അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് പാക് താലിബാൻ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്‌

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങളെല്ലാം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് പാക് താലിബാൻ. അഫ്ഗാനിസ്താനിലെ ഇന്ത്യൻ നിർമിത വസ്തുവകകൾ തകർക്കാനാണ് പാക് താലിബാൻ പദ്ധതിയിടുന്നത്. താലിബാനിൽ ചേർന്ന പാകിസ്താനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്.ഐ ഇക്കാര്യം നിർദ്ദേശിച്ചതായാണ് വിവരം. അഫ്ഗാനിസ്താനെതിരെയുള്ള താലിബാൻ ആക്രമണത്തെ പിന്തുണയ്ക്കാനായി പതിനായിരത്തിലധികം പാക് പൗരന്മാർ അഫ്ഗാനിസ്താനിലേക്ക് പ്രവേശിച്ചുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ഇന്ത്യൻ നിർമ്മിത വസ്തുവകകൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ അഫ്ഗാനിസ്താനിലേക്ക് എത്തിയത്. അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങൾ തകർക്കണം എന്ന നിർദ്ദേശമാണ് ഇവർക്ക് ലഭിച്ചിരിക്കുന്നതെന്നാണ് അഫ്ഗാൻ സർക്കാരിന്റെ നിരീക്ഷക വൃത്തങ്ങൾ വ്യക്തമാക്കിയത്. അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിൽ ഇന്ത്യ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മൂന്ന് ബില്യൻ ഡോളറാണ് രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യൻ സർക്കാർ അഫ്ഗാന്റെ പുനർ നിർമ്മാണത്തിനായി നിക്ഷേപിച്ചിരിക്കുന്നത്. ഡെലാറാമിനും സരഞ്ച് സൽമ ഡാമിനുമിടയിലെ 218 കിലോമീറ്റർ റോഡിലും ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ൽ ഉദ്ഘാടനം ചെയ്ത പാർലമെന്റ് കെട്ടിടം അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യൻ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. അഫ്ഗാന്റെ വിദ്യാഭ്യാസ മേഖലയ്ക്കും ഇന്ത്യ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.