General (Page 1,502)

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങൾക്കായുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ക്ഷേത്രങ്ങളുടെ പ്രവർത്തനത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മാർഗരേഖ പുറത്തിറക്കിയത്.

ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് മുമ്പുള്ളതിന് സമാനമായ രീതിയിൽ ക്രമീകരിക്കാമെന്ന് ബോർഡ് നിർദേശം നൽകി. ഒരേ സമയം 15 പേരിൽ കൂടുതൽ ദർശനത്തിനായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ പാടില്ലെന്നും അന്നദാനം അനുവദിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

ക്ഷേത്രങ്ങളിലെ പൂജാ സമയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കരുത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർ മാസ്‌ക് ധരിച്ചിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. ശ്രീകോവിലിൽ നിന്നു ശാന്തിക്കാർ ഭക്തർക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാൻ പാടില്ലെന്നും വഴിപാട് പ്രസാദങ്ങൾ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര് എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ദേവസ്വം നിർദ്ദേശിക്കുന്നു. സാമൂഹിക അകലം പാലിച്ച് ബലിതർപ്പണ ചടങ്ങുകൾ നടത്താം. എന്നാൽ സപ്താഹം, നവാഹം തുടങ്ങിയവയ്ക്ക് അനുവാദമുണ്ടായിരിക്കില്ല.

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി കസ്റ്റംസ്. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തുകൾ ഏകോപിപ്പിച്ചത് കെ.ടി. റമീസാണെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വ്യക്തമാക്കി. സ്വർണക്കടത്തുകാർക്കും സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്കുമിടയിലുള്ള ഏക കോൺടാക്ട് പോയിന്റാണു റമീസെന്നാണ് കസ്റ്റംസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട കാരണം കാണിക്കൽ നോട്ടീസിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്.

ദുബായിൽ നിന്നു നയതന്ത്രപാഴ്‌സലുകളിൽ സ്വർണം അയക്കുന്നത് മുതൽ സ്വർണക്കടത്തുകാരെ പാഴ്‌സൽ ഏൽപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ ഏകോപിപ്പിച്ചത് റമീസാണെന്ന് കസ്റ്റംസ് പറയുന്നു. സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുമായി ധാരണയിലെത്തിയ ശേഷം റമീസ് പദ്ധതിയെ കുറിച്ച് എ എം ജലാലുമായി ചർച്ച നടത്തി. പിന്നീട് ദുബായിൽ നിന്നു ഡമ്മി പാഴ്‌സലുകൾ അയച്ചു പരീക്ഷണം നടത്താൻ അബ്ദുൽ ഹമീദ് വരിക്കോടൻ എന്നയാളെ നിയോഗിച്ചു.

വിദഗ്ധമായാണ് റമീസ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. പിടിക്കപ്പെടാതിരിക്കാനായി സ്വന്തം ഫോൺ പോലും ഉപയോഗിക്കാതെയാണ് റമീസ് കാര്യങ്ങൾ പ്ലാൻ ചെയ്തത്. ഇതിനായി റമീസ് ഉപയോഗിച്ചിരുന്നത് സുഹൃത്തായ പ്രശാന്തിന്റെ ഫോണും അയാൾ സംഘടിപ്പിച്ച് നൽകിയ സിംകാർഡുമായിരുന്നു. എ.എം. ജലാൽ, പി. മുഹമ്മദ് ഷാഫി, എടക്കണ്ടൻ സെയ്തലവി, പി.ടി. അബ്ദു എന്നിവരെ സ്വർണക്കടത്തു നിക്ഷേപകരെന്ന നിലയിൽ സംഘത്തിലേക്കെത്തിച്ചതും റമീസ് തന്നെയാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ പോലീസ് ക്രമീകരിച്ച പുതിയ സംവിധാനത്തിലേക്ക് പരാതികളുടെ പ്രവാഹം. ബുധനാഴ്ച്ച മാത്രം 108 പരാതികളാണ് നോഡൽ ഓഫീസർ ആർ നിശാന്തിനിയ്ക്ക് ലഭിച്ചത്. മൊബൈൽ ഫോണിലൂടെയായിരുന്നു പരാതികൾ ലഭിച്ചത്.

