General (Page 1,490)

ന്യൂഡൽഹി: അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നൽകിയാൽ പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റർ ഇന്ത്യാ മേധാവി മനീഷ് മഹേശ്വരി. കർണാടക ഹൈക്കോടതിയിലാണ് മനീഷ് മഹേശ്വരി ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്ലീം വയോധികനെ മർദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിന് ഉത്തർപ്രദേശ് പോലീസ് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെയാണ് മനീഷ് മഹേശ്വരി കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ വാദം കേൾക്കവെയാണ് മനീഷ് അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നൽകിയാൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ചത്.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ വീഡിയോ പ്രചരിച്ചതിനാണ് യു പി പോലീസ് ട്വിറ്റർ ഇന്ത്യ എംഡിക്ക് നോട്ടീസ് നൽകിയത്. വൃദ്ധനെ മർദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മൂന്ന് മാദ്ധ്യമ പ്രവർത്തകർക്കെതിരെയും യുപി പൊലീസ് കേസെടുത്തിരുന്നു.

താൻ ട്വിറ്ററിലെ ഒരു ജീവനക്കാരൻ മാത്രമാണെന്നും ആളുകൾ ഷെയർ ചെറുത്ത വീഡിയോയിൽ തനിക്ക് നിയന്ത്രണമില്ലെന്നും മനീഷ് കോടതിയിൽ വാദിച്ചു. കമ്പനിയെ പ്രതിനിധീകരിക്കുന്നത് താനാണെന്ന് പോലീസിന് പറയാൻ സാധിക്കില്ലെന്നും അത് പറയേണ്ടത് കമ്പനിയാണെന്നും മനീഷ് പറഞ്ഞു. എന്നാൽ, താനാണ് ട്വിറ്റർ ഇന്ത്യയുടെ തലവനെന്ന് മനീഷ് തന്നെ വ്യക്തമാക്കിയതാണെന്നും ഇതിനാലാണ് ഐടി നിയമത്തിലെ 41എ വകുപ്പു പ്രകാരം അദ്ദേഹത്തിന് നോട്ടീസ് നൽകിയതെന്നും ഉത്തർപ്രദേശ് പോലീസ് അറിയിച്ചു.

ന്യൂഡൽഹി: സ്റ്റാൻ സ്വാമിയുടെ മരണത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. നിയമനടപടികളുടെ ഭാഗമായാണ് സ്റ്റാൻ സ്വാമി ജയിലിലായതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിഷയത്തിൽ യുഎൻ മനുഷ്യാവകാശ സംഘടന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം.

ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ദുഖവും അസ്വസ്ഥതയുമുണ്ടെന്നായിരുന്നു യുഎൻ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. വിചാരണ കൂടാതെ 84 കാരനായ വൈദികനെ തടവിലാക്കിയത് അംഗീകരിക്കാനാകില്ലെന്നും യുഎൻ മനുഷ്യാവകാശ സംഘടന പറഞ്ഞിരുന്നു. ഇത്തരത്തിൽ തടവിൽ പാർപ്പിച്ചിരിക്കുന്നവരെ വിട്ടയയ്ക്കണമെന്നും യുഎൻഎച്ച്ആർസി ആവശ്യപ്പെട്ടു.

ഗുരുതരമായ കുറ്റങ്ങളാണ് ഫാദർ സ്റ്റാൻ സ്വാമിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ഈ കുറ്റങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് രാജ്യത്തെ കോടതികൾ സ്റ്റാൻ സ്വാമിയ്ക്ക് ജാമ്യം നിഷേധിച്ചത്. രാജ്യത്ത് സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയാണുള്ളത്. ഇന്ത്യ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രതലത്തിലും സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വിശദമാക്കുന്നു.

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആമസോണിന്റെ മേധാവി പദവിയിൽ നിന്ന് കമ്പനിയുടെ സ്ഥാപകനായ ജെഫ് ബെസോസ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതിയ മേധാവിയായി സ്ഥാനമേറ്റ് ആൻഡി ജാസി. നേരത്തെ ആമസോൺ വെബ് സർവീസസിന്റെ (എഡബ്ല്യൂഎസ്) മേധാവിയായി പ്രവർത്തിച്ചയാളാണ് ആൻഡി ജാസി. ജൂലൈ 5 നാണ് ജാസി ആമസോൺ സിഇഒ ആയി സ്ഥാനമേറ്റത്.

