General (Page 1,479)

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന പ്രധാനമന്ത്രിയുടെ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് വി മുരളീധരൻ പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ചത്.

മഴയത്ത് സ്വയം കുടപിടിച്ച് നടന്നു വന്ന നരേന്ദ്ര മോദിജി, താൻ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകൾ അന്വർഥമാക്കിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാൻ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യൻ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂർവ കാഴ്ചയായെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളി വർഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തിൽ ഈ ലാളിത്യം പുലർത്താനാവില്ല. നരേന്ദ്ര മോദി വിജയത്തിന് അർഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടുന്നതും ഈ ജീവിതമൂല്യങ്ങൾ മൂലമാവണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

‘നിങ്ങൾ വിജയത്തിനർഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുമ്പ് വിനയംകൊണ്ട് അതിന് യോഗ്യനാണെന്ന് നിങ്ങൾ സ്വയം തെളിയിക്കണം’ ( ഡോ.എ.പി.ജെ അബ്ദുൽ കലാം)

പാർലമെൻറിന്റെ വർഷകാല സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിജിയെ പാർലമെന്ററികാര്യമന്ത്രി ശ്രീ.പ്രഹ്‌ളാദ് ജോഷിക്കും സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്വാളിനുമൊപ്പം സ്വാഗതം ചെയ്യുമ്പോൾ മനസ്സിലെത്തിയത് മുൻ രാഷ്ട്രപതിയുടെ ഈ വാക്കുകളാണ്…..

മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താൻ രാജ്യത്തിൻറെ സേവകനാണെന്ന വാക്കുകൾ അന്വർഥമാക്കി…..

മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡൻറ് വരെ കുട പിടിക്കാൻ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യൻ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂർവ കാഴ്ചയായി…..

തൊഴിലാളിവർഗത്തിൻറെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തിൽ ഈ ലാളിത്യം പുലർത്താനാവില്ല…

നരേന്ദ്രമോദി വിജയത്തിന് അർഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടുന്നതും ഈ ജീവിതമൂല്യങ്ങൾ മൂലമാവണം…

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്ന് സുപ്രീം കോടതി വിമർശിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഒരു ആനുകൂല്യങ്ങളും ആശുപത്രികൾക്ക് നൽകാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോവിഡ് രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ചികിത്സ നൽകേണ്ട ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളാകുകയാണ്. മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി ആശുപത്രികൾ മാറുകയാണെന്നും കോടതി കുറ്റപ്പെടുത്തി.

സ്വകാര്യ ആശുപത്രികൾക്ക് അഗ്‌നിസുരക്ഷ ഉൾപ്പടെയുളള സംവിധാനങ്ങൾ വേണമെന്ന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഈ ഉത്തരവ് മറികടന്ന് ഗുജറാത്ത് സർക്കാർ സമയം നീട്ടി നൽകിയിരുന്നു. ഇത്തരം ആനുകൂല്യങ്ങൾ കാരണം ജനങ്ങൾ പൊള്ളലേറ്റ് ആശുപത്രികളിൽ മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സർക്കാർ ആശുപത്രികളിൽ കോവിഡ് ഇതര രോഗികളെ ചികിത്സിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരിക്കേ സ്വകാര്യ ആശുപത്രികളിൽ പരിധി നിശ്ചയിച്ച് ഉത്തരവ് ഇറക്കാൻ സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും ഫോൺ ചോർത്തിയതായി വിവരം. രാഹുൽ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെയും ഫോൺ ചോർത്തിയെന്നാണ് റിപ്പോർട്ട്.

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്‌ളാദ് പട്ടേൽ എന്നിവരുടെയും പ്രശാന്ത് കിഷോർ, മമത ബാനർജിയുടെ ബന്ധു അഭിഷേക് ബാനർജി എന്നിവരുടെ ഫോണുകളും ചോർത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്റ്റാഫിന്റെ ഭർത്താവിന്റെയും ബന്ധുക്കളുടെയും ഫോണുകളും പെഗാസെസ് ചോർത്തി.

കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും മാദ്ധ്യമ പ്രവർത്തകരുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും വിവരങ്ങൾ ചോർത്തിയെന്ന വിവരം കഴിഞ്ഞ ദിവസമാണ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്. രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ്. പെഗാസസ് എന്ന ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ, രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാദ്ധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തുന്നുവെന്നും ഇതേക്കുറിച്ച് മാദ്ധ്യമങ്ങൾ ഉടൻ പുറത്തു വിടുമെന്ന് കരുതുന്നതായുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി പെഗാസെസ് രംഗത്തെത്തിയിരുന്നു. മാദ്ധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

ഇസ്രയേൽ കമ്പനിയായ എൻഎസ്ഒയാണ് പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ലഭിക്കില്ലെന്നതുമാണ് പെഗാസസിന്റെ ഏറ്റവും വലിയ സവിശേഷത.

