വാഷിംഗ്ടൺ: അമേരിക്ക നേരിടുന്നത് 1200 വർഷത്തിനിടയിലെ ഏറ്റവും ഭയാനകമായ വരൾച്ച. യുഎസിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലും മെക്‌സിക്കോയുടെ വടക്കൻ മേഖലകളിലും വലിയ വരൾച്ച പിടി മുറുക്കുകയാണെന്നാണ് റിപ്പോർട്ട്. രണ്ട് പതിറ്റാണ്ടിലേറെയായി മേഖലയിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഭീതിദമായ കാലാവസ്ഥാ മാറ്റമാണിതെന്നുള്ളതാണ് കാലാവസ്ഥാ വിദഗ്ധരെ ആശങ്കയിലാക്കിയിട്ടുള്ളത്. മനുഷ്യരുടെ ഇടപെടലാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം. മെഗാ ഡ്രോട്ട് എന്നാണ് ഈ കാലാവസ്ഥാ മാറ്റത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ തന്നെ കാലിഫോർണിയയും മറ്റ് പടിഞ്ഞാറൻ സർവകലാശാലകളും വലിയ തോതിലുള്ള ജലക്ഷാമം നേരിടുന്നുണ്ട്. പല ജനവാസകേന്ദ്രങ്ങളിലും ഇപ്പോൾ കുടിവെള്ളം ബോട്ടിലുകളിലാക്കി പുറത്തു നിന്ന് ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നത്. ഇടയ്ക്ക് വല്ലപ്പോഴും മാത്രമാണ് ഈ മേഖലയിൽ മഴ അനുഭവപ്പെടുന്നത്. പടിഞ്ഞാറൻ യുഎസിന്റെ 11 ശതമാനത്തോളം പ്രദേശം കൊടും വരൾച്ചയുടെ പിടിയിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വേനൽക്കാലത്ത് വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ജലസംഭരണികളായ മീഡ്, പവൽ എന്നീ തടാകങ്ങൾ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പിലെത്തിയിരുന്നു. അതായത് ഇവയുടെ ആഴം അളക്കാൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ ജലനിരപ്പിലേക്കാണ് ഈ തടാകങ്ങൾ എത്തിയത്. വരും വർഷങ്ങളിലും വലിയ വരൾച്ച അമേരിക്കയിൽ ഉണ്ടാകുമെന്നും വിദഗ്ധർ പ്രവചിക്കുന്നു. ഈ നൂറ്റാണ്ടിൻറെ അവസാനം വരെയെങ്കിലും കൊടും വരൾച്ച നീണ്ടു നിൽക്കുമെന്നാണെന്നാണ് വിദഗ്ധർ പറയുന്നത്. എണ്ണൂറാം ആണ്ട് മുതൽ 1600 വരെയുള്ള കാലയളവിൽ നിരന്തരമായി ഇത്തരം വരൾച്ചകൾ മെക്‌സിക്കൻ മേഖലയിൽ ഉണ്ടായതായും പഠനങ്ങളിൽ പറയുന്നുണ്ട്.

