മധുര തിരുപ്പറങ്കുണ്ട്രത്ത് കാർത്തിക ദീപ മഹോത്സവത്തിനിടയിൽ സുപ്രീം കോടതി നിർദ്ദേശിച്ച സ്ഥലത്ത് വിളക്ക് കൊളുത്താതെ തമിഴ്നാട് സർക്കാർ പിന്മാറി. കുന്നിൻ മുകളിലെ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള ‘ദീപത്തൂണിൽ’ വിളക്ക് കൊളുത്തുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ ഈ തീരുമാനം. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാത്തതിലൂടെ മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാർ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വന്നേക്കും.
പരമ്പരാഗതമായി വിളക്ക് കൊളുത്താറുള്ള ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപ മണ്ഡപത്തിൽ തന്നെയാണ് ഇത്തവണയും ചടങ്ങുകൾ നടത്തിയത്. സുപ്രീം കോടതി വിധി ലംഘിച്ചുവെന്ന് ആരോപിച്ച് ബിജെപിയും ഹിന്ദു സംഘടനകളും സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് തുടക്കമിട്ടു. അതേസമയം, സംസ്ഥാനത്തെ മതസൗഹാർദ്ദവും സാമൂഹിക നീതിയും സംരക്ഷിക്കാനാണ് സർക്കാർ ഈ നിലപാടെടുത്തതെന്ന് ഭരണകക്ഷിയായ ടി.വി.കെ വ്യക്തമാക്കി.

