തിരുവനന്തപുരം: കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലറായ ഡോ.ആർ. ചന്ദ്രബാബുവിന്റെ നിയമനവുമായി ബന്ധപ്പെട്ട് സെലക്ഷൻ കമ്മിറ്റി പ്രതിരോധത്തിൽ. ചന്ദ്രബാബുവിന്റെ നിയമനത്തിൽ അനാവശ്യ തിടുക്കം കാണിച്ച സെലക്ഷൻ കമ്മിറ്റിയും ഇപ്പോൾ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. അപേക്ഷ സ്വീകരിച്ച് രണ്ടു ദിവസത്തിനുള്ളിൽ വൈസ് ചാൻസലറായി ഡോ.ചന്ദ്രബാബുവിനെ നിയമിക്കാൻ സെലക്ഷൻ കമ്മിറ്റി ഗവർണർക്ക് കത്തുനൽകുകയായിരുന്നു. ഇരുപതോളം പേർ നൽകിയ അപേക്ഷകൾ കൃത്യമായി പരിശോധിക്കാതെയായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
2017 ഡിസംബർ 21 നായിരുന്നു വി.സി നിയമനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 23 ന് രാവിലെ 11 ന് സെലക്ഷൻ കമ്മിറ്റി അപേക്ഷകൾ പരിശോധിച്ചു. ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, ഐ.സി.എ.ആർ ഡയറക്ടർ ജനറൽ ത്രിലോചൻ മൊഹാപത്ര, കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം ഡോ. കെ. രവിരാമൻ എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങൾ.
വിദേശ സർവകലാശാലകളിൽ പ്രൊഫസറായിരുന്നു എന്നതടക്കം ബയോഡാറ്റയിൽ അവകാശപ്പെടുന്ന അധിക യോഗ്യതകളുടെ വിശ്വാസ്യത തെളിയിക്കുന്ന രേഖകളോ അറ്റസ്റ്റ് ചെയ്ത പകർപ്പുകളോ ഒന്നു തന്നെ ഡോ.ചന്ദ്രബാബു സമർപ്പിച്ചിരുന്നില്ല. ഇതെല്ലാം കൃത്യമായി പരിശോധിക്കാതെയായിരുന്നു സെലക്ഷൻ കമ്മിറ്റി വൈസ് ചാൻസലറായി ചന്ദ്രബാബുവിന്റെ പേര് നിർദ്ദേശിക്കുന്നത്. ശുപാർശ ലഭിച്ച ദിവസം വൈകിട്ട് ഗവർണർ വൈസ് ചാൻസലറായി ചന്ദ്രബാബുവിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിറക്കി. ചന്ദ്രബാബുവിന്റെ ജനനത്തീയതി പരിശോധിക്കാതെ ഇറക്കിയ ഉത്തരവിൽ വി.സിയുടെ കാലാവധി അഞ്ചുവർഷമെന്നാണ് രേഖപ്പെടുത്തിയത്. ഇതിൽ ന്യൂനത കണ്ടതിനെ തുടർന്ന് 29 -ാം തീയതി തിരുത്തൽ ഉത്തരവും പുറപ്പെടുവിച്ചു.
കാലാവധി ‘അഞ്ചുവർഷമോ അല്ലെങ്കിൽ 65 വയസ് തികയുന്നതുവരെയോ എന്ന് എഴുതിച്ചേർത്താണ് തിരുത്തൽ ഉത്തരവ് ഇറക്കിയത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 21 ന് അവസാനിച്ചതിനാൽ ക്രിസ്മസ് അവധി കഴിഞ്ഞ ശേഷമേ തുടർനടപടികൾ ഉണ്ടാകൂവെന്നാണ് മറ്റുള്ള അപേക്ഷകർ ധരിച്ചിരുന്നത്. ഡിസംബർ 24 മുതൽ ക്രിസ്മസ് അവധി തുടങ്ങുന്നതിനാൽ 23 നു തന്നെ സെലക്ഷൻ കമ്മിറ്റി യോഗം ചേർന്ന് വൈസ് ചാൻസലറെ തീരുമാനിക്കുകയായിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിവസം ഡോ.ചന്ദ്രബാബു വൈസ് ചാൻസലറായി ചുമതലയേറ്റു. അതിനാൽ തന്നെ മറ്റുള്ളവർക്ക് പരാതി നൽകാനുള്ള അവസരവും ലഭിച്ചില്ല.