General (Page 1,480)

ന്യൂഡൽഹി : ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും മാദ്ധ്യമ പ്രവർത്തകരുടെയും സംപ്രീം കോടതി ജഡ്ജിമാരുടെയും വിവരങ്ങൾ ചോർത്തിയെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നരേന്ദ്ര മോദി സർക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാൽപ്പത്തിലേറെ മാദ്ധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്തിയതായാണ് റിപ്പോർട്ട്. നിതിൻഗഡ്കരി, സ്മൃതി ഇറാനി എന്നീ മന്ത്രിമാരുടെ ഫോണുകളാണ് ചോർന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ചില വ്യവസായികളുടെ ഫോണുകളും സുരക്ഷാ ഏജൻസി മേധാവികളുടെ ഫോണുകളും ചോർത്തിയെന്ന വിവരവും പുറത്തു വരുന്നുണ്ട്.

രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ്. പെഗാസസ് എന്ന ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ, രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാദ്ധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തുന്നുവെന്നും ഇതേക്കുറിച്ച് മാദ്ധ്യമങ്ങൾ ഉടൻ പുറത്തു വിടുമെന്ന് കരുതുന്നതായുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

pinarayi

തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും പാഠപുസ്തകം പോലെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭാവന സ്വീകരിക്കാൻ ചീഫ് മിനിസ്റ്റേഴ്‌സ് എജ്യുക്കേഷനൽ എംപവർമെന്റ് ഫണ്ട് രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായുള്ള ജനകീയ പ്രചാരണം സർക്കാർ ആരംഭിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഓരോ വിദ്യാലയത്തിലും എത്ര കുട്ടികൾക്ക് ഡിജിറ്റൽ പഠനസൗകര്യം ലഭ്യമാണെന്നും എത്ര ഉപകരണങ്ങൾ വേണമെന്നുമുള്ള വിവരം പിടിഎകളുടെ നേതൃത്വത്തിലുള്ള സ്‌കൂൾതല സമിതി കണക്കാക്കും. ഈ വിവരം തദ്ദേശസ്ഥാപന, ജില്ലാതലങ്ങളിൽ ക്രോഡീകരിക്കും. വിവരശേഖരണത്തിനും പ്രവർത്തനങ്ങൾക്കുമായി സ്‌കൂൾ, വാർഡ്, തദ്ദേശസ്ഥാപന, ജില്ലാ, സംസ്ഥാനതല സമിതികൾ രൂപീകരിക്കും. ഉപകരണങ്ങൾ ആവശ്യമായ കുട്ടികളുടെ എണ്ണം പോർട്ടലിൽ ലഭ്യമാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഉപകരണങ്ങളോ പണമോ സംഭാവനയായി നൽകാമെന്ന് അദ്ദേഹം വിശദമാക്കി.

