പാരിസ്: ആരാധനാലയങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ച് ഫ്രാൻസ്. ഇതിന്റെ ഭാഗമായി ആരാധനാലയങ്ങളെയും മത സംഘടനകളെയും നിയന്ത്രിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്ന ബിൽ ഫ്രാൻസ് പാർലമെന്റിൽ അവതരിപ്പിച്ചു. കോടതികളുടെ അനുവാദമില്ലാതെ ആരാധനാലയങ്ങൾ അടച്ച് പൂട്ടുന്നതിനും മതസംഘടനകളെ പിരിച്ച് വിടുന്നതിനും സർക്കാരിന് അധികാരം നൽകുന്ന ബില്ലാണ് പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
നിർണായക വ്യവസ്ഥകളുള്ള ബില്ലാണ് ഫ്രാൻസ് പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്. മതസംഘടനകളോ പ്രവർത്തകരോ അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ വിദ്വേഷ പ്രചാരണം നടത്തുകയോ ചെയ്താൽ ആ സംഘടനയെ നിരോധിക്കണമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. പ്രവർത്തനം തുടരാനായി മതസംഘടനകൾ ഓരോ അഞ്ച് വർഷത്തിലും അനുമതി വാങ്ങണമെന്നും വിദേശ ഫണ്ടുകൾ സംബന്ധിച്ച കണക്ക് എല്ലാ വർഷവും സർക്കാരിനെ ബോധ്യപ്പെടുത്തണമെന്നും ബില്ലിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. അടുത്ത ആഴ്ച്ച ബില്ല് ദേശീയ അസംബ്ലിയിൽ ചർച്ച ചെയ്യും. പള്ളികളും സിനഗോഗുകളും ഉൾപ്പെടെ എല്ലാ ആരാധനാലയങ്ങൾക്കും നിയമം ബാധകമാണെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. അതേസമയം ഇസ്ലാമിക പള്ളികളെയും സംഘടനകളെയും ലക്ഷ്യമിട്ടാണ് സർക്കാരിന്റെ നീക്കമെന്നാണ് പൊതുവെ ഉയരുന്ന ആരോപണം.

