ചിറ്റൂർ: കോവിഡ് പ്രോട്ടോകോളുകൾ കാറ്റിൽ പറത്തി മദ്യശാലയ്ക്ക് മുന്നിൽ നീണ്ട നിര. സാമൂഹിക അകലം പോലും പാലിക്കാതെ നിരവധി ആളുകളാണ് മദ്യശാലയ്ക്ക് മുന്നിൽ തടിച്ചു കൂടിയത്. അതിർത്തിയോട് ചേർന്നു കിടക്കുന്ന ബിവ്‌റിജസിന്റെ മേനോൻപാറ ഔട്ട്‌ലെറ്റിലാണ് സംഭവം. അരകിലോമീറ്ററോളം നീളത്തിലാണ് ഇവിടെ ആളുകൾ ക്യൂ നിന്നത്.
നിശ്ചിത ദൂരത്തിൽ സാമൂഹിക അകലം പാലിച്ച് വേണം ക്യൂ നിൽക്കാനെന്നാണ് അധികൃതർ നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് ആളുകൾ ക്യൂ നിൽക്കുന്നത്. റോഡിന്റെ ഒരു വശത്ത് ആളുകൾ ക്യൂ നിൽക്കുന്നതിനാലും മറുവശത്ത് വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതിനാലും പ്രദേശത്ത് വലിയ ഗതാഗത കുരുക്കും ഉണ്ടാകുന്നുണ്ട്. മദ്യശാലകൾ തുറന്ന ആദ്യ ദിവസം പോലീസ് ആളുകളെ നിയന്ത്രിച്ചിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ നിയന്ത്രണം നടപ്പായില്ല. ഇതോടെയാണ് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആളുകൾ മദ്യം വാങ്ങാനെത്തിയത്.
തമിഴ്‌നാട്ടിൽ നിന്നു നൂറുകണക്കിന് ആളുകളാണ് മദ്യം വാങ്ങാൻ അതിർത്തി കടന്നെത്തുന്നത്. ആദ്യ ദിവസങ്ങളിൽ ഗോപാലപുരം ബാർ പ്രവർത്തിച്ചിരുന്നതിനാൽ മേനോൻപാറയിൽ തിരക്ക് താരതമ്യേന കുറവായിരുന്നു. എന്നാൽ ബാറുകൾ അടച്ചതോടെ മേനോൻപാറയിൽ തിരക്ക് വർധിച്ചു. അതേസമയം ശനിയും ഞായറും അവധിയായതിനാൽ വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ മദ്യവിൽപന ശാലയിലെ ജീവനക്കാർ കൂടുതൽ മദ്യം കൊണ്ടുപോയി ഇരട്ടി വിലയ്ക്ക് വിൽപന നടത്തുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മദ്യലഹരിയിലായിരുന്ന ഒരാൾ പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