കോർപറേറ്റ് സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ടും ഇതിനായി പ്രയോജനപ്പെടുത്താം. പൊതുനന്മ ഫണ്ട് പ്രയോജനപ്പെടുത്താൻ പ്രത്യേക പ്രോജക്ട് തയാറാക്കി നൽകാനുള്ള സംവിധാനവും പോർട്ടലിന്റെ ഭാഗമായി ഒരുക്കും. പൂർവവിദ്യാർഥികൾ അഭ്യുദയകാംക്ഷികൾ, സാമൂഹിക സാംസ്‌കാരിക സംഘടനകൾ എന്നിവരടങ്ങിയ വൻ ജനകീയ മുന്നേറ്റമായി ഇതിനെ മാറ്റണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വിജ്ഞാനസമൂഹമാക്കി കേരളത്തെ പരിവർത്തിപ്പിക്കാനുള്ള ഉദ്യമത്തിൻറെ ആദ്യ പടിയായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ വിദ്യാഭ്യാസ പരിവർത്തന പരിപാടിയിൽ എല്ലാവരുടെയും സഹായവും സഹകരണവും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടെ ഉപകരണങ്ങൾ വാങ്ങാൻ ശേഷിയുള്ളവർക്ക് വായ്പ / ചിട്ടി ലഭ്യമാക്കും. ചെറിയ പിന്തുണ നൽകിയാൽ ഉപകരണങ്ങൾ വാങ്ങാൻ ശേഷിയുള്ളവരുണ്ട്. അവർക്ക് സഹകരണ ബാങ്കുകൾ ഇതിനകം പ്രഖ്യാപിച്ച പലിശ രഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്താം. സ്വന്തം കുട്ടിക്ക് ഉപകരണങ്ങൾ വാങ്ങിച്ച് നൽകുമ്പോൾ മറ്റൊരു കുട്ടിക്ക് കൂടി വാങ്ങി കൊടുക്കാൻ പറ്റുന്നവരെ അതിനു പ്രേരിപ്പിക്കണം. ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത ആദിവാസി/പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്കെല്ലാം ഉപകരണങ്ങൾ ലഭ്യമാക്കും. ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും. ആദിവാസി വിഭാത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കും ആവശ്യമെങ്കിൽ രക്ഷിതാക്കൾക്കും നൽകും. ആവശ്യമുള്ള ഊരുകളിൽ പഠന മുറികൾ ഒരുക്കും. കണക്ടിവിറ്റി പ്രശ്‌നവും പരിഹരിക്കാൻ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ നവീകരണത്തിനുള്ള രൂപരേഖ തയ്യാർ. ബിസിനസ് ജറ്റ് ടെർമിനൽ, വി.വി.ഐ.പി. സുരക്ഷിത മേഖല, കുറഞ്ഞ ചെലവിൽ ലഘുനേര താമസത്തിനായി ബജറ്റ് ഹോട്ടൽ എന്നിവ ടെർമിനൽ-2-ൽ ഒരുക്കാനാണ് പദ്ധതിയിടുന്നത്. വ്യോമയാന ഇതര വരുമാന മാർഗങ്ങൾ വർധിപ്പിക്കാനുള്ള സിയാലിന്റെ പദ്ധതിയുടെ ഭാഗമായാണ് രണ്ടാം ടെർമിനലിന്റെ നവീകരണം ആരംഭിക്കുന്നത്.

പദ്ധതിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസാണ് ഇക്കാര്യം അറിയിച്ചത്. പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താനുള്ള നിരവധി പദ്ധതികൾക്ക് സിയാൽ രൂപം കൊടുത്ത് വരികയാണെന്ന് സുുഹാസ് അറിയിച്ചു. പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും ടെർമിനൽ രണ്ടിൽ മൂന്ന് തരത്തിലുള്ള പ്രവർത്തനമാണ് ഉദ്യേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ബിസിനസ് ജെറ്റുകൾ ധാരാളമായി കൊച്ചി വിമാനത്താവളത്തിലെത്തും. അവയ്ക്കായി മാത്രം ഒരു ടെർമിനൽ എന്നതാണ് ഇവയിൽ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യാന്തര സർവീസ് നടത്തുന്നത് മൂന്നാം ടെർമിനലിലൂടെയാണ്. 15 ലക്ഷം ചതുരശ്രയടി വിസ്തീർണമാണ് മൂന്നാം ടെർമിനലിനുള്ളത്. ആഭ്യന്തര ടെർമിനലായ ടി-1 ന് ആറുലക്ഷം ചതുരശ്രയടിയാണ് വിസ്തീർണ്ണം. നേരത്തെ ആഭ്യന്തര ഓപ്പറേഷൻ നടത്തിയിരുന്ന രണ്ടാം ടെർമിനലിന് ഒരുലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. ഇതിന്റെ നവീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ടെർമിനലിനെ മൂന്ന് ബ്ലോക്കായി തിരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മുപ്പതിനായിരം ചതുരശ്രയടിയുള്ള ഒന്നാം ബ്ലോക്കിൽ ബിസിനസ് ജെറ്റ് ടെർമിനൽ നിർമിക്കും. മൂന്ന് എക്സിക്യൂട്ടീവ് ലോഞ്ചുകളും കസ്ററംസ്, ഇമിഗ്രേഷൻ സംവിധാനങ്ങളും ഇവിടെയുണ്ടാകും.

