മോസ്‌കോ: ഉക്രെയിൻ അതിർത്തിയിൽ നിന്ന് സൈനിക വിന്യാസം ഭാഗികമായി പിൻവലിക്കാൻ തീരുമാനിച്ച് റഷ്യ. ഉക്രെയിനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അറയിച്ചു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. ഉക്രൈനുമായി ഒന്നിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും ചർച്ചകൾക്ക് സന്നദ്ധമാണെന്നും അദ്ദേഹം വിശദമാക്കി.
റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ റഷ്യയുടെ അവിഭാജ്യ ഘടകമായ സുരക്ഷയിൽ വാഷിങ്ടണും നാറ്റോയും എങ്ങനെ സ്വതന്ത്രമായി ഇടപെടുന്നു എന്നതിൽ കണ്ണടക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഒരു രാജ്യവും മറ്റുള്ളവരുടെ ചെലവിൽ അതിന്റെ സുരക്ഷ ശക്തിപ്പെടുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യയുടെ ആവശ്യങ്ങൾ നാറ്റോ അംഗീകരിക്കാൻ മടിക്കുകയാണെന്നും പുടിൻ ആരോപിച്ചു. അതേസമയം പാശ്ചാത്യരാജ്യങ്ങളുടെ യുദ്ധ പ്രചാരണം പൊളിഞ്ഞ ദിവസമായി ഫെബ്രുവരി 15 ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് റഷ്യൻ വിദേശകാര്യവക്താവ് മരിയ സഖറോവ പ്രതികരിച്ചു. ഒരു വെടി പോലും വയ്ക്കാതെ പാശ്ചാത്യ ശക്തികളെ നാണംകെടുത്തുകയും തകർക്കുകയും ചെയ്തുവെന്നും സഖറോവ പറഞ്ഞു.
തെക്ക്-പടിഞ്ഞാറൻ സൈനിക ജില്ലകളിലെ യൂണിറ്റുകൾ ദൗത്യം പൂർത്തിയാക്കിയെന്നും അവർ സൈനിക പാളയത്തിലേക്ക് മടങ്ങുക ആണെന്നും റഷ്യൻ സൈന്യത്തിന്റെ മുഖ്യ വക്താവ് ഇഹോർ കോണാഷെൻകോവ് നേരത്തെ അറിയിച്ചിരുന്നു. ഉക്രെയ്ൻ അതിർത്തിയിൽ ഒരുലക്ഷത്തിലേറെ സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. റഷ്യൻ അധിനിവേശം ഭയന്ന് നിരന്തരം നയതന്ത്ര ഇടപെടലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. റഷ്യ ഉക്രെയ്‌നെ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണങ്ങളെ റഷ്യ നിഷേധിക്കുകയാണ്.

