International (Page 109)

കാബൂള്‍: ഇന്നലെ രാത്രി അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ 255 പേര്‍ മരിച്ചതായി അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 155 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്.

അതേസമയം, റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 14-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ക്ഷണിച്ചതിനെ തുടർന്നാണ് നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വെർച്വലായാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുക.

ജൂൺ 23, 24 തീയതികളിലാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ചൈനയാണ്. ജൂൺ 24-ന് അതിഥി രാജ്യങ്ങളുമായുള്ള ആഗോള വികസനത്തെക്കുറിച്ചുള്ള ഉന്നതതല ചർച്ചയും നടക്കും. എല്ലാ വികസ്വര രാജ്യങ്ങൾക്കും പൊതുവായുള്ള ആശങ്കയും വിഷയങ്ങളും ചർച്ച ചെയ്യുന്നതിനുമുള്ള പ്രധാന വേദിയായി ബ്രിക്‌സ് മാറിയിരിക്കുന്നെന്നും കൂടുതൽ രാജ്യങ്ങളുടെ പ്രാതിനിധ്യം നിരന്തരം ആവശ്യപ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഭീകരവാദം, വ്യാപാരം, ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, പരിസ്ഥിതി, എസ് ആന്റ് ടി, ഇന്നൊവേഷൻ, കൃഷി, സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം, എംഎസ്എംഇകൾ തുടങ്ങിയ മേഖലകളിലെ ഇൻട്രാ-ബ്രിക്‌സ് സഹകരണം, കോവിഡ് വ്യാപനം, ആഗോള സാമ്പത്തിക വീണ്ടെടുക്കൽ തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഉച്ചകോടിയിൽ ചർച്ച നടത്തും.

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാന് നേരെ വധശ്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇമ്രാൻ ഖാന് നേരെ ഏത് നിമിഷവും വധശ്രമമുണ്ടാകാമെന്ന മുന്നറിയിപ്പാണ് ലഭിച്ചിട്ടുള്ളത്. പാകിസ്താനിലെ തീവ്രവാദ വിരുദ്ധ വകുപ്പിന്റെ ഖൈബർ പഖ്തൂൺഖ്വ വിംഗാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.

അഫ്ഗാനിലെ ഒരു ഭീകരനിൽ നിന്നും തീവ്രവാദികൾ സഹായം തേടിയതായും കണ്ടെത്തി. ജൂൺ 18 നാണ് ഇതുസംബന്ധിച്ച വിവരം തീവ്രവാദ വിരുദ്ധ വകുപ്പിന് ലഭിച്ചത്. എന്നാൽ ഈ വിവരം സമൂഹമാദ്ധ്യമങ്ങളിൽ അറിയിക്കാതെ രഹസ്യമാക്കി വയ്ക്കാൻ അധികൃതർ ഉത്തരവിടുകയായിരുന്നു. ഇമ്രാനെ വധിക്കാൻ വാടക കൊലയാളികളെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ പിടിഐ നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇസ്ലാമാബാദിലോ റാവൽപിണ്ടിയിലോ കൊലയാളി വീട് സ്വന്തമാക്കി താമസം തുടങ്ങിയതായാണ് പാർട്ടി നേതാക്കൾ ആരോപിച്ചത്.

അതേസമയം, പാകിസ്ഥാനിലോ വിദേശത്തോ വച്ച് തന്നെ വധിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് മുൻപ് ഇമ്രാൻ ഖാൻ പ്രസംഗിക്കുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു.

ടോക്കിയോ: സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി ജപ്പാൻ കോടതി. ജപ്പാനിൽ നിലവിലുള്ള സ്വവർഗ്ഗ വിവാഹ നിരോധനം ഭരണഘടന വിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി. ഒസാക്ക ഡിസ്ട്രിക്ട് കോടതിയാണ് ഇതുസംബന്ധിച്ച വിധി പ്രസ്താവം നടത്തിയത്. സ്വവർഗ്ഗ അനുരാഗികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ജപ്പാനിലെ സ്വവർഗ്ഗ അനുരാഗികളുടെ കൂട്ടായ്മയ്ക്ക് കോടതി ഉത്തരവ് വലിയ തിരിച്ചടിയാണ്. സ്വവർഗ വിവാഹങ്ങൾക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണെന്ന് 2021 മാർച്ചിൽ ജപ്പാനിലെ സപ്പോറോയിലെ കോടതി റൂളിംഗ് നൽകിയിരുന്നു. ഈ വിധിയെ തള്ളിക്കൊണ്ടാണ് ഒസാക കോടതി പുതിയ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ജി7 രാജ്യങ്ങളിൽ സ്വവർഗ്ഗ വിവാഹം അംഗീകരിക്കാത്ത ഏക രാജ്യമാണ് ജപ്പാൻ. സ്വവർഗ വിവാഹങ്ങൾക്കുള്ള നിരോധനം ഭരണഘടനാ ലംഘനമല്ലെന്ന് കോടതി വ്യക്തമാക്കി.