രണ്ടാം ബ്ലോക്കിന് 10,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. വി.വി.ഐ.പി സ്ഥിരം സേഫ് ഹൗസ് ആണ് ഇവിടെ ഒരുക്കുന്നത്. മറ്റ് യാത്രക്കാർക്ക് തടസ്സമുണ്ടാക്കാതെ, പ്രധാനമന്ത്രി, പ്രസിഡന്റ് ഉൾപ്പെടെയുള്ള വി.വി.ഐ.പിമാരുടെ യാത്രാപദ്ധതി ആസൂത്രണം ചെയ്യാൻ ഇതിലൂടെ കഴിയും. 60,000 ചതുരശ്രയടി സ്ഥലത്താണ് മൂന്നാം ബ്ലോക്ക്. 50 മുറികളുള്ള ബജറ്റ് ഹോട്ടലാണ് ഇവിടെ നിർമ്മിക്കുന്നത്. ഒന്ന്, രണ്ട് ബ്ലോക്കുകൾ ഒരുവർഷത്തിനകം പൂർത്തിയാക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്.

ആംസ്റ്റർഡാം: 3 ഡി പ്രിന്റിൽ തയ്യാറാക്കിയ ലോകത്തെ ആദ്യ ഉരുക്ക് പാലം തുറന്നു നൽകി. നെതർലാൻഡിലെ ആംസ്റ്റർഡാമിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. വെൽഡിംഗ് ടോർച്ചുകൾ ഉപയോഗിച്ച് റോബോട്ടിക് ഉപകരണങ്ങൾ കൊണ്ടാണ് പാലം സൃഷ്ടിച്ചരിക്കുന്നത്. ആറു മാസം സമയമെടുത്താണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 12 മീറ്റർ നീളമുള്ള പാലം 4500 കിലോഗ്രാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വേണ്ടിയാണ് പാലം തുറന്ന് നൽകിയത്.

ഒരു ഡസനിലധികം സെൻസറുകൾ പാലത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. പാലത്തിലൂടെ ആളുകൾ കടന്നുപോകുമ്പോൾ ഈ സെൻസറുകൾ കാലാവസ്ഥയിലുണ്ടാകുന്ന ആഘാതം, ചലനം, വൈബ്രേഷൻ, താപനില എന്നിവ നിരീക്ഷിക്കുകയും പിന്നീട് ഈ ഡാറ്റ ബ്രിഡ്ജിന്റെ ഡിജിറ്റൽ മോഡലിലേക്ക് നൽകുകയും ചെയ്യും. മെറ്റീരിയലിന്റെ സവിശേഷതകൾ പഠിക്കാൻ എഞ്ചിനീയർമാർ ഈ മോഡൽ ഉപയോഗിക്കുകയും അറ്റകുറ്റപ്പണി അല്ലെങ്കിൽ പരിഷ്‌ക്കരണം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന ഡാറ്റയിലെ ഏതെങ്കിലും ട്രെൻഡുകൾ കണ്ടെത്തുന്നതിന് മെഷീൻ ലേണിംഗ് ഉപയോഗിക്കുകയും ചെയ്യും. വലുതും സങ്കീർണ്ണവുമായ കെട്ടിട നിർമ്മാണ പ്രോജക്റ്റുകൾക്കായി 3 ഡി പ്രിന്റഡ് സ്റ്റീൽ എങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കാൻ ഡിസൈനർമാരെ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം.

ജയ്പൂർ: ആത്മവിശ്വാസത്തോടെ പോരാടിയാൽ ഏത് പ്രതിസന്ധിയും മറികടന്ന് ജീവിത വിജയം നേടാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ആശ കാണ്ഡാർ എന്ന യുവതി. ശുചീകരണ തൊഴിലാളിയിൽ നിന്നും രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ഇടം നേടിയ ആശയുടെ ജീവിതം എല്ലാവർക്കും മികച്ച മാതൃക തന്നെയാണ്. തനിക്ക് ഈ നേട്ടം കരസ്ഥമാക്കാൻ കഴിയുമെങ്കിൽ ഏവർക്കും അതിന് കഴിയുമെന്നാണ് ആശ പറയുന്നത്.

