എല്ലാ കുട്ടികൾക്കും പാഠപുസ്തകം പോലെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കും; മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും പാഠപുസ്തകം പോലെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭാവന സ്വീകരിക്കാൻ ചീഫ് മിനിസ്റ്റേഴ്‌സ് എജ്യുക്കേഷനൽ എംപവർമെന്റ് ഫണ്ട് രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായുള്ള ജനകീയ പ്രചാരണം സർക്കാർ ആരംഭിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഓരോ വിദ്യാലയത്തിലും എത്ര കുട്ടികൾക്ക് ഡിജിറ്റൽ പഠനസൗകര്യം ലഭ്യമാണെന്നും എത്ര ഉപകരണങ്ങൾ വേണമെന്നുമുള്ള വിവരം പിടിഎകളുടെ നേതൃത്വത്തിലുള്ള സ്‌കൂൾതല സമിതി കണക്കാക്കും. ഈ വിവരം തദ്ദേശസ്ഥാപന, ജില്ലാതലങ്ങളിൽ ക്രോഡീകരിക്കും. വിവരശേഖരണത്തിനും പ്രവർത്തനങ്ങൾക്കുമായി സ്‌കൂൾ, വാർഡ്, തദ്ദേശസ്ഥാപന, ജില്ലാ, സംസ്ഥാനതല സമിതികൾ രൂപീകരിക്കും. ഉപകരണങ്ങൾ ആവശ്യമായ കുട്ടികളുടെ എണ്ണം പോർട്ടലിൽ ലഭ്യമാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഉപകരണങ്ങളോ പണമോ സംഭാവനയായി നൽകാമെന്ന് അദ്ദേഹം വിശദമാക്കി.

കോർപറേറ്റ് സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ടും ഇതിനായി പ്രയോജനപ്പെടുത്താം. പൊതുനന്മ ഫണ്ട് പ്രയോജനപ്പെടുത്താൻ പ്രത്യേക പ്രോജക്ട് തയാറാക്കി നൽകാനുള്ള സംവിധാനവും പോർട്ടലിന്റെ ഭാഗമായി ഒരുക്കും. പൂർവവിദ്യാർഥികൾ അഭ്യുദയകാംക്ഷികൾ, സാമൂഹിക സാംസ്‌കാരിക സംഘടനകൾ എന്നിവരടങ്ങിയ വൻ ജനകീയ മുന്നേറ്റമായി ഇതിനെ മാറ്റണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വിജ്ഞാനസമൂഹമാക്കി കേരളത്തെ പരിവർത്തിപ്പിക്കാനുള്ള ഉദ്യമത്തിൻറെ ആദ്യ പടിയായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ വിദ്യാഭ്യാസ പരിവർത്തന പരിപാടിയിൽ എല്ലാവരുടെയും സഹായവും സഹകരണവും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടെ ഉപകരണങ്ങൾ വാങ്ങാൻ ശേഷിയുള്ളവർക്ക് വായ്പ / ചിട്ടി ലഭ്യമാക്കും. ചെറിയ പിന്തുണ നൽകിയാൽ ഉപകരണങ്ങൾ വാങ്ങാൻ ശേഷിയുള്ളവരുണ്ട്. അവർക്ക് സഹകരണ ബാങ്കുകൾ ഇതിനകം പ്രഖ്യാപിച്ച പലിശ രഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്താം. സ്വന്തം കുട്ടിക്ക് ഉപകരണങ്ങൾ വാങ്ങിച്ച് നൽകുമ്പോൾ മറ്റൊരു കുട്ടിക്ക് കൂടി വാങ്ങി കൊടുക്കാൻ പറ്റുന്നവരെ അതിനു പ്രേരിപ്പിക്കണം. ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത ആദിവാസി/പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്കെല്ലാം ഉപകരണങ്ങൾ ലഭ്യമാക്കും. ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും. ആദിവാസി വിഭാത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കും ആവശ്യമെങ്കിൽ രക്ഷിതാക്കൾക്കും നൽകും. ആവശ്യമുള്ള ഊരുകളിൽ പഠന മുറികൾ ഒരുക്കും. കണക്ടിവിറ്റി പ്രശ്‌നവും പരിഹരിക്കാൻ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.