രാജ്യത്ത് സ്വവർഗവിവാഹം ഭരണഘടനാ വിരുദ്ധമായതിനാൽ തങ്ങൾക്ക് വിവാഹം കഴിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. നഷ്ടപരിഹാരമായി ഒരു മില്യൺ ജാപ്പനീസ് യെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധം കനപ്പിക്കാൻ കോൺഗ്രസ്. ചൊവ്വാഴ്ച്ച എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധിക്കും. കേരളത്തിലെ കോൺഗ്രസ് എംഎൽഎമാരോടും ഡൽഹിയിൽ എത്താൻ ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ ജൂൺ 24, 25 തീയതികളിൽ കോഴിക്കോട് നടത്താനിരുന്ന ചിന്തിൻ ശിബിരം മാറ്റിവച്ചു. കെപിസിസി ജനറൽ സെക്രട്ടറി റ്റി യു രാധാകൃഷ്ണൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിച്ചു.

അതേസമയം, നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെൻറ് ചൊവ്വാഴ്ച്ചയും ചോദ്യം ചെയ്യും. അഞ്ചാമത്തെ ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച്ചയും രാഹുലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. നാഷണൽ പെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയയോട് എൻഫോഴ്‌സ്‌മെന്റ് നിർദ്ദേശിച്ചിട്ടുണ്ട്. ജൂൺ 8 ന് ഹാജരാകമെന്നായിരുന്നു സോണിയ ഗാന്ധിയോട് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സോണിയ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടിയിരുന്നു.

ന്യൂഡൽഹി: 20 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ജയിലിൽ നിന്ന് മോചിപ്പിച്ച് പാകിസ്താൻ. കറാച്ചിയിലെ ജയിലിൽ നിന്നാണ് പാകിസ്താൻ ഇന്ത്യൻ തൊഴിലാളികളെ മോചിപ്പിച്ചത്. ഗുജറാത്ത് സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് തടവ് കാലം അവസാനിച്ചതോടെ ജയിൽ മോചിതരായതെന്ന് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച വാഗാ അതിർത്തിയിൽ വച്ച് ഇവരെ ഇന്ത്യക്ക് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ചില ഓഫീസർമാർ മത്സ്യത്തൊഴിലാളികളെ സ്വീകരിക്കാൻ പഞ്ചാബിലേക്ക് പോയിട്ടുണ്ടെന്നും പഞ്ചാബിൽ നിന്നും ഇവരെ ട്രെയിൻ മാർഗം ഗുജറാത്തിലേക്ക് കൊണ്ടുവരുമെന്നും അധികൃതർ വ്യക്തമാക്കി.

ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച അവകാശങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ വികസനത്തിനുമായി പുതിയ നിയമ നിര്‍മാണത്തിനൊരുങ്ങി കാനഡ. കനേഡിയന്‍ മന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ന്‍ രൂപകല്‍പന ചെയ്തതാണ് പുതിയ നിയമം. ജി 7 രാജ്യങ്ങളിലെ ഏറ്റവും കര്‍ശനമായ ചട്ടക്കൂടുകളില്‍ ഒന്നാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ ചാര്‍ട്ടര്‍ ഇംപ്ലിമെന്റേഷന്‍ ആക്റ്റ്- 2022 അവതരിപ്പിക്കുന്നതിലൂടെ, കനേഡിയന്‍ പൗരന്‍മാര്‍ക്ക് അവരുടെ വിവരങ്ങള്‍ എപ്പോള്‍, എങ്ങനെ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്നും ഷാംപെയ്ന്‍ പറഞ്ഞു.

