക്കം നടക്കാനുള്ള സാധ്യതയുള്ള ഹാചര്യത്തിലാണ് ബൈഡന്റെ പ്രതികരണം. ഒരു ലക്ഷത്തിലധികം വരുന്ന സൈന്യത്തെയാണ് യുക്രൈൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചിട്ടുള്ളത്. റഷ്യ സൈനിക നീക്കം നടത്താതിരിക്കാനുള്ള നീക്കമാണ് അമേരിക്ക ആവിഷ്‌ക്കരിക്കുന്നത്.

റഷ്യയുടെ ഭാഗത്തു നിന്ന് സൈനിക നീക്കമുണ്ടായാൽ മുന്നനുഭവങ്ങളില്ലാത്തവിധം കടുത്ത ഉപരോധം ഏർപ്പെടുത്തത്താനാണ് അമേരിക്കയുടെ തീരുമാനം. ജർമനിയിലേക്കുള്ള വാതക പൈപ്പ് ലൈൻ പദ്ധതി മുടങ്ങിയാൽ അത് റഷ്യക്ക് കടുത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഇത് മുന്നിൽ കണ്ടാണ് അമേരിക്കയുടെ നീക്കങ്ങൾ. അതേസമയം യുക്രൈനിലുള്ള അമേരിക്കൻ പൗരന്മാർ മടങ്ങിയെത്തണമെന്നും ബൈഡൻ നിർദ്ദേശിച്ചു.

കൊവിഡ് നിയന്ത്രണങ്ങള്‍ പാടെ നീക്കി സാധാരണ രീതിയിലേക്ക് മടങ്ങുകയാണ് ബ്രിട്ടന്‍. മാര്‍ച്ച് 24 വരെയായിരുന്നു സെല്‍ഫ് ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, അതിന് മുമ്പ് തന്നെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കഴിയുമെന്നാണ് പ്രധാനമന്ത്രി ടോറി വ്യക്തമാക്കുന്നത്. ഇതോടെ ഇവിടത്തെ കൊവിഡ് നിയന്ത്രണങ്ങളെല്ലാം പൂര്‍ണമായി ഇല്ലാതാവുകയാണ്. അതേസമയം, സ്‌കോട്ട്‌ലന്റിലും വെയില്‍സിലും നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമേറുന്നുണ്ട്.

‘കൊവിഡിനൊപ്പം ജീവിക്കുക’ എന്ന പദ്ധതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സെല്‍ഫ് ഐസൊലേഷന്‍ പൂര്‍ണമായി ഒഴിവാക്കുക എന്നതാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, ഇതിന്റെ പ്രത്യാഘാതങ്ങളും പരിണിത ഫലങ്ങളും വിലയിരുത്താന്‍ ആവശ്യമായ സമയം അംഗരാഷ്ട്രങ്ങള്‍ക്ക് നല്‍കിയില്ലെന്നാണ് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള്‍ സ്റ്റര്‍ജന്റെ ആരോപണം. കൊവിഡ് നിയന്ത്രണങ്ങള്‍ നീട്ടിയതിനാലാണ് രോഗ വ്യാപന തോത് ഉയരാതിരുന്നതെന്നാണ് സ്‌കോട്ട്‌ലന്റിന്റെ വാദം.

എന്നാല്‍, ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും ക്വാറന്റൈന്‌ വിധോയരാകേണ്ടതില്ലെന്നാണ് ബ്രിട്ടന്റെ നിലപാട്. അതേസമയം, ഡന്‍മാക്കിലും, സ്വീഡനിലും കൊവിഡ് നിയന്ത്രണങ്ങള്‍ ചെറിയ രീതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ലണ്ടൻ: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ പ്രവേശിപ്പിക്കാത്ത സംഭവത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച് സാമൂഹ്യ പ്രവർത്തകയും നോബേൽ സമ്മാന ജേതാവുമായ മലാല യൂസഫ് സായ്. ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കാത്തത് ഭയാനകമാണെന്ന് മലാല പറഞ്ഞു. ട്വിറ്ററിലൂടെയാണ് മലാല ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് നിർത്തണമെന്നും മലാല ആവശ്യപ്പെട്ടു.

പഠനമോ ഹിജാബോ തിരഞ്ഞെടുക്കാൻ കോളേജ് അധികൃതർ നിർബന്ധിക്കുന്നു. കൂടിയ വസ്ത്രം ധരിക്കണമോ കുറഞ്ഞ വസ്ത്രം ധരിക്കണമോ എന്ന കാര്യത്തിൽ സ്ത്രീകൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. വസ്ത്രത്തിന്റെ കാര്യത്തിൽ ഇന്ത്യൻ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണം- മലാല യൂസഫ് സായ് ട്വീറ്റ് ചെയ്തു.

