റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നത്; ആരോപണവുമായി പുടിൻ

മോസ്‌കോ: പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ വിമർശനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പോലുള്ള രാജ്യങ്ങളെ അവർ കൊള്ളയടിച്ചു. എന്നാൽ റഷ്യ സ്വയം ഒരു കോളനിയാകാൻ അനുവദിച്ചില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

ഇന്ത്യയെയും ആഫ്രിക്കയെയും ചൈനയെയും അവർ കൊള്ളയടിച്ചു. മുഴുവൻ രാജ്യങ്ങളെയും മയക്കുമരുന്ന് ദുരുപയോഗത്തിനും മറ്റും അടിമകളാക്കി. അവർ ആളുകളെ വേട്ടയാടുകയായിരുന്നു. കൂടുതൽ രാജ്യങ്ങളെ കൊള്ളയടിക്കുന്നത് തുടരാൻ തങ്ങൾ അവരെ അനുവദിച്ചില്ല എന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലിംഗഭേദത്തിൻറെയും കുടുംബത്തിന്റെയും വിഷയങ്ങളിൽ റഷ്യയ്ക്ക് അതിന്റേതായ കാഴ്ചപ്പാടുകളുണ്ട്. യുക്രൈനിലെ നാല് അധിനിവേശ പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേർക്കുന്നത് ആർക്കും തടയാൻ പറ്റില്ല. ഡൊനെറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്, ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക്, സപ്പോരിസിയ മേഖല, കെർസൺ മേഖല എന്നിവ റഷ്യയിലേക്ക് കൂട്ടിച്ചേർക്കുന്ന കരാറുകളിൽ റഷ്യ ഒപ്പുവെയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.