‘പൊതുനന്മയ്ക്കായി ഉത്തരവാദിത്തമുള്ള വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. 21-ാം നൂറ്റാണ്ടില്‍ വ്യക്തികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. കാനഡയുടെ സ്വകാര്യതാ നിയമങ്ങള്‍ സാങ്കേതിക മാറ്റത്തിനൊപ്പം നില്‍ക്കുന്നുവെന്നും വികസിച്ചു കൊണ്ടിരിക്കുന്ന കനേഡിയന്‍ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് തുടരുന്നുവെന്നും ഉറപ്പാക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ ശ്രമിക്കുന്നു’- സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഇ27 എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ബില്‍, കനേഡിയന്‍ സ്വദേശികള്‍ക്ക് അവരുടെ വ്യക്തിഗത വിവരങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ കൈകാര്യം ചെയ്യുന്ന രീതിയിലും കൂടുതല്‍ സ്വകാര്യത ഉറപ്പാക്കും. ലളിതമായി പറഞ്ഞാല്‍, ഓര്‍ഗനൈസേഷനുകള്‍ കൈവശം വച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ നിയന്ത്രിക്കാന്‍ പൗരന്‍മാര്‍ക്ക് കൂടുതല്‍ അവകാശം നല്‍കുക, ആ വിവരങ്ങള്‍ ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് സുരക്ഷിതമായി നീക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുക തുടങ്ങിയ കാര്യങ്ങളെല്ലാമാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റ ആക്ട് ആണ് മറ്റൊരു പ്രധാന ചുവടുവെയ്പ്. സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കുന്നതായിരിക്കും ഈ നിയമം. കമ്പനികളുടെ പ്രവര്‍ത്തനങ്ങളുടെ സ്വതന്ത്ര ഓഡിറ്റുകള്‍ നടത്താന്‍ കഴിയുന്ന ഒരു എഐ ആന്‍ഡ് ഡാറ്റ കമ്മീഷണറെ നിയമിക്കുകയും ചെയ്യും.

ബെയ്ജിംഗ്: ചന്ദ്രോപരിതലത്തിൽ ജലാംശം കണ്ടെത്തിയെന്ന് ചൈന. ചന്ദ്രോപരിതലത്തിൽ ഓഷ്യൻ ഓഫ് സ്റ്റോംസ് എന്നറിയപ്പെടുന്ന ചന്ദ്രനിലെ സമതലത്തിൽ നിന്നും ലഭിച്ച സാമ്പിളുകളിൽ നിന്നും ജലത്തിന്റെ അടയാളം കണ്ടെത്തിയതായി ചൈനീസ് ശാസ്ത്രജ്ഞർ അറിയിച്ചു.

ചൈനയുടെ ആളില്ലാ ചാന്ദ്ര ദൗത്യം ചന്ദ്രന്റെ പ്രതലത്തിൽ നിന്ന് കണ്ടെത്തിയ ലാവ അവശിഷ്ടത്തിലാണ് അപറ്റൈറ്റ് എന്നറിയപ്പെടുന്ന ക്രിസ്റ്റലൈൻ ധാതു ലഭിച്ചതെന്ന് ഗവേഷകർ വ്യക്തമാക്കി.

സൂര്യനിൽ നിന്നുളള ചാർജ് കണങ്ങളുടെ രാസപ്രക്രിയയുടെ ഫലമാണ് ചന്ദ്രോപരിതലത്തിലെ ജലാംശം എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അപറ്റൈറ്റ് ധാതുവിൽ ഹൈഡ്രോക്സിലിന്റെ ഉറവിടം കണ്ടെത്തിയിരിക്കുന്നത് ചന്ദ്രോപരിതലത്തിൽ തന്നെ ഉണ്ടായിരിക്കുന്നവയാണ്. ഇവയെല്ലാം ചാന്ദ്രോപരിതലത്തിൽ തന്നെ ഉണ്ടായവയാണെന്നും ബാഹ്യമായി വന്നതല്ലെന്നുമാണ് ചൈനീസ് പര്യവേഷണത്തിൽ വ്യക്തമായത്.

