General (Page 1,489)

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് വ്യാപാരാവശ്യങ്ങൾക്ക് തുറന്നു നൽകുന്നു. നിർമ്മാണം പൂർത്തിയാക്കി അഞ്ചുവർഷം കഴിഞ്ഞിട്ടാണ് കോഴിക്കോട് ബസ് ടെർമിനൽ കോംപ്ലക്‌സ് വ്യാപാരാവശ്യങ്ങൾക്കായി തുറന്നു നൽകുന്നത്. ഓഗസ്റ്റ് 26 ന് എം.ഒ.യു ഒപ്പുവച്ച് കോംപ്ലക്‌സ് തുറന്നു നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപടി. 3.22 ഏക്കർ സ്ഥലത്താണ് നാലു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബസ് ടെർമിനൽ കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. 74.63 കോടി രൂപയാണ് ടെർമിനലിന്റെ നിർമ്മാണ ചെലവ്. 11 ലിഫ്റ്റുകളും 2 എസ്‌കലേറ്ററുകളും ഇവിടെയുണ്ട്. നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും ലഭിക്കുന്നതു മൂലം കെ.റ്റി ഡി.എഫ്.സിക്ക് 30 വർഷം കൊണ്ട് ഏകദേശം 257 കോടിയോളം രൂപ വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജുവും പൊതുമരാമത്തു വകുപ്പുമന്ത്രി പി. എ. മുഹമ്മദ് റിയാസും മുൻകൈയ്യെടുത്ത് നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്‌നങ്ങൾ പരിഹരിച്ചതും ബസ് ടെർമിനൽ കോംപ്ലക്‌സ് തുറക്കാൻ ധാരണാ പത്രത്തിൽ ഒപ്പുവെയ്ക്കാൻ തീരുമാനിച്ചതും.

കോഴിക്കോടിന്റെ വ്യാപാര വാണിജ്യ മേഖലകൾക്ക് ഇത് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 250 കാറുകളും 600 ഇരു ചക്രവാഹനങ്ങളും 40 ബസുകളും പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ നേരിടാൻ അടിയന്തര പാക്കേജ് അനുവദിച്ച് കേന്ദ്ര സർക്കാർ. 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. വ്യാഴാഴ്ച്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗമാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഈ ഫണ്ട് സമാഹരിക്കുമെന്നാണ് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരിക്കുന്നത്. പാക്കേജിൽ 15000 കോടി രൂപയാണ് കേന്ദ്രസർക്കാരിന്റെ വിഹിതം. 8000 കോടി കണ്ടെത്തേണ്ട ചുമതല സംസ്ഥാന സർക്കാരുകൾക്കാണ്. ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടിയാണ് പ്രധാനമായും പണം കണ്ടെത്തുന്നത്.

അതേസമയം നാളികേര വികസന ബോർഡ് പുനഃസംഘടിപ്പിക്കാനും ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ബോർഡ് പ്രസിഡന്റാകുക ദ്യോഗസ്ഥ തലത്തിലുള്ള ആളായിരിക്കില്ലെന്നും തെങ്ങ് കൃഷിയെക്കുറിച്ച് പ്രായോഗിക അറിവും ധാരണയുമുള്ള ആളെയായിരിക്കും പ്രസിഡന്റാകുകയെന്നും മന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കർഷകരുടെ കൂട്ടായ്മകൾ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കർഷകർക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നൽകാനും കാർഷികോൽപന്ന വിപണന സമിതികൾ ശക്തിപ്പെടുത്താനും മന്ച്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നീക്കിവെച്ച ഒരു ലക്ഷം കോടി രൂപ കാർഷികോൽപന്നങ്ങളുടെ സംഭരണത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഗഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ച് കേരള വനിതാ കമ്മീഷൻ. 1961-ലെ സ്ത്രീധന നിരോധന ആക്ട് വകുപ്പ് മൂന്ന് ഉപവകുപ്പ് രണ്ടിൽ വിവാഹ സമയത്ത് വധൂവരന്മാർക്ക് നൽകുന്ന സമ്മാനം സ്ത്രീധനമായി കരുതപ്പെടുന്നതല്ലെന്ന് പറയുന്നു. സമ്മാനം നൽകുന്നു എന്ന വ്യാജേന കേരളത്തിലെ വിവാഹങ്ങളിൽ പരോക്ഷമായ സ്ത്രീധനക്കൈമാറ്റമാണ് നടക്കുന്നതെന്ന് കമ്മീഷൻ പറയുന്നു. അപ്രകാരം വിവാഹം നടന്നാൽ സ്ത്രീധന നിരോധന ആക്ട് പ്രകാരമുള്ള കുറ്റം ചുമത്തി കേസ് ചാർജ് ചെയ്യുന്നില്ലെന്നും എന്നാൽ വിവാഹിതയായ സ്ത്രീയ്ക്ക് ജീവഹാനി സംഭവിച്ചതിനു ശേഷം മാത്രമാണ് ഈ വകുപ്പ് ചുമത്തുന്നതെന്നും കമ്മിീഷൻ വ്യക്തമാക്കി.

