General (Page 1,488)

തിരുവനന്തപുരം: ജയിലിൽ ഭീഷണിയും സമ്മർദ്ദവും നേരിടേണ്ടി വരുന്നുവെന്ന പരാതിയുമായി തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത്. കേസിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും ചില നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത്ത് എൻഐഎ കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി സരിത്തിന്റെ അമ്മ കസ്റ്റംസിനും പരാതി നൽകി.

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് സരിത്ത്. ജയിലിനുള്ളിൽ തനിക്ക് സമ്മർദ്ദവും ഭീഷണിയുമുണ്ടെന്നാണ് സരിത്തിന്റെ ആരോപണം. വി മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേര് പറയാനാണ് സമ്മർദ്ദം ഉണ്ടാകുന്നതെന്നാണ് സരിത്ത് ആരോപിക്കുന്നത്.

റിമാൻഡ് പുതുക്കുന്നതിനായി എൻഐഎ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോഴായിരുന്നു സരിത്ത് പരാതി ഉന്നയിച്ചത്. തുടർന്ന് കോടതി സരിത്തിനോട് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടു.

സരിത്തിന് ജയിലിൽ ഭീഷണി ഉള്ളതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് കോടതിയിൽ ഇക്കാര്യം സരിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത തവണ ഹാജരാക്കുമ്പോൾ ഇക്കാര്യം വിശദമായി പറയാമെന്നും സരിത്ത് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചി: 84 മെഗാവാട്ടിന്റെ പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ എംപാനൽമെന്റ് കരാർ ടാറ്റ പവറിന് നൽകി കെഎസ്ഇബി. ആഭ്യന്തര ഉപയോക്താക്കൾക്കായി നടപ്പാക്കുന്ന നാനൂറ് കോടി രൂപ മതിപ്പു വരുന്ന 84 മെഗാവാട്ടിന്റെ പദ്ധതിയുടെ കരാറാണ് കെഎസ്ഇബി ടാറ്റാ പവറിന് നൽകിയത്.

കെഎസ്ഇബിയുമായി ചേർന്ന് വ്യക്തിഗത വീടുകൾക്കായി ടാറ്റാ പവർ 84 മെഗാവാട്ട് പദ്ധതി നടപ്പാക്കും. മൂന്ന് മുതൽ 10 കിലോവാട്ട് വരെ കപ്പാസിറ്റിയുള്ള സോളാർ പദ്ധതികളാവും ഇത്. റസിഡൽഷ്യൽ, ഹൗസിംഗ് സൊസൈറ്റികൾക്കായി, 11 മുതൽ 100 കിലോവാട്ട് വരെ കപ്പാസിറ്റിയുള്ള സോളാർ പദ്ധതികളിൽ നിന്ന് 20 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയും നടപ്പാക്കും.

കേന്ദ്ര ന്യൂ & റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ രണ്ടാം ഘട്ട സബ്സിഡി സൗര സബ്സിഡി സ്‌കീം ഇൻ ഡൊമസ്റ്റിക് സെക്ടർ അനുസരിച്ചാണ് കമ്പനി കരാർ സ്വന്തമാക്കിയത്. വ്യക്തിഗത വീട്ടുടമകളിൽനിന്ന് ഓർഡർ ലഭിച്ചുകഴിഞ്ഞാൽ മൂന്നു മാസത്തിനകം പദ്ധതി കമ്മീഷൻ ചെയ്യണം. 110 മെഗാവാട്ട് പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കാൻ കമ്പനിയ്ക്ക് ജനുവരി ആറിന് കെഎസ്ഇബിയിൽ നിന്നും അനുമതിപത്രം ലഭിച്ചത്. 274 എംയു ഊർജ്ജമാണ് ഓരോ വർഷവും ഈ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

