General (Page 1,501)

കൊച്ചി: മരംമുറി കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി പൊതുതാത്പര്യ ഹർജി തള്ളിയത്. കേസിൽ സി ബി ഐക്ക് ഇടപെടാനാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ വ്യക്തമാക്കി. ഇത് കണക്കിലെടുത്താണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സർക്കാർ തള്ളിയത്. അതേസമയം മരംമുറിയുമായി ബന്ധപ്പെട്ട് ഉയർന്ന് വിവാദങ്ങളുടെ യാഥാർത്ഥ്യം അന്വേഷിക്കുന്നതിനായി നിഷ്പക്ഷരായ മൂന്നംഗ വിദഗ്ധ സമിതിയെ യു ഡി എഫ് നിയോഗിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.

പ്രൊഫ ഇ. കുഞ്ഞികൃഷ്ണൻ, അഡ്വ സുശീല ഭട്ട്, റിട്ടയേഡ് ഐ എഫ് എസ് ഉദ്യോഗസ്ഥൻ ഒ ജയരാജ് എന്നിവരുൾപ്പെടുന്ന സമിതിയെയാണ് യുഡിഎഫ് നിയോഗിച്ചത്. എല്ലാ കക്ഷി നേതാക്കന്മാരുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്ചയിച്ചിരിക്കുന്നതെന്ന് യുഡിഎഫ് വ്യക്തമാക്കി. സമിതിയുടെ അന്വേഷണ റിപ്പോർട്ട് യുഡിഎഫ് പൊതുസമൂഹത്തിന് മുന്നിൽ ചർച്ച ചെയ്യുമെന്നും വി ഡി സതീശൻ വിശദമാക്കി.

ദുഷാൻബെ: പാകിസ്താനെ പ്രതിരോധത്തിലാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) എൻ.എസ്.എ യോഗത്തിൽ വെച്ചാണ് അജിത് ഡോവൽ പാകിസ്താനെ പ്രതിരോധത്തിലാക്കിയത്. ചില കടുത്ത പരാമർശങ്ങളിലൂടെയാണ് അദ്ദേഹം പാകിസ്താനെതിരെ പ്രതികരിച്ചത്. പാകിസ്താൻ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസുഫ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സമ്മേളനത്തിലാണ് അജിത് ഡോവലിന്റെ പരാമർശങ്ങൾ.

എസ്.സി.ഒ ചട്ടക്കൂടിന്റെ ഭാഗമായി പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നിവർക്കെതിരെ കർമപദ്ധതി കൊണ്ടുവരണമെന്ന് അജിത് ഡോവൽ യോഗത്തിൽ ആവശ്യപ്പെട്ടു. തീവ്രവാദ ധനസഹായത്തെ ചെറുക്കുന്നതിന് എസ്.സി.ഒയും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സും (എഫ്.ടി.എഫ്) തമ്മിലുള്ള ധാരാണപത്രം ഉൾപ്പടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്രവാദ പ്രവർത്തനങ്ങളെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു. ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

മുംബൈ ഭീകാരാക്രമണം, പാർലമെന്റ് ആക്രമണം തുടങ്ങി കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ ഇന്ത്യയിൽ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ തീവ്രവാദ സംഘടനകളാണ് ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദും. എല്ലാ ഭീകരരെയും നീതിപീഠത്തിന് മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദ പ്രവർത്തനങ്ങളിലേർപ്പെട്ട വ്യക്തികൾക്കെതിരെയും സംഘടനകൾക്കെതിരേയും ഉപരോധമേർപ്പെടുത്തികൊണ്ടുള്ള യുഎൻ പ്രമേയങ്ങൾ പൂർണ്ണമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു.

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി നിയമനത്തിനുള്ള അന്തിമ പട്ടിക തയ്യാറായി. പട്ടികയിൽ നിന്നും ടോമിൻ തച്ചങ്കരി പുറത്തായി. സുദേഷ്‌കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നിവരാണ് അന്തിമപട്ടികയിൽ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ സമിതി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പട്ടികയിലുണ്ടായിരുന്ന അരുൺ കുമാർ സിൻഹ സ്വയം ഒഴിവായി.

ടോമിൻ തച്ചങ്കരി ഉൾപ്പെടെ ഒമ്പത് പേരുടെ പട്ടികയാണ് കേരളം കൈമാറിയിരുന്നത്. ഇതിൽ നിന്നാണ് മൂന്ന് പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. 30 വർഷം സർവീസ് പൂർത്തിയാക്കിയ, 1987 മുതൽ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം സമർപ്പിച്ചത്. യുപിഎസ്സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുൾപ്പെട്ടതാണ് കേന്ദ്രസമിതിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.

സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് യുപിഎസ്സി സമിതിക്കു പാനൽ സമർപ്പിച്ച്, അവർ നൽകുന്ന പേരുകളിൽ നിന്ന് ഒരാളെ കേരളത്തിൽ ഡിജിപിയായി നിയമിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു നടപടി.

പാരിസ്: ആരാധനാലയങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ച് ഫ്രാൻസ്. ഇതിന്റെ ഭാഗമായി ആരാധനാലയങ്ങളെയും മത സംഘടനകളെയും നിയന്ത്രിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്ന ബിൽ ഫ്രാൻസ് പാർലമെന്റിൽ അവതരിപ്പിച്ചു. കോടതികളുടെ അനുവാദമില്ലാതെ ആരാധനാലയങ്ങൾ അടച്ച് പൂട്ടുന്നതിനും മതസംഘടനകളെ പിരിച്ച് വിടുന്നതിനും സർക്കാരിന് അധികാരം നൽകുന്ന ബില്ലാണ് പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

നിർണായക വ്യവസ്ഥകളുള്ള ബില്ലാണ് ഫ്രാൻസ് പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്. മതസംഘടനകളോ പ്രവർത്തകരോ അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ വിദ്വേഷ പ്രചാരണം നടത്തുകയോ ചെയ്താൽ ആ സംഘടനയെ നിരോധിക്കണമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. പ്രവർത്തനം തുടരാനായി മതസംഘടനകൾ ഓരോ അഞ്ച് വർഷത്തിലും അനുമതി വാങ്ങണമെന്നും വിദേശ ഫണ്ടുകൾ സംബന്ധിച്ച കണക്ക് എല്ലാ വർഷവും സർക്കാരിനെ ബോധ്യപ്പെടുത്തണമെന്നും ബില്ലിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. അടുത്ത ആഴ്ച്ച ബില്ല് ദേശീയ അസംബ്ലിയിൽ ചർച്ച ചെയ്യും. പള്ളികളും സിനഗോഗുകളും ഉൾപ്പെടെ എല്ലാ ആരാധനാലയങ്ങൾക്കും നിയമം ബാധകമാണെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. അതേസമയം ഇസ്ലാമിക പള്ളികളെയും സംഘടനകളെയും ലക്ഷ്യമിട്ടാണ് സർക്കാരിന്റെ നീക്കമെന്നാണ് പൊതുവെ ഉയരുന്ന ആരോപണം.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചു വിട്ട താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നത് വൈകും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ബസ് സർവ്വീസുകൾ വെട്ടിക്കുറച്ചതും വരുമാനത്തിലുണ്ടായ ഇടിവും മൂലമാണ് താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ വൈകുന്നത്.

നിലവിലെ സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ 2000 ബസുകൾ പോലും സർവ്വീസ് നടത്തുന്നില്ല. നാലായിരത്തിലധികം ബസുകൾ സർവ്വീസ് നടത്തിയാൽ പോലും ജീവനക്കാർ അധികമാണെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ വൈകുമെന്നാണ് വിവരം.

പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കാൻ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സിയിൽ എം.പാനലായി ജോലി ചെയ്തിരുന്ന 6561 പേരെ പിരിച്ചുവിട്ടത്. ഇവരിൽ പത്തു വർഷം സർവീസുള്ളവരെ കെ.യു.ആർ.ടി.സിയിൽ സ്ഥിരപ്പെടുത്താനും അഞ്ചു വർഷം ജോലി ചെയ്തിരുന്നവർക്ക് പുതിയ ട്രാൻസ്പോർട്ട് കമ്പനിയായ സ്വിഫ്ടിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നൽകാനുമായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരുന്നു. 3308 പേർക്കായിരുന്നു കെ.എസ്.ആർ.ടി.സി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം നിയമന സാധ്യത.

