General (Page 1,500)

തിരുവനന്തപുരം: കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കാൻ തീരുമാനം. വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതം സംബന്ധിച്ച തീരുമാനം ഉണ്ടായത്. വ്യവസായ വികസന രംഗത്ത് വൻ മുന്നേറ്റം സൃഷ്ടിക്കുന്ന പദ്ധതിയാണ് കൊച്ചി- ബംഗളൂരു ഇടനാഴി.

സംസ്ഥാന സർക്കാരിനാണ് പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കേണ്ട ചുമതല. പാലക്കാട്, എറണാകുളം ജില്ലകളിലായി പദ്ധതിക്കുവേണ്ടി കണ്ടെത്തിയ
2220 ഏക്കർ ഭൂമി നടപടികൾ പൂർത്തിയാക്കി ഏറ്റെടുത്ത് പദ്ധതി നടത്തിപ്പിനുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന് കൈമാറും.

പാലക്കാട് കണ്ണമ്പ്രയിൽ 312 ഉം പുതുശ്ശേരി സെൻട്രലിൽ 600ഉം പുതുശ്ശേരി ഈസ്റ്റിൽ 558 ഉം ഒഴലപ്പതിയിൽ 250 ഉം ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ഇതിനായുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചിട്ടുണ്ട്. ഇതിലുൾപ്പെട്ട 310 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 95 ശതമാനം നടപടികളും പൂർത്തിയാക്കി. മറ്റിടങ്ങളിൽ സ്ഥലമേറ്റെടുക്കൽ നിയമപ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും പബ്‌ളിക്ക് ഹിയറിങ് ആരംഭിക്കുകയും ചെയ്തു.
പാലക്കാട് സ്ഥലം ഏറ്റെടുക്കുന്നതിനായി 346 കോടി രൂപ കിൻഫ്രയ്ക്ക് നേരത്തെ കൈമാറിയിരുന്നു.

എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ ഇടനാഴിയുടെ ഭാഗമായുള്ള ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് 500 ഏക്കർ സ്ഥലം ഏറ്റെടുക്കും. ഇതിനുള്ള ഭരണാനുമതി നൽകി. കിൻഫ്ര 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായ സാമൂഹിക ആഘാത പഠനവും പൂർത്തിയാക്കി. പൊതുജനങ്ങളിൽ നിന്നുള്ള തെളിവെടുപ്പ് ജൂലൈ 8, 9, 10 തീയതികളിൽ നടക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. പരമാവധി കെട്ടിടങ്ങൾ ഒഴിവാക്കിയാണ് സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് ഇടവരുത്താത്ത സേവനമേഖലാ വ്യവസായങ്ങളാണ് അയ്യമ്പുഴയിൽ ഉണ്ടാവുക.

സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിന് കലണ്ടർ തയ്യാറാക്കും.
വ്യവസായ ഇടനാഴിയുടെ തുടർ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ദൈനംദിന വിലയിരുത്തലിനുമായി പ്രത്യേക വെബ് പോർട്ടലിന് കിൻഫ്ര രൂപംനൽകും.

കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കുക. ഭക്ഷ്യവ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ലഘു എഞ്ചിനീയറിംഗ് വ്യവസായം, ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ, ടെക്‌സ്റ്റെൽ സ്, ഖരമാലിന്യ റീസൈക്ലിംഗ്, ഇലക്ട്രോണിക്‌സ്, ഐ.ടി ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് തുടങ്ങിയ ക്ലസ്റ്ററുകൾ ആണ് ഇടനാഴിയുടെ ഭാഗമായ പാലക്കാട് കേന്ദ്രത്തിൽ ഉണ്ടാവുക. 83000 തൊഴിലവസരങ്ങളാണ് പാലക്കാട് ക്‌ളസ്റ്ററുകളിൽ പുതുതായി സൃഷ്ടിക്കപ്പെടുക. കളമശ്ശേരി കിൻഫ്ര പാർക്ക് ആസ്ഥാനമായി സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായ കെ. ഐ.സി.ഡി സി പ്രവർത്തനം തുടങ്ങുകയും ചെയ്തു.

covid

കോയമ്പത്തൂർ: കോവിഡ് മഹാമാരിയുടെ പിടിയിലാണ് ലോകരാജ്യങ്ങൾ. ആശങ്കയോടെയും ജാഗ്രതയോടെയുമാണ് കോവിഡിനെതിരെ ജനങ്ങൾ പോരാടുന്നത്. ആഘോഷങ്ങളും കൂടിച്ചേരലുകളും ഒന്നുമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. മാസ്‌കിന്റെ മറവോടെയാണ് ആളുകൾ പുറത്തിറങ്ങുന്നത് പോലും. കോവിഡ് വ്യാപനം ഇല്ലാതായി എല്ലാം പഴയപോലെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല.