സ്ത്രീധനവും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനായി പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തിലും ഇന്ന് ധാരാളം പരാതികൾ ലഭിച്ചു. 76 പരാതികളാണ് അപരാജിതയിൽ ഇ മെയിൽ വഴി ലഭിച്ചത്. 29 പേർ അപരാജിയിലേക്ക് ഫോൺ ചെയ്തും പരാതി അറിയിച്ചു.

9497999955 എന്ന നമ്പറിൽ സ്റ്റേറ്റ് നോഡൽ ഓഫീസറെ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള പരാതി അറിയിക്കാം. aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്കാണ് അപരാജിയിൽ പരാതി അയക്കേണ്ടത്. 9497996992 എന്ന നമ്പറിൽ ബന്ധപ്പെട്ടും പരാതി അറിയിക്കാം. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച പരാതികൾ നൽകുന്നതിന് അപരാജിത സംവിധാനം ഉപയോഗിക്കാമെന്ന് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പരാതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സമാഹരിച്ച പണത്തിൽ 1000 കോടി രൂപയിലധികം ചെലവാകാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ടിൽ. പ്രളയ ദുരിതാശ്വാസത്തിനായി അയ്യായിരത്തോളം കോടി രൂപയാണ് ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്നും സമാഹരിച്ചത്. ഇതിൽ 1030 കോടി രൂപയോളമാണ് ചെലവാകാതെ കിടക്കുന്നത്.

സെക്രട്ടേറിയറ്റിനടുത്തുള്ള എസ്.ബി.ഐ ബാങ്കിൽ പ്രത്യേക അക്കൗണ്ടിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് അക്കൗണ്ടിന്റെ ഉടമ. റവന്യൂവകുപ്പിൽ നിന്നുമുള്ള ഉത്തരവ് ലഭിച്ച ശേഷം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചെക്ക് ഒപ്പിട്ട് പണം നൽകുന്നത്.

2018 ലെ പ്രളയത്തിലും 2019 ൽ പ്രളയസമാന സാഹചര്യത്തിലും സാലറി ചലഞ്ചായി ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും പണം പിരിച്ചിരുന്നു. നാട്ടുകാരും കോർപറേറ്റുകളും നൽകിയ സഹായത്തിന് പുറമെ മദ്യത്തിന്റെ സെസും ഉത്സവബത്തയും പ്രളയസഹായത്തിന് വകമാറ്റിയിരുന്നു. ഇത്തരത്തിലെല്ലാം കൂടി ആകെ ലഭിച്ചത് 4912.45 കോടി രൂപയായിരുന്നു. 3881.94 കോടി രൂപ കഴിഞ്ഞ വർഷം മാർച്ച് വരെ ആകെ ചെലവാക്കി. പിന്നീട് ഈ തുക സർക്കാർ ചെലവഴിച്ചിട്ടില്ല. 1030.51കോടി ചെലവാക്കാത്തത് സംബന്ധിച്ച് സർക്കാർ ഇതുവരെ വിശദീകരണവും നൽകിയിട്ടില്ല.

നിലവിൽ ദുരിതാശ്വാസ നിധിയിലേക്ക് വരുന്നതും ചെലവാക്കുന്നതുമെല്ലാം കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ളതാണ്. വാക്‌സിൻ ചലഞ്ചിലേക്ക് ഇതുവരെ 774.38 കോടി രൂപയാണ് ലഭിച്ചത്.

