International (Page 108)

കൊളംബോ: കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ കലാപം രൂക്ഷമാകുന്നു. ശ്രീലങ്കൻ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. സുരക്ഷാ സേനകളെയെല്ലാം മറികടന്നായിരുന്നു പ്രക്ഷോഭകരുടെ പ്രകടനം.

ആയിരക്കണക്കിന് പ്രക്ഷോഭകരാണ് പ്രസിഡന്റിന്റെ വസതി വളഞ്ഞത്. ഗോത്തബയ രജപക്‌സെ വസതി വിട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീലങ്കയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടു. 67 വയസായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ ജപ്പാനിലെ നാരയിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.

നെഞ്ചിൽ വെടിയേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അദ്ദേഹം മരണപ്പെട്ടത്. 2020 ഓഗസ്റ്റിലാണ് ഷിൻസോ ആബെ ജപ്പാൻ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.

നാവിക സേന മുൻ അംഗം യാമാഗാമി തെത്സൂയയെന്നാണ് ഷിൻസോ ആബെയെ വെടിവെച്ചതെന്നാണ് വിവരം. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് പ്രതിയുണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. യാമാഗാമി തെത്സൂയ നിലവിൽ െേപാലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നയതന്ത്രപ്രതിനിധിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ നൽകി ഇന്ത്യ ഷിൻസോ ആബെയെ ആദരിച്ചിട്ടുണ്ട്.

ടോക്കിയോ: വെടിയേറ്റ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ നില അതീവ ഗുരുതരമെന്നും, മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെ കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ച് ആബേയ്ക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് വെടിയുണ്ടകള്‍ ഏറ്റു എന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റ ഉടനെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്.

അതേസമയം, ഷിന്‍സോ ആബേ വെടിയേറ്റു വീണയുടന്‍ സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി പ്രഥമ ശുശ്രൂഷ നല്‍കുകയും അബോധാവസ്ഥയിലായ അദ്ദേഹത്തെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യ നിലയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പിന്നില്‍നിന്ന് കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. അക്രമി എന്നുകരുതുന്ന 41 കാരനായ യമഗാമി തെത്സുയയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

ആബേയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറുമായി സംസാരിച്ചു. മോദിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ആബേ. ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിന്‍സോ ആബേ. 2020ലാണ് അദ്ദേഹം അധികാരത്തില്‍ നിന്നിറങ്ങുന്നത്.

ലണ്ടൻ: ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. പാർട്ടി നേതൃസ്ഥാനവും അദ്ദേഹം രാജിവെച്ചു. പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും പുതിയ നേതാവിന് എല്ലാ പിന്തുണയും നൽകുമെന്നും ബോറിസ് ജോൺസൺ അറിയിച്ചു. മന്ത്രിമാരുടെ കൂട്ടരാജിയെ തുടർന്നാണ് ബോറിസ് ജോൺസൺ രാജിവെച്ചത്.

മന്ത്രിമാരുടെ രാജി ബോറിസ് ജോൺസണ് വലിയ തിരിച്ചടിയായിരുന്നു. ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കിടയായിരുന്നു.

അനവധി ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ പിന്നീട് ഈ പദവിയിൽ നിന്നും നീക്കിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം കനത്തു. ഇതിനിടെയാണ് ബാറിസ് ജോൺസൺ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ രാജി വെച്ചത്.

ജനങ്ങൾ സർക്കാരിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നെന്നാണ് രാജിവെച്ച മന്ത്രിമാർ പറഞ്ഞത്. ധാർമികതയോടെ ഇനി മന്ത്രിസഭയിൽ തുടരാൻ കഴിയില്ലെന്നതിനാലാണ് രാജി നൽകിയതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. മൂന്നിൽ രണ്ടു ബ്രിട്ടീഷുകാരും ബോറിസ് ജോൺസനെ ഇനി പ്രധാമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് സർവ്വേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇത് കൂടി കണക്കിലെടുത്തായിരുന്നു ബോറിസ് ജോൺസന്റെ രാജി. അതേസമയം, ബോറിസ് ജോൺസന്റെ രാജി പ്രഖ്യാപനത്തെ ഭരണ – പ്രതിപക്ഷ വ്യത്യസമില്ലാതെ നേതാക്കൾ സ്വാഗതം ചെയ്തു.

ജനീവ: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി ലോകാരോഗ്യ സംഘടന. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഒമിക്രോണിന്റെ പുതിയ വകഭേദമായ ബി എ 2.75 കണ്ടെത്തിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

പുതിയ വകഭേദത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ മുപ്പത് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. യൂറോപ്പിലും അമേരിക്കയിലും ബി എ 4 ഉം ബി എ 5 ഉം വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ ഉൾപ്പടെയുള്ള ചില രാജ്യങ്ങളിൽ ബി എ 2.75 ന്റെ പുതിയ ഉപ വകഭേദവും കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, വിശകലനം ചെയ്യാൻ ഈ ഉപവേരിയന്റിന്റെ പരിമിതമായ ശ്രേണികൾ ലഭ്യമാണെന്നും കൂടുതൽ നിരീക്ഷിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന അധികൃതർ വിശദമാക്കുന്നു.