84 മെഗാവാട്ട് പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കുമ്പോൾ ഓരോ വർഷവും 120 എംയു ഊർജ്ജമാണ് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. പ്രതിവർഷം ഏതാണ്ട് 100 ദശലക്ഷം കിലോഗ്രാം കാർബൺ ഡയോക്സൈഡ് ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുരപ്പുറ സൗരോർജ്ജ പദ്ധതി സ്വന്തമാക്കിയതിൽ സന്തോഷമുണ്ടെന്ന് ടാറ്റ പവർ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഡോ. പ്രവീർ സിൻഹ അറിയിച്ചു. പുരപ്പുറ സൗരോർജ്ജ ഉത്പാദനത്തിലൂടെ ഇന്ത്യയെ ക്ലീൻ പവർ രംഗത്തേയ്ക്ക് നയിക്കുന്നതിലുള്ള ടാറ്റ പവറിന്റെ പ്രതിബദ്ധതയിലുള്ള കെഎസ്ഇബിയുടെ വിശ്വാസ്യതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിന്മാറാൻ ആരംഭിച്ചതിന് പിന്നാലെ ഇറാനുമായി പങ്കിടുന്ന അതിർത്തി പിടിച്ചെടുത്ത് താലിബാൻ ഭീകരർ. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഒരു പ്രധാന ജില്ലയുടെ നിയന്ത്രണമാണ് താലിബാൻ കയ്യടക്കിയത്. വളരെ വേഗത്തിലാണ് താലിബാൻ അതിർത്തി പ്രദേശങ്ങളിൽ മേധാവിത്വം സ്ഥാപിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്.

ഇറാൻ, താജിക്കിസ്താൻ, തുർക്ക്മെനിസ്താൻ, ചൈന, പാകിസ്താൻ തുടങ്ങി അഞ്ച് രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ ഇപ്പോൾ താലിബാൻ സാന്നിദ്ധ്യം ശക്തമാണെന്നാണ് വിവരം. അഫ്ഗാനിസ്താനിലെ നാറ്റോ സഖ്യസേന പിന്മാറാൻ തുടങ്ങിയതോടെയാണ് താലിബാൻ തങ്ങളുടെ നീക്കങ്ങൾ വേഗത്തിലാക്കിയത്. ഉസ്ബെക്കിസ്താന്റെ അതിർത്തിയിലുള്ള വടക്കൻ ബാൽക്ക് പ്രവിശ്യയിൽ താലിബാനും അഫ്ഗാൻ സേനയും പോരാട്ടം നടക്കുകയാണ്. താലിബാനിൽ നിന്നും രക്ഷപ്പെടുന്നതിനായി മാദ്ധ്യമ പ്രവർത്തകരടക്കം അയൽ രാജ്യത്തേക്ക് പാലായനം ചെയ്യുന്ന കാഴ്ച്ചകളും കാണപ്പെടുന്നു.

താലിബാന്റെ നീക്കം ചൈനയ്ക്കും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ചൈനയുടെയും പാകിസ്ഥാന്റെയും അതിർത്തിയായ വടക്കൻ പ്രവിശ്യയായ ബദാക്ഷന്റെ ഭൂരിഭാഗവും താലിബാൻ കൈവശപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലധികം അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരാണ് ജീവൻ രക്ഷിക്കാനായി ഇവിടെ നിന്നും താജിക്കിസ്താനിലേക്ക് പലായനം ചെയ്തു. മേഖലയിലെ പൊലീസ് ആസ്ഥാനം ഉൾപ്പെടെ നഗരത്തിലെ പ്രധാന സർക്കാർ കെട്ടിടങ്ങൾ താലിബാൻ നേരത്തെ തന്നെ പിടിച്ചെടുത്തിരുന്നു.

താലിബാന്റെ നീക്കം ചൈനയിലെ ന്യൂനപക്ഷ ഉയ്ഘർ വിഘടനവാദ സംഘടനയായ ഈസ്റ്റ് തുർക്കെസ്താൻ ഇസ്ലാമിക് മൂവ്മെന്റിനെ (ഇ ടി ഐ എം) ശക്തമാക്കുമെന്നാണ് ചൈനയെ അലട്ടുന്ന ഭയം. അഫ്ഗാനിസ്ഥാനിൽ താലിബാൻ ശക്തമായാൽ പാക് താലിബാനും ശക്തി പ്രാപിക്കും. ഇത് പാകിസ്ഥാനിൽ പുരോഗമിക്കുന്ന ചൈനയുടെ നിർണായക പദ്ധതികൾ അവതാളത്തിലാക്കിയേക്കാമെന്നും ചൈന ഭയപ്പെടുന്നു. ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ നിർമ്മാണത്തെ പിന്നോട്ട് വലിക്കാനും ഇത് ഇടയാക്കിയേക്കുമെന്നാണ് ചൈന കരുതുന്നത്. ഈ പദ്ധതി കടന്നുപോകുന്ന പ്രദേശത്തിന്റെ രാഷ്ട്രീയ അസ്ഥിരതയും സുരക്ഷയും കണക്കിലെടുത്ത് സിപിഇസിയുടെ ഉന്നത ഉദ്യോഗസ്ഥർ പാകിസ്ഥാനിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ പോലും ശ്രമിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഉയ്ഘർ മുസ്ലീങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് അടക്കം ചൈനയ്ക്കെതിരെ മുന്നറിയിപ്പ് നൽകുന്ന വീഡിയോകൾ പുറത്തു വന്നിരുന്നു.

ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന സിവിൽ കോഡ് ആവശ്യമാണെന്ന് ഡൽഹി ഹൈക്കോടതി. കേന്ദ്ര സർക്കാർ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മീണ വിഭാഗത്തിൽപ്പെട്ടവർക്ക് 1955 ലെ ഹിന്ദു വിവാഹ നിയമം ബാധകമാകുമോ എന്ന വിഷയത്തിലുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ആധുനിക ഇന്ത്യൻ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിർവരമ്പുകൾ അവഗണിക്കുകയാണെന്നും ഹർജി പരിഗണിക്കവെ ജസ്റ്റിസ് പ്രതിഭ എം സിങ് വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡ് നിലവിലുണ്ടെന്ന തരത്തിലാണ് ഈ മാറ്റങ്ങളെന്നും കോടതി നിരീക്ഷിച്ചു.

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, ദത്തെടുക്കൽ എന്നിവയിലെല്ലാം എല്ലാ മത വിഭാഗം ജനങ്ങൾക്കും ഒരേ നിയമമാകും ബാധകമാവുക. നിലവിൽ വ്യത്യസ്ത നിയമങ്ങളാണ് വിവിധ മതവിഭാഗക്കാർക്കുള്ളത്. ഏകീകൃത സിവിൽ കോഡ് നിലവിൽ വരുമ്പോൾ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരേ നിയമം ബാധകമാകും.

കൂത്തുപറമ്പ്: വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് പട്ടികയിലുള്ളവർ ആശങ്കയിൽ. കാലാവധി തീരാൻ 26 ദിവസം മാത്രം ശേഷിക്കെ 1400 പേരാണ് നിയമന ഉത്തരവ് കാത്തിരിക്കുന്നത്. ഓഗസ്റ്റ് നാലു വരെയാണു പട്ടികയുടെ കാലാവധി. 2017-ലെ പി.എസ്.സി. വിജ്ഞാപന പ്രകാരം 2018-ലാണ് എഴുത്തുപരീക്ഷ നടത്തിയത്. 2019 നവംബറിൽ കായികക്ഷമതാ പരിശോധന നടത്തുകയും കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് 2050 പേരടങ്ങുന്ന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഗർഭിണികളായ ഉദ്യോഗാർഥികൾ കായികക്ഷമതാ പരിശോധന അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ നിന്ന് അനുകൂല വിധി നേടിയതോടെ കഴിഞ്ഞ ഒക്ടോബറിൽ നിയമനനടപടി ആരംഭിച്ചു. റാങ്ക് പട്ടികയിൽ നിന്നും ഇതുവരെ 671 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്നും 1200 ഓളം പേർക്കാണ് ജോലി ലഭിച്ചത്. നിലവിൽ നിയമന ശുപാർശ ലഭിച്ചവരിൽ 360 പേർ മാത്രമാണ് ജോലിക്കു ചേർന്നത്. നോൺ ജോയിനിങ് (എൻ.ജെ.ഡി) ഒഴിവുകളാണു കൂടുതൽ. കഴിഞ്ഞ ജനുവരിയിൽ റിപ്പോർട്ട് ചെയ്ത 100 ഒഴിവിൽ 46 എണ്ണവും നോൺ ജോയിനിംഗ് ഒഴിവുകളായിരുന്നു. ഏപ്രിൽ 27-നും 29-നും എൻ.ജെ.ഡി. ഒഴിവുകളിലേക്ക് നിയമന ശുപാർശ അയച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയേത്തുടർന്ന് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയപ്പോൾ വനിതാ പോലീസ് പട്ടികയ്ക്ക് ഒരു ദിവസമാണ് അധികമായി ലഭിച്ചത്. പ്ലസ്ടു പ്രാഥമികതലപരീക്ഷയിൽനിന്നാണ് പുതിയ റാങ്ക് പട്ടികയിലേക്കു ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. പുതിയ പട്ടികയ്ക്കു കാലതാമസമുണ്ടാമെന്നതിനാൽ നിലവിലെ പട്ടിക ആറുമാസമെങ്കിലും നീട്ടണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. നിലവിലുള്ള പട്ടികയിലെ ഭൂരിപക്ഷം പേരും പ്രായപരിധി കഴിഞ്ഞവരായതിനാൽ ഇനിയൊരു പരീക്ഷ എഴുതാനാവില്ല.