വീടും സ്ഥലവും നഷ്ടമായവർക്ക് 2538.90 കോടി രൂപയും കർഷകർക്ക് 54 കോടി രൂപയും ഭക്ഷ്യകിറ്റ് വിതരണത്തിനായി 94.32 കോടിയും ചെറുകിട വ്യവസായികൾക്ക് 19.16 കോടിയും വ്യാപാരികൾക്ക് 5.4കോടിയും കുടുംബശ്രീ വഴി 261.06 കോടി രൂപയുമാണ് ചെലവാക്കിയത്.

ന്യൂഡൽഹി: അയൽ രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ വിതരണം പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യ അയൽരാജ്യങ്ങൾക്ക് വാക്‌സിൻ നൽകുന്നത് നിർത്തിവെച്ചത്. രണ്ടാം തരംഗ രോഗവ്യാപനം കുറഞ്ഞതോടെയാണ് വീണ്ടും മറ്റ് രാജ്യങ്ങൾക്ക് കേന്ദ്ര സർക്കാർ വാക്‌സിൻ നൽകാനൊരുങ്ങുന്നത്. ജൂലായ് മാസം അവസാനമോ ഓഗസ്റ്റ് ആദ്യമോ ഇന്ത്യ വാക്സിൻ മൈത്രി പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.

രാജ്യത്തെ വാക്സിൻ നിർമ്മാണത്തിന്റെ തോതനുസരിച്ചായിരിക്കും അയൽ രാജ്യങ്ങൾക്ക് വാക്‌സിൻ നൽകുന്നത്. ഇത്തവണ ഇന്ത്യ വിദൂര രാജ്യങ്ങൾക്ക് വാക്‌സിൻ നൽകില്ലെന്നാണ് വിവരം. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾ വാങ്ങിയിരുന്ന വാക്സിനുകൾ നൽകാനാണ് ഇന്ത്യയുടെ നീക്കം. ഭൂട്ടാനും പരിഗണന നൽകുന്നുണ്ടെന്നാണ് വിവരം.

ഇക്കഴിഞ്ഞ ജനുവരി 20 മുതലാണ് ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് ‘വാക്സിൻ മൈത്രി’ എന്ന പദ്ധതിയുടെ ഭാഗമായി വാക്സിൻ സൗജന്യമായും വിൽപനയ്ക്കായും നൽകിത്തുടങ്ങിയത്. ഏപ്രിൽ മാസത്തിലാണ് വാക്‌സിൻ മൈത്രി പദ്ധതി ഇന്ത്യ താത്ക്കാലികമായി നിർത്തിയത്. ഇതിനിടെ 66 മില്യൺ ഡോസ് വാക്സിനുകളാണ് ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. ഇന്ത്യ വാക്‌സിൻ കയറ്റുമതി താത്ക്കാലികമായി അവസാനിപ്പിച്ചതോടെ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ വാക്‌സിൻ കയറ്റുമതി ആരംഭിച്ചു. ചൈന ഇതുവരെ നേപ്പാളിന് എട്ട് ലക്ഷം ഡോസ് വാക്സിനും ബംഗ്ലാദേശിന് അഞ്ച് ലക്ഷം കോവിഡ് വാക്‌സിനും വിതരണം ചെയ്തു. എന്നാൽ ഇന്ത്യ വാക്‌സിൻ വിതരണം പുനരാരംഭിക്കണമെന്നാണ് അയൽരാജ്യങ്ങൾ നിരന്തരമായി ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം: സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും സാധാരണക്കാരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവരാണ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. നടൻ ജയറാമിന്റെ മകൻ കാളിദാസും സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഒരിക്കൽ വിസ്മയ തനിക്കെഴുതിയ കത്തിനെ കുറിച്ച് വെളിപ്പെടുത്തിയാണ് കാളിദാസിന്റെ പ്രതികരണം.

‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്‌നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!’,- കാളിദാസൻ ഫേസ്ബുക്കിൽ കുറിച്ചു. വിസ്മയയുടെ വിയോഗത്തിൽ താൻ അതീവ ദുഃഖിതനാണെന്നും കാളിദാസ് വ്യക്തമാക്കി. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്ന കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും ഇത് വെറുമൊരു ഹാഷ്ടാഗായി മാത്രം ഒതുങ്ങാതെ നമ്മുടെ പെൺകുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും കാളിദാസ് പറയുന്നു.

