സ്വന്തം ജനതയെ ഓർത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണം; പുടിനോട് അഭ്യർത്ഥനയുമായി ഫ്രാൻസിസ് മാർപ്പാപ്പ

റോം: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനോട് അഭ്യർത്ഥനയുമായി ഫ്രാൻസിസ് മാർപ്പാപ്പ. സ്വന്തം ജനതയെ ഓർത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പുടിനോട് അഭ്യർത്ഥിച്ചു. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മാർപ്പാപ്പ പുടിനോട് ഇത്തരമൊരു അഭ്യർത്ഥന നടത്തുന്നത്. ക്രമത്തിന്റേയും മരണത്തിന്റേയും അപകടകരമായ ഈ ചുഴിയിൽ നിന്ന് പുറത്തുകടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, യുദ്ധം സൃഷ്ടിച്ച ഈ നരകതുല്യമായ അവസ്ഥയെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു. ആണവ ആയുധങ്ങൾ പ്രയോഗിക്കപ്പെടാനുള്ള സാധ്യത പോലും നിലനിൽക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തത്വങ്ങൾക്ക് വിരുദ്ധമായ തുടർനടപടികളെ താൻ ഭയപ്പെടുന്നുണ്ട്. യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളിൽ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരണക്കളി അവസാനിപ്പിക്കണമെന്ന് അദ്ദേഹം റഷ്യൻ പ്രസിഡന്റിനോട് അഭ്യർത്ഥിച്ചു. സമാധാനത്തിനായുള്ള നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യണമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.