ന്യൂഡൽഹി: ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ കേരളത്തിനെതിരെയും ആന്ധ്രപ്രദേശിനെതിരെയും രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പരീക്ഷ നടത്തിയേ തീരൂവെന്ന് വാശിപിടിക്കുന്നത് എന്തിനെന്ന് സംസ്ഥാനങ്ങളോട് കോടതി ചോദിച്ചു. പരീക്ഷ നടത്തി കുട്ടികളെ അപകടത്തിലാക്കരുതെന്നും കോടതി പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത ഇപ്പോഴുമുണ്ട്. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ പരീക്ഷ നടത്താൻ അനുവദിക്കില്ല. കേരളത്തിൻറെ സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്ലസ് വൺ പരീക്ഷയുടെ കാര്യത്തിൽ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനും വിദ്യാർത്ഥികളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കാനാകില്ലെന്നും സെപ്തംബറിൽ പരീക്ഷ നടത്തുന്നതിനോട് യോജിക്കാനാകില്ലെന്നും കോടതി അറിയിച്ചു. ഓരോ മരണത്തിനും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കുമെന്നാണ് ആന്ധ്രാപ്രദേശിനോട് കോടതി പറഞ്ഞത്.

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എഫ്‌ഐആർ സമർപ്പിച്ച് സിബിഐ. സിബി മാത്യൂസും ആർ.ബി. ശ്രീകുമാറും കെ.കെ.ജോഷ്വയും അടക്കമുള്ളവർ പ്രതികളാണെന്ന് വ്യക്തമാക്കിയാണ് സിബിഐ എഫ്‌ഐആർ സമർപ്പിച്ചത്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ. എഫ്.ഐ.ആർ. സമർപ്പിച്ചത്. കേരള പോലീസ്, ഐബി ഉദ്യോഗസ്ഥരടക്കം 18 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

സുപ്രീം കോടതിയാണ് ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. തുടർന്ന് മെയ് മാസം സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നമ്പി നാരായണൻ അടക്കമുള്ളവരെ കേസിൽ ഉൾപ്പെടുത്തി എന്നാരോപിക്കപ്പെടുന്നവരുടെ കൃത്യമായ പട്ടിക തയാറാക്കിയാണ് എഫ്.ഐ.ആർ എടുത്തിരിക്കുന്നത്.

അന്നത്തെ പേട്ട സിഐ ആയിരുന്ന എസ്. വിജയൻ ഒന്നാം പ്രതിയും പേട്ട എസ്.ഐ. ആയിരുന്ന തമ്പി എസ്. ദുർഗാദത്ത് രണ്ടാം പ്രതിയുമാക്കിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി.ആർ. രാജീവൻ മൂന്നാം പ്രതിയും സിബി മാത്യൂ നാലാം പ്രതിയും ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാർ ഏഴാം പ്രതിയുമാണ്. നമ്പി നാരായണൻ അടക്കമുള്ളവർക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നാണ് നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയത്. ഗൂഢാലോചന കേസിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ചിറ്റൂർ: കോവിഡ് പ്രോട്ടോകോളുകൾ കാറ്റിൽ പറത്തി മദ്യശാലയ്ക്ക് മുന്നിൽ നീണ്ട നിര. സാമൂഹിക അകലം പോലും പാലിക്കാതെ നിരവധി ആളുകളാണ് മദ്യശാലയ്ക്ക് മുന്നിൽ തടിച്ചു കൂടിയത്. അതിർത്തിയോട് ചേർന്നു കിടക്കുന്ന ബിവ്‌റിജസിന്റെ മേനോൻപാറ ഔട്ട്‌ലെറ്റിലാണ് സംഭവം. അരകിലോമീറ്ററോളം നീളത്തിലാണ് ഇവിടെ ആളുകൾ ക്യൂ നിന്നത്.

നിശ്ചിത ദൂരത്തിൽ സാമൂഹിക അകലം പാലിച്ച് വേണം ക്യൂ നിൽക്കാനെന്നാണ് അധികൃതർ നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് ആളുകൾ ക്യൂ നിൽക്കുന്നത്. റോഡിന്റെ ഒരു വശത്ത് ആളുകൾ ക്യൂ നിൽക്കുന്നതിനാലും മറുവശത്ത് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതിനാലും പ്രദേശത്ത് വലിയ ഗതാഗത കുരുക്കും ഉണ്ടാകുന്നുണ്ട്. മദ്യശാലകൾ തുറന്ന ആദ്യ ദിവസം പോലീസ് ആളുകളെ നിയന്ത്രിച്ചിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ നിയന്ത്രണം നടപ്പായില്ല. ഇതോടെയാണ് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആളുകൾ മദ്യം വാങ്ങാനെത്തിയത്.