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്ത സർക്കാർ നിലപാടിനെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്. സ്ത്രീധന നിരോധന നിയമം സർക്കാർ എന്തുകൊണ്ടാണ് നടപ്പാക്കാത്തതെന്ന് കോടതി ചോദിച്ചു. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥയിൽ സർക്കാരിന്റെ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശി ഡോ. ഇന്ദിര രാജു നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ഡൗറി പ്രൊഹിബിഷൻ ഓഫീസേഴ്‌സ് നിയമം നടപ്പിലാക്കാത്ത നിലപാടിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു.

സ്ത്രീധനത്തിന്റെ പേരിൽ ഇരയാക്കപ്പെടുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സത്രീധന ഹാർഹിക പീഡനങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങൾ കണക്കാക്കി മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളൂവെന്ന് രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.

തിരുവനന്തപുരം: പട്ടികജാതി വിദ്യാർഥികൾക്കു പഠനസഹായത്തിനായി സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചെലവിട്ടത് 754.82 കോടി രൂപ. ഇത്രയധികം പണം ചെലവഴിച്ചിട്ടും സംസ്ഥാനത്ത് ഓൺലൈൻ പഠന സൗകര്യമില്ലാതെ രണ്ടുലക്ഷത്തോളം ആദിവാസി, ദളിത് വിദ്യാർഥികളുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ മലയാള മാദ്ധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഡിജിറ്റൽ-ഓൺലൈൻ പഠനസൗകര്യം ഏർപ്പെടുത്തണമെന്ന സർക്കാർ നിർദേശം ഒന്നരമാസമായിട്ടും വിവിധ വകുപ്പുകൾ അവഗണിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിർധന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം അസാധ്യമായിരിക്കുന്ന സാഹചര്യത്തിലും 1.20 ലക്ഷം ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും വിദ്യാഭ്യാസവകുപ്പിൽ ഉപയോഗിക്കാതെ കെട്ടിക്കിടക്കുകയാണ്.

ഈ വർഷത്തെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനം ലഭ്യമല്ലാത്തത് സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നു. വിവിധ വകുപ്പുകൾ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. മുഴുവൻ പട്ടികവർഗ വിദ്യാർഥികൾക്കും സാമൂഹിക പഠനമുറികൾ, സ്‌കൂളുകൾ എന്നിവയ്ക്കു പുറമേ അംഗൻവാടികൾ, ഊരുവിദ്യാകേന്ദ്രങ്ങൾ, എം.ജി.എൽ.സികൾ എന്നിവിടങ്ങളിൽ ഡിജിറ്റൽ-ഓൺലൈൻ സൗകര്യങ്ങളേർപ്പെടുത്താനാണ് പട്ടികവർഗ വികസന വകുപ്പിന് നൽകിയിരുന്ന നിർദേശം. ഇവ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ കോളനികളിൽ വിക്ടേഴ്സ് ചാനൽ ക്ലാസുകൾ റെക്കോഡ് ചെയ്ത് എത്തിക്കാനും നിർദേശം നൽകിയിരുന്നു. എന്നാൽ ഇവയൊന്നും കൃത്യമായി നടപ്പായില്ല. വിദ്യാഭ്യാസ, തദ്ദേശ, പട്ടികജാതി/വർഗവകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് പഠന സൗകര്യങ്ങൾ ഏർപ്പെടുത്താൻ തടസമായത്.

