വിമാനയാത്രക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത; വാക്‌സിൻ സ്വീകരിച്ചവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവുമായി ഇൻഡിഗോ

ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് നൽകുമെന്ന് പ്രമുഖ വിമാന കമ്പനി. ഇൻഡിഗോ എയർലൈൻസാണ് കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച യാത്രികർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് നൽകുമെന്ന് അറിയിച്ചിരിക്കുന്നത്.

വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്കും ഒരു ഡോസെങ്കിലും സ്വീകരിച്ചവർക്കും ടിക്കറ്റ് നിരക്കിന്റെ പത്ത് ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ബുധനാഴ്ച്ച മുതലാണ് ഡിസ്‌കൗണ്ട് ഓഫർ ലഭ്യമാകുകയെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.

പതിനെട്ടു വയസ്സിനു മുകളിൽ പ്രായമുള്ള യാത്രക്കാർക്കാണ് ഡിസ്‌കൗണ്ട് ആനുകൂല്യം ലഭിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലുണ്ടായിരിക്കണം കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടായിരിക്കണം എന്നിവയാണ് ഡിസ്‌കൗണ്ട് ലഭ്യമാകാനുള്ള നിബന്ധനകൾ. ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് ലഭിച്ച യാത്രക്കാർ കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ തങ്ങളുടെ വാക്‌സിനേഷൻ സ്റ്റാറ്റസ് ആരോഗ്യസേതു മൊബൈൽ ആപ്പിൽ വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടർ/ ബോർഡിങ് ഗേറ്റിൽ കാണിക്കുകയോ വേണം.