തമിഴ്‌നാട്ടിൽ നിന്നു നൂറുകണക്കിന് ആളുകളാണ് മദ്യം വാങ്ങാൻ അതിർത്തി കടന്നെത്തുന്നത്. ആദ്യ ദിവസങ്ങളിൽ ഗോപാലപുരം ബാർ പ്രവർത്തിച്ചിരുന്നതിനാൽ മേനോൻപാറയിൽ തിരക്ക് താരതമ്യേന കുറവായിരുന്നു. എന്നാൽ ബാറുകൾ അടച്ചതോടെ മേനോൻപാറയിൽ തിരക്ക് വർധിച്ചു. അതേസമയം ശനിയും ഞായറും അവധിയായതിനാൽ വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ മദ്യവിൽപന ശാലയിലെ ജീവനക്കാർ കൂടുതൽ മദ്യം കൊണ്ടുപോയി ഇരട്ടി വിലയ്ക്ക് വിൽപന നടത്തുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മദ്യലഹരിയിലായിരുന്ന ഒരാൾ പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് നൽകുമെന്ന് പ്രമുഖ വിമാന കമ്പനി. ഇൻഡിഗോ എയർലൈൻസാണ് കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച യാത്രികർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് നൽകുമെന്ന് അറിയിച്ചിരിക്കുന്നത്.

വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്കും ഒരു ഡോസെങ്കിലും സ്വീകരിച്ചവർക്കും ടിക്കറ്റ് നിരക്കിന്റെ പത്ത് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ബുധനാഴ്ച്ച മുതലാണ് ഡിസ്‌കൗണ്ട് ഓഫർ ലഭ്യമാകുകയെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.

പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ള യാത്രക്കാർക്കാണ് ഡിസ്‌കൗണ്ട് ആനുകൂല്യം ലഭിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലുണ്ടായിരിക്കണം കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടായിരിക്കണം എന്നിവയാണ് ഡിസ്‌കൗണ്ട് ലഭ്യമാകാനുള്ള നിബന്ധനകൾ. ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് ലഭിച്ച യാത്രക്കാർ കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ തങ്ങളുടെ വാക്‌സിനേഷൻ സ്റ്റാറ്റസ് ആരോഗ്യസേതു മൊബൈൽ ആപ്പിൽ വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടർ/ ബോർഡിങ് ഗേറ്റിൽ കാണിക്കുകയോ വേണം.

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിൻ മുൻ വനം മന്ത്രി കെ രാജുവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന ആരോപണത്തിന് സ്ഥിരീകരണം. റോജി അഗസ്റ്റിൻ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാർ സമ്മതിച്ചു. മിസ്ഡ് കോൾ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു എന്നാണ് ശ്രീകുമാർ നൽകിയ വിശദീകരണം.

ഡി എഫ് ഒയെ മാറ്റണമെന്ന ആവശ്യമാണ് റോജി അഗസ്റ്റിൻ മുന്നോട്ട് വെച്ചതെന്നും എന്നാൽ താൻ പ്രതിയ്ക്ക് യാതൊരു വിധത്തിലുള്ള സഹായവും ചെയ്ത് നൽകിയല്ലെന്നുമാണ് ശ്രീകുമാർ വ്യക്തമാക്കുന്നത്. റോജി ഓഫീസ് നമ്പറിലാണ് വിളിച്ചതെന്നും അതുകൊണ്ട് വിളിച്ചതിന്റെ രേഖകളോ തെളിവുകളോ ഒന്നും ഇപ്പോൾ എടുക്കാനാകില്ലെന്നും ശ്രീകുമാർ പറയുന്നു.

മിസ്ഡ് കോൾ കണ്ടാൽ തിരിച്ച് വിളിക്കാറുണ്ട്. അങ്ങനെയാണ് റോജിയേയും വിളിച്ചത്. ഒരാൾ പ്രതിയായേക്കും എന്ന് കരുതി വിളിക്കാതിരിക്കില്ലല്ലോയെന്നും ശ്രീകുമാർ പറഞ്ഞു. റോജി നിരവധി തവണ വിളിച്ചിട്ടുണ്ട്. എന്നാൽ റോജി ആവശ്യപ്പെട്ട സഹായങ്ങളൊന്നും താൻ ഇതുവരെ ചെയത് നൽകിയിട്ടില്ല. ഒരുതവണ റോജി മന്ത്രിയുടെ ഓഫീസിൽ വന്നിട്ടുണ്ട്. എന്നാൽ മന്ത്രിയെ അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ടോയെന്ന കാര്യം അറിയില്ലെന്നും ശ്രീകുമാർ വിശദീകരിച്ചു. സർക്കാർ സിം ആണ് താൻ ഉപയോഗിച്ചിരുന്നതെന്നും പിന്നീട് ഇത് തിരിച്ച് നൽകിയെന്നും ശ്രീകുമാർ പറഞ്ഞു.