സംസ്ഥാനത്താകെ 40 ലക്ഷത്തോളം വിദ്യാർഥികളാണുള്ളത്. അതിൽ 12% ആദിവാസി, ദളിത്, നിർധന വിദ്യാർഥികളാണ്. വനത്തിനുള്ളിൽ കഴിയുന്ന 70,117 ആദിവാസി വിദ്യാർഥികളുണ്ടെന്നാണു സർക്കാർ രേഖകളിൽ വ്യക്തമാക്കുന്നത്. ഇതിൽ 2,046 പേർക്ക് മാത്രമാണ് ഡിജിറ്റൽ പഠന സൗകര്യം ലഭിക്കാത്തതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. അതേസമയം ഈ കണക്ക് തെറ്റാണെന്നാണ് ആദിവാസി, മനുഷ്യാവകാശസംഘടനകൾ പറയുന്നത്. സ്‌കൂളുകളുടെ നേതൃത്വത്തിൽ കണക്കെടുത്ത്, തദ്ദേശാടിസ്ഥാനത്തിൽ ക്രോഡീകരിച്ചശേഷം 21-നകം വിദ്യാഭ്യാസ വകുപ്പിനു കൈമാറാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം വിദ്യാഭ്യാസ വകുപ്പിൽ 1.20 ലക്ഷം കമ്പ്യൂട്ടറുകൾ കെട്ടിക്കിടക്കുന്നതായാണ് സന്നദ്ധ സംഘടനകൾ ആരോപിക്കുന്നത്. സർക്കാർ സ്‌കൂളുകൾ ഹൈടെക് ആക്കാൻ വാങ്ങിക്കൂട്ടിയതാണിവയെല്ലാം. ഈ കമ്പ്യൂട്ടറുകൾ ഏകാധ്യാപകവിദ്യാലയങ്ങൾക്കും ആദിവാസി മേഖലകളിലെ ബാലവിഭവകേന്ദ്രങ്ങൾക്കും മെന്റർ ടീച്ചർമാർക്കും കൈമാറിയാൽ ഡിജിറ്റൽ പഠന സൗകര്യങ്ങളില്ലെന്ന പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണാനാകുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.

2016-17 കാലഘട്ടത്തിൽ 132.59 കോടി രൂപയും 2017-18 കാലഘട്ടത്തിൽ 238.33 കോടി രൂപയും 2018-19 കാലഘട്ടത്തിൽ 252.09 കോടി രൂപയും 2019-20 കാലഘട്ടത്തിൽ 131.81 കോടി രൂപയുമാണ് പട്ടികജാതി വകുപ്പ് ചെലവിട്ടത്.

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയിൽ സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെ കുറിച്ചും അതിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നൽകിയതിനെ കുറിച്ചുമുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കേന്ദ്രത്തിന്റെ പുതിയ നീക്കത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേരളം ഉൾപ്പെടെ സഹകരണ മേഖലയ്ക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളെ നിയന്ത്രിക്കാൻ വേണ്ടിയാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്.