1985 ലെ സ്ത്രീധന നിരോധനം (വധുവിനും വരനും ലഭിക്കുന്ന സമ്മാനങ്ങൾ അടങ്ങിയ പട്ടിക പരിപാലിക്കുന്ന ചട്ടങ്ങൾ) ചട്ടം 5 ആയി ‘വിവാഹത്തിന് സമ്മാനം കിട്ടിയവയുടെ ലിസ്റ്റ് തയാറാക്കി വരന്റെയും വധുവിന്റെയും കൂടാതെ അവരുടെ രക്ഷാകർത്താക്കളുടെയും കൈയ്യൊപ്പോടെ ഒരു നോട്ടറിയുടെ മുമ്പാകെ സാക്ഷ്യപ്പെടുത്തി വിവാഹം രജിസ്റ്റർ ചെയ്യുതിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കണമെന്നാണ് വനിതാ കമ്മീഷന്റെ നിർദ്ദേശം. ഇതുസംബന്ധിച്ച സത്യവാങ്മൂലം വധുവിന്റെ മാതാപിതാക്കൾ/രക്ഷാകർത്താക്കൾ ബന്ധപ്പെട്ട സ്ത്രീധന നിരോധന ഓഫീസർക്ക് കൈമാറാവുന്നതാണ് എന്ന് ചേർക്കണമെന്നും കമ്മീഷൻ സർക്കാരിന് നൽകിയ ശുപാർശയിൽ വ്യക്തമാക്കുന്നു.

വകുപ്പ് നാല് എ പ്രകാരം സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട് സ്വർണാഭരണങ്ങൾ, സ്വർണക്കടകൾ എന്നിവയുടെ പരസ്യങ്ങൾ പത്ര-ദൃശ്യ മാദ്ധ്യമങ്ങളിൽ വ്യാപകമാണെന്ന് കമ്മീഷൻ നിരീക്ഷിക്കുന്നു. നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടികൾ ഇവർ കൃത്യമായി സ്വീകരിക്കുന്നില്ല. വകുപ്പ് എട്ട് ബി പ്രകാരം സ്ത്രീധന നിരോധന ഓഫീസർമാർ, ഉപദേശക സമിതി എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു.

സ്ത്രീധനത്തിന്റെ പേരിൽ വിവാഹിതരായ സ്ത്രീകൾക്ക് നേരെ കുടുംബങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രചാരണം നടത്താനും വനിതാ കമ്മീഷൻ തീരുമാനിച്ചു. സാമൂഹ്യമാദ്ധ്യമങ്ങൾ, പത്രങ്ങൾ, എഫ്എം റേഡിയോ തുടങ്ങിയവയിലൂടെയുള്ള സമഗ്രമായ ദൃശ്യ-ശ്രാവ്യ പ്രചാരണം നടത്താനാണ് കമ്മീഷൻ പദ്ധതിയിടുന്നത്.

ന്യൂഡൽഹി: ഐടി വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ട്വിറ്ററിന് ശക്തമായ മുന്നറിയിപ്പ് നൽകി അശ്വിനി വൈഷ്ണവ്. ഓരോ രാജ്യത്തും അവിടുത്തെ നിയമം ആണ് വലുതെന്നും അത് പാലിക്കപ്പെടുക തന്നെ വേണമെന്നും മന്ത്രി വ്യക്തമാക്കി. ട്വിറ്ററിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച പുതിയ ഐടി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രവും ട്വിറ്ററും തമ്മിൽ ഏതാനും നാളുകളായി അഭിപ്രായ ഭിന്നതയിലാണ്. പുതിയ നിയമം അനുസരിച്ച് സാമൂഹിക മാദ്ധ്യമങ്ങൾ ഒരു ഇന്ത്യൻ പൗരനെ തങ്ങളുടെ പരാതി പരിഹാര ഓഫീസറായി നിയമിക്കണമെന്നാണ് നിർദ്ദേശം. ഫേസ്ബുക്ക് പരാതി പരിഹാര ഓഫീസറെ നിയമിച്ചു കഴിഞ്ഞെങ്കിലും ട്വിറ്റർ ഇതുവരെയായും അത്തരമൊരു നിയമനം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഐടി മന്ത്രി നിലപാട് വ്യക്തമാക്കിയത്.