ന്യൂഡൽഹി: ഓൺലൈൻ വിപണന രംഗത്തെ സുതാര്യതയ്ക്കും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിനുമായി പുതിയ നയങ്ങളുമായി കേന്ദ്രം. തിങ്കളാഴ്ച്ച കേന്ദ്രസർക്കാർ പുറത്തിറക്കിയ നിയമങ്ങളുടെ കരട് പ്രകാരം ഓൺലൈനിൽ ഫ്‌ളാഷ് സെയിലുകൾക്ക് നിരോധനം വരും. കൃത്യസമയത്ത് ഉപയോക്താവ് ഓർഡർ ചെയ്ത വസ്തു എത്തിച്ചില്ലെങ്കിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ശിക്ഷ നേരിടേണ്ടി വരും. ഫുഡ് ആന്റ് കൺസ്യൂമർ അഫേഴ്‌സ് മന്ത്രാലയമാണ് പുതിയ നിയമത്തിനായുള്ള നിർദേശങ്ങൾ പുറത്തിറക്കിയത്.

ഓൺലൈൻ വിപണന രംഗത്തെ നിയന്ത്രണങ്ങൾക്കും മേഖലയിൽ കുത്തകവത്കരണം ഇല്ലാത്തതും സ്വതന്ത്ര്യവുമായ മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ നിർദ്ദേശങ്ങളെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഓൺലൈൻ തട്ടിപ്പിന് തടയിടാനായും കച്ചവടത്തിന്റെ ധാർമ്മികതയ്ക്കുമായാണ് കേന്ദ്രം ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്.

സർക്കാർ പുറത്തിറക്കിയ കൺസ്യൂമർ പ്രൊട്ടക്ഷൻ (ഇ-കോമേഴ്‌സ് റൂൾ)2020 കരടുചട്ടങ്ങൾക്ക് അടുത്ത മാസം 6 വരെ ഭേദഗതികൾ നിർദേശിക്കാം. ഇ-കോമേഴ്‌സ് സൈറ്റുകളിൽ ക്രമസമാധാന സംവിധാനങ്ങളുമായി 24 മണിക്കൂറും ബന്ധം സ്ഥാപിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാണ് പുതിയ നിർദേശങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താവിന് നൽകുന്ന ഉത്പന്നത്തിന്റെ കാലാവധിയും ഉത്പന്നം ഏതു രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്തതാണെന്നും വ്യക്തമാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സേവനത്തിലുണ്ടാകുന്ന പോരായ്മയ്ക്ക് ഇ-കൊമേഴ്‌സ് സംരംഭം ഉത്തരവാദി ആയിരിക്കുമെന്നും നിർദേശങ്ങളിലുണ്ട്.

ഇ-കൊമേഴ്‌സ് സംരംഭങ്ങൾക്ക് റജിസ്‌ട്രേഷൻ നിർബന്ധമാക്കുമെന്നും കേന്ദ്രം അറിയിച്ചു. ആമസോൺ, ഫ്‌ളിപ്കാർട് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികൾ വിപണിയിലെ മേൽക്കൈ ദുരുപയോഗിക്കുന്നുവെന്ന പേരിൽ കോംപറ്റീഷൻ കമ്മിഷന്റെ അന്വേഷണം നേരിടുന്നതിനിടെയാണ് കേന്ദ്രം ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത്.