എട്ട് വർഷങ്ങൾക്ക് മുൻപാണ് ആശയെ ഭർത്താവ് ഉപേക്ഷിക്കുന്നത്. എന്നാൽ ആശ തളർന്നില്ല. വിധിയോട് പോരാടി ജീവിത വിജയം നേടാൻ ആശ തീരുമാനിച്ചു. തന്റെ രണ്ടു മക്കളും മാതാപിതാക്കളും തനിക്ക് ശക്തി പകർന്നുവെന്നും ആശ പറയുന്നു.

ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ജോധ്പൂർ മുൻസിപ്പൽ കോർപ്പറേഷനിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തുവരികെയാണ് ആശ സിവിൽ സർവ്വീസ് പരീക്ഷ എഴുതുന്നത്. പരീക്ഷയിൽ വിജയിച്ചതോടെ മെയിൽ പരീക്ഷയും ആശ എഴുതി. അതിലും മികച്ച വിജയം നേടാൻ ആശയ്ക്ക് കഴിഞ്ഞു. സാധാരണക്കാരായ ജനങ്ങളെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പിതാവാണ് തനിക്ക് പ്രചോദമായതെന്നും ആശ വ്യക്തമാക്കി. തന്റെ പിതാവ് വിദ്യാഭ്യാസമുള്ളയാളാണ്. വിദ്യാഭ്യാസത്തിന്റെ മൂല്യം അദ്ദേഹത്തിനറിയാം. പഠിക്കാനും മുന്നോട്ട് പോകാനും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചുവെന്നും ആശ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങളെല്ലാം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് പാക് താലിബാൻ. അഫ്ഗാനിസ്താനിലെ ഇന്ത്യൻ നിർമിത വസ്തുവകകൾ തകർക്കാനാണ് പാക് താലിബാൻ പദ്ധതിയിടുന്നത്. താലിബാനിൽ ചേർന്ന പാകിസ്താനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്.ഐ ഇക്കാര്യം നിർദ്ദേശിച്ചതായാണ് വിവരം. അഫ്ഗാനിസ്താനെതിരെയുള്ള താലിബാൻ ആക്രമണത്തെ പിന്തുണയ്ക്കാനായി പതിനായിരത്തിലധികം പാക് പൗരന്മാർ അഫ്ഗാനിസ്താനിലേക്ക് പ്രവേശിച്ചുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ഇന്ത്യൻ നിർമ്മിത വസ്തുവകകൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ അഫ്ഗാനിസ്താനിലേക്ക് എത്തിയത്. അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങൾ തകർക്കണം എന്ന നിർദ്ദേശമാണ് ഇവർക്ക് ലഭിച്ചിരിക്കുന്നതെന്നാണ് അഫ്ഗാൻ സർക്കാരിന്റെ നിരീക്ഷക വൃത്തങ്ങൾ വ്യക്തമാക്കിയത്. അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിൽ ഇന്ത്യ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മൂന്ന് ബില്യൻ ഡോളറാണ് രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യൻ സർക്കാർ അഫ്ഗാന്റെ പുനർ നിർമ്മാണത്തിനായി നിക്ഷേപിച്ചിരിക്കുന്നത്. ഡെലാറാമിനും സരഞ്ച് സൽമ ഡാമിനുമിടയിലെ 218 കിലോമീറ്റർ റോഡിലും ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ൽ ഉദ്ഘാടനം ചെയ്ത പാർലമെന്റ് കെട്ടിടം അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യൻ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. അഫ്ഗാന്റെ വിദ്യാഭ്യാസ മേഖലയ്ക്കും ഇന്ത്യ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.

covid

ജനീവ: ചൈനയ്ക്ക് വീണ്ടും തിരിച്ചടി. കോവിഡ് വൈറസിന്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് രണ്ടാം ഘട്ട അന്വേഷണത്തിന് ലോകാരോഗ്യ സംഘടന ഉത്തരവിട്ടു. ലബോറട്ടറികളെയും വുഹാൻ മാർക്കറ്റിനെയും ഉൾപ്പെടുത്തിയുള്ള അന്വേഷണം നടത്താനാണ് ലോകാരോഗ്യ സംഘടന ഉത്തരവിട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.

