ഓരോ രാജ്യത്തും അവിടുത്തെ നിയമം ആണ് വലുത്, അത് പാലിക്കപ്പെടുക തന്നെ വേണം; ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഐടി വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ട്വിറ്ററിന് ശക്തമായ മുന്നറിയിപ്പ് നൽകി അശ്വിനി വൈഷ്ണവ്. ഓരോ രാജ്യത്തും അവിടുത്തെ നിയമം ആണ് വലുതെന്നും അത് പാലിക്കപ്പെടുക തന്നെ വേണമെന്നും മന്ത്രി വ്യക്തമാക്കി. ട്വിറ്ററിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച പുതിയ ഐടി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രവും ട്വിറ്ററും തമ്മിൽ ഏതാനും നാളുകളായി അഭിപ്രായ ഭിന്നതയിലാണ്. പുതിയ നിയമം അനുസരിച്ച് സാമൂഹിക മാദ്ധ്യമങ്ങൾ ഒരു ഇന്ത്യൻ പൗരനെ തങ്ങളുടെ പരാതി പരിഹാര ഓഫീസറായി നിയമിക്കണമെന്നാണ് നിർദ്ദേശം. ഫേസ്ബുക്ക് പരാതി പരിഹാര ഓഫീസറെ നിയമിച്ചു കഴിഞ്ഞെങ്കിലും ട്വിറ്റർ ഇതുവരെയായും അത്തരമൊരു നിയമനം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഐടി മന്ത്രി നിലപാട് വ്യക്തമാക്കിയത്.

എട്ട് ആഴ്ചയ്ക്കുള്ളിൽ പരാതി പരിഹാര ഓഫീസറെ നിയമിക്കാൻ ശ്രമിക്കാമെന്നാണ് ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. തങ്ങൾ താത്കാലികാടിസ്ഥാനത്തിൽ ഇന്ത്യയിൽ സ്ഥിര താമസമാക്കിയ ഒരു വ്യക്തിയെ പരാതി പരിഹാര ഓഫീസറായി നിയമിച്ചിട്ടുണ്ടെന്നും ജൂലായ് 6 ന് ആ വ്യക്തി സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞുവെന്നും ട്വിറ്റർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം രേഖാമൂലം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ട്വിറ്റർ കോടതിയിൽ വിശദമാക്കിയിട്ടുണ്ട്.