പരീക്ഷ നടത്തിയേ തീരൂവെന്ന് വാശിപിടിക്കുന്നത് എന്തിന്; കേരളത്തിനും ആന്ധ്രപ്രദേശിനുമെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ കേരളത്തിനെതിരെയും ആന്ധ്രപ്രദേശിനെതിരെയും രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പരീക്ഷ നടത്തിയേ തീരൂവെന്ന് വാശിപിടിക്കുന്നത് എന്തിനെന്ന് സംസ്ഥാനങ്ങളോട് കോടതി ചോദിച്ചു. പരീക്ഷ നടത്തി കുട്ടികളെ അപകടത്തിലാക്കരുതെന്നും കോടതി പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത ഇപ്പോഴുമുണ്ട്. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ പരീക്ഷ നടത്താൻ അനുവദിക്കില്ല. കേരളത്തിൻറെ സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്ലസ് വൺ പരീക്ഷയുടെ കാര്യത്തിൽ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനും വിദ്യാർത്ഥികളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കാനാകില്ലെന്നും സെപ്തംബറിൽ പരീക്ഷ നടത്തുന്നതിനോട് യോജിക്കാനാകില്ലെന്നും കോടതി അറിയിച്ചു. ഓരോ മരണത്തിനും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കുമെന്നാണ് ആന്ധ്രാപ്രദേശിനോട് കോടതി പറഞ്ഞത്.