ലോകം കോവിഡിന്റെ പിടിയിലാണെങ്കിലും വൈറസിനെ അകറ്റി നിർത്തിയിരിക്കുന്ന ചില പ്രദേശങ്ങളുണ്ട്. അത്തരത്തിലൊരു പ്രദേശമാണ് കോയമ്പത്തൂരിലെ മലയോര മേഖലയിലെ ചിന്നമ്പതി എന്ന ആദിവാസി ഗ്രാമം. ഇതുവരെ ഒരൊറ്റ കേസുപോലും റിപ്പോർട്ട് ചെയ്യപ്പെടാതെ ഇപ്പോഴും കോവിഡ് മുക്തമായി തുടരുകയാണ് ഈ ഗ്രാമം. അതിനാൽ തന്നെ ഈ ഗ്രാമത്തിലുള്ളവർക്ക് മാസ്‌ക് ധരിക്കുകയോ സാനിട്ടൈസർ ഉപയോഗിക്കുകയോ വേണ്ട. ഈ ഗ്രാമത്തിലെ ആളുകൾ കോവിഡിനെ ഭയക്കാതെയാണ് ജീവിക്കുന്നത്.

ഗ്രാമത്തിൽ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കില്ല എന്നതാണ് ഇവിടെ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടാത്തതിന്റെ കാരണം. പ്രകൃതിയോട് പൂർണ്ണമായും ഇണങ്ങി ജീവിക്കുന്ന ഇവരുടെ ജീവിത രീതികളും ഗ്രാമവാസികളെ കോവിഡിന്റെ പിടിയിൽ നിന്നും അകറ്റി നിർത്തുന്നു. ഇന്റർനെറ്റും, മൊബൈലും, മറ്റ് ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാത്ത ഒരു വിദൂര ഗ്രാമമാണ് ചിന്നമ്പതി.

ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതി. കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന്റെ ഓക്സിജൻ ആവശ്യകത ഡൽഹി സർക്കാർ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്നാണ് പ്രത്യേക സമിതി കണ്ടെത്തിയിരിക്കുന്നത്. വേണ്ടിയിരുന്ന ഓക്സിജൻ അളവിനേക്കാൾ നാല് മടങ്ങാണ് ഡൽഹി ആവശ്യപ്പെട്ടതെന്നാണ് സമിതി പറയുന്നത്. ഇക്കാര്യങ്ങൾ വിശദമാക്കി പ്രത്യേക സമിതി ഇടക്കാല റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇത് മറ്റു സംസ്ഥാനങ്ങളുടെ ഓക്സിജൻ ലഭ്യതയെ ബാധിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കിടക്കകളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ച് 289 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് ഡൽഹിയ്ക്ക് ആവശ്യമുണ്ടായിരുന്നത്. എന്നാൽ 1,140 മെട്രിക് ടൺ ഓക്‌സിജനാണ് ഡൽഹി സർക്കാർ ആവശ്യപ്പെട്ടത്. ശരാശരി ഓക്സിജൻ ഉപഭോഗം 284-372 മെട്രിക് ടൺ ആയിരിക്കെ നാലിരട്ടിയോളം അളവ് ആവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം ഡൽഹി തടസപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

കിടക്കകളുടെ എണ്ണം കുറവുള്ള ഡൽഹിയിലെ സിംഘാൽ ആശുപത്രി, അരുണ ആസിഫ് ആശുപത്രി, ഇഎസ്ഐസി മോഡൽ ആശുപത്രി ലൈഫറി ആശുപത്രി തുടങ്ങിയ ആശുപത്രികൾ കൂടുതൽ ഓക്സിജന് വേണ്ടി മുറവിളി കൂട്ടിയിരുന്നു. ഇവർ നൽകിയ കണക്കുകൾ തെറ്റായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായതായും കണക്കുകളിൽ വൈരുദ്ധ്യം കണ്ടെത്തിയതായും സമിതി വിശദീകരിച്ചു.

തിരുവനന്തപുരം: ലോക്ക് ഡൗൺ സിനിമാ രംഗത്ത് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധികളും ആവശ്യമായ പ്രതിവിധികളും സർക്കാർ വളരെ ശ്രദ്ധയോടെ പരിഗണിച്ചു വരികയാണെന്ന് മന്ത്രി സജി ചെറിയാൻ. കോവിഡ് വൈറസ് വ്യാപനവും തുടർന്നുള്ള ലോക്ക് ഡൗണും എല്ലാ തൊഴിൽ വ്യവസായ മേഖലയേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് സജി ചെറിയാൻ വ്യക്തമാക്കി. സിനിമാ-ടെലിവിഷൻ രംഗത്തെ പന്ത്രണ്ട് സംഘടനാ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫെഫ്ക, അമ്മ, FEUOK, മാക്ട, ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷൻ, WICC, ATMA, കേരള എക്‌സ്ബിറ്റേഴ്‌സ് അസോസിയേഷൻ, കേരള എക്‌സ്ബിറ്റേഴ്‌സ് ഫെഡറേഷൻ, FFISICO, KSFDC, KSCAWFB, ചലച്ചിത്ര അക്കാദമി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.

