തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിൻ മുൻ വനം മന്ത്രി കെ രാജുവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന ആരോപണത്തിന് സ്ഥിരീകരണം. റോജി അഗസ്റ്റിൻ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാർ സമ്മതിച്ചു. മിസ്ഡ് കോൾ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു എന്നാണ് ശ്രീകുമാർ നൽകിയ വിശദീകരണം.
ഡി എഫ് ഒയെ മാറ്റണമെന്ന ആവശ്യമാണ് റോജി അഗസ്റ്റിൻ മുന്നോട്ട് വെച്ചതെന്നും എന്നാൽ താൻ പ്രതിയ്ക്ക് യാതൊരു വിധത്തിലുള്ള സഹായവും ചെയ്ത് നൽകിയല്ലെന്നുമാണ് ശ്രീകുമാർ വ്യക്തമാക്കുന്നത്. റോജി ഓഫീസ് നമ്പറിലാണ് വിളിച്ചതെന്നും അതുകൊണ്ട് വിളിച്ചതിന്റെ രേഖകളോ തെളിവുകളോ ഒന്നും ഇപ്പോൾ എടുക്കാനാകില്ലെന്നും ശ്രീകുമാർ പറയുന്നു.
മിസ്ഡ് കോൾ കണ്ടാൽ തിരിച്ച് വിളിക്കാറുണ്ട്. അങ്ങനെയാണ് റോജിയേയും വിളിച്ചത്. ഒരാൾ പ്രതിയായേക്കും എന്ന് കരുതി വിളിക്കാതിരിക്കില്ലല്ലോയെന്നും ശ്രീകുമാർ പറഞ്ഞു. റോജി നിരവധി തവണ വിളിച്ചിട്ടുണ്ട്. എന്നാൽ റോജി ആവശ്യപ്പെട്ട സഹായങ്ങളൊന്നും താൻ ഇതുവരെ ചെയത് നൽകിയിട്ടില്ല. ഒരുതവണ റോജി മന്ത്രിയുടെ ഓഫീസിൽ വന്നിട്ടുണ്ട്. എന്നാൽ മന്ത്രിയെ അദ്ദേഹം നേരിട്ട് കണ്ടിട്ടുണ്ടോയെന്ന കാര്യം അറിയില്ലെന്നും ശ്രീകുമാർ വിശദീകരിച്ചു. സർക്കാർ സിം ആണ് താൻ ഉപയോഗിച്ചിരുന്നതെന്നും പിന്നീട് ഇത് തിരിച്ച് നൽകിയെന്നും ശ്രീകുമാർ പറഞ്ഞു.