തിരുവനന്തപുരം: സാക്ഷരതാ മിഷൻ സംസ്ഥാന ഓഫീസ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി പുറത്ത്. കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് 2.95 കോടിയുടെ അഴിമതി നടന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ഒരു സ്വകാര്യ ചാനലാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. സർക്കാർഭൂമി കൈയേറി നിർമിച്ചുവെന്ന നഗരസഭാ കണ്ടെത്തൽ വിവാദമായതിനു പിന്നാലെയാണ് അഴിമതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്. ഹാബിറ്റാറ്റാണ് നിർമ്മാണം നടത്തിയത്.

ചതുരശ്ര അടിക്ക് 3,567 എന്ന നിരക്കിലായിരുന്നു നിർമ്മാണ കരാർ. എന്നാൽ, സാക്ഷരതാ മിഷൻ കെട്ടിട നിർമാണം ആരംഭിച്ച ശേഷം 2019-ൽ സത്യസായി ട്രസ്റ്റുമായി 450 ചതുരശ്ര അടി വിസ്തീർണം വീതമുള്ള 450 റെസിഡൻഷ്യൽ യൂണിറ്റുകൾ നിർമിക്കാൻ ഹാബിറ്റാറ്റ് കരാർ ഒപ്പിട്ടത് 1400 രൂപ നിരക്കിലാണ്. 4.87 കോടി രൂപ ചെലവിട്ടാണ് സാക്ഷരതാ മിഷന്റെ കെട്ടിട നിർമാണം പൂർത്തിയാക്കിയത്്. 1400 രൂപ നിരക്കിലായിരുന്നു നിർമ്മാണം പൂർത്തിയാക്കിയിരുന്നതെങ്കിൽ ചെലവ് രണ്ടുകോടിക്കു താഴെ മാത്രമെ ഉണ്ടാകുമായിരുന്നുള്ളു. ഇതാണ് അഴിമതി നടന്നെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 43 സെന്റ് കൈയേറിയാണ് സാക്ഷരത മിഷൻ പേട്ടയിൽ ആസ്ഥാന മന്ദിരം നിർമ്മിച്ചതെന്ന് അടുത്തിടെയാണ് കണ്ടെത്തിയത്. തിരുവനന്തപുരം നഗരസയാണ് ഇക്കാര്യം കണ്ടെത്തിയത്. 16 സെന്റ് സ്ഥലത്ത് 7,000 ചതുരശ്ര അടി കെട്ടിടം നിർമിക്കാനാണ് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചത്. എന്നാൽ സർക്കാർ അനുമതി മറികടന്ന് 13654 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമ്മിച്ചത്. സ്ഥലത്തിന്റെ കൈവശാവകാശം ഇപ്പോഴും പൊതുവിദ്യാഭ്യാസ വകുപ്പിന് തന്നെയാണ്. കേവലം 30 ജീവനക്കാരുള്ള ഓഫീസിനാണ് 4.87 കോടി ചെലവിൽ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

തൃശൂർ: കുതിരാൻ തുരങ്കത്തിൽ ആവശ്യത്തിനു സുരക്ഷയില്ലെന്ന ആരോപണവുമായി മുൻ നിർമാണ കമ്പനി. തുരങ്കനിർമാണം 95 ശതമാനം പൂർത്തിയാക്കിയ പ്രഗതി കൺസ്ട്രക്ഷൻസ് വക്താവ് വി. ശിവാനന്ദനാണ് ആരോപണവുമായി രംഗത്തെത്തിയത്. കുതിരാൻ തുരങ്കം തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ശിവാനന്ദൻ ആവശ്യത്തിന് സുരക്ഷയില്ലെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.

വെള്ളമൊഴുകാനും മണ്ണിടിച്ചിൽ തടയാനും സംവിധാനമില്ലെന്നും തുരങ്കത്തിനു മുകളിൽ കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്നും ശിവാനന്ദൻ പറയുന്നു. ഇപ്പോൾ നിർമാണ ചുമതലയുള്ള കമ്പനിയ്ക്ക് ആവശ്യത്തിനു സാങ്കേതിക വൈദഗ്ധ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്നിന് കുതിരാൻ തുരങ്കും തുറക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുതിരാൻ തുരങ്കത്തിൽ ആദ്യ സുരക്ഷാ റൺ പൂർത്തിയാക്കിയിരുന്നു. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീണ്ടും ട്രയൽ റൺ നടത്തിയ ശേഷം സർട്ടിഫിക്കറ്റ് നൽകും. എന്നാൽ ഇപ്പോൾ നടക്കുന്നത് മിനുക്ക് പണിയാണെന്നും യാത്ര അനുവദിക്കാൻ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ശിവാനന്ദൻ ആവശ്യപ്പെടുന്നത്.