ഏകദേശം 30 വർഷത്തോളം കമ്പനിയെ നയിച്ച ശേഷമാണ് ജെഫ് ബെസോസ് സ്ഥാനമൊഴിഞ്ഞത്. താൻ ആമസോണിൽ ഉണ്ടായിരുന്നിടത്തോളം കാലം കൂടെയുണ്ടായിരുന്ന ആൻഡി കമ്പനിക്കുള്ളിൽ സുപരിചിതനാണെന്നും, അദ്ദേഹത്തെ ബിസിനസ് ഏൽപ്പിക്കുന്നതിൽ തനിക്ക് സമ്പൂർണ വിശ്വാസമാണെന്നുമായിരുന്നു ബെസോസിന്റെ പ്രതികരണം.1968 ൽ ന്യൂയോർക്ക് സ്റ്റേറ്റിലെ സ്‌കാർസ്ഡെയിലിലാണ് ആൻഡിയുടെ ജനനം. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആൻഡി ഹാർവർഡിൽ നിന്ന് ഗ്രാജുവേഷനും പൂർത്തിയാക്കി. തുടർന്ന് ഹാർവർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എംബിഎ നേടി. 1997 ലാണ് ആൻഡി ആമസോണിൽ ചേരുന്നത്.

ആമസോണിൽ ഐടി മേഖലയെ ലക്ഷ്യമിട്ട് ആമസോൺ വെബ് സർവീസസ് തുടങ്ങിയത് ആൻഡിയാണ്. 2003 ൽ ചെറിയൊരു ടീമുമായി തുടങ്ങിയ എഡബ്ല്യൂഎസ് ഇന്ന് ലോകത്തെ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമാണ്. എഡബ്ല്യൂഎസ് 2006 ൽ വീണ്ടും ലോഞ്ച് ചെയ്യുകയും, ആൻഡി അതിന്റെ സീനിയർ വൈസ് പ്രസിഡന്റായി നിയമിതനാകുകയുമായിരുന്നു. തുടർന്ന് പത്തു വർഷത്തിനു ശേഷം എഡബ്ല്യൂഎസിന്റെ സിഇഒ ആയി അദ്ദേഹം നിയമിതനായി. എഡബ്ല്യൂഎസ് പ്രതിവർഷം 4000 കോടി ഡോളറാണ് വരുമാനം നേടുന്നത്.

377 ദശലക്ഷം ഡോളറാണ് 2020 നവംബറിൽ പുറത്തുവന്ന കണക്കു പ്രകാരം ആൻഡിയുടെ ആസ്തി. കായിക, സിനിമാ, സംഗീത പ്രേമിയായ ആൻഡി സിയാറ്റിൽ ക്രാക്കൻ ഹോക്കി ടീമിൽ ചെറിയ നിക്ഷേപവും നടത്തിയിട്ടുണ്ട്. ജോലിക്കാര്യത്തിൽ ആൻഡി വിട്ടുവീഴ്ച്ചയില്ലാത്തയാളും കർശക്കാരനുമാണെന്നാണ് സഹപ്രവർത്തകർ പറയുന്നത്.

കൊച്ചി: മെട്രോ യാത്രികരുടെ എണ്ണത്തിൽ വർധനവ്. ചൊവ്വാഴ്ച്ച മാത്രം 14351 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച മെട്രോ സർവ്വീസ് ജൂലൈ ഒന്നിനാണ് പുനരാരംഭിക്കുന്നത്. അന്ന് 7586 പേരാണ് മെട്രോയിലൂടെ യാത്ര ചെയ്തത്. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് മെട്രോ സർവ്വീസ് നടത്തുന്നത്.