അതേസമയം ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെതിരെ അഞ്ച് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജിയിൽ ബുധനാഴ്ച്ച കർണാടക ഹൈക്കോടതി വാദം കേൾക്കും. സംഭവത്തിൽ പ്രതിഷേധം കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ നേരത്തെ കർണാടക സർക്കാർ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടണമെന്നും എല്ലാവരും സഹകരിക്കണമെന്നുമാണ് സ്‌കൂളുകൾ അടച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയപ്പോൾ കർണാടക മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ നിന്നും മരക്കാർ: അറബിക്കടലിന്റെ സിംഹം, ജയ് ഭീം തുടങ്ങിയ ചിത്രങ്ങൾ പുറത്ത്. അതേസമയം ഇന്ത്യൻ ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയർ’ നോമിനേഷൻ പട്ടികയിൽ ഇടംനേടി. ചൊവ്വാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് 94-മത് അക്കാദമി അവാർഡിനുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചത്. 276 ചിത്രങ്ങൾക്കൊപ്പമാണ് മരക്കാറും ജയ് ഭീമും പരിഗണന പട്ടികയിൽ ഇടം നേടിയിരുന്നത്.

മികച്ച ഫീച്ചർ സിനിമ, സ്‌പെഷ്യൽ എഫക്ട്‌സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിൽ ദേശീയ പുരസ്‌കാരം നേടിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായെത്തിയ മരയ്ക്കാർ. കഴിഞ്ഞ വർഷം ഡിസംബർ 2 നാണ് മരയ്ക്കാണ് തീയേറ്ററുകളിൽ എത്തിയത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യ്തിരുന്നു. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മണിക്കുട്ടൻ ബാബു രാജ്, ഇന്നസെന്റ്, സുഹാസിനി, കല്യാണി പ്രിയദർശൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് മരയ്ക്കാർ. പ്രിയദർശനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. സാബു സിറിളാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എന്റ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് സി.ജെ എന്നിവർ ചേർന്നാണ് മരയ്ക്കാർ നിർമ്മിച്ചത്.

സൂര്യ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് ജയ്ഭീം. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ ചിത്രീകരിച്ച സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നവംബർ 2 നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസായത്. ചിത്രത്തിൽ പ്രധാനവേഷത്തിൽ മലയാള നടിമാരായ ലിജിമോൾ ജോസും രജിഷ വിജയനും എത്തുന്നുണ്ട്. 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യ തന്നെയാണ് തിരം നിർമ്മിച്ചിരിക്കുന്നത്. പ്രകാശ് രാജ്, രമേഷ്, മണികണ്ഠൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എസ് ആർ കതിർ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

ജനീവ: ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങളാണ് ഉത്തരകൊറിയയുടെ പ്രധാന വരുമാന സ്രോതസ്സെന്ന് വെളിപ്പെടുത്തി യുഎന്‍ റിപ്പോര്‍ട്ട്. ധനകാര്യ സ്ഥാപനങ്ങള്‍, ക്രിപ്‌റ്റോകറന്‍സി സ്ഥാപനങ്ങള്‍, എക്‌സ്‌ചേഞ്ച് എന്നിവയെ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ നിരന്തരമായി ലക്ഷ്യമിടുന്നുവെന്ന വിവരം ലഭിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ മൂന്ന് ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ നിന്നായി സൈബര്‍ ആക്രമണങ്ങളിലൂടെ 2020ന് ശേഷം 50 മില്യണ്‍ ഡോളറിലധികം ഉത്തരകൊറിയ മോഷ്ടിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഏഴ് ആക്രമണങ്ങളെങ്കിലും നടത്തിയതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ചെയിന്‍ അനാലിസിസ് കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടും നിരീക്ഷകര്‍ ഉദ്ധരിച്ചു.