തുരങ്കത്തിനു പുറത്തു ക്യാച്ച് വാട്ടർ ഡ്രൈനേജ് സിസ്റ്റം നടപ്പാക്കണം. മുകളിൽ നിന്നു പാറയും മണ്ണും വീഴാൻ സാധ്യതയുണ്ട്. മുകളിൽ കോൺക്രീറ്റ് ചെയ്തു സുരക്ഷ ഉറപ്പിക്കണം. മുൻപ് തുരങ്കത്തിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ നീക്കാൻ മൂന്നു ദിവസമെടുത്തു. ഗതാഗതം തുടങ്ങിയാൽ അപകടസാധ്യത പതിന്മടങ്ങാകും. നിലവിൽ ജോലികൾ തീർക്കുന്ന കെ.എം.സി. നോൺ ടെക്നിക്കൽ കമ്പനിയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പ്രഗതി പദ്ധതിയിൽ നിന്നും പിന്മാറിയത്. കരാറിൽ നിന്നു മാറ്റിനിർത്തിയ കമ്പനിയെന്ന നിലയിൽ സർക്കാരുമായി ബന്ധപ്പെടാൻ തടസമുണ്ടെങ്കിലും കുതിരാനിൽ സുരക്ഷയുറപ്പാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെ.എം.സിക്കു പ്രഗതി കത്ത് നൽകിയിട്ടുണ്ട്.

അതേസമയം കുതിരാൻ തുരങ്ക നിർമാണത്തിൽ അപാകതകൾ ഇല്ലെന്നു മന്ത്രി കെ. രാജൻ വ്യക്തമാക്കി. പ്രതിദിന വിലയിരുത്തൽ നടത്തുന്നുണ്ടെന്നും തുരങ്കം തുറന്നാലും കളക്ടറുടെ നേതൃത്വത്തിൽ നിരീക്ഷണമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളമൊഴുകാനുള്ള സംവിധാനം, അഗ്‌നിശമന-സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം മികച്ചതാണ്. ഉദ്യോഗസ്ഥർ തുരങ്കത്തിനു മുകളിലുള്ള മരങ്ങൾ, പാറകൾ എന്നിവ സുരക്ഷിതമാക്കുമെന്നും വനംവകുപ്പിന്റെ അനുമതിയോടെ രണ്ടു മരങ്ങൾ മുറിക്കാൻ ധാരണയായെന്നും അദ്ദേഹം പറഞ്ഞു. മുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനും നടപടി സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മാലിക്കിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ഫഹദ് ഫാസിൽ. ഏതെങ്കിലും മതത്തെയോ പ്രത്യയ ശാസ്ത്രത്തെയോ വിൽക്കുന്നതിന് വേണ്ടിയല്ല സിനിമ എടുത്തിരിക്കുന്നതെന്ന് ഫഹദ് ഫാസിൽ വ്യക്തമാക്കി. ട്രാൻസ് എന്ന ചിത്രത്തിൽ ക്രിസ്ത്യൻ സമൂഹത്തിലെ ആൾദൈവങ്ങളെ രൂക്ഷമായി വിമർശിച്ചു, മാലിക്കിലും മതം ഒരു പ്രധാന ഘടകമായി വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു ഫഹദ് മറുപടി നൽകിയത്.

ജനങ്ങളെ എന്റർടെയ്ൻ ചെയ്യുക എന്നതാണ് ഈ സിനിമകളുടെയെല്ലാം ലക്ഷ്യം. മനുഷ്യന്റെ വികാരങ്ങളെ കുറിച്ചാണ് ഈ സിനിമകളെല്ലാം സംസാരിക്കുന്നത്. തന്റെ സിനിമകൾ മതവും രാഷ്ട്രീയവും മാത്രമല്ല സംസാരിക്കുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ ഉൾച്ചേർന്നിരിക്കുന്ന വിവിധ ഘടകങ്ങളിലെ ഒരേയൊരു ലെയർ മാത്രമാണതെന്നും താരം പറയുന്നു.

തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ 2009-ൽ നടന്ന വെടിവയ്പ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് മാലിക്കിനു നേരേ വിമർശനങ്ങൾ ഉയരുന്നത്. സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്നാണ് പ്രധാന വിമർശനം.

covid

പൂനെ: അന്തരീക്ഷ മലിനീകരണവും കോവിഡ് വൈറസ് വ്യാപനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിർണായക കണ്ടെത്തലുകളുമായി ഗവേഷകർ. മലിനീകരണത്തെ തുടർന്നുളള കണികകൾ രോഗവ്യാപനത്തെ ഇരട്ടിപ്പിക്കും എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ അങ്ങനെ എല്ലാ തരം കണികകളും കോവിഡ് രോഗവ്യാപനത്തിന് കാരണമാകില്ലെന്നാണ് പുതിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. മനുഷ്യർ തീയിടുന്നതിലൂടെ വരുന്ന മലിനീകരണം, ജൈവ ഇന്ധനങ്ങളിൽ നിന്നുമുണ്ടാകുന്ന മലിനീകരണം ഇങ്ങനെ പലതരത്തിൽ വായു മലിനീകരണം സംഭവിക്കുന്നുണ്ട്. എന്നാൽ ഇവയിൽ കറുത്ത കാർബൺ മാത്രമാണ് കോവിഡ് രോഗ വ്യാപനത്തിന് കാരണമാകുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

പൂനെ ആസ്ഥാനമായുളള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മിറ്റെറോളൊജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ നിന്ന് ശേഖരിച്ച ഭാഗങ്ങളിൽ നടത്തിയ പഠനഫലമാണ് പുറത്തു വന്നിരിക്കുന്നത്. എൽസേവിയർ എന്ന മാദ്ധ്യമത്തിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 സെപ്തംബർ മുതൽ ഡിസംബർ വരെ ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചാണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിലെത്തിയത്.

2.5 കണികാ പദാർത്ഥങ്ങളും കറുത്ത കാർബണും ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 2.5 കണികാ പദാർത്ഥങ്ങൾ ശരീരത്തിൽ തുളച്ചുകയറി ശ്വസനനാളിയിലും ശ്വാസകോശത്തിലും അണുബാധയുണ്ടാക്കുകയും ഹൃദയസംബന്ധമായും ശ്വാസകോശ സംബന്ധവുമായ രോഗങ്ങൾ വരുത്തുകയും ചെയ്യും. ദുർബലമായ രോഗപ്രതിരോധ സംവിധാനത്തിനും ഇത് ഇടയാക്കിയേക്കും.

തുറന്ന സ്ഥലത്ത് തീയിടുന്നതാണ് കറുത്ത കാർബണുണ്ടാകാൻ പ്രധാന കാരണം. കോവിഡ് ഗുരുതരമായി ബാധിച്ച ഡൽഹിയിൽ ആറ് മാസത്തിന് ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഡൽഹിയിൽ പെട്ടെന്നാണ് രോഗബാധിതരുടെ എണ്ണത്തിൽ 10 മടങ്ങ് വർധനവ് ഉണ്ടായത്. അയൽ സംസ്ഥാനങ്ങളിലെ തീയിടൽ കാരണമാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്. ബയോമാസ് കണങ്ങൾ അന്തരീക്ഷത്തിലെ മറ്റ് സംയുക്തങ്ങളുമായി ചേർന്ന് പ്രവർത്തിച്ച് കൊവിഡ് കേസുകൾ പെട്ടെന്ന് വർദ്ധിക്കാൻ കാരണമായെന്നും കറുത്ത കാർബണൊപ്പം 2.5 കണികാ പദാർത്ഥങ്ങളുടെ വലിയ സാന്നിദ്ധ്യം മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, തമിഴ്നാട് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ രോഗവ്യാപനം വർധിക്കാൻ ഇടയാക്കിയെന്നും ഗവേഷകർ പറയുന്നു.

