സാമ്പത്തിക പ്രതിസന്ധി; കെഎസ്ആർടിസിയിൽ നിന്നും പിരിച്ചു വിട്ട താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നടപടികൾ വൈകും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചു വിട്ട താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നത് വൈകും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ബസ് സർവ്വീസുകൾ വെട്ടിക്കുറച്ചതും വരുമാനത്തിലുണ്ടായ ഇടിവും മൂലമാണ് താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ വൈകുന്നത്.

നിലവിലെ സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ 2000 ബസുകൾ പോലും സർവ്വീസ് നടത്തുന്നില്ല. നാലായിരത്തിലധികം ബസുകൾ സർവ്വീസ് നടത്തിയാൽ പോലും ജീവനക്കാർ അധികമാണെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ വൈകുമെന്നാണ് വിവരം.

പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കാൻ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സിയിൽ എം.പാനലായി ജോലി ചെയ്തിരുന്ന 6561 പേരെ പിരിച്ചുവിട്ടത്. ഇവരിൽ പത്തു വർഷം സർവീസുള്ളവരെ കെ.യു.ആർ.ടി.സിയിൽ സ്ഥിരപ്പെടുത്താനും അഞ്ചു വർഷം ജോലി ചെയ്തിരുന്നവർക്ക് പുതിയ ട്രാൻസ്പോർട്ട് കമ്പനിയായ സ്വിഫ്ടിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നൽകാനുമായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരുന്നു. 3308 പേർക്കായിരുന്നു കെ.എസ്.ആർ.ടി.സി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം നിയമന സാധ്യത.