തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എഫ്‌ഐആർ സമർപ്പിച്ച് സിബിഐ. സിബി മാത്യൂസും ആർ.ബി. ശ്രീകുമാറും കെ.കെ.ജോഷ്വയും അടക്കമുള്ളവർ പ്രതികളാണെന്ന് വ്യക്തമാക്കിയാണ് സിബിഐ എഫ്‌ഐആർ സമർപ്പിച്ചത്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ. എഫ്.ഐ.ആർ. സമർപ്പിച്ചത്. കേരള പോലീസ്, ഐബി ഉദ്യോഗസ്ഥരടക്കം 18 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.
സുപ്രീം കോടതിയാണ് ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. തുടർന്ന് മെയ് മാസം സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നമ്പി നാരായണൻ അടക്കമുള്ളവരെ കേസിൽ ഉൾപ്പെടുത്തി എന്നാരോപിക്കപ്പെടുന്നവരുടെ കൃത്യമായ പട്ടിക തയാറാക്കിയാണ് എഫ്.ഐ.ആർ എടുത്തിരിക്കുന്നത്.
അന്നത്തെ പേട്ട സിഐ ആയിരുന്ന എസ്. വിജയൻ ഒന്നാം പ്രതിയും പേട്ട എസ്.ഐ. ആയിരുന്ന തമ്പി എസ്. ദുർഗാദത്ത് രണ്ടാം പ്രതിയുമാക്കിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി.ആർ. രാജീവൻ മൂന്നാം പ്രതിയും സിബി മാത്യൂ നാലാം പ്രതിയും ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാർ ഏഴാം പ്രതിയുമാണ്. നമ്പി നാരായണൻ അടക്കമുള്ളവർക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നാണ് നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയത്. ഗൂഢാലോചന കേസിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