എന്നാല്‍, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണങ്ങളോ ആണവ പരീക്ഷണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആണവ മിസൈല്‍ നിര്‍മ്മിക്കാനുള്ള ശേഷി ഉത്തര കൊറിയ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം, ആണവ പരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണങ്ങളും നടത്തുന്നതില്‍ വളരെക്കാലമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഉത്തരകൊറിയയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡിന്റെ ഉല്‍ഭവത്തോടു കൂടി നമ്മുടെയെല്ലാം ദൈദംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് മാസ്‌ക്. ഇപ്പോഴിതാ മൂക്ക് മാത്രം മൂടുന്ന തരത്തിലുള്ള വെറൈറ്റി മാസ്‌കുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയ. കോസ്‌ക് എന്നാണ് ഇതിന്റെ പേര്. കൊറിയയില്‍ മൂക്കിന് കോ എന്നാണ് പറയുന്നത്. അതില്‍ നിന്നാണ് കോസ്‌ക് എന്ന പേര് ഈ ടൈപ്പ് മാസ്‌കുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

ആത്മന്‍ ആന്റ് സെല്‍സ് എന്ന കമ്പനിയാണ് മാസ്‌ക് പുറത്തിറക്കിയിരിക്കുന്നത്. 10 എണ്ണമടങ്ങുന്ന പാക്കറ്റുകളായണ് ഇത് വിപണിയില്‍ ലഭ്യമാകുന്നത്. രണ്ട് ഭാഗങ്ങളാണ് ഒരു മാസ്‌കിനുള്ളത്. ഇതിലെ വായുടെ ഭാഗം മാറ്റി മൂക്കിന്റെ ഭാഗം മാത്രമായി ഉപയോഗിക്കാം. മൂക്ക് മാത്രം മറയ്ക്കുന്ന മൂന്ന് മാസ്‌കുകളടങ്ങിയ പാക്കറ്റും മാര്‍ക്കറ്റില്‍ ലഭ്യമാണ്. ആഹാരം കഴിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച് പൂര്‍ണ്ണമായും മാസ്‌ക് അഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി വായുടെ ഭാഗം ഒഴിവാക്കി മൂക്ക് മുഴുവന്‍ സമയവും മൂടിയിരിക്കുന്ന തരത്തിലാണ് ഈ മാസ്‌കുകളുടെ നിര്‍മ്മാണം.

എന്നാല്‍, ലോകത്തിലെ അടുത്തകാലത്തിറങ്ങിയ ഏറ്റവും വലിയ മണ്ടന്‍ കണ്ടുപിടുത്തമാണ് ഇതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വായ മറയ്ക്കാത്ത മാസ്‌ക് വയ്ക്കുന്നതും മാസ്‌ക് വയ്ക്കാത്തതും തമ്മില്‍ എന്ത് വ്യത്യാസമെന്നാണ് ഉയരുന്ന ചോദ്യങ്ങള്‍.

എച്ച്‌ഐവിയുടെ പുതിയ വകഭേദമായ ‘വിബി’ നെതര്‍ലാന്‍ഡില്‍ കണ്ടെത്തി. ഇതിന് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പകരാന്‍ കഴിയും. വൈറസ് ശരീരത്തില്‍ എത്തിയാല്‍ എയ്ഡ്സിന്റെ ലക്ഷണങ്ങള്‍ പെട്ടെന്ന് രൂപപ്പെടുമെന്നും പഠനം പറയുന്നു.

എച്ച്‌ഐവി മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ സിഡി4 എന്ന പ്രതിരോധ കോശങ്ങളെയാണ് വേട്ടയാടുക. അതേസമയം, വിബി വകഭേദത്തിന് രണ്ട് മടങ്ങ് വേഗം സിഡി4 കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന് ഓക്‌സ്‌ഫോര്‍ഡിലെ ഗവേഷകര്‍ അറിയിപ്പ് നല്‍കി. ഈ വകഭേദം ബാധിക്കുന്നവരുടെ രക്തത്തില്‍ വൈറസ് സാന്നിധ്യം സാധാരണ വകഭേദങ്ങളേക്കാള്‍ 3.5 മുതല്‍ 5.5 തവണ വരെ ഇരട്ടിയായിരിക്കുമെന്നും പഠനത്തില്‍ വിശദമാക്കുന്നു.

മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് പ്രതിരോധ ശക്തിയെ വളരെ എളുപ്പം വിബി ബാധിക്കും. എന്നാല്‍, ചികിത്സ ആരംഭിച്ച് കഴിഞ്ഞാല്‍ പ്രതിരോധ ശക്തി വീണ്ടെടുക്കാനുള്ള കഴിവ് മറ്റ് വകഭേദത്തിന് സമാനമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ അതീവ ഭീതി പടര്‍ത്തുന്ന ഒന്നല്ല പുതുയതായി കണ്ടെത്തിയിട്ടുള്ള ഈ എച്ച്‌ഐവി വകഭേദം.