കോവിഡിന്റെ ഉത്ഭവം: രണ്ടാംഘട്ട അന്വേഷണത്തിന് ഉത്തരവിട്ട് ലോകാരോഗ്യ സംഘടന

covid

ജനീവ: ചൈനയ്ക്ക് വീണ്ടും തിരിച്ചടി. കോവിഡ് വൈറസിന്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് രണ്ടാം ഘട്ട അന്വേഷണത്തിന് ലോകാരോഗ്യ സംഘടന ഉത്തരവിട്ടു. ലബോറട്ടറികളെയും വുഹാൻ മാർക്കറ്റിനെയും ഉൾപ്പെടുത്തിയുള്ള അന്വേഷണം നടത്താനാണ് ലോകാരോഗ്യ സംഘടന ഉത്തരവിട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.

വുഹാനിലെ എല്ലാ മാംസ മാർക്കറ്റുകളും രണ്ടാം ഘട്ട പഠനത്തിന്റെ ഭാഗമാകണമെന്നാണ് നിർദ്ദേശം. ‘മനുഷ്യർ, വന്യജീവികൾ, കോവിഡ് വൈറസ് വ്യാപിച്ചെന്ന് കരുതുന്ന മത്സ്യമാർക്കറ്റ് ഉൾപ്പടെയുള്ളവയെല്ലാം അന്വേഷണത്തിൽ ഉൾപ്പെടുത്തണം. 2019 ൽ മനുഷ്യരിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സ്ഥലത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ലബോറട്ടറികളും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളും അന്വേഷണത്തിൽ പരിധിയിൽ ഉണ്ടാകണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.

കോവിഡ് വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള പഠനത്തിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് ഗവേഷകരോടൊപ്പം വുഹാനിൽ താമസിച്ച് നേരത്തെ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. വവ്വാലിൽ നിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം മനുഷ്യരിൽ കോവിഡ് വൈറസ് പ്രവേശിച്ചത് എന്നായിരുന്നു സംഘത്തിന്റെ നിഗമനം. എന്നാൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡ് വൈറസിന്റെ ഉറവിടം സബന്ധിച്ച് കൂടുതൽ പരിശോധനകൾ വേണമെന്ന ആവശ്യം ശക്തമാക്കി. വവ്വാലുകളിൽ പഠനം നടത്തിയിരുന്ന വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിന്റെ ഭാഗമാക്കണം എന്നതായിരുന്നു ഇവർ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യം. തുടർന്നാണ് രണ്ടാംഘട്ട അന്വേഷണത്തിന് ലോകാരോഗ്യ സംഘടന ഉത്തരവിട്ടത്.

അകേസമയം വൈറസിന്റെ ഉത്ഭവം കണ്ടെത്തുക എന്നത് ശാസ്ത്രീയമായ പ്രവർത്തനമാണെന്നും ഇതിൽ രാഷ്ട്രീയം കലർത്തരുത് എന്നും ഗെബ്രിയേസസ് ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തിലെ പഠനത്തിനായി സുതാര്യത മുൻ നിർത്തി എല്ലാ വിവരങ്ങളും കൈമാറി ചൈന സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.