തിരുവനന്തപുരത്ത് ചിത്രാഞ്ജലിയിൽ ആധുനിക ഫിലിം സിറ്റിയും കൊച്ചിയിൽ ആധുനിക സ്റ്റുഡിയോയും ഉൾപ്പെടെ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തെ സിനിമാ നിർമ്മാണ സാങ്കേതിക രംഗത്ത് വളരെ ഗുണപരമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മലയാള സിനിമാരംഗം മികവുറ്റ പ്രൊഫഷണലുകളും അതുല്യമായ പ്രതിഭകളുമുള്ള മേഖലയാണ്. ഈ ഘടകങ്ങളെ ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും, സിനിമ മേഖലയ്ക്ക് സമഗ്രമായ ഒരു നയം രൂപീകരിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി.

സാംസ്‌ക്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി റാണി ജോർജ്ജ് ഐ.എ.എസ്, ചലച്ചിത്ര വികസന കോർപ്പറേഷൻ എം.ഡി., എൻ. മായ ഐ.എഫ്.എസ്., ചെയർമാൻ ഷാജി.എൻ.കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വിവിധ സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

veena

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ‘കാതോർത്ത്’ ഓൺലൈൻ സേവനങ്ങളിൽ പങ്കെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് ഓൺലൈനായി കൗൺസിലിംഗ്, നിയമ സഹായം, പൊലീസിന്റെ സേവനം തുടങ്ങിയ കാര്യങ്ങൾ ലഭ്യമാക്കാനായാണ് സർക്കാർ കാതോർത്ത് പോർട്ടൽ ആരംഭിച്ചത്.

കാതോർത്ത് പോർട്ടലിലേക്ക് വിളിച്ച കാസർകോട് സ്വദേശിനിയോടാണ് മന്ത്രി വീണാ ജോർജ് സംസാരിച്ചത്. യുവതിയുടെ പ്രശ്‌നങ്ങളെല്ലാം ക്ഷമയോടെ കേട്ട മന്ത്രി പ്രശ്‌ന പരിഹാരത്തിനായി വേണ്ട നടപടികൾ സ്വകരിക്കാൻ നിർദ്ദേശം നല#കുകയും ചെയ്തു. കൗൺസിലിംഗും നിയമ സഹായവുമാണ് യുവതി ആവശ്യപ്പെട്ടത്.

സ്ത്രീകളും പെൺകുട്ടികളും തങ്ങളുടെ പ്രശ്നങ്ങൾ തുറന്ന് പറയാൻ കാതോർത്ത് ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തണമെന്ന് വീണാ ജോർജ് അഭ്യർത്ഥിച്ചു. കാതോർത്ത് ഓൺലൈൻ പോർട്ടലിലൂടെ ആരെങ്കിലും സേവനം ആവശ്യപ്പെട്ടാൽ എത്രയും വേഗം പൊലീസ് അവർക്കുള്ള സഹായം ലഭ്യമാക്കുന്നു. 48 മണിക്കൂറിനകം അവർക്ക് വേണ്ടി കൗൺസിലിംഗ്, നിയമ സഹായത്തിന് വേണ്ടിയുള്ള അപ്പോയ്മെന്റ്, പോലീസിന് വേണ്ടിയുള്ള അപ്പോയ്മെന്റ് തുടങ്ങിയ എടുത്ത് നൽകുന്നു. അവശ്യ സമയത്ത് എല്ലാവരും ഈ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തണമെന്നും പ്പെടുത്തണമെന്നും വീണാ ജോർജ് പറഞ്ഞു.

aisha

കൊച്ചി: രാജ്യദ്രോഹക്കേസിൽ സിനിമാ പ്രവർത്തക ഐഷാ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ഐഷാ സുൽത്താനയ്ക്ക് ജാമ്യം അനുവദിച്ചത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ജൈവായുധ പരാമർശത്തിന്റെ പേരിലാണ് ലക്ഷദ്വീപ് ഭരണകൂടം ഐഷാ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ലക്ഷദ്വീപ് ബിജെപി അദ്ധ്യക്ഷന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഐഷാ സുൽത്താനയെ പോലീസ് ചോദ്യം ചെയ്തിരുന്നു. കവരത്തി പൊലീസ് സ്റ്റേഷനിലാണ് ഐഷ ചോദ്യം ചെയ്യലിനായി ഹാജരായത്. ഐഷാ സുൽത്താനയുടെ രാജ്യാന്തര ബന്ധം ഉൾപ്പടെയുള്ള കാര്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പോലീസ് കഴിഞ്ഞ ദിവസം വിശദമായി പരിശോധിച്ചിരുന്നു. മൂന്ന് തവണയാണ് പോലീസ് ഐഷാ സുൽത്താനയെ ചോദ്യം ചെയ്തത്.

