റഷ്യ-യുക്രൈന്‍ സംഘര്‍ഷം: സൈന്യത്തെ പിന്‍വലിച്ചുവെന്ന മോസ്‌കോയുടെ പ്രസ്താവന തള്ളി വൈറ്റ് ഹൗസ്‌

കീവ്: യുക്രൈന്‍ അതിര്‍ത്തിയില്‍ പുതുതായി 7000 സൈനിക ട്രൂപ്പുകളെക്കൂടി റഷ്യ വിന്യസിച്ചിരിക്കുകയാണെന്നും യുക്രൈനിനെ ഏത് നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്നും വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍. ഇതോടെ സൈന്യത്തെ പിന്‍വലിച്ചുവെന്ന മോസ്‌കോയുടെ പ്രഖ്യാപനം വൈറ്റ് ഹൗസ് തള്ളിയിരിക്കുകയാണ്. റഷ്യന്‍ സേന പിന്തിരിയുന്നുവെന്ന സൂചനകളൊന്നുമില്ലെന്ന് അമേരിക്കയും നാറ്റോയും വ്യക്തമാക്കി.

യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യന്‍ സൈനിക വിന്യാസത്തെ ശീതയുദ്ധത്തിന് ശേഷമുള്ള യൂറോപ്പിന്റെ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണ് വിശേഷിപ്പിക്കുന്നത്. രാജ്യാതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സേന പിന്‍വാങ്ങിയതായി കരുതുന്നില്ലെന്നും തങ്ങള്‍ ആരെയും പേടിക്കുന്നില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. അതേസമയം, യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയാല്‍ ഇന്ത്യയുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക.

എന്നാല്‍, റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാഹചര്യമുണ്ടായാല്‍ എന്തു നടപടികളും സ്വീകരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയെ അറിയിച്ചു. യുക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 27 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഡല്‍ഹിയെ ഉള്‍പ്പെടുത്തിയെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.