എട്ട് ആഴ്ചയ്ക്കുള്ളിൽ പരാതി പരിഹാര ഓഫീസറെ നിയമിക്കാൻ ശ്രമിക്കാമെന്നാണ് ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. തങ്ങൾ താത്കാലികാടിസ്ഥാനത്തിൽ ഇന്ത്യയിൽ സ്ഥിര താമസമാക്കിയ ഒരു വ്യക്തിയെ പരാതി പരിഹാര ഓഫീസറായി നിയമിച്ചിട്ടുണ്ടെന്നും ജൂലായ് 6 ന് ആ വ്യക്തി സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞുവെന്നും ട്വിറ്റർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം രേഖാമൂലം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ട്വിറ്റർ കോടതിയിൽ വിശദമാക്കിയിട്ടുണ്ട്.

aisha

കൊച്ചി: രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഐഷാ സുൽത്താനയെ ചോദ്യം ചെയ്തത്. കൊച്ചി കാക്കനാടുള്ള ഐഷയുടെ ഫ്‌ളാറ്റിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ.

രണ്ടു മണിക്കൂറോളം നേരം ഐഷയെ പോലീസ് ചോദ്യം ചെയ്തു. പിന്നീട് ഇവരുടെ ലാപ്‌ടോപും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പോലീസ് പിടിച്ചെടുത്തത് തന്റെ സഹോദരന്റെ ലാപ്‌ടോപ് ആണെന്നാണ് ഐഷാ സുൽത്താന പറയുന്നത്. ഐഷയുടെ ബാങ്ക് ഇടപാട് രേഖകളും പോലീസ് പരിശോധിച്ചു.

പോലീസിൻറെ നടപടി മറ്റ് ചിലരുടെ അജണ്ടയുടെ ഭാഗമാണെന്നാണ് ഐഷാ സുൽത്താനയുടെ ആരോപണം. നേരത്തെ ഇവരുടെ അമ്മയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഐഷയെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്.

വ്യാഴാഴ്ച്ച രാവിലെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കൊച്ചിയിലെത്തിയത്. മുൻകൂട്ടി അറിയിക്കാതെയാണ് പൊലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ഐഷാ സുൽത്താന വ്യക്തമാക്കി. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടികൾ തനിക്കും കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും ഐഷ വിശദമാക്കി.

ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോവെപ്പൺ പരാമർശത്തെ തുടർന്നാണ് ഐഷാ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ലക്ഷദ്വീപ് ബിജെപി അദ്ധ്യക്ഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിൽ വെച്ച് നേരത്തെ രണ്ടു തവണ ഐഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

തിരുവനന്തപുരം: കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലറായ ഡോ.ആർ. ചന്ദ്രബാബുവിന്റെ നിയമനവുമായി ബന്ധപ്പെട്ട് സെലക്ഷൻ കമ്മിറ്റി പ്രതിരോധത്തിൽ. ചന്ദ്രബാബുവിന്റെ നിയമനത്തിൽ അനാവശ്യ തിടുക്കം കാണിച്ച സെലക്ഷൻ കമ്മിറ്റിയും ഇപ്പോൾ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. അപേക്ഷ സ്വീകരിച്ച് രണ്ടു ദിവസത്തിനുള്ളിൽ വൈസ് ചാൻസലറായി ഡോ.ചന്ദ്രബാബുവിനെ നിയമിക്കാൻ സെലക്ഷൻ കമ്മിറ്റി ഗവർണർക്ക് കത്തുനൽകുകയായിരുന്നു. ഇരുപതോളം പേർ നൽകിയ അപേക്ഷകൾ കൃത്യമായി പരിശോധിക്കാതെയായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.

2017 ഡിസംബർ 21 നായിരുന്നു വി.സി നിയമനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 23 ന് രാവിലെ 11 ന് സെലക്ഷൻ കമ്മിറ്റി അപേക്ഷകൾ പരിശോധിച്ചു. ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, ഐ.സി.എ.ആർ ഡയറക്ടർ ജനറൽ ത്രിലോചൻ മൊഹാപത്ര, കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം ഡോ. കെ. രവിരാമൻ എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങൾ.