കൊല്ലം: സ്ത്രീധനപീഡനത്തില്‍ മരിച്ച വിസ്മയയുടെ വീട്ടിലെത്തി മുന്‍മന്ത്രി കെ.കെ ശൈലജ. മകന് ഇഷ്ടമുള്ള കാറല്ല കിട്ടിയതെന്നാണ് കിരണിന്റെ അച്ഛന്‍ പറഞ്ഞതെന്ന് ചൂണ്ടികാട്ടിയ ശൈലജ എത്രമാത്രം ഇടുങ്ങിയ ചിന്താഗതിയാണിതെന്ന് ചോദിച്ചു. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലൂടെയാണ് ശൈലജ ടീച്ചര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കെ കെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്

വിസ്മയയുടെ നിലമേലുള്ള വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദര്‍ശിച്ചു. സ്ത്രീധനത്തിന്റെ പേരില് വിസ്മയക്ക് ഭര്ത്താവില് നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും എന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സ്ത്രീധനം ഒരു ക്രിമിനല്‍ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകള്‍ സ്വികരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓര്‍മിപ്പിക്കുന്നു. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ബഹുജനങ്ങള്‍ ഏറ്റെടുത്ത് സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് ഒറ്റകെട്ടായി പ്രവര്‍ത്തിക്കാന്‍ ഈ അവസരത്തില്‍ തയ്യാറാവണം. ഇനിയും വിസ്മയമാര്‍ ഉണ്ടാകാതിരിക്കാന്‍ നമ്മുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.

parsi temple

തിരുവന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങളില്‍ പതിനഞ്ച് പേര്‍ക്ക് അനുമതി. ടിപിആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഒരാഴ്ച കൂടി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവ എ വിഭാഗവും, ടിപിആര്‍ എട്ടിനും പതിനാറിനുമിടയിലുള്ളത് ബി വിഭാഗവും , 16-24 ശതമാനത്തിന് ഇടയിലുള്ളത് സി വിഭാഗവുമായിരിക്കും.

അതേസമയം ബാങ്കുകള്‍ക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാതെ പ്രവര്‍ത്തിക്കാം. കാറ്റഗറി എയിലും ബിയിലും ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും 50 ശതമാനം വരെ ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. കാറ്റഗറി സിയില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും 25 ശതമാനം വരെ ജീവനക്കാരോടെ പ്രവര്‍ത്തനം അനുവദിക്കും.

ടെലിവിഷന്‍ പരമ്പര ചിത്രീകരണത്തിന് അനുമതിയുണ്ട്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ വഴിയാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കൊല്ലത്ത് ഭർതൃ ഗൃഹത്തിൽ മരിച്ച വിസ്മയയുടെ കുടുംബ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്.

വളരെ വേദനാജനകമായ സംഭവമാണിത്. വളർത്തി വലുതാക്കിയവർ ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു. ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ കണ്ട് മറ്റൊരു വീട്ടിലേക്ക് കടന്നുപോയ വിസ്മയയ്ക്ക് ഇങ്ങനെയൊരു അന്ത്യം ഉണ്ടായത് വളരെ വേദനിപ്പിക്കുന്നുവെന്ന് വീണാ ജോർജ് പറഞ്ഞു.

കുറ്റക്കാർക്കെതിരെ കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സ്ത്രീധനത്തിനെതിരെ കേരളത്തിന്റെ ഒരു പൊതുബോധം ശക്തമാകേണ്ടതുണ്ട്. സ്ത്രീധനം വാങ്ങില്ല എന്നുള്ളതും സ്ത്രീധനം കൊടുക്കില്ല എന്നുള്ളതും ഓരോരുത്തരും തീരുമാനിക്കേണ്ടതുണ്ട്. നമ്മുടെ പെൺമക്കൾ ഇങ്ങനെ കയറിന്റെ തുമ്പത്തോ, മണ്ണെണ്ണയൊഴിച്ചോ കൊല്ലപ്പെടേണ്ടവരോ മരിക്കേണ്ടവരോ അല്ല. സ്ത്രീധനത്തിന്റെ പേരിൽ ഇനി ഒരു പെൺജീവനും ഇവിടെ നഷ്ടപ്പെടരുത്. അതിശക്തമായ ഒരു പൊതുബോധം സ്ത്രീധന സമ്പ്രദായത്തിനെതിരെ ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.