ഖോസ്ത 2: ആശങ്ക പടര്‍ത്തി പുതിയ വൈറസ് റഷ്യയില്‍

കൊവിഡിന് ശേഷം പുതിയ ഒരു വൈറസിന്റെ സാന്നിദ്ധ്യമാണ് ഇപ്പോള്‍ ആശങ്ക പടര്‍ത്തുന്നത്. ഖോസ്ത 2 എന്ന വൈറസിന്റെ സാന്നിദ്ധ്യം നിലവില്‍ റഷ്യയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ വൈറസിന്റെ സാന്നിദ്ധ്യം 2020ല്‍ കണ്ടെത്തിയിരുന്നെങ്കിലും മനുഷ്യരെ ബാധിക്കില്ലെന്നായിരുന്നു ഗവേഷകര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, പിന്നീട് നടത്തിയ പഠനങ്ങളിലാണ് മനുഷ്യരെയും ഈ വൈറസ് ബാധിക്കുമെന്ന് കണ്ടെത്തിയത്. ഖോസ്ത 1 ഉം ഖോസ്ത 2 എന്നീ രണ്ടുതരത്തിലുള്ള വൈറസാണ് ഉള്ളത്. ഇതില്‍ ഖോസ്ത 2 ആണ് മനുഷ്യരെ ബാധിക്കുന്നത്. വവ്വാലുകളിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. പിന്നീട് ഇത് പതിയെ മനുഷ്യരിലേക്ക് പടരുകയും പകര്‍ച്ച വ്യാധിയായി മാറുകയുമാണ് ചെയ്യുന്നത്. കൊവിഡ് വൈറസിന് സമാനമായി നാരുകള്‍ പോലുള്ള സ്‌പൈക്ക് പ്രോട്ടീന്‍ ഉപയോഗിച്ചാമ് ഖോസ്ത മനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത്.

അതേസമയം, കൊവിഡ് വാക്‌സിനുകള്‍ ഈ വൈറസിനെ പ്രതിരോധിക്കാന്‍ ഫലപ്രദമല്ലാത്തതിനാല്‍ പുതിയ വാക്‌സിന്‍ വികസിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഖോസ്ത 2വിന്റെ രോഗലക്ഷണങ്ങളെക്കുറിച്ച് വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.