ബംഗളൂരു: ഐടി കമ്പനികളിൽ റിക്രൂട്ട്‌മെന്റ് വർധിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ രാജ്യത്തെ ആദ്യ മൂന്ന് ഐടി കമ്പനികൾ 40887 പേരെയാണ് പുതുതായി റിക്രൂട്ട് ചെയ്തത്. അടുത്ത സാമ്പത്തിക പാദങ്ങളിലും റിക്രൂട്ട്‌മെന്റ് വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടിസിഎസിൽ മാത്രം 20000 പേരെയാണ് ജോലിക്കെടുത്തത്. ഇൻഫോസിസിൽ 8000 പേരും വിപ്രോയിൽ 12000 പേരും പുതുതായി ജോലിക്കെത്തി. പ്രൊജക്ടുകളുടെ എണ്ണത്തിലുണ്ടായ വർധനവ് മൂലമാണ് കൂടുതൽ പേരെ ജോലിക്കെടുക്കാൻ കമ്പനികൾ തീരുമാനിച്ചത്.
ബില്യൺ ഡോളർ മൂല്യമുള്ള പുതിയ കരാറുകളിൽ ഒപ്പുവെയ്ക്കുകയാണ് കമ്പനികൾ. അതിനാൽ തന്നെ ഇനിയും അവസരങ്ങൾ വർധിക്കുമെന്നാണ് വിലയിരുത്തൽ. ടിസിഎസ് 40000 പേർക്കും ഇൻഫോസിസ് 35000 പേർക്കും വിപ്രോ 12000 പേർക്കും തൊഴിൽ അവസരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

