യോഗയെ കൂടുതൽ ജനകീയമാക്കാനുള്ള പദ്ധതികളുമായി സൗദി അറേബ്യ; യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികളെ യോഗ പഠിപ്പിക്കും

റിയാദ്: ഇന്ത്യൻ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നായ യോഗയെ കൂടുതൽ ജനകീയമാക്കാനുള്ള പദ്ധതികളുമായി സൗദി അറേബ്യ. സൗദിയിലെ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികളെ യോഗ പഠിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. രാജ്യത്തുടനീളമുള്ള എല്ലാ സൗദി സർവ്വകലാശാല പ്രതിനിധികൾക്കും യോഗയെക്കുറിച്ചുള്ള വെർച്വൽ ക്ലാസും സൗദി സംഘടിപ്പിച്ചിരുന്നു.

യോഗയുടെ പ്രധാന്യവും സ്വീകാര്യതയും തിരിച്ചറിഞ്ഞാണ് സൗദി ഇത്തരമൊരു നടപടി സ്വീകരിച്ചത്. യോഗയെ കായിക വിനോദമായി അവതരിപ്പിക്കാനും സൗദി അറേബ്യ ലക്ഷ്യമിടുന്നു. സൗദി യൂണിവേഴ്സിറ്റീസ് സ്‌പോർട്‌സ് ഫെഡറേഷന്റെ (എസ്യുഎസ്എഫ്) സഹകരണത്തോടെ സൗദി യോഗ കമ്മിറ്റിയാണ് റിയാദിൽ ക്ലാസ്സ് സംഘടിപ്പിച്ചത്. പതിവായി യോഗ ചെയ്യുന്നതിലൂടെ ലഭിക്കുന്ന പ്രയോജനങ്ങൾ ക്ലാസിൽ വിശദീകരിച്ചു.

പ്രൊഫഷണൽ യോഗ പരിശീലനത്തിന്റെ ആവശ്യകതകൾ എന്നിവ സംബന്ധിച്ച കാര്യങ്ങളും ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നു. യോഗയെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി സൗദിയിൽ യോഗ റഫറിമാർക്ക് പ്രത്യേക കോച്ചിങ് നൽകുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള യോഗ വിദഗ്ധരാണ് ക്ലാസ് നയിക്കുന്നത്.