ബജറ്റ് ഹോട്ടലും വിവിഐപി സുരക്ഷിത മേഖലയും; കൊച്ചി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ നവീകരണത്തിനുള്ള രൂപരേഖ തയ്യാർ. ബിസിനസ് ജറ്റ് ടെർമിനൽ, വി.വി.ഐ.പി. സുരക്ഷിത മേഖല, കുറഞ്ഞ ചെലവിൽ ലഘുനേര താമസത്തിനായി ബജറ്റ് ഹോട്ടൽ എന്നിവ ടെർമിനൽ-2-ൽ ഒരുക്കാനാണ് പദ്ധതിയിടുന്നത്. വ്യോമയാന ഇതര വരുമാന മാർഗങ്ങൾ വർധിപ്പിക്കാനുള്ള സിയാലിന്റെ പദ്ധതിയുടെ ഭാഗമായാണ് രണ്ടാം ടെർമിനലിന്റെ നവീകരണം ആരംഭിക്കുന്നത്.

പദ്ധതിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസാണ് ഇക്കാര്യം അറിയിച്ചത്. പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താനുള്ള നിരവധി പദ്ധതികൾക്ക് സിയാൽ രൂപം കൊടുത്ത് വരികയാണെന്ന് സുുഹാസ് അറിയിച്ചു. പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും ടെർമിനൽ രണ്ടിൽ മൂന്ന് തരത്തിലുള്ള പ്രവർത്തനമാണ് ഉദ്യേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ബിസിനസ് ജെറ്റുകൾ ധാരാളമായി കൊച്ചി വിമാനത്താവളത്തിലെത്തും. അവയ്ക്കായി മാത്രം ഒരു ടെർമിനൽ എന്നതാണ് ഇവയിൽ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യാന്തര സർവീസ് നടത്തുന്നത് മൂന്നാം ടെർമിനലിലൂടെയാണ്. 15 ലക്ഷം ചതുരശ്രയടി വിസ്തീർണമാണ് മൂന്നാം ടെർമിനലിനുള്ളത്. ആഭ്യന്തര ടെർമിനലായ ടി-1 ന് ആറുലക്ഷം ചതുരശ്രയടിയാണ് വിസ്തീർണ്ണം. നേരത്തെ ആഭ്യന്തര ഓപ്പറേഷൻ നടത്തിയിരുന്ന രണ്ടാം ടെർമിനലിന് ഒരുലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. ഇതിന്റെ നവീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ടെർമിനലിനെ മൂന്ന് ബ്ലോക്കായി തിരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മുപ്പതിനായിരം ചതുരശ്രയടിയുള്ള ഒന്നാം ബ്ലോക്കിൽ ബിസിനസ് ജെറ്റ് ടെർമിനൽ നിർമിക്കും. മൂന്ന് എക്സിക്യൂട്ടീവ് ലോഞ്ചുകളും കസ്ററംസ്, ഇമിഗ്രേഷൻ സംവിധാനങ്ങളും ഇവിടെയുണ്ടാകും.

രണ്ടാം ബ്ലോക്കിന് 10,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. വി.വി.ഐ.പി സ്ഥിരം സേഫ് ഹൗസ് ആണ് ഇവിടെ ഒരുക്കുന്നത്. മറ്റ് യാത്രക്കാർക്ക് തടസ്സമുണ്ടാക്കാതെ, പ്രധാനമന്ത്രി, പ്രസിഡന്റ് ഉൾപ്പെടെയുള്ള വി.വി.ഐ.പിമാരുടെ യാത്രാപദ്ധതി ആസൂത്രണം ചെയ്യാൻ ഇതിലൂടെ കഴിയും. 60,000 ചതുരശ്രയടി സ്ഥലത്താണ് മൂന്നാം ബ്ലോക്ക്. 50 മുറികളുള്ള ബജറ്റ് ഹോട്ടലാണ് ഇവിടെ നിർമ്മിക്കുന്നത്. ഒന്ന്, രണ്ട് ബ്ലോക്കുകൾ ഒരുവർഷത്തിനകം പൂർത്തിയാക്കാനാണ് സിയാൽ ലക്ഷ്യമിടുന്നത്.