രാജ്യത്ത് സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് ജൂലൈ ആറിനാണ്. സഹകരണ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വ്യക്തമായ രൂപം ഇതുവരെ പുറത്തു വന്നിട്ടില്ല. രാജ്യത്തെ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഭരണപരമായും നയപരമായും നിയമപരമായുമുള്ള ചട്ടക്കൂട്ട് തയ്യാറാക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. സഹകരണ മേഖലയിൽ വ്യവസായ സൗഹാർദപരമായ സാഹചര്യമൊരുക്കും, വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സഹകരണ സംഘങ്ങൾ സ്ഥാപിക്കും തുടങ്ങിയ കാര്യങ്ങളും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ചയ്ക്കോ ചർച്ചയ്ക്കോ കേന്ദ്രം തയ്യാറായിട്ടില്ല. സഹകരണം സംസ്ഥാന വിഷയമാണ്. ഇത് മറികടന്നുള്ള കേന്ദ്രനീക്കം തങ്ങളുടെ അധികാരത്തെ ദുർബലപ്പെടുത്തുമോയെന്നാണ് സംസ്ഥാനങ്ങളുടെ ആശങ്ക. സഹകരണ മന്ത്രാലയം പൂർണ തോതിൽ പ്രവർത്തന സജ്ജമായാൽ രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിന്റെ ഭരണ-നിയമ-നിയന്ത്രണ കാര്യത്തിലെല്ലാം കേന്ദ്രത്തിന്റെ ഇടപെടലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുന്നയിച്ച് ഇടതുപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സഹകരണ സൊസൈറ്റികൾ സംസ്ഥാന വിഷയമാണെന്നിരിക്കെയുള്ള ഈ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. സഹകരണം സംസ്ഥാന വിഷയമാണെന്നും അവിടെ പുതിയൊരു കേന്ദ്ര മന്ത്രാലയത്തിനു പ്രസക്തിയില്ലെന്നും ഫെഡറൽ സംവിധാനത്തെ ഹനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേറ്റുകൾക്ക് വൻതുക ലോൺ നൽകി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ചതിന് പിന്നാലെ രാജ്യത്തെ സഹകരണ ബാങ്കുകളിലെ വൻ നിക്ഷേപവും കൊള്ളയടിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഹകരണ മന്ത്രാലയം രൂപീകരിച്ചു കൊണ്ടുള്ള തീരുമാനം അപകടകരമാണെന്നാണ് മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം.

തിരുവനന്തപുരം: നിയന്ത്രണങ്ങൾക്ക് വിധേയമായി ജുമുഅ നമസ്‌കാരത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമസ്ത. ഇക്കാര്യം ആവശ്യപ്പെട്ട് സമസ്ത കോഡിനേഷൻ കമ്മിറ്റി മലപ്പുറത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. ആരാധനാലയങ്ങൾക്ക് കൂടി ഇളവുകൾ നൽകണമെന്ന് കോവിഡ് നിയന്ത്രണ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ തന്നെ സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം മത സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സമസ്ത ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കത്തയക്കുകയും ചെയ്തിരുന്നു.

എന്നാൽ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ചപ്പോൾ ആരാധനാലയങ്ങളിൽ ഇളവ് അനുവദിച്ചിരുന്നില്ല. ഇതോടെയാണ് സമസ്ത പുതിയ നടപടികളുമായി മുന്നോട്ട് പോകുന്നത്.

‘ജുമുഅ നമസ്‌കാരം വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ്. പാവപ്പെട്ടവരുടെ ഹജ്ജ് എന്നെല്ലാം ജുമുഅ നമസ്‌കാരത്തെ വിശേഷിപ്പിക്കാം. പക്ഷേ ആളുകൾ സംഘടിച്ച് നമസ്‌കരിക്കുന്നത് അല്ല ജുമുഅ നമസ്‌കാരം. 40 പേർ പങ്കെടുക്കണം എന്നാണ് ചട്ടം. നിലവിലെ സാഹചര്യത്തിൽ അത് സാധ്യമല്ല. ഇളവ് നൽകിയ മറ്റെല്ലാ മേഖലയിലും ഇതിലേറെ ആളുകൾ സംഘടിക്കുന്നുണ്ട്. പക്ഷേ പള്ളിയുടെ കാര്യത്തിൽ, ആരാധനയുടെ കാര്യത്തിൽ വരുമ്പോൾ കഴിയില്ല എന്ന നിലപാട് എന്ത് കൊണ്ടാണെന്ന്’ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്ലിയാർ ചോദിച്ചു. മുഖ്യമന്ത്രിയും സർക്കാരും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആരാധനാലയങ്ങൾക്ക് പ്രവർത്തിക്കാനാകുമെന്നുമാണ് സമസ്ത നേതാക്കൾ പറയിുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ എ, ബി ഗണത്തിൽ പെടുന്ന ഇടങ്ങളിൽ ജുമുഅ നമസ്‌കാരത്തിന് അനുമതി നൽകണമെന്നാണ് ഇവർ പറയുന്നത്. പള്ളിയുടെ വിസ്തൃതി, പ്രദേശത്തെ സാഹചര്യം ഇവ എല്ലാം കണക്കിലെടുത്ത് അനുമതി നൽകണം എന്നാണ് ആവശ്യം. ആരാധനയ്ക്ക് വേണ്ടി നടത്തുന്ന പ്രതിഷേധ സമരങ്ങളിൽ പോലീസുകാർ ഫോട്ടോ എടുക്കുകയാണെന്നും ബീവറേജ് കോർപ്പറേഷന് മുൻപിൽ തടിച്ചുകൂടിയ ആളുകളുടെ ഫോട്ടോ എടുക്കാൻ ഒരു പൊലീസുകാരനെയും കാണുന്നില്ലെന്നും പി ഉബൈദുള്ള എം എൽ എ പറഞ്ഞു. ഇത് കടുത്ത വിവേചനമാണെന്നും മദ്യശാലകളിൽ ഇല്ലാത്ത കോവിഡ് എങ്ങനെയാണ് ആരാധനാലയങ്ങളിൽ എത്തുകയെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓൺലൈൻ പഠനത്തിനായി പ്ലാറ്റ്‌ഫോമൊരുക്കി കൈറ്റ്‌സ് വിക്ടേഴ്‌സ്. ജി സ്യൂട്ട് എന്ന പൊതു പ്ലാറ്റ്‌ഫോമാണ് ഓൺലൈൻ പഠനത്തിലായി വിക്ടേഴ്‌സ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 47 ലക്ഷം വിദ്യാർത്ഥികളെയാണ് ഇതിലൂടെ വിക്ടേഴ്‌സ് പൊതു ഡൊമൈനിൽ കൊണ്ടുവരുന്നത്.

സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിൽ ഇതുവരെ അധ്യാപകന് മാത്രമെ സംസാരിക്കാൻ കഴിയുമായിരുന്നുള്ളു. കുട്ടികൾക്ക് കൂടി സംശയങ്ങൾ ചോദിക്കാനും ഇടപെടാനും കഴിയുന്ന പ്ലാറ്റ്‌ഫോമാണ് ജി സ്യൂട്ട്. ഗൂഗിൾ ഇന്ത്യ സൗജന്യമായാണ് പൊതു പ്ലാറ്റ്‌ഫോം ലഭ്യമാക്കിയത്. പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ്‌ ചെയ്യുന്ന ഡേറ്റയുടെ നിയന്ത്രണം കൈറ്റിനുണ്ടായിരിക്കും.

സ്വകാര്യ സംവിധാനമാണെങ്കിലും പരസ്യങ്ങളുണ്ടാകില്ലെന്നതാണ് ഇതിന്റെ സവിശേഷത. വീഡിയോ കോൺഫറൻസിംഗിനുള്ള ഗൂഗിൾ മീറ്റ്, അസൈൻമെൻറുകൾ നൽകാനും ,ക്വിസുകൾ സംഘടിപ്പിക്കാനും, മൂല്യനിർണ്ണയം നടത്താനുമുള്ള സൗകര്യം തുടങ്ങിയവയെല്ലാം ജി സ്യൂട്ടിലുണ്ടായിരിക്കും. ഡാറ്റകൾ തയ്യാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എല്ലാവർക്കും ലോഗിൻ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാൽ ക്ലാസുകളിൽ മറ്റുള്ളവർക്ക് നുഴഞ്ഞുകയറാനാകില്ല. ലോഗിൻ ഉപയോഗിച്ച് ആളുമാറി കയറുന്നവരെ ട്രാക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിഷയങ്ങൾ തിരിച്ചും സ്‌കൂളുകളിൽ ഗ്രൂപ്പുണ്ടാക്കാം. ക്ലാസുകൾ തത്സമയം റെക്കോഡ് ചെയ്യാനും ക്ലാസിൽ പങ്കെടുക്കാത്ത കുട്ടികൾക്ക് റെക്കോഡഡ് ക്ലാസുകളുടെ ലിങ്ക് ഷെയർ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

സ്വകാര്യ സ്‌കൂളുകൾ നിലവിൽ പരീക്ഷിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെക്കാൾ വിപുലവും ലളിതവുമായി സംവിധാനമായാണ് ജി സ്യൂട്ട്. സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കിയ ശേഷം മാത്രമായിരിക്കും ജി സ്യൂട്ട് വഴിയുള്ള ക്ലാസുകൾ ആരംഭിക്കുന്നത്.