ന്യൂഡൽഹി: കോവിഡിനെതിരെയുള്ള വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ബാഹു’ (കൈ)വിൽ വാക്സിൻ എടുക്കുന്നവർ ‘ബാഹുബലി’യായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ 40 കോടിയിലേറെപ്പേർ ബാഹുബലിയായെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെന്റിലെ ചർച്ചകളിൽ കോവിഡ് വിഷയത്തിന് പ്രാമുഖ്യം നൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ലോകത്തെ ഒന്നാകെ ബാധിച്ച മഹാമാരിയാണ് കോവിഡ്. അതുകൊണ്ട് പാർലമെന്റിൽ അർഥപൂർണമായ ചർച്ചകൾ നടക്കണം. മൂർച്ചയേറിയ ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കണമെന്നാണ് എല്ലാ എംപിമാരോടും പറയാനുള്ളത്. എന്നാൽ അവയ്ക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ സർക്കാരിന് മറുപടി പറയാനുള്ള അവസരവും നൽകണം. അത് ജനാധിപത്യത്തെ കരുത്തുറ്റതാക്കുമെന്നും ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുമെന്നും വികസനത്തെ മുന്നോട്ടുനയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർലമെന്റിലെ ചർച്ചകളിൽ പ്രാമുഖ്യം കോവിഡ് പ്രതിരോധത്തിനും അതിനുള്ള ക്രിയാത്മക നിർദേശങ്ങൾക്കുമായിരിക്കണം. പോരായ്മകൾ തിരുത്തുന്നതിന് എല്ലാ എംപിമാരും പുതിയ കാഴ്ചപ്പാടോടെ കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കെടുക്കണം. കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നാളെ നടക്കുന്ന കക്ഷി നേതാക്കളുടെ യോഗത്തിൽ വിശദീകരിക്കാൻ തയ്യാറാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. സർക്കാരിന്റെ ആഭ്യന്തര, വിദേശ നയങ്ങൾക്കെതിരെയായിരുന്നു തരൂരിന്റെ വിമർശനം. കോവിഡ് വൈറസ് വ്യാപനത്തെ നേരിടുന്നതിൽ സർക്കാരിന്റെ നയം തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ആവശ്യത്തിനു വാക്‌സിൻ ലഭ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഫ്ഗാൻ വിഷയത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ നിലപാടെന്താണെന്ന് വ്യക്തമാക്കണം. അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ കാഴ്ചപ്പാട് എന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയിലെ നികുതിദായകരുടെ 3 ബില്യൻ ഡോളറാണ് അഫ്ഗാനിസ്ഥാനിൽ നിക്ഷേപിച്ചിരിക്കുന്നത്. താലിബാൻ തിരികെ അധികാരത്തിൽ വന്നാൽ അതെല്ലാം നശിക്കുമോയെന്ന് വ്യക്തമാക്കണം. ഇതൊക്കെ വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളാണെന്നും ശശി തരൂർ വിശദീകരിച്ചു.

അഫ്ഗാനിസ്താനിലെ ഇന്ത്യൻ നിർമിത വസ്തുവകകൾ ലക്ഷ്യമിടാൻ താലിബാനിൽ ചേർന്ന പാകിസ്താനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്.ഐ നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് ശശി തരൂരിന്റെ പ്രതികരണം. അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിൽ ഇന്ത്യ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യൻ സർക്കാർ മൂന്ന് ബില്യൻ ഡോളറാണ് അഫ്ഗാന്റെ പുനർ നിർമ്മാണത്തിനായി നിക്ഷേപിച്ചിരിക്കുന്നത്. ഡെലാറാമിനും സരഞ്ച് സൽമ ഡാമിനുമിടയിലെ 218 കിലോമീറ്റർ റോഡിലും ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ൽ ഉദ്ഘാടനം ചെയ്ത പാർലമെന്റ് കെട്ടിടം അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യൻ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. അഫ്ഗാന്റെ വിദ്യാഭ്യാസ മേഖലയ്ക്കും ഇന്ത്യ വലിയ പിന്തുണ നൽകിയിട്ടുണ്ട്.

ന്യൂഡൽഹി: അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള പാർട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമിന്റെ (എഐഎംഐഎം) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു. പാർട്ടി വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്. എഐഎംഐഎം എന്ന പ്രൊഫൈൽ പേര് മാറ്റി ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ പേരാണ് ഹാക്കർമാർ നൽകിയിരിക്കുന്നത്. പ്രൊഫൈൽ ഫോട്ടോയും ഹാക്കർമാർ ബിസിനസ് സ്ഥാപനത്തിന്റേതാക്കി മാറ്റിയിരുന്നു. പ്രൊഫൈൽ പേരും പിക്ചറും മാറ്റിയതല്ലാതെ ഹാൻഡിലിൽ നിന്ന് യാതൊന്നും ട്വീറ്റ് ചെയ്തിട്ടില്ല.

സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് തീരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് പാർട്ടിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്. ഒൻപത് ദിവസങ്ങൾക്ക് മുൻപും പാർട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ട്വിറ്റർ അധികൃതരെ ബന്ധപ്പെട്ടതോടെയാണ് പിന്നീട് അക്കൗണ്ട് പുനഃസ്ഥാപിച്ചത്.