വിദേശ സർവകലാശാലകളിൽ പ്രൊഫസറായിരുന്നു എന്നതടക്കം ബയോഡാറ്റയിൽ അവകാശപ്പെടുന്ന അധിക യോഗ്യതകളുടെ വിശ്വാസ്യത തെളിയിക്കുന്ന രേഖകളോ അറ്റസ്റ്റ് ചെയ്ത പകർപ്പുകളോ ഒന്നു തന്നെ ഡോ.ചന്ദ്രബാബു സമർപ്പിച്ചിരുന്നില്ല. ഇതെല്ലാം കൃത്യമായി പരിശോധിക്കാതെയായിരുന്നു സെലക്ഷൻ കമ്മിറ്റി വൈസ് ചാൻസലറായി ചന്ദ്രബാബുവിന്റെ പേര് നിർദ്ദേശിക്കുന്നത്. ശുപാർശ ലഭിച്ച ദിവസം വൈകിട്ട് ഗവർണർ വൈസ് ചാൻസലറായി ചന്ദ്രബാബുവിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിറക്കി. ചന്ദ്രബാബുവിന്റെ ജനനത്തീയതി പരിശോധിക്കാതെ ഇറക്കിയ ഉത്തരവിൽ വി.സിയുടെ കാലാവധി അഞ്ചുവർഷമെന്നാണ് രേഖപ്പെടുത്തിയത്. ഇതിൽ ന്യൂനത കണ്ടതിനെ തുടർന്ന് 29 -ാം തീയതി തിരുത്തൽ ഉത്തരവും പുറപ്പെടുവിച്ചു.

കാലാവധി ‘അഞ്ചുവർഷമോ അല്ലെങ്കിൽ 65 വയസ് തികയുന്നതുവരെയോ എന്ന് എഴുതിച്ചേർത്താണ് തിരുത്തൽ ഉത്തരവ് ഇറക്കിയത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 21 ന് അവസാനിച്ചതിനാൽ ക്രിസ്മസ് അവധി കഴിഞ്ഞ ശേഷമേ തുടർനടപടികൾ ഉണ്ടാകൂവെന്നാണ് മറ്റുള്ള അപേക്ഷകർ ധരിച്ചിരുന്നത്. ഡിസംബർ 24 മുതൽ ക്രിസ്മസ് അവധി തുടങ്ങുന്നതിനാൽ 23 നു തന്നെ സെലക്ഷൻ കമ്മിറ്റി യോഗം ചേർന്ന് വൈസ് ചാൻസലറെ തീരുമാനിക്കുകയായിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിവസം ഡോ.ചന്ദ്രബാബു വൈസ് ചാൻസലറായി ചുമതലയേറ്റു. അതിനാൽ തന്നെ മറ്റുള്ളവർക്ക് പരാതി നൽകാനുള്ള അവസരവും ലഭിച്ചില്ല.

ias

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ഏഴു ജില്ലകളിൽ പുതിയ കളക്ടർമാരെയും സർക്കാർ നിയമിച്ചു. തൃശൂർ ജില്ലാ കളക്ടറായി ഹരിത വി. കുമാറിനെയും എറണാകുളം കളക്ടറായി ജാഫർ മാലികിനെയും പത്തനംതിട്ട കളക്ടറായി ദിവ്യ എസ്. അയ്യരേയും കോഴിക്കോട് കളക്ടറായി നരസിംഹുഗാരി ടി.എൽ. റെഡ്ഡിയേയുമാണ് നിയമിച്ചത്. കോട്ടയം കളക്ടറായി പി.കെ. ജയശ്രീയേയും ഇടുക്കി കളക്ടറായി ഷീബ ജോർജിനേയും കാസർകോട് കളക്ടറായി ഭണ്ഡാരി സ്വാഗത് റൺവീറിനേയും നിയമിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസറായിരുന്ന ടീക്കാറാം മീണയ്ക്ക് ആസൂത്രണ ധനകാര്യ വിഭാഗത്തിന്റെ ചുമതല നൽകി. ധനകാര്യ സെക്രട്ടറി സഞ്ജയ് എം. കൗളാണ് പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് ടൂറിസത്തിനോടൊപ്പം ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും നൽകി. ലോക്കൽ സെൽഫ് അർബൻ ആൻഡ് റൂറൽ വിഭാഗത്തിന്റെ ചുമതല നൽകിയിരിക്കുന്നത് തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ്.