കോണ്ടാക്ട് ലെസ് ടിക്കറ്റ് സംവിധാനമാണ് മെട്രോ ഉപയോഗിക്കുന്നത്. ശരീരോഷ്മാവ് പരിശോധിച്ചതിന് ശേഷമെ സ്‌റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ. സാനിട്ടൈസറിന്റെ ഉപയോഗവും നിർബന്ധമാണ്. കൂടുതൽ വായുസഞ്ചാരത്തിനായി ഓരോ സ്‌റ്റേഷനിലും 25 സെക്കന്റ് ട്രെയിൻ നിർത്തിയിടും. ഓരോ യാത്ര അവസാനിക്കുമ്പോഴും ട്രെയിൻ അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ ട്രെയിനുകളുടെയെണ്ണം വർധിപ്പിച്ചു. രാവിലെയും വൈകുന്നേരവുമാണ് മെട്രോയിൽ യാത്രക്കാർ കൂടുതലെന്നാണ് കെഎംആർഎൽ അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം വിമാനയാത്രക്കാർക്ക് തടസ്സരഹിതമായ കണക്റ്റിവിറ്റി നൽകുന്നതിനായി ആലുവയിൽ നിന്നുള്ള എയർപോർട്ട് ഫീഡർ ബസ് സർവീസുകളും മെട്രോ പുനരാരംഭിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് രാവിലെ 07.50 നും ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് രാവിലെ 08.30 നുമാണ് ആദ്യ ബസ് സർവീസ് ആരംഭിക്കുന്നത്.

തിരുവനന്തപുരം: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും ജോലിയിൽ പ്രവേശിക്കാം. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ് നിയമനം. ജൂലൈ 15 മുതൽ ഇവർക്ക് ജോലിയിൽ പ്രവേശിക്കാം.

സർക്കാർ വിദ്യാലയങ്ങളിൽ നിയമന ഉത്തരവ് ലഭിച്ച 2828 പേരിൽ ഹയർ സെക്കൻഡറി അധ്യാപക (ജൂനിയർ) വിഭാഗത്തിൽ 579 പേരും സീനിയർ വിഭാഗത്തിൽ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തിൽ 224 പേരുമുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക തസ്തികയിൽ മൂന്നു പേരും ഹൈസ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 501 പേരും യു.പി സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 513 പേരും എൽ.പി സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 709 പേരും മറ്റ് അധ്യാപക തസ്തികകളിൽ 281 പേരും ഉൾപ്പെടുന്നു.

നിയമന ശുപാർശ ലഭിച്ച 888 തസ്തികളിൽ ഹൈസ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 213 പേരും യു.പി.സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 116 പേരും എൽ.പി സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 369 പേരും മറ്റ് അധ്യാപക തസ്തികകളിൽ 190 പേരും ജോലിയിൽ പ്രവേശിക്കും.

സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 2019-20 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ തന്നെ 2021-22 വർഷത്തിലും തുടരും. 2021-22 അധ്യയന വർഷം എയ്ഡഡ് സ്‌കൂളുകളിൽ റഗുലർ തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ജൂലൈ 15 മുതൽ മാനേജർമാർക്ക് നിയമനം നടത്താം. വിദ്യാഭ്യാസ ഓഫീസർമാർ ഒരു മാസത്തിനുള്ളിൽ ഈ നിയമന അംഗീകാര ശുപാർശകൾ തീർപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ചണ്ഡീഗഢ്: ചാരപ്രവർത്തനത്തിന് രണ്ട് സൈനികർ പിടിയിൽ. പഞ്ചാബിലാണ് സംഭവം. പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്ത സൈനികരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് പോലീസാണ് ഇവരെ പിടികൂടിയത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനവും വിന്യാസവും സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള രേഖകൾ ഇവരിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

രഹസ്യ സ്വഭാവമുള്ള രേഖകൾ ഇവർ ഐ.എസ്.ഐയുമായി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. 900-ത്തിൽ അധികം രേഖകളാണ് ഇവർ ഇത്തരത്തിൽ കൈമാറിയത്.

ശിപായിമാരായ ഹർപ്രീത് സിങ്(23), ഗുർഭേജ് സിങ്(23) എന്നിവരാണ് അറസ്റ്റിലായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹർപ്രീത് സിങ് അമൃത്സറിലെ ചീച്ചാ സ്വദേശിയാണ്. 19 രാഷ്ട്രീയ റൈഫിൾസ് അംഗമായ ഹർപ്രീതിന് അനന്ത്നാഗിലായിരുന്നു പോസ്റ്റിംഗ്. 2017-ലാണ് ഹർപ്രീത് സൈന്യത്തിൽ ചേർന്നത്.

