‘ലോകം ഇനി തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കില്ല’; പാകിസ്താനെതിരെ എസ്. ജയശങ്കര്‍

വഡോദര: തീവ്രവാദ വിഷയത്തില്‍ പാകിസ്താനെതിരെ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ‘ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം’ എന്ന വിഷയത്തില്‍ വഡോദരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്. ജയശങ്കറിന്റെ പ്രസംഗത്തില്‍ നിന്ന്

‘ഇന്ത്യയുടെ അയല്‍രാജ്യം ചെയ്യുന്നതുപോലെ മറ്റൊരു രാജ്യവും തീവ്രവാദം നടത്തുന്നില്ല. ലോകം ഇനി തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കില്ല. നമ്മള്‍ ഐടിയില്‍ വിദഗ്ധരായതുപോലെ നമ്മുടെ അയല്‍ക്കാര്‍ അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനത്തില്‍ വിദഗ്ദ്ധരാണ്. വര്‍ഷങ്ങളായി അത് നടക്കുന്നു. എന്നാല്‍ തീവ്രവാദം തീവ്രവാദമാണെന്ന് നമുക്ക് ലോകത്തോട് വിശദീകരിക്കാന്‍ കഴിയും. ഇന്ന് ഞങ്ങള്‍ക്കെതിരെ തീവ്രവാദ ഭീഷണി ഉയര്‍ത്തുന്നു. നാളെ അത് നിങ്ങള്‍ക്ക് എതിരാകും. പാകിസ്താന്‍ ചെയ്ത രീതിയില്‍ മറ്റൊരു രാജ്യവും ഭീകരവാദത്തില്‍ ഏര്‍പ്പെടുന്നില്ല. ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ ഇത്രയധികം വര്‍ഷമായി എന്താണ് ചെയ്തതെന്ന് നിങ്ങള്‍ കണ്ടു. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇത്തരത്തിലുള്ള പ്രവര്‍ത്തനം അംഗീകരിക്കാനാവില്ല. തിരിച്ചടി ഉണ്ടാകും. തീവ്രവാദം ഇപ്പോള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ എല്ലാവര്‍ക്കും ദോഷം ചെയ്യുമെന്ന് മറ്റ് രാജ്യങ്ങളെ മനസ്സിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ലോകത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ വിജയിച്ചു. നേരത്തെ, തങ്ങളെ ബാധിക്കില്ലെന്ന് കരുതി മറ്റ് രാജ്യങ്ങള്‍ ഈ വിഷയം അവഗണിക്കുകയായിരുന്നു. ഇന്ന്, തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ ഉദാഹരണമാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍, സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന പ്രധാനമന്ത്രി മോദി ഉപദേശിച്ചു. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം കാരണം പെട്രോള്‍ വില ഇരട്ടിയായി. എണ്ണ എവിടെ നിന്ന് വാങ്ങണം എന്നതില്‍ നിന്ന് രാജ്യത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു, എന്നാല്‍ നമ്മുടെ രാജ്യത്തിന് നല്ലത് ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും സമ്മര്‍ദ്ദത്തെ നേരിടണമെന്നുമായിരുന്നു മോദി സര്‍ക്കാരിന്റെയും കാഴ്ചപ്പാട്. അത് നപ്പാക്കി. കോവിഡ് സമയത്ത്, ഇന്ത്യയ്ക്കും ലോകത്തിനുമുള്ള വാക്‌സിന്‍ വിതരണം നിര്‍ത്തരുതെന്ന് പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അതിന്റെ ഫലമായി യുഎസ് ഭരണകൂടം ഇന്ത്യയ്ക്ക് ഇളവ് നല്‍കി. അതുകൊണ്ടു തന്നെ വാക്‌സിനേഷന്‍ സുഗമമായി നടന്നു.’