യൂറോപ്യന്‍ പര്യടനം; മുഖ്യമന്ത്രിയും സംഘവും ഇന്ന് രാത്രിയോടെ തിരിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെട്ട സംഘം രണ്ടാഴ്ചത്തെ യൂറോപ്യന്‍ പര്യടനത്തിനായി ഇന്ന് രാത്രിയോടെ യാത്ര തിരിക്കും. സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച സെമിനാറില്‍ ഇന്ന് വൈകിട്ട് നാലിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം പങ്കെടുത്തതിന് ശേഷമാണ് മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഉള്‍പ്പെടെയുള്ള സംഘം യാത്ര തിരിക്കുക.

പ്രശസ്തമായ ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കാനാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശനം. മുമ്ബ് കേരളം സന്ദര്‍ശിച്ച ഫിന്‍ലന്‍ഡ് വിദ്യാഭ്യാസമന്ത്രി ലീ ആന്‍ഡേഴ്‌സന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. പ്രമുഖ ബഹുരാഷ്ട്ര കമ്ബനികള്‍, ഐ.ടി കമ്ബനികള്‍ എന്നിവയും സന്ദര്‍ശിക്കും. ടൂറിസം, ആയുര്‍വേദ മേഖലകളിലും കൂടിക്കാഴ്ചയുണ്ടാകും. മന്ത്രി ശിവന്‍കുട്ടിക്ക് പുറമേ ചീഫ് സെക്രട്ടറി വി.പി. ജോയ്, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരുമുണ്ട്.

അതേസമയം, മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തലാണ് നോര്‍വെ സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം. നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതികവിദ്യകള്‍ പരിശോധിക്കും. നോര്‍വെയില്‍ വച്ച് മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹ്മാനും സംഘത്തില്‍ ചേരും. പിന്നീട് ഇംഗ്ലണ്ടിലെ വെയ്ല്‍സിലേക്ക്. അവിടെ ആരോഗ്യമേഖലയെക്കുറിച്ച് പഠിക്കും. ലണ്ടനില്‍ മന്ത്രി വീണാ ജോര്‍ജും ഒപ്പം ചേരും. മന്ത്രി പി. രാജീവുമുണ്ടാകും. ലോക കേരളസഭയുടെ പ്രാദേശികയോഗവും ലണ്ടനില്‍ സംഘടിപ്പിക്കും. 150 പ്രവാസികള്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴി വീഡിയോഗ്രാഫറെയും ഫോട്ടോഗ്രാഫറെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവര്‍ക്ക് യഥാക്രമം 3200 യൂറോ, 32000 നോര്‍വീജിയന്‍ ക്രോണ്‍, 2250 പൗണ്ട് എന്നിങ്ങനെ പ്രതിഫലം നല്‍കും. ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് എംബസി മുഖേന വീഡിയോ, ഫോട്ടോ സംഘത്തെ നിയോഗിച്ചിരിക്കുന്നത്