വുഹാനിലെ എല്ലാ മാംസ മാർക്കറ്റുകളും രണ്ടാം ഘട്ട പഠനത്തിന്റെ ഭാഗമാകണമെന്നാണ് നിർദ്ദേശം. ‘മനുഷ്യർ, വന്യജീവികൾ, കോവിഡ് വൈറസ് വ്യാപിച്ചെന്ന് കരുതുന്ന മത്സ്യമാർക്കറ്റ് ഉൾപ്പടെയുള്ളവയെല്ലാം അന്വേഷണത്തിൽ ഉൾപ്പെടുത്തണം. 2019 ൽ മനുഷ്യരിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സ്ഥലത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ലബോറട്ടറികളും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളും അന്വേഷണത്തിൽ പരിധിയിൽ ഉണ്ടാകണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.

കോവിഡ് വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള പഠനത്തിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് ഗവേഷകരോടൊപ്പം വുഹാനിൽ താമസിച്ച് നേരത്തെ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. വവ്വാലിൽ നിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം മനുഷ്യരിൽ കോവിഡ് വൈറസ് പ്രവേശിച്ചത് എന്നായിരുന്നു സംഘത്തിന്റെ നിഗമനം. എന്നാൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡ് വൈറസിന്റെ ഉറവിടം സബന്ധിച്ച് കൂടുതൽ പരിശോധനകൾ വേണമെന്ന ആവശ്യം ശക്തമാക്കി. വവ്വാലുകളിൽ പഠനം നടത്തിയിരുന്ന വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിന്റെ ഭാഗമാക്കണം എന്നതായിരുന്നു ഇവർ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യം. തുടർന്നാണ് രണ്ടാംഘട്ട അന്വേഷണത്തിന് ലോകാരോഗ്യ സംഘടന ഉത്തരവിട്ടത്.

അകേസമയം വൈറസിന്റെ ഉത്ഭവം കണ്ടെത്തുക എന്നത് ശാസ്ത്രീയമായ പ്രവർത്തനമാണെന്നും ഇതിൽ രാഷ്ട്രീയം കലർത്തരുത് എന്നും ഗെബ്രിയേസസ് ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തിലെ പഠനത്തിനായി സുതാര്യത മുൻ നിർത്തി എല്ലാ വിവരങ്ങളും കൈമാറി ചൈന സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

അഹമ്മദാബാദ്: ഗാന്ധിനഗർ റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിമാനത്താവളങ്ങളോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് റെയിൽവേ സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്.

വിമാനത്താവളങ്ങളിൽ ലഭിക്കുന്നത് പോലെയുള്ള സേവനങ്ങളെല്ലാം ഗാന്ധിനഗർ റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടാകും. റെയിൽവേ സ്‌റ്റേഷന്റെ ഭാഗമായുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. 318 മുറികളാണ് പഞ്ചനക്ഷത്ര ഹോട്ടലിൽ ഉള്ളത്.

ഗാന്ധിനഗർ റെയിൽവേ ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപ്പറേഷനാണ് റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. രണ്ട് എസ്‌കലേറ്ററുകളും മൂന്ന് ലിഫ്റ്റുകളും റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ പ്ലാറ്റ്‌ഫോമുകൾ തമ്മിൽ ബന്ധിപ്പിക്കാനായി ഭൂഗർഭ സബ്‌വേകളും ഇവിടെയുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സൗഹാർദ്ദപരമായ രീതിയിലാണ് റെയിൽവേ സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. അവർക്ക് സഞ്ചരിക്കാനായി പ്രത്യേക വഴികളും പ്രത്യേക ടിക്കറ്റ് കൗണ്ടറുകളും പ്രത്യേക പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നതാണ് റെയിൽവേ സ്‌റ്റേഷന്റെ മറ്റൊരു സവിശേഷത.

2017 ലാണ് പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. 254 കോടി രൂപയാണ് റെയിൽവേ സ്‌റ്റേഷന്റെ നവീകരണത്തിനായി ചെലവായത്. 790 കോടി രൂപയാണ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമ്മാണ ചെലവ്.