പ്രിൻസിപ്പൽ സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹയ്ക്ക് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷന്റെ ചുമതലയും രാജേഷ്‌കുമാർ സിൻഹയ്ക്ക് കയർ, വനം വന്യജീവി വകുപ്പിന്റെ ചുമതലയും നൽകി. സാമൂഹികനീതി വകുപ്പ്, വനിതാ ശിശുവികസനം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുടെ ചുമതല റാണി ജോർജിനാണ്. സെക്രട്ടറിമാരായ ഡോ. ശർമിള മേരി ജോസഫിന് നികുതി, സ്പോർട്‌സ്, യൂത്ത് അഫയേഴ്‌സ്, ആയുഷ് എന്നീ വകുപ്പുകളും ടിങ്കു ബിസ്വാളിന് തുറമുഖം, അനിമൽ ഹസ്ബൻഡറി, ഡെയറി ഡെവലപ്‌മെന്റ് തുടങ്ങിയ വകുപ്പുകളും ആനന്ദ് സിങിന് പബ്ലിക് വർക്സ്, കെ.എസ്.ടി.പി. വകുപ്പുകളും നൽകി. സുരഭ് ജെയിന് ലോക്കൽ സെൽഫ് അർബൻ വകുപ്പിന്റെ ചുമതലയും ഡോ. രത്തൻ യു. ഖേൽക്കറിന് കേരള ചരക്ക്-സേവന നികുതി വകുപ്പും ബിജു പ്രഭാകറിന് ട്രാൻസ്പോർട്ട് സെക്രട്ടറി സ്ഥാനവും സി.എ. ലതയ്ക്ക് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതലയും നൽകിയിട്ടുണ്ട്.

കായിക യുവജനകാര്യ ഡയറക്ടർ ജെറൊമിക് ജോർജിന് ലാൻഡ് റവന്യൂ ജോയന്റ് കമ്മിഷണറുടെ അധിക ചുമതല നൽകി. എം.ജി. രാജമാണിക്യത്തെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായും എസ്. ഹരി കിഷോറിനെ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് വകുപ്പ് ഡയറക്ടറായും നിയമിച്ചു. എ. കൗശിഗിന് അനിമൽ ഹസ്ബൻഡറി ഡയറക്ടറുടെ അധിക ചുമതല നൽകി. ആർ. ഗിരിജയെ ഫിഷറീസ് ഡയറക്ടറായും ഡി. സജിത്ത് ബാബുവിനെ സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടറായും ആയുഷ് മിഷൻ ഡയറക്ടറായും നിയമിച്ചു. എസ്. സുഹാസിന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ ചുമതലയും എസ്. സാംബശിവ റാവുവിന് സർവേ ലാൻഡ് റെക്കോഡ്‌സ് വകുപ്പ് ഡയറക്ടർ സ്ഥാനവും നൽകി. തൃശ്ശൂർ കളക്ടർ ഷാനവാസിനെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഡയറക്ടറായി മാറ്റി നിയമിക്കുകയും ചെയ്തു.

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലും ഐഎഎസ് തലപ്പത്തും അഴിച്ചുപണി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സ്ഥാനത്ത് നിന്ന് ടിക്കാറാം മീണയെ മാറ്റി. പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് അഡീഷണൽ സെക്രട്ടറിയായാണ് ടിക്കാറാം മീണയെ നിയമിച്ചിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം കൂടി പരിഗണിച്ചാണ് ടിക്കാറാം മീണയെ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പുതിയ ചുമതല നൽകിയിരിക്കുന്നത് സഞ്ജയ് എം. കൗളിനാണ്.

വലിയ മാറ്റങ്ങളാണ് ഐഎഎസ് തലപ്പത്തും നടക്കുന്നത്. ജാഫർ മാലിക് എറണാകുളം കലക്ടറാകും. നിലവിലെ എറണാകുളം കലക്ടറായ എസ്. സുഹാസിനെ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ എംഡിയാകും. തൃശൂർ കലക്ടർ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷൻ ഡയറക്ടറാകും. ഹരിത വി. കുമാറായിരിക്കും തൃശൂർ കലക്ടറാകുക.