ന്യൂഡൽഹി: ലോകം കടുത്ത മാനസികാരോഗ്യ പ്രതിസന്ധിയെ നേരിടാനിരിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 2022 ലെ ലോക മാനസികാരോഗ്യ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരിൽ കുട്ടികളുടേയും യുവാക്കളുടേയും എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം അറിയിച്ചു.

ലോകത്തിലെ ഒരു ബില്യണോളം വരുന്ന ആളുകൾ കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മാനസിക പ്രശ്നങ്ങളുള്ളവരിൽ വലിയൊരു ശതമാനത്തിനും വേണ്ട ചികിത്സയോ സഹായമോ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനസിക ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സ പലർക്കും അപ്രാപ്യമോ താങ്ങാൻ കഴിയാത്തതോ ആണ്. ഇത് വരുംനാളുകളിൽ ഗുരുതരമായ മാനസിക പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാനസികമായി വെല്ലുവിളികൾ നേരിടുന്നവർ പലവിധ ചൂഷണങ്ങൾക്ക് എളുപ്പത്തിൽ ഇരകളാകുന്നുണ്ട്. പലരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നോ തൊഴിലിടങ്ങളിൽ നിന്നോ പുറത്താകേണ്ടി വന്നേക്കാം. സാമ്പത്തിക രംഗത്തും ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. കോവിഡ് മഹാമാരി മാനസിക പ്രശ്നങ്ങൾ കൂടാൻ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈന നടപ്പാക്കിയിരുന്ന വിസ നിരോധനം പിന്‍വലിച്ചു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കാനുള്ള അഭ്യര്‍ത്ഥനകളും രാജ്യം പരിഗണിക്കുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് പുറമെ, ചൈനീസ് പൗരത്വം നേടിയവരുടെ കുടുംബാംഗങ്ങള്‍ക്കും ചൈനയില്‍ സ്ഥിരതാമസ പെര്‍മിറ്റുള്ള വിദേശികള്‍ക്കും ചൈനയിലേക്ക് തങ്ങളുടെ കുടുംബത്തെ എത്തിക്കാന്‍ വിസയ്ക്ക് അപേക്ഷിക്കാമെന്ന് ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി അറിയിച്ചു. എന്നാല്‍, ടൂറിസത്തിനും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമായുള്ള വിസകള്‍ താല്‍ക്കാലികമായി ലഭ്യമല്ല.

കൊവിഡ് കേസുകള്‍ വര്‍ധിച്ചതിനാല്‍, വിസയോ റസിഡന്‍സ് പെര്‍മിറ്റോ ഉള്ള വിദേശ പൗരന്മാര്‍ക്ക് പ്രവേശനം നിരോധിക്കാന്‍ ചൈന തീരുമാനിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, ബെല്‍ജിയം, എത്യോപ്യ, ഫ്രാന്‍സ്, ഇന്ത്യ, ഇറ്റലി, ഫിലിപ്പീന്‍സ്, റഷ്യ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ചൈന താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എപിഇസി ബിസിനസ് യാത്രാ കാര്‍ഡുകളുള്ള വിദേശ പൗരന്മാരെയും, പോര്‍ട്ട് വിസകള്‍, 24/72/144- മണിക്കൂര്‍ വിസ ഫ്രീ ട്രാന്‍സിറ്റ് പോളിസി, ആസിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ ടൂര്‍ ഗ്രൂപ്പുകള്‍ക്കുള്ള 15 ദിവസത്തെ ഗുവാങ്ഷി വിസ ഫ്രീം പോളിസി എന്നിവയും രാജ്യം നിരോധിച്ചിരുന്നു.

അതേസമയം, ‘അശാസ്ത്രീയമായ രീതി’ എന്നാണ് തീരുമാനത്തെ ചൈനയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും നിലവിലെ ഡെപ്യൂട്ടി നാഷണല്‍ വൈഡ് സേഫ്റ്റി അഡൈ്വസറുമായ വിക്രം മിശ്രി വിളിച്ചത്. കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരുന്നത് നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും ഇന്ത്യ പറഞ്ഞിരുന്നു. ഇനി വിദേശ പൗരന്മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വിസയ്ക്ക് അപേക്ഷിക്കാം. ചൈനയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഏകദേശം 23,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് തിരിച്ചു പോകാനാകാതെ വിഷമിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.