ന്യൂഡൽഹി: ബക്രീദിനോടനുബന്ധിച്ച് കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി. നടപടി നിന്ദ്യമാണെന്നും ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെയാണെന്ന് മനു അഭിഷേക് സിങ്‌വി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബക്രീദിനോടനുബന്ധിച്ച് ഞായറാഴ്ച്ച മുതൽ മൂന്ന് ദിവസത്തേക്കാണ് കേരളത്തിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. രാത്രി 8 മണി വരെയാണ് കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച കടകൾ തുറക്കാമെന്നും സർക്കാർ അറിയിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: ഓൺലൈൻ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് അധ്യാപിക. ഒമ്പതാം ക്ലാസ് വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസിനിടെയാണ് അധ്യാപിക ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചത്. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ അധ്യാപികയായ ബൃന്ദയാണ് ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന്റെ പേരിൽ വിവാദത്തിലായത്.

നാലു തലയുള്ളവരും പാമ്പിന്റെ മുകളിൽ കിടക്കുന്നവരും നെറ്റിയിൽ കണ്ണുള്ളവരുമായ ദൈവങ്ങൾ ജീവിച്ചിരുന്നു എന്നതിന് തെളിവില്ലെന്നായിരുന്നു ഓൺലൈൻ ക്ലാസിൽ ബൃന്ദ പറഞ്ഞത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെ പരിഹസിച്ചു കൊണ്ടായിരുന്നു ബൃന്ദ കുട്ടികൾക്ക് ക്ലാസെടുത്തത്. ജീസസ് ജീവിച്ചിരുന്നുവെന്നും അതിന് കൃത്യമായ തെളിവും ഡേറ്റും സമയവുമുണ്ടെന്ന് അധ്യാപിക ക്ലാസിൽ കുട്ടികളോട് പറഞ്ഞിരുന്നുവെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. രാമനും കൃഷ്ണനുമൊക്കെ ജനിച്ചിട്ടുണ്ടെന്നു പോലും വിശ്വസിക്കാനാവില്ലെന്നും ബൃന്ദ പരിഹസിച്ചിരുന്നു.

ഹിന്ദു ദൈവങ്ങളെ പരിഹസിച്ചതിനോടൊപ്പം കുട്ടികളുടെ മനസിൽ നിന്ന് ഈശ്വര സങ്കൽപങ്ങൾ മായ്ച്ചു കളയാൻ കൂടിയാണ് അധ്യാപിക ശ്രമിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇതര മതവിശ്വാസികളുടെ അന്ധവിശ്വാസങ്ങൾക്ക് എതിരെ പോലും നിശബ്ദത പാലിക്കുന്ന ചില അധ്യാപകരാണ് ഹൈന്ദവീയതയെ ഉന്മൂലനം ചെയ്യാൻ അധ്യാപക വേഷം കെട്ടിയെത്തുന്നതെന്നും രക്ഷിതാക്കൾ വിമർശിക്കുന്നു.

ഹിന്ദുദൈവങ്ങളെ അപമാനിച്ചുവെന്ന പേരിൽ നേരത്തെയും കോട്ടൺഹിൽ സ്‌കൂൾ വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് സ്‌കൂൾ പുറത്തിറക്കിയ സുവനീറിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് കാർട്ടൂൺ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഒടുവിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധം ഉയർത്തിയതോടെ അച്ചടിച്ച പുസ്തകങ്ങൾ മുഴുവൻ സ്‌കൂൾ അധികൃതർ തന്നെ കുട്ടികളിൽ നിന്ന് തിരിച്ചുവാങ്ങി നശിപ്പിക്കുകയായിരുന്നു.

അതേസമയം ഓൺലൈനിലൂടെ ക്ലാസെടുക്കുന്നതിനിടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് അധ്യാപികയിൽ നിന്നും വിശദീകരണം തേടിയതായി പിടിഎ പ്രസിഡന്റ് പ്രദീപ് അറിയിച്ചു. തനിക്ക് പറ്റിയ മനഃപൂർവമല്ലാത്ത അബദ്ധമാണ് വിവാദങ്ങൾക്ക് വഴിവച്ചതെന്നാണ് അധ്യാപികയുടെ പ്രതികരണം. സ്‌കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അധ്യാപികയുടെ വിശദീകരണം കൈമാറിയിട്ടുണ്ട്.