കോട്ടയം ജില്ലാ കലക്ടറായ എം. അഞ്ജന ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗം ജോയിന്റ് സെക്രട്ടറിയാകും. പഞ്ചായത്ത് വിഭാഗം ഡയറക്ടർ ഡോ. പി.കെ. ജയശ്രീയാണ് കോട്ടയം കലക്ടറാകുക. കാസർകോട് കലക്ടർ ഡോ. ഡി. സജിത് ബാബു സിവിൽ സപ്ലൈസ് വിഭാഗം ഡയറക്ടറും ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് കാസർകോട് കലക്ടറുമാകും. കോഴിക്കോട് കലക്ടർ സീറാം സാംബശിവ റാവു സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് വിഭാഗം ഡയറക്ടറാകും. പത്തനംതിട്ട കലക്ടർ ഡോ. നരസിംഹുഗാരി റെഡ്ഡി കോഴിക്കോട് കലക്ടറാകും. ഡോ. ദിവ്യ എസ്. അയ്യർ പത്തനംതിട്ട കലക്ടറും ഷീബ ജോർജ് ഇടുക്കി കലക്ടറുമാകും.

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തിനിടയിൽ മദ്യശാലകൾക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. വിഷയത്തിൽ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് സമയത്ത് മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

മദ്യശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. അടുത്ത ചൊവ്വാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ വിശദീകരണം നൽകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എക്സൈസ് കമ്മിഷണർ കോടതിയ്ക്ക് മുൻപാകെ ഹാജരാകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോളുകളുടെ ലംഘനമാണ് മദ്യശാലകൾക്ക് മുന്നിൽ നടക്കുന്നതെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. മദ്യശാലകൾക്ക് മുന്നിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ലെന്ന വാദം കോടതി ശരിവെച്ചു. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും കോടതി പരിഗണിക്കുകയും ചെയ്തു. സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കേ മദ്യശാലകൾക്ക് മുന്നിൽ ഇത്തരം അയവ് പാടില്ലെന്ന നിലപാടാണ് കോടതിയുടേത്.

ന്യൂഡൽഹി: ഉറവിടം വെളിപ്പെടുത്താത്ത പണം കൈയ്യിലുള്ളവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾക്ക് ഉയർന്ന നികുതി നൽകേണ്ടി വരും. ആദായ നികുതി വകുപ്പ് ഉറവിടം വെളിപ്പെടുത്താത്ത തുക കണ്ടെത്തിയാൽ 85 ശതമാനം വരെയാണ് നികുതി നൽകേണ്ടി വരിക. കഴിഞ്ഞ വർഷം ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആയ വൻ തുക നികുതി റിട്ടേണിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വലിയ നികുതി ഈടാക്കും.

നികുതിദായകരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന നിശ്ചിത പരിധിയിൽ കൂടുതൽ ഉള്ള ഏത് തുകയ്ക്കും നികുതി നൽകണമെന്നാണ് ആദായ നികുതി നിയമത്തിൽ വ്യക്തമാക്കുന്നത്. നികുതി ഇളവുകൾ ഉള്ള തുകക്ക് ഈ നിയമം ബാധകമല്ല.

ശമ്പളം, ഹൗസ് പ്രോപ്പർട്ടി, ബിസിനസ്സ്, മറ്റ് വരുമാനം- മൂലധന നേട്ടം, മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിൽ ആദായ നികുതി നൽകണം. ഇത്തരത്തിൽ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന നികുതി വിധേയമായ തുകക്ക് നികുതി അടയ്ക്കണമെന്നാണ് നിയമം.

സ്വർണത്തിനും നികുതി അടയ്ക്കണമെന്നാണ് നിയമം. ഒരു വ്യക്തി കഴിഞ്ഞ വർഷം പണമോ സ്വർണ്ണമോ ആഭരണങ്ങളോ മറ്റ് വിലയേറിയ വസ്തുക്കളോ കൈവളപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നികുതി അടയ്ക്കണം. ഇത്തരം ഉറവിടം വ്യക്തമാക്കാത്ത പണത്തിനും വിലപിടിപ്പുള്ള വസ്തുക്കൾക്കും 83.25 ശതമാനം നികുതി ഈടാക്കാം. ഇതിൽ 60 ശതമാനം നികുതിയും 25 ശതമാനം സർചാർജും ആറു ശതമാനം പിഴയുമാണ്. അക്കൗണ്ടിൽ ക്രെഡിറ്റ് ആയ തുക, അല്ലെങ്കിൽ വരുമാനം സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് ആദായ നികുതി റിട്ടേണിൽ ഉൾപ്പെടുത്തിയാൽ പിഴ അടയ്‌ക്കേണ്ടി വരില്ല.