ലണ്ടൻ: ബ്രിട്ടണിൽ ബോറിസ് ജോൺസൺ സർക്കാർ പ്രതിസന്ധിയിൽ. ഇന്ത്യൻ വംശജനായ ധനകാര്യ മന്ത്രി ഋഷി സുനാകും ആരോഗ്യ മന്ത്രി സാജിദ് ജാവിദും സർക്കാരിനെ പ്രതിസന്ധിയിലാക്കി രാജി വച്ചു. സർക്കാരിൽ നിന്ന് ഒഴിയുന്നതിൽ വിഷമം ഉണ്ടെങ്കിലും, തങ്ങൾക്ക് ഇങ്ങനെ തുടരാൻ ആവില്ലെന്ന നിഗമനത്തിൽ എത്തിയതായി ഋഷി സുനാക് രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സർക്കാരിനെ ശരിയായ രീതിയിൽ, കാര്യക്ഷമതയോടെയും ഗൗരവത്തോടെയും ഭരിക്കണമെന്നാണ് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഇത് ഒരുപക്ഷേ തന്റെ അവസാനത്തെ മന്ത്രിപദവി ആയിരിക്കാമെന്ന് താൻ തിരിച്ചറിയുന്നുണ്ടെന്നും എന്നാൽ, പൊജുജനം പ്രതീക്ഷിക്കുന്ന നിലവാരം കാത്തുസൂക്ഷിക്കാൻ, രാജിയാണ് ഉത്തമെന്നും ഋഷി സുനാക് അറിയിച്ചു.

അതേസമയം, മനസാക്ഷിയ്ക്ക് വിരുദ്ധമായി ഇനി തുടരാനാവില്ലെന്നാണ് സാജിദ് ജാവിദ് വ്യക്തമാക്കുന്നത്. നിരവധി ജനപ്രതിനിധികൾക്കും, ജനങ്ങൾക്കും ബോറിസ് ജോൺസണിൽ വിശ്വാസം നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി. ജോൺസന്റെ നേതൃത്വത്തിന് കീഴിൽ നിലവിലെ സാഹചര്യം മെച്ചപ്പെടില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് രാജിവെയ്ക്കുന്നത്. ഒന്നിന് പുറമേ ഒന്നായി വന്ന വിവാദങ്ങളോടെ ദേശീയ താൽപര്യത്തിന് അനുസരിച്ച് ഭരണം നടത്താൻ ഉള്ള ബോറിസ് ജോൺസന്റെ ശേഷിയിൽ തനിക്ക് വിശ്വാസം നഷ്ടമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്’ എന്നാണ് കയ്യില്‍ കൊണ്ടുനടക്കാവുന്ന ഫോണ്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയ മാര്‍ട്ടിന്‍ കൂപ്പറിന് ഇന്നത്തെ തലമുറയോട് പറയാനുള്ളത്. അഞ്ച് മണിക്കൂറിന് മുകളില്‍ മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്ന തന്നെ പോലുള്ളവരോട് എന്താണ് പറയാനുള്ളത് എന്ന് ബിബിസിയുടെ ഒരു പരിപാടിയില്‍ അവതാരകയുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ ഈ തുറന്നടിച്ച മറുപടി.

‘നിങ്ങള്‍ ശരിക്കും ഒരു ദിവസം അഞ്ച് മണിക്കൂര്‍ ഫോണില്‍ ചെലവഴിക്കാറുണ്ടോ’? എന്ന് അദ്ദേഹം അവതാരകയോട് ചോദിച്ചു. ഒരു ജീവിതം സ്വന്തമാക്കൂ എന്നാണ് ഞാന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണുകളില്‍ അധികസമയം ചെലവിടുന്നവര്‍ വളരെ കുറച്ച് സമയം മാത്രമേ ജീവിക്കുന്നുള്ളൂ എന്ന് പറഞ്ഞ കൂപ്പര്‍, തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ താന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറുള്ളൂ എന്നും പറഞ്ഞു.

1973 ലാണ് കൂപ്പര്‍ മോട്ടോറോള ഡൈന ടിഎസി 8000എക്‌സ് എന്ന ആദ്യത്തെ വയര്‍ലെസ് സെല്ലുലാര്‍ ഫോണ്‍ അവതരിപ്പിച്ചത്. നമ്മുടെ ചെവിയ്ക്കും വായയ്ക്കും ഇടയില്‍ യോജിക്കുന്ന വലിപ്പമുള്ളതും പോക്കറ്റില്‍ കൊള്ളുന്നതുമായിരുന്ന ഒരു ഫോണ്‍ ആയിരുന്നു തന്റെ ഭാവനയില്‍ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യമായി നിര്‍മിച്ച ഫോണില്‍ ഓഫ് ആവുന്നതിന് മുമ്പ് 25 മിനിറ്റ് നേരം സംസാരിക്കാന്‍ സാധിച്ചിരുന്നുവെന്നും മാര്‍ട്ടിന്‍ കൂപ്പര്‍ പറഞ്ഞു.

വാഷിംഗ്ടൺ: മങ്കിപോക്‌സിനെതിരെ മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. എല്ലാ രാജ്യങ്ങളിലെയും സർക്കാരുകളും ബന്ധപ്പെട്ട അധികൃതരും രോഗവ്യാപനത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അടിയന്തരമായി ഇക്കാര്യത്തിൽ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. അല്ലാത്തപക്ഷം രോഗവ്യാപനത്തിൻറെ തോതും ഏരിയയും വലുതായിക്കൊണ്ടിരിക്കുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. അത്തരമൊരു സാഹചര്യത്തിലേക്ക് എത്താതിരിക്കണമെങ്കിൽ നിലവിൽ ജാഗ്രത കൂടിയേ തീരൂവെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് മേഖല ഡയറക്ടർ ഹാൻസ് ഹെൻറി ക്ലൂഗ് അറിയിച്ചു.

നിലവിൽ ആഗോളതലത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. എന്നാൽ ജാഗ്രതയോടെ മുന്നോട്ട് നീങ്ങേണ്ടതിന്റെ ആവശ്യകതയാണ് വിദഗ്ധർ ഉയർത്തിക്കാട്ടുന്നു.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് കുരങ്ങുപനി രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് കുരങ്ങുപനി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ കുരങ്ങുപനി. തീവ്രത കുറവാണെങ്കിലും 1980 ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങുപനിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ കുരങ്ങുപനി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

സിങ്കപുര്‍ സിറ്റി: സിങ്കപ്പൂരിലെ വിപണിയിലെത്തിയ പുതിയ ബിയര്‍ ബ്രാന്‍ഡായ ‘ന്യൂബ്രൂ’ നിര്‍മ്മിക്കുന്നത് ശൗചാലയത്തില്‍ നിന്നടക്കമുള്ള മലിനജലം ശുദ്ധീകരിച്ച്. സിങ്കപ്പൂര്‍ ദേശീയ ജല അതോറിറ്റിയായ പബും ബ്രിവെര്‍ക്‌സ് എന്ന മദ്യനിര്‍മാണ കമ്പനിയും ചേര്‍ന്നാണ് മലിനജലം ശുദ്ധീകരിച്ചുള്ള പുതിയ ബിയര്‍ പുറത്തിറക്കിയിരിക്കുന്നത്.

‘ഇത് ശൗചാലയ വെള്ളം കൊണ്ട് നിര്‍മിച്ചതാണെന്ന് ഞാന്‍ ഗൗരവമായി കണക്കാക്കുന്നില്ല’ ബിയര്‍ വാങ്ങി രുചിച്ച ശേഷം 58-കാരനായ ച്യൂ വെയ് ലിയാന്‍ പറഞ്ഞു.’തണുപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കത് ഒരു പ്രശ്‌നമല്ല. എല്ലാ ബിയറും പോലെയാണ് എനിക്കിതും’ ച്യൂ വെയ് ലിയാന്‍ പറഞ്ഞു. ശൗചലായ വെള്ളമടക്കമുള്ള മലിനജലത്തില്‍ നിന്നും വേര്‍തിരിച്ച് കുടിവെള്ളം നിര്‍മിക്കുന്ന ന്യുവാട്ടര്‍ ബ്രാന്‍ഡിന്റെ വെള്ളം ഉപയോഗിച്ചാണ് ന്യൂബ്രൂ ബിയര്‍ നിര്‍മിക്കുന്നത്. ന്യൂബ്രൂവിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന 95 ശതമാനം വെള്ളവും ന്യൂവാട്ടറാണ്.

2018-ല്‍ നടന്ന ജല കോണ്‍ഫറന്‍സിലാണ് പുതിയ സംരംഭം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ വര്‍ഷം ഏപ്രിലിലോടെ സിങ്കപ്പൂരിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ബ്രിവെര്‍ക്‌സിന്റെ ഔട്ട്‌ലെറ്റുകളിലും ന്യൂബ്രൂ വില്‍പനക്കെത്തുകയും ചെയ്തു.

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ശ്രീലങ്ക. ഇന്ധനക്ഷാമവും ഭക്ഷ്യക്ഷാമവും നേരിടാൻ ശ്രീലങ്കൻ ജനത ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നാണ് വിവരം. ശ്രീലങകയിൽ ഇന്ധനക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇന്ധനക്ഷാമത്തെ തുടർന്ന് പെട്രോളിനായി വാഹന ഉടമകൾക്ക് അധികൃതർ തിങ്കളാഴ്ച ടോക്കൺ അനുവദിച്ചു. രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരോട് വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു. അവശ്യവസ്തുക്കൾക്ക് കനത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കളുടേയും ഇന്ധനത്തിന്റേയും ഇറക്കുമതിയെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

അതേസമയം, 9,000 ടൺ ഡീസലും 6,000 ടൺ പെട്രോളും നിലവിൽ സംഭരണത്തിലുണ്ടെന്നും ഊർജ്ജമന്ത്രി കാഞ്ചന വിജെശേകെര നേരത്തെ വ്യക്തമാക്കിയിരുന്നു. കൊളംബോയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്‌കൂളുകൾക്ക് ഒരാഴ്ച അവധി നൽകിയിട്ടുണ്ട്.