ഐഷ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും അതിനിടെ ഇവരെ അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്നും 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ വിട്ടയയ്ക്കണമെന്നും ഹൈക്കോടതി കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആയിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിർദേശിച്ചിരുന്നു. കേന്ദ്രസർക്കാരിനെ വിമർശിക്കുക മാത്രമാണ് ചാനൽ ചർച്ചയിലൂടെ ചെയ്തതെന്നും സ്പർധ വളർത്തുകയോ വിദ്വേഷമുണ്ടാക്കുകയോ ലക്ഷ്യമിട്ടിട്ടില്ലെന്നുമാണ് ഐഷാ സുൽത്താനയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

തിരുവനന്തപുരം: പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈന്റെ പ്രവൃത്തിയിൽ സിപിഎം നേതൃത്വത്തിന് അതൃപ്തിയെന്ന് റിപ്പോർട്ട്. സംഭവം ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാനാണ് തീരുമാനം. ജോസഫൈനെതിരെ നടപടി സ്വീകരിക്കുമെന്നാണ് വിവരം.

രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് ജോസഫൈനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇടതു മുന്നണി പ്രവർത്തകരും ജോസഫൈനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി നേതൃത്വം വിഷയം ചർച്ച ചെയ്യാനൊരുങ്ങുന്നത്.

ജോസഫൈന്റെ പ്രതികരണം കൂടി അറിഞ്ഞതിന് ശേഷമായിരിക്കും പാർട്ടി പ്രതികരണം നടത്തുകയെന്നാണ് വിവരം. ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിക്കിടെയാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷയായ ജോസഫൈൻ പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിന് പിന്നാലെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈനെ മാറ്റമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സർക്കാർ നടപടിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയിൽ. കമ്മീഷൻ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചിരിക്കുന്നത്. ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്താണ് മുഖ്യമന്ത്രി ഉത്തരവിറക്കിയതെന്നും അന്വേഷണ കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമില്ലെന്നും എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു. അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ കമ്മീഷനെ നിയമിച്ചതെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ ആരോപണം.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കം ഉള്ളവർക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നാ സുരേഷിന്റെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ മൊഴി നൽകിയാൽ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞെന്ന് വ്യക്തമാക്കി സന്ദീപ് നായർ കോടതിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ചേർന്ന സർവകക്ഷിയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. മണ്ഡല പുനർനിർണയം പൂർത്തിയാക്കിയ ശേഷമായിരിക്കും കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുക.

എന്നാൽ ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജമ്മുകശ്മീരിന് പൂർണ സംസ്ഥാന പദവി നൽകണമെന്നാണ് യോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടത്.

നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ എട്ട് രാഷ്ട്രീയ കക്ഷികളുടെ പ്രധാന നേതാക്കന്മാരാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ പങ്കെടുത്തത്. ഡൽഹിയിലുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. 2019 ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് ഇത്തരത്തിൽ യോഗം നടക്കുന്നത്.

രാഷ്ട്രപതി ഭരണത്തിൽ കീഴിലുള്ള ജമ്മു കശ്മീരിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ സംബന്ധിച്ച് ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച നടന്നത്.

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് വീണാ ജോർജ് പറഞ്ഞു. കോവിഡ് ഡ്യൂട്ടിക്കിടയിൽ ഡോ. രാഹുലിനെ മർദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരത്തിലുള്ള സംഭവങ്ങളിൽ അതിശക്തമായ നടപടിയായിരിക്കും സ്വീകരിക്കുക. പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല. ഡോ. രാഹുലിനെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ല. ഡോ.രാഹുലിന്റെ വിഷമം മനസിലാക്കുന്നുവെന്നും അദ്ദേഹത്തിനൊപ്പമാണുള്ളതെന്നും വീണാ ജോർജ് വിശദീകരിച്ചു.

കോവിഡ് മഹാമാരി സമയത്ത് വലിയ കഠിനാധ്വാനം ചെയ്യുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അതിനാൽ തന്നെ അവർക്കെതിരായ അതിക്രമങ്ങൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.