പുനിയനിലെ ടാൻ ടരൺ സ്വദേശിയാണ് ഗുർഭേജ് സിങ് 18 സിഖ് ലൈറ്റ് ഇൻഫന്റ്റി അംഗമാണ്. കാർഗിലിൽ ക്ലർക്കായി സേവനം അനുഷ്ഠിച്ച് വരികയാണ് ഗുർഭോജ്.

തൃപ്പൂണിത്തുറ: സംസ്ഥാനത്ത് വിവിധ മേഖലകളിൽ തെരുവുനായ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. ഒരു വർഷം ഒരു ലക്ഷത്തിലധികം പേർ സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും പാവപ്പെട്ടവരാണ്. ചികിത്സയ്ക്ക് പോലും ബുദ്ധിമുട്ട് നേരിടുന്നവർ. എന്നാൽ തെരുവുനായ ആക്രമണത്തിന് ഇരയായാൽ നഷ്ടപരിഹാരം ലഭിക്കുമെന്ന കാര്യം പലർക്കും അറിയില്ല.

തെരുവ് നായ ആക്രമണങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും ബാദ്ധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയും നിലവിലുണ്ട്. നഷ്ടപരിഹാരത്തിനായി വെള്ളക്കടലാസിൽ അപേക്ഷ നൽകണം. ചികിത്സ, വാഹന റിപ്പയറിംഗ് ചെലവുകളുടെ ബില്ലും ഒപ്പം വേണം. സംഭവം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് കമ്മിറ്റി വിശദീകരണം തേടും. നഷ്ടപരിഹാരത്തുക നിശ്ചയിച്ച് സുപ്രീം കോടതിയെ അറിയിക്കും. പിന്നീട് സുപ്രീംകോടതി സംസ്ഥാന സർക്കാരുകൾ വഴി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും.

തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന മൂന്നംഗ സമിതിയാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി. സുപ്രീം കോടതി വിധി പ്രകാരം 2016 സെപ്തംബറിലാണ് കമ്മിറ്റി നിലവിൽ വന്നത്. ആരോഗ്യ ഡയറക്ടർ, നിയമ സെക്രട്ടറി എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ.

വളർത്തുനായകൾ ഈ കമ്മിറ്റിയുടെ പരിഗണനയിൽ വരില്ല. എന്നാൽ ഏതാനും നാളുകളായി സർക്കാർ സഹായം കിട്ടാതെ കമ്മിറ്റി പ്രതിസന്ധിയിലാണ്. കമ്മിറ്റി അംഗങ്ങളുടെ ശമ്പളം വരെ മുടങ്ങി. നോട്ടീസ് അയയ്ക്കാനുള്ള ചെലവുകൾക്കും ഫണ്ടില്ലാത്ത അവസ്ഥയിലാണ്. 2016 മുതൽ 2021 ജൂൺ വരെ 2582 കേസുകൾ സമിതി പരിഹരിച്ചു. 5000 മുതൽ 18 ലക്ഷം രൂപ വരെ നഷ്ടപരിഹാരവും നൽകിയിട്ടുണ്ട്. 650 കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി അവസാനിക്കുന്നതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് മികച്ച കാലമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 73-ാമത് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് വാർഷിക ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ എറണാകുളം ശാഖയുടെ ആഘോഷ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കേരളവും ഇന്ത്യയും ഉൾപ്പെടെ ലോകം മുഴുവൻ വലിയ പ്രതിസന്ധിയിലായി. എല്ലാവരും ചേർന്ന് പരിശ്രമിച്ച് ഈ പ്രതിസന്ധി മറികടക്കും. പ്രതിസന്ധികൾ നമ്മെ കൂടുതൽ ശക്തരാക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും സാമ്പത്തിക സ്ഥാപനങ്ങളെയും ബിസിനസുകളെയും ബന്ധിപ്പിക്കുന്ന കണ്ണികളാണ് അവരെന്നും യൂസഫലി വ്യക്തമാക്കി. സ്ഥാപനങ്ങൾക്ക് മികച്ച ഉപദേശങ്ങൾ നൽകേണ്ട ചുമതല ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്കാണെന്നും അദ്ദേഹം വിശദമാക്കി.

അറിവുള്ളവരിൽ നിന്ന് പഠിക്കാൻ എല്ലാവരും തയ്യാറാകണം. 1973 ൽ ഒരു സൂപ്പർമാർക്കറ്റുമായി താൻ തുടക്കം കുറിച്ചത്. ഇന്ന് തനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 210 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുകളുണ്ട്. 57,000 പേർക്ക് ജോലി നൽകാനും 800 കോടി ഡോളർ ക്രയവിക്രയം നടത്താനും തനിക്ക് കഴിഞ്ഞു. ഈ നേട്ടങ്ങൾക്കുള്ള കാരണങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഗുണനിലവാരം, താങ്ങാവുന്ന വില, മികച്ച സേവനം തുടങ്ങിയവയാണ് തന്റെ നേട്ടങ്ങൾക്ക് കാരണം. വ്യക്തിജീവിതത്തിൽ വിശ്വാസ്യതയും സത്യസന്ധതയും പുലർത്താനും വ്യക്തിബന്ധങ്ങൾ നിലനിറുത്താനും അത്യാഗ്രഹമില്ലാതെ ജീവിക്കുകയും ചെയ്താൽ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ടിപിആർ 15 ന് മുകളിൽ ഉള്ള പ്രദേശങ്ങളെ ഡി കാറ്റഗറിയിലുമാണ് ഇനി ഉൾപ്പെടുത്തുക. ബുധനാഴ്ച്ച മുതൽ ഇത് അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങൾ നിലവിൽ വരും.

എ, ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ഗെയ്മുകൾക്കും, ജിമ്മുകൾക്കും എസി ഒഴിവാക്കി പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20 പേരിൽ കുടുതൽ അനുവദിക്കുന്നതല്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാർഗനിർദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ തുറന്നു പ്രവർത്തിക്കാം. വാക്സിൻ എടുത്തവർക്കും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമായിരിക്കും പ്രവേശനം.

കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച് ആലോചിക്കു. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എ, ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും. എ വിഭാഗത്തിൽ 82, ബിയിൽ 415, സിയിൽ 362, ഡി യിൽ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളാണ് ഒടുവിൽ കണക്കാക്കിയ ടിപിആർ പ്രകാരം ഉൾപ്പെടുക.

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് നിയന്ത്രണങ്ങൾ പുന:ക്രമീകരിച്ചിരിക്കുന്നത്. ടിപിആർ 15 ന് മുകളിൽ ഉള്ള പ്രദേശങ്ങളെ ഡി കാറ്റഗറിയിലായിരിക്കും ഉൾപ്പെടുത്തുക. ജൂലൈ എഴ് ബുധനാഴ്ച മുതൽ ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയന്ത്രണം.

എ, ബി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും. എ വിഭാഗത്തിൽ 82, ബിയിൽ 415, സിയിൽ 362, ഡി യിൽ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളാണ് ഒടുവിൽ കണക്കാക്കിയ ടിപിആർ പ്രകാരം ഉൾപ്പെടുക.

എ, ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ഗെയ്മുകൾക്കും, ജിമ്മുകൾക്കും എസി ഒഴിവാക്കി പ്രവർത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരിൽ കുടുതൽ അനുവദിക്കുന്നതല്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാർഗനിർദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ തുറന്നു പ്രവർത്തിക്കാം. വാക്‌സിൻ എടുത്തവർക്കും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമായിരിക്കും പ്രവേശനം.

കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച് ആലോചിക്കു. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല.
എല്ലാവിഭാഗം പ്രദേശങ്ങളിലും ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കാൻ നിർദ്ദേശം നൽകി. കാസർകോട്ടേ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാൻ പ്രത്യേക ഇടപെടലിന് നിർദ്ദേശിച്ചു.

താൽക്കാലിക ജീവനക്കാരെ ഈ ഘട്ടത്തിൽ പിരിച്ചു വിടാൻ പാടില്ല എന്ന നിർദ്ദേശം എല്ലാവരും കർശനമായി പാലിക്കണം. പ്രവാസികൾക്കുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും.

മെഡിക്കൽ കോളേജുകൾ തുറന്നിട്ടുണ്ട് അവിടങ്ങളിലെ ഭക്ഷണ ശാലകളടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇടപ്പെട്ട് പരിശോധന സംവിധാനം